/indian-express-malayalam/media/media_files/pGdnqxv6dPrpxGlYIQJM.jpg)
പലപ്പോഴും ഉറച്ച നിലപാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുള്ള അഭിനേത്രിയാണ് നിഖില വിമൽ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായ ഇടം നേടാനും നിഖിലയ്ക്കു സാധിച്ചിട്ടുണ്ട്.
നിഖിലയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന് വെബ് സീരിസ് റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 5 മുതൽ ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിഖില നൽകിയ അഭിമുഖങ്ങളാണ് ശ്രദ്ധ നേടുന്നത്.
വിവാഹത്തെ കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടുകൾ തുറന്നു പറയുകയാണ് നിഖില. പെണ്ണുകാണൽ ചടങ്ങിനെ താൻ സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് നിഖില പറയുന്നത്. "ഈ സെറ്റുസാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയിൽ മാത്രമുള്ള ഒന്നാണെന്നാണ് കുറേകാലം ഞാൻ കരുതിയിരുന്നത്. ജീവിതത്തിൽ ഞാൻ ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണൽ. ഇപ്പോൾ കാര്യങ്ങൾ കുറേ മാറിയിട്ടുണ്ട്, എന്റെ സുഹൃത്തുക്കളിൽ പലരും വിവാഹം കഴിച്ചത്, പെണ്ണും പയ്യനും കോഫി ഷോപ്പിൽ പോയി നേരിട്ട് സംസാരിച്ച് അവർക്ക് ഓകെ ആണെന്ന് തോന്നിയപ്പോൾ പിന്നീട് ഫാമിലി സംസാരിക്കട്ടെ എന്ന രീതിയിലാണ്," നിഖില പറയുന്നു.
സ്ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും നിഖില പറയുന്നു. "ഓരോ വ്യക്തികളുമാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കെന്താണ് വേണ്ടത് എന്ന്. നിങ്ങൾക്കൊരു പാർട്ണറെയാണ് വേണ്ടതെങ്കിൽ നിങ്ങൾ കല്യാണം കഴിക്കുക. അതല്ല, അതില്ലാതെ തന്നെ നിങ്ങളുടെ ജീവിതം നന്നായി ജീവിക്കാൻ പറ്റുമെങ്കിൽ അതു നോക്കാം. അതിനുള്ള ഓപ്ഷൻ ഇന്നുണ്ട്. ആ സമയത്ത് ഇത്ര സ്ത്രീധനം കിട്ടിയാലേ കല്യാണം നടക്കൂ എന്നൊക്കെ പറയുന്നത് ശരിയല്ല. നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുത്തതിന്റെയും കുറഞ്ഞതിന്റെയുമൊക്കെ പേരിൽ ഇവിടെ ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഓരോ വ്യക്തികളും തീരുമാനിക്കുക, എനിക്കിതു വേണ്ട. ഇതുകൊണ്ടല്ല ലൈഫ് മുന്നോട്ടുപോവേണ്ടത് എന്നു തീരുമാനിക്കുക. അങ്ങനെ സ്ത്രീധനം ചോദിക്കുന്ന ഒരാളെ കല്യാണം കഴിക്കില്ല എന്നു തീരുമാനിക്കാമല്ലോ, അതിനുള്ള ഓപ്ഷൻ ഉണ്ടല്ലോ. അയാൾ കഴിച്ചില്ലെങ്കിൽ നിങ്ങളുടെ വിവാഹമേ നടക്കില്ല എന്നൊന്നുമില്ല."
സെയിന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്. ഇന്നു മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് താരം. ഭാഗ്യദേവത എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നിഖില ആദ്യമായി നായികയായത് ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിലായിരുന്നു. ‘അരവിന്ദന്റെ അതിഥികൾ’, ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം, ജോ & ജോ തുടങ്ങിയവയാണ് നിഖിലയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനൊപ്പം തമിഴിലും സജീവമാണ് നിഖില.
പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസിനും മാസ്റ്റർപീസിനും ശേഷം ഹോട്ട്സ്റ്റാറിൽ നിന്നും വരുന്ന മൂന്നാമത്തെ സീരീസ് ആണ് ‘പേരില്ലൂർ പ്രീമിയർ ലീഗ്'. പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങൾ കോർത്തിണക്കി നർമ്മത്തിൽ പൊതിഞ്ഞ് കഥ പറയുകയാണ് പേരില്ലൂർ പ്രീമിയർ ലീഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവൻ, അശോകൻ, അജു വർഗീസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്ന് നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ചേർന്ന് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
Read More Entertainment Stories Here
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- കപൂര്‍ കണ്ണുകളുള്ള കുട്ടി, ഇവള് ബോളിവുഡ് വാഴുമെന്ന് ആരാധകര്‍
- മക്കളുമൊത്ത് കൊച്ചിയിലെത്തി നയന്‍താര, ഇവിടെ എല്ലാം സ്പൈസി എന്ന് വിഗ്നേഷ്; ചിത്രങ്ങള്‍
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.