/indian-express-malayalam/media/media_files/2025/06/11/frulDwKVHEPAjd9Ag3s9.jpg)
ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. മകളുടെ ആദ്യ ചിത്രത്തിന്റെ ലോഞ്ചിനെത്തിയ മനോജ് കെ ജയൻ മുൻഭാര്യ ഉർവശിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"പഠിത്തമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് കുഞ്ഞാറ്റ പറയുന്നത്. അതും അക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, കൂട്ടുകാരി കൂടിയാണ്. അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു, അപ്പോഴാണ് അച്ഛാ, എനിക്ക് സിനിമ ഇഷ്ടമാണ്, അഭിനയിക്കണമെന്നുണ്ട് എന്ന് കുഞ്ഞാറ്റ പറയുന്നത്," മനോജ് കെ ജയന്റെ വാക്കുകളിങ്ങനെ.
Also Read: എ ആർ റഹ്മാന്റെ ആ ഹിറ്റ് പാട്ടിലെ ഉർവശി ഞാൻ തന്നെ: ഉർവശി
"ഇത് മോളുടെ അമ്മയെ അറിയിക്കണം. അതിനു വേണ്ടി ചെന്നൈയിൽ പോവണം. ഉർവശിയുടെ അനുഗ്രഹം മേടിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടിയാണ്. അങ്ങനെയൊരാളുടെ മകളാണിപ്പോൾ... ചൈന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങിക്കണം എന്നു പറഞ്ഞു. ഞാനൽപ്പം ഇമോഷണലാണ്, മോളുടെ കാര്യം വരുമ്പോഴൊക്കെ ഞാനങ്ങനെയാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോടു കൂടി അതു സമ്മതിച്ചു. അങ്ങനെ ഇന്ന് ഇവിടെ വരെ എത്തി," ഉർവശിയെ കുറിച്ച് പറയുമ്പോൾ മനോജ് കെ ജയന്റെ ശബ്ദം ഇടറുന്നതും വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഉർവശിയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ഇടറുന്ന മനോജിനെ മകൾ കുഞ്ഞാറ്റ ആശ്വസിപ്പിക്കുന്നതും കാണാം.
"എന്റെ സുഹൃത്തുക്കളായ സേതുവും അലക്സുമാണ് ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ചത്. മോൾക്ക് നല്ലൊരു റോളുണ്ട്, നല്ല പ്രൊഡക്ഷനാണ് എന്നൊക്കെ പറഞ്ഞു. ചേട്ടനൊന്നു കഥ കേൾക്കാമോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ആദ്യം ഉർവശിയെ ആണ് കഥ കേൾപ്പിക്കേണ്ടത്. അവരാണ് അതു തീരുമാനിക്കേണ്ടത്. ഫീമെയ്ൽ ആർട്ടിസ്റ്റാണ്. അവരുടെയത്രയും എക്സ്പീരിയൻസ് ഫീമെയ്ൽ കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ എനിക്കില്ല. അമ്മയെ വിളിച്ചു കാര്യം പറയാൻ കുഞ്ഞാറ്റയോടും ഞാൻ പറഞ്ഞു. ഉർവശി കേട്ടതിനു ശേഷമാണ് ഞാൻ കഥ കേട്ടത്."
" ഞാനും ഉർവശിയുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്നാണ് ശ്രദ്ധ നേടിയത്. പക്ഷേ മോൾക്ക് ടൈറ്റിൽ റോൾ തന്നെ കിട്ടിയിരിക്കുകയാണ്. ദൈവഭാഗ്യമാണത്, അവളുടെ അപ്പൂപ്പന്റെ അനുഗ്രഹമാണ്. എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിൽ വരണമെന്ന്."
"രാവിലെ ഉർവശിയും ഉർവശിയുടെ അമ്മയുമൊക്കെ മോളെ ഫോണിൽ വിളിച്ചു അനുഗ്രഹിച്ചു. എല്ലാവരുടെയും അനുഗ്രഹം നേടിയതിനു ശേഷമാണ് ഞങ്ങളിറങ്ങിയത്. ഇനി നിങ്ങളുടെ അനുഗ്രഹമാണ് വേണ്ടത്. എന്നെയും അവളുടെ അമ്മയേയുമൊക്കെ സിനിമയിൽ വളർത്തിയത് നിങ്ങളുടെ സപ്പോർട്ടാണ്. ഞങ്ങളുടെ പാരമ്പര്യം പിൻതുടർന്നു വരുന്ന ഞങ്ങളുടെ കുഞ്ഞാറ്റയ്ക്കും ആ സപ്പോർട്ട് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു," മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.
നവാഗതനായ ബിനു പീറ്റർ സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിൽ കുഞ്ഞാറ്റയുടെ നായകനായി എത്തുന്നത് സർജാനോ ഖാലിദ് ആണ്.
Also Read: Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.