scorecardresearch

ഇക്കൊല്ലം ‘കൊല്ലം’ കണ്ട സിനിമകൾ

കൊല്ലത്തിന്റെ മണമുള്ള മൂന്ന് സിനിമകളാണ് ഈ വർഷം മലയാളത്തിലറങ്ങിയത്.

കൊല്ലത്തിന്റെ മണമുള്ള മൂന്ന് സിനിമകളാണ് ഈ വർഷം മലയാളത്തിലറങ്ങിയത്.

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kollam, Year Ender, IE Malayalam

ഒറ്റപ്പാലത്തിന്റെയും പാലക്കാടിന്റെയും ഗ്രാമാന്തരീക്ഷവും വരിക്കാശ്ശേരിമനയും കൊച്ചിയുടെ മെട്രോ പശ്ചാത്തലവും, കോട്ടയത്തിന്റെ റബ്ബർക്കാടുകളും ഇടുക്കിയുടെയും മൂന്നാറിന്റെയും വയനാടിന്റെയും ഹിൽസ്റ്റേഷൻ സൗന്ദര്യവും, കോഴിക്കോടിന്റെ രുചിഭേദങ്ങളും, കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും, തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റും പത്മനാഭസ്വാമിക്ഷേത്രവും കോവളവും, തൃശൂരിന്റെ പൂരപ്പെരുമയും ആലപ്പുഴയുടെ കായൽഭംഗിയും മുതൽ എന്തിന് കാസർക്കോഡിന്റെ തനതായ ഭാഷയും ഭൂപ്രകൃതിയും വരെ മലയാളസിനിമയിൽ കഥാപരിസരമൊരുക്കുമ്പോഴും നമ്മുടെ സിനിമയിൽ അധികം പ്രത്യക്ഷപ്പെടാത്തൊരു ഭൂമികയായിരുന്നു കൊല്ലം. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ ലൊക്കേഷനായി വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടെന്നും കൊല്ലത്തിനെ പറയാം.

Advertisment

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർതാരമായിരുന്ന ജയൻ, അഭിനയ പ്രതിഭയായ മുരളി, മലയാള സിനിമാ സംഗീത ലോകത്തെ പ്രതിഭകളായിരുന്ന ജി. ദേവരാജൻ, രവീന്ദ്രൻ, കവിയും ഗാനരചയിതാവുമായിരുന്ന ഒ എൻ വി, മലയാള സിനിമയെ ലോകത്തിന് മുന്നിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ച പല സിനിമകളുടെയും നിർമ്മാതാവായ ജനറൽ പിക്ചേഴ്സ് രവി, സിനിമയുടെ സമസ്മത മേഖലകളിലും തന്റേതായ മുദ്രപതിപ്പിച്ച ബാലചന്ദ്രമേനോൻ, നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി, നടനും കൊല്ലം എം എൽ എയുമായ മുകേഷ് എന്നിവരുടെയൊക്കെ സ്വന്തം നാടായിരുന്നിട്ടും കൊല്ലത്തിനോട് മലയാള സിനിമ അകലം പാലിച്ച നിന്നതായിരുന്നു ചരിത്രം. സിനിമയുടെ കഥയുടെ കാര്യത്തിലോ പശ്ചാത്തലത്തിലോ കൊല്ലം കടന്നുവരുക എന്നത് ആരുടെയും ചിന്തയിൽ പോലും വന്നിട്ടുണ്ടായിരുന്നില്ല.

എന്നാൽ, ആ ചരിത്രം തിരുത്തി, കൊല്ലത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് കഥ പറഞ്ഞ മൂന്ന് മലയാളചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടാണ് 2022 ന്റെ കലണ്ടർ മാറുന്നത്. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജയ ജയ ജയ ജയ ഹേ'യും അമലപോൾ നായികയായ 'ടീച്ചറും' പൂർണമായും കൊല്ലത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ്. എന്നാൽ, മൂന്നാമത്തെ സിനിമയുടെ ഭൂമിക കൊല്ലം തിരുവനന്തപുരം അതിർത്തിദേശമാണെങ്കിലും കഥയുടെ വേര് കൊല്ലത്താണ്. ജി ആർ ഇന്ദുഗോപൻ സ്വന്തം നാടുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയിലേക്ക് പരാവർത്തനം ചെയ്തപ്പോൾ, ഭൂമിക കൊല്ലത്ത് നിന്നും വർക്കലഭാഗത്തേക്ക് മാറി. സിനിമയായപ്പോൾ പേര് 'തെക്കൻ തല്ല് കേസ്' എന്ന് മാറിയെങ്കിലും ആ അതിർത്തിദേശം തന്നെ പശ്ചാത്തലമായി മാറി. അതുകൊണ്ട് തന്നെ കൊല്ലത്തിന്റെ മണമുള്ള മൂന്ന് സിനിമകളാണ് ഈ വർഷം ഓണത്തിനും ക്രിസ്മസിനും വരെയുള്ള കാലയളവിൽ മലയാളത്തിലറങ്ങിയത്.

