/indian-express-malayalam/media/media_files/fI3llCeU3XR0P3w2bR2N.jpg)
കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍
തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച് ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകർഷിച്ചു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. ഋഷഭ് ഷെട്ടി നായകനായ ചിത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. ആദ്യ ഭാഗത്തിന്റെ വൻവിജയത്തിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ഋഷഭ് ഷെട്ടി. രണ്ടാം ഭാഗം കാന്താരയുടെ ബാക്കി കഥയല്ല ചിത്രീകരിക്കുന്നത്, ഒന്നാം ഭാഗത്തിനു മുൻപുള്ള കാലഘട്ടം കാണിക്കുന്ന പ്രീക്വലാണ് എന്നാണ് റിപ്പോർട്ട്.
കാന്താര പ്രീക്വലിന്റെ ആദ്യ ടീസറാണ് ഇപ്പോൾ ചർച്ചയാവുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന്റെ പേര്. കാന്താര 2ന്റെ ഫസ്റ്റ് ലുക്ക് ടീസർ 24 മണിക്കൂർ തികയും മുൻപെ 10 മില്യൺ വ്യൂസ് ആണ് നേടിയിരിക്കുന്നത്.
കാന്താര 2ൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് പറയുക എന്നതാണ് ലഭിക്കുന്ന വിവരം. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം എഡി 300 മുതൽ എഡി 400 വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റ പശ്ചാത്തലം.
കാന്താരയിൽ പരിചയപ്പെടുത്തിയ നാടോടിക്കഥകളുടെയും ദേവതയായ പഞ്ചുർളി ദൈവത്തിനും പിന്നിലുള്ള കഥകളെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. പിങ്ക് വില്ല പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് കഥ അനുശാസിക്കുന്ന കാട്, ഭൂമി, വെള്ളം എന്നീ ഭൂപ്രകൃതി ഒത്തിണങ്ങുന്ന മംഗലാപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.