scorecardresearch

വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി

"എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും നല്ലവരെ പോലെ ഇരിക്കും. അവസാനം ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടാന്ന് ഞാൻ തീരുമാനിച്ചതെന്നാണ് കനക പറഞ്ഞത്"

"എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും നല്ലവരെ പോലെ ഇരിക്കും. അവസാനം ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടാന്ന് ഞാൻ തീരുമാനിച്ചതെന്നാണ് കനക പറഞ്ഞത്"

author-image
Entertainment Desk
New Update
Kanaka

"അമ്മ എന്തു സ്നേഹത്തോടെ വളർത്തിയ മകളാണ്. അവൾക്കിപ്പോൾ ആരുമില്ലല്ലോ എന്നൊക്കെ ഓർത്തപ്പോൾ സങ്കടം തോന്നി"

ഒരുകാലത്ത് മലയാളത്തിലും തമിഴിലുമെല്ലാം സജീവമായിരുന്ന നടിയാണ് കനക. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നു തുടങ്ങി മലയാളികൾ എക്കാലവും ഓർക്കുന്ന നിരവധി ചിത്രങ്ങളിൽ നായികയായ കനക 25 വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുകയാണ്. സിനിമയിൽ നിന്നുമാത്രമല്ല, സമൂഹത്തിൽ നിന്നും സൗഹൃദങ്ങളിൽ നിന്നുമൊക്കെ അകന്ന് ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമാണ് കനക നയിക്കുന്നത്. കനകയുടെ ഈ ഉൾവലിഞ്ഞുള്ള ജീവിതം പലപ്പോഴും പലവിധത്തിലുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാനും കാരണമായിട്ടുണ്ട്. കാൻസർ മൂലം മരണമടഞ്ഞു, മാനസികാരോഗ്യം തകരാറിലായ കനക ചികിത്സയിലാണ് എന്നിങ്ങനെയുള്ള അഭ്യൂഹങ്ങളും ഇടക്കാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

Advertisment

ഇപ്പോഴിതാ, കനകയെ വീട്ടിലെത്തി കണ്ട വിശേഷം പങ്കുവയ്ക്കുകയാണ് നടി കുട്ടി പദ്മിനി.  ‘‘വർഷങ്ങൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകൾ, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങൾ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു,’’ ചിത്രങ്ങൾ പങ്കുവച്ച് കുട്ടി പദ്മിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. 

കനകയെ കാണാൻ വീട്ടിൽ പോയതിനെ കുറിച്ചും കനകയുമായി സംസാരിച്ചതിനെ കുറിച്ചുമൊക്കെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ കുട്ടി പദ്മിനി സംസാരിക്കുന്നുണ്ട്. പ്രേക്ഷകർ പലയാവർത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കനകയെ കാണാൻ പോയതെന്നു പറഞ്ഞാണ് കുട്ടി പദ്മിനി വീഡിയോ തുടങ്ങുന്നത്.

Advertisment

'നിങ്ങൾ പറഞ്ഞതിനാലാണ് ഞാൻ കനകയെ അന്വേഷിച്ചു പോയത്. മുൻപ് പോയ ഓർമ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീടും വഴിയുമൊന്നും അത്ര ഓർമയില്ലായിരുന്നു. നല്ല മഴയും. ഒരുപാട് അന്വേഷിച്ചാണ് വീട് കണ്ടെത്തിയത്. പുറത്ത് ദേവിക എന്ന ബോർഡു കണ്ടപ്പോൾ വീടു അതുതന്നെ എന്നു മനസ്സിലായി. വീടും ഗേറ്റും പൂട്ടിയിട്ടിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്ത വീട്ടുകാരോട് അന്വേഷിച്ചപ്പോൾ 'കനക എപ്പോൾ പോവുമെന്നോ എപ്പോൾ വരുമെന്നോ ആർക്കും അറിയില്ല' എന്നാണ് അവരൊക്കെ പറഞ്ഞത്. ഞങ്ങൾ വണ്ടിയിൽ തന്നെയിരുന്നു. അമ്മ എന്തു സ്നേഹത്തോടെ വളർത്തിയ മകളാണ്. അവൾക്കിപ്പോൾ ആരുമില്ലല്ലോ എന്നൊക്കെ ഓർത്തപ്പോൾ സങ്കടം തോന്നി'.

