/indian-express-malayalam/media/media_files/E8tiZkFEBcIHkrNuZt4A.jpg)
മൻസൂർ അലി ഖാൻ, തൃഷ (ചിത്രങ്ങൾ: ഇൻസ്റ്റാഗ്രാം/മൻസൂർ അലിഖാൻ/തൃഷ)
ചലച്ചിത്ര താരം തൃഷയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തി വിവാദത്തിലായ നടൻ മൻസൂർ അലി ഖാൻ, വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. നടി തൃഷക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് നടന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം തൃഷയോട് മൻസൂർ മാപ്പുപറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ചുവടു മാറ്റിയിരിക്കുകയാണ് നടൻ.
ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തന്റെ അഭിഭാഷകൻ എല്ലാ വിശദാംശങ്ങളും പൊതുജനങ്ങളോട് വെളിപ്പെടുത്തുമെന്നാണ് ന്യൂസ് 18നോട് സംസാരിക്കവെ നടൻ പറഞ്ഞത്.
മാനനഷ്ടക്കേസ് എന്തിനാണെന്നും അതിനു പിന്നിലെ കാരണത്തെക്കുറിച്ചും ചോദിച്ചപ്പോൾ, "എനിക്ക് ഇപ്പോൾ വിശദാംശങ്ങൾ പങ്കിടാൻ കഴിയില്ല. നാളെ വൈകുന്നേരം 4 മണിക്ക് എന്റെ അഭിഭാഷകർ അതെല്ലാം വെളിപ്പെടുത്തും" എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. "അതൊരു വലിയ തമാശയാണ്, അതെല്ലാം ഞാൻ പിന്നീട് വിശദീകരിക്കാം",​ തൃഷയോട് ക്ഷമാപണം നടത്തിയതിനെ കുറിച്ച് നടന്റെ പ്രതികരണമിങ്ങനെ.
"തെറ്റ് മാനുഷികമാണ്, ക്ഷമിക്കുന്നത് ദൈവികവും," എന്നാണ് മൻസൂർ മാപ്പ് പറഞ്ഞതിനു പ്രതികരണമായി തൃഷ ട്വീറ്റ് ചെയ്തത്. എന്തായാലും വിഷയം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല എന്നതിന്റെ ലക്ഷണമാണ് തുടർ സംഭവങ്ങൾ.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടൻ മൻസൂർ അലി ഖാൻ തൃഷയെ കുറിച്ച് അപകീർത്തികരമായ രീതിയിൽ പരാമർശിച്ചത്. ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ തൃഷയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു വിവാദ പരാമർശം. തൃഷയ്‌ക്കൊപ്പം ഒരു രംഗവും ചെയ്യാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മൻസൂർ അലിഖാന്റെ വാക്കുകൾ. "തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ ഒരു ബെഡ്റൂം സീൻ ഉണ്ടാകുമെന്ന് കരുതി. എന്റെ മുൻകാല സിനിമകളിലെ മറ്റ് നടിമാരെയെന്ന പോലെ ലിയോയിലും ഞാൻ തൃഷയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്, അത് എനിക്ക് പുതിയതല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് അവരെന്നെ തൃഷയെ കാണിച്ചില്ല."
മൻസൂർ അലിഖാന്റെ ഈ വാക്കുകളെ സോഷ്യൽ മീഡിയ രൂക്ഷമായാണ് വിമർശിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം മൻസൂറിനെതിരെ കേസെടുത്തു. മാപ്പ് പറയാൻ വിസമ്മതിച്ച മൻസൂർ അലി ഖാൻ നടികർ സംഘത്തിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
അവസാനം മൻസൂർ അലി ഖാൻ തൃഷയോട് ക്ഷമാപണം നടത്തി. "എന്റെ സഹനടി തൃഷ എന്നോട് ക്ഷമിക്കൂ. നിങ്ങൾ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളെ ആശംസിക്കാനുള്ള അവസരം തന്ന് ദൈവം എന്നെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
തനിക്കെതിരെ കേസെടുക്കാനുള്ള മൻസൂർ അലി ഖാന്റെ പുതിയ തീരുമാനത്തോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More Entertainment News Here
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
- ചൂളമടിച്ച് കറങ്ങി നടക്കും.... സ്റ്റെലിഷ് ചിത്രങ്ങളുമായി മഞ്ജു
- എന്റെ ദൈവമേ, തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഞാൻ: ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us