കശുമാങ്ങയുടെ മണമുള്ള ‘ജയ ജയ ജയ ജയ ഹേ’

കശുവണ്ടി വ്യവസായത്തിന് ആഴത്തിൽ വേരുകളുള്ള ജില്ലയാണ് കൊല്ലം. കശുവണ്ടി സംസ്കരണത്തിനുള്ള നിരവധി ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ കശുവണ്ടി ഫാക്ടറികളുടെ നാട്, കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം, ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നൊക്കെ കൊല്ലത്തിന് വിളിപ്പേരുകളുണ്ട്. ‘ജയ ജയ ജയ ജയ ഹേ’യുടെ ആദ്യസീനിൽ തന്നെ കാണാം, ഉച്ചഭക്ഷണവും പൊതിഞ്ഞുകെട്ടി കശുവണ്ടി ഫാക്ടറിയിൽ ജോലിയ്ക്ക് പോവുന്ന ഒരു തൊഴിലാളി സ്ത്രീയെ. നായിക ജയഭാരതിയുടെ അച്ഛനാവട്ടെ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർവൈസറും. ആദ്യരംഗം മുതലങ്ങോട്ട് കൊല്ലത്തെ ജീവിതത്തെ, ജീവിതപരിസരങ്ങളെ, പ്രകൃതിയെ ഒക്കെ മനോഹരമായി രേഖപ്പെടുത്തികൊണ്ടാണ് സംവിധായകൻ വിപിൻ ദാസ് ചിത്രം മുന്നോട്ട് കൊണ്ടുപോവുന്നത്.

Advertisment
jayajayajayajayahey, iemalayalam

പെണ്ണുകാണാൻ വന്ന രാജേഷും ജയയും മാറി നിന്നു സംസാരിക്കുന്ന രംഗത്തിന്റെ പശ്ചാത്തലത്തിലും കശുമാവും കശുമാവിൽ വിളഞ്ഞുനിൽക്കുന്ന കശുമാങ്ങയുമൊക്കെ കാണാം. ഒറ്റയടിയ്ക്ക് കശുവണ്ടിയിൽ നിന്നും പരിപ്പെടുക്കുന്ന സ്ത്രീയൊക്കെ ജയ-രാജേഷ് സംഘട്ടനരംഗങ്ങൾക്കിടയിൽ വിഷ്വലായി കടന്നുവരുന്നുണ്ട്. സ്കൂൾ യൂണിഫോമിൽ കശുവണ്ടി മരത്തിനു താഴെ കൂടെ നടന്നുനീങ്ങുന്ന ജയയിലാണ് ചിത്രം അവസാനിക്കുന്നതും.

കശുവണ്ടിയിൽ മാത്രം ഒതുങ്ങുന്നില്ല ‘ജയ ജയ ജയ ജയ ഹേ’യിലെ കൊല്ലം റഫറൻസ്. ചിത്രത്തിലെ നായകന്റെ വീട് മയ്യനാടാണ്, നായികയുടേത് പെരുമ്പുഴയും. അതുപോലെ കൊല്ലത്തെ വിവിധ സ്ഥലങ്ങളെ കുറിച്ച് ചിത്രം പരാമർശിച്ചുപോവുന്നുണ്ട്.

"കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ ഒരുപാട് പ്രാധാന്യമുള്ള ജില്ലയാണ് കൊല്ലം. അഷ്ടമുടി കായലിന്റെ തീരത്തുനിന്ന് ഒട്ടനവധി കലാകാരന്മാർ വിവിധ മേഖലകളിലായുണ്ട്. കഥാപ്രസംഗം, നാടകം എന്നിവയ്ക്കൊക്കെ പ്രാമുഖ്യം കൊടുത്തിരിക്കുന്ന ജില്ല കൂടിയാണ് കൊല്ലം. അങ്ങനെയുള്ള കലാ പാരമ്പര്യം ഈ നാടിനുണ്ട്. സിനിമകൾ കൊല്ലത്തേയ്ക്ക് മടങ്ങിയെത്തുന്നത് പ്രതീക്ഷ നൽകുന്നതാണ്," നടനും കൊല്ലം സ്വദേശിയുമായ രാജേഷ് ശർമ തന്റെ നാടിനെക്കുറിച്ച് വാചാലനായി.

"ജയ ജയ ജയ ജയഹേ കണ്ടപ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു. കൊല്ലം നിവാസികൾ വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അതു തന്നെയാണ് ആ സിനിമയിൽ കണ്ടതും," രാജേഷ് പറഞ്ഞു.