'പെട്ടെന്നാണ് ഒരു ഓട്ടോ വന്നു നിർത്തിയത്. നോക്കിയപ്പോൾ കനകയാണ്. ഞാൻ വേഗം ചെന്ന് കെട്ടിപ്പിടിച്ചു. നിറയെ തവണ ഫോൺ വിളിച്ചിട്ട് എടുത്തില്ല, അതുകൊണ്ടാണ് നേരിട്ട് വന്നത് എന്നു പറഞ്ഞു. "എന്നെ ഓർമയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടിപത്മിനി, ആന്റി," എന്നു പറഞ്ഞപ്പോൾ "നിങ്ങൾ ആന്റിയല്ല, അക്ക. നിങ്ങളെ എങ്ങനെ ഞാൻ മറക്കുമെന്നൊക്കെ ചോദിച്ചു സംസാരിച്ചു."

'ഞങ്ങൾ ഒന്നിച്ച് കോഫി ഷോപ്പിൽ പോയി. വണ്ടി കേടായിരിക്കുന്നതുകൊണ്ടാണ് ഇപ്പോൾ ഓട്ടോയിൽ ഒക്കെ പോകുന്നതെന്ന് കനക പറഞ്ഞു. ഈ  പഴയ കാർ ഒക്കെ കൊടുത്ത് പുതിയ കാർ വാങ്ങൂ എന്നു പറഞ്ഞു ഞാൻ.  കോഫീ ഷോപ്പിൽ പോയി ഞങ്ങൾ കുറേ നേരം സംസാരിച്ചു. കേക്ക് ഉൾപ്പെടെ അവൾക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങി കൊടുത്തു ഞാൻ. പൈസ ഞാൻ കൊടുക്കാം എന്ന് പറഞ്ഞിട്ട് പക്ഷേ അവൾ സമ്മതിച്ചില്ല. അവൾ തന്നെ പൈസ കൊടുത്തു.' 

'നീ ഈ പഴയ വീടൊക്കെ വിൽക്കൂ, പുതിയ ഫ്ളാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറി രാജകുമാരിയെ പോലെ ജീവിക്കണം, എന്തിനാണ് ഇങ്ങനെ കഴിയുന്നത്' എന്നു ശാസിച്ചപ്പോൾ "ഇല്ല ചേച്ചി, അച്ഛനുമായിട്ട് സ്വത്തിന്റെ പേരിൽ ഉണ്ടായിരുന്ന കേസും വഴക്കുമൊക്കെ തീർന്നു. ഇപ്പോൾ കോംപ്രമൈസ് ആയിട്ടുണ്ട്" എന്നു പറഞ്ഞു.' സന്തോഷമായി. 

'കനക നന്നായിട്ട് ഡാൻസ് ചെയ്യുന്ന ആളാണ്. നിനക്ക് ഡാൻസ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോൾ "അയ്യോ ചേച്ചി ഞാൻ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയിൽ?" എന്നൊക്കെ ചോദിച്ചു. എന്തായാലും ആളെന്തായാലും ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അമ്മ ഒരുപാട് സ്നേഹിച്ചു കൊഞ്ചിച്ചുവളർത്തിയ കുട്ടിയാണ് കനക. 'എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും നല്ലവരെ പോലെ ഇരിക്കും. അവസാനം ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടാന്ന് ഞാൻ തീരുമാനിച്ചത്' എന്നാണ് അവൾ പറഞ്ഞത്," കുട്ടി പദ്മിനി പറയുന്നു. 

അമ്മ ദേവികയായിരുന്നു കനകയ്ക്ക് എല്ലാം. അമ്മയുടെ നിഴലിലാണ് കനക ജീവിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ അമ്മയുടെ മരണം കനകയെ തകർത്തു. അച്ഛനും അമ്മയും വർഷങ്ങൾക്കു മുൻപു തന്നെ പിരിഞ്ഞവർ ആയതിനാൽ അച്ഛൻ ദേവദാസുമായുള്ള കനകയുടെ ബന്ധവും സുഗമമായിരുന്നില്ല. 

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: