/indian-express-malayalam/media/media_files/5MQ78OhTYEbajHPdn3ov.jpg)
മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിൽക്കാലത്ത് നിർമാതാവും നടനും ബിസിനസ് പാർട്ണറുമൊക്കെയായി മാറുകയായിരുന്നു ആന്റണി. മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഉയർച്ച താഴ്ചകളെല്ലാം വളരെ അടുത്തുനിന്നു കണ്ടിട്ടുള്ള, എല്ലാ അവസ്ഥകളിലും കൂടെ നിന്ന സുഹൃത്താണ് ആന്റണി.
തന്റെ ആ പ്രിയപ്പെട്ട സുഹൃത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മോഹൻലാൽ. ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിച്ചാണ് ആന്റണിയുടെ പിറന്നാൾ മോഹൻലാൽ ആഘോഷിച്ചത്.
"ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!," എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്.
പിറന്നാളാശംസകൾക്കൊപ്പം ആന്റണിയ്ക്കും ശാന്തിയ്ക്കും വിവാഹവാർഷിക ആശംസകളും നേർന്നിട്ടുണ്ട് മോഹൻലാൽ. "ശാന്തിക്കും ആൻ്റണിക്കും, നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ, ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാർഷിക ആശംസകൾ!"
മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ ആന്റണിയും കൂടെയുണ്ട്. വർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ ഡ്രൈവറായി വന്നതാണ് ആൻ്റണി പെരുമ്പാവൂർ. പിന്നീട്, മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ കണ്ടപ്പോൾ മോഹൻലാൽ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു. പിൽക്കാലത്ത് മോഹൻലാലിൻറെ ആത്മമിത്രമായി ആന്റണി മാറി.
"വളരെ അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ആണ് ഞാൻ ആന്റണിയെ ശ്രദ്ധിക്കുന്നത്. നമുക്ക് ചില മനുഷ്യരെ കാണുമ്പോൾ താല്പര്യം ഒക്കെ തോന്നില്ലേ, ആ താല്പര്യത്തോട് കൂടി ഞാൻ ആന്റണിയെ എന്റെ ഡ്രൈവർ ആയി ക്ഷണിച്ചു. ആ സമയത്ത് എനിക്ക് കാർ ഉണ്ടെങ്കിലും ഒരു പേഴ്‌സണൽ ഡ്രൈവർ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ചോദിച്ചപ്പോൾ ആന്റണി സമ്മതിച്ചു. ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്, " ആന്റണി പെരുമ്പാവൂർ ജീവിതത്തിലേക്കു വന്നതിനെ കുറിച്ച് മുൻപ് മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
ആന്റണിയെ സംബന്ധിച്ച് ജീവന്റെ ഭാഗമാണ് മോഹൻലാൽ. "എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, എന്റെ എല്ലാമാണ് ലാൽ സാർ" എന്നാണ് ആന്റണി പറയുക. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകനും ആന്റണി തന്നെയാവും.
ആശിർവാദ് സിനിമാസിന്റെ അമരക്കാരനാണ് ആന്റണി ഇന്ന്. നരസിംഹം, രാവണപ്രഭു, നരൻ, ദൃശ്യം എന്നു തുടങ്ങി മോഹൻലാലിന്റെ 35 ഓളം ചിത്രങ്ങളുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ്. കഴിഞ്ഞ 24 വർഷത്തോളമായി സിനിമാ നിർമ്മാണരംഗത്തെ പ്രമുഖ കമ്പനികളിലൊന്നായി ആശിർവാദ് സിനിമാസ് നിലകൊള്ളുന്നു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.