മൺറോ തുരുത്തും 'ടീച്ചറും'

കൊല്ലം ജില്ലയിലെ ഒരു സ്കൂളിലെ പി ടി ടീച്ചറുടെ കഥയാണ് അമല പോൾ നായികയായി എത്തിയ ‘ദ ടീച്ചർ’ എന്ന ചിത്രം പറഞ്ഞത്. കൊല്ലത്തെ മൺറോ തുരുത്തും ചിത്രത്തിൽ കാണാം. അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്തൃമാതാവായി എത്തുന്നത് മഞ്ജുപിള്ളയാണ്. മൺറോ തുരുത്തിന്റെ സംരക്ഷണത്തിനു വേണ്ടി പോരാടുന്ന കറകളഞ്ഞൊരു വിപ്ലവകാരിയാണ് മഞ്ജുപിള്ളയുടെ അമ്മിണിയമ്മ എന്ന കഥാപാത്രം.

"എവിടെ വേണമെങ്കിലും പ്ലേസ് ചെയ്യാവുന്ന കഥയാണ് ടീച്ചറിലേത്. പക്ഷെ കൊല്ലം അത്രയങ്ങ് സിനിമകളിൽ കണ്ടിട്ടില്ല എന്ന കാരണം കൊണ്ട് ഞാനും സംവിധായകന്‍ വിവേകും കൂടി അവിടെ മതിയെന്ന് തീരുമാനിച്ചു," ടീച്ചറിന്റെ കഥാപശ്ചാത്തലം എങ്ങനെ കൊല്ലത്തെത്തി എന്ന് പറയുകയാണ് തിരകഥാകൃത്ത് ഷാജികുമാർ.

teacher, iemalayalam

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് മൺറോ തുരുത്ത്. ഒരുകാലത്ത് പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശം. എന്നാൽ ഇന്ന് മുങ്ങിപ്പോകൽ ഭീഷണിയെ അഭിമുഖീകരിക്കുകയാണ് ഈ തുരുത്ത്. കഥാഗതിയിൽ മൺറോ തുരുത്തിന് വലിയ പ്രാധാന്യമില്ലെങ്കിലും ആ പ്രദേശത്തെ അടയാളപ്പെടുത്തി പോവുന്നുണ്ട് ‘ടീച്ചർ.’

അഞ്ചുതെങ്ങിലെ നാട്ടാരും ഒരു തല്ല് കേസും

കൊല്ലം - തിരുവനന്തപുരം അതിർത്തി എന്നു പറയാം ബിജു മേനോൻ ചിത്രം ഒരു തെക്കൻ തല്ലു കേസിന്റെ പരിസരം. അമ്മിണിപ്പിള്ളയും അഞ്ചുതെങ്ങിലെ നിവാസികളും കൊല്ലം കടപ്പുറം പ്രദേശത്തു നിന്നുള്ളവരാണ്. കൊല്ലം ഭാഷയുടെ എല്ലാവിധത്തിലുള്ള എസൻസും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ലൈറ്റ്ഹൗസ് ജീവനകാരനായ അമ്മിണിപ്പിള്ളയുടെ നാട് കൊല്ലത്തിന്റെ കടപ്പുറം സംസ്കാരത്തെ വരച്ചു കാട്ടുന്നതാണ്. നാലാളു കൂടുന്ന ജംഗ്ഷനും, അമ്മിണിപ്പിള്ളയെ ചെക്കന്മാർ വെട്ടിയിട്ട് ഒളിച്ചിരിക്കുന്ന തുരുത്തെല്ലാം കൊല്ലത്തിന്റെ ഭൂമിക എത്ര മനോഹരമാണെന്ന് വിളിച്ചോതുന്നു. ഭാഷയാണ് ചിത്രത്തെ കൊല്ലത്തിന്റേതായി അടയാളപ്പെടുത്തുന്ന മറ്റൊരു ഘടകം. അഭിനേതാക്കൾ നല്ല വൃത്തിയായി കൊല്ലം- തിരുവനന്തപുരം പരിസര പ്രദേശങ്ങളിലുള്ള ഭാഷ കൈകാര്യം ചെയ്തെന്നു വേണം പറയാൻ.

Biju menon, Thallu case, IE Malayalam

ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കിയതാണ് ഒരു തെക്കൻ തല്ല് കേസ്. കൊല്ലം ജില്ല സിനിമകളിൽ നിറയുന്നത് വളരെ യാദൃശ്ചികമായിട്ടായിരിക്കാം എന്നാണ് ഇന്ദുഗോപൻ പറയുന്നത്.

"ഭൂമിക കൃത്യമായിട്ട് അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ കുറവായതുകൊണ്ടായിരിക്കണം കൊല്ലം എന്ന പ്രദേശം മലയാള സിനിമയിൽ കാണാതിരുന്നത്. സിനിമയിലോട്ട് ഒർജിനാലിറ്റി കൊണ്ടുവരുക എന്ന ലക്ഷ്യത്തിലാണ് പുതിയ സ്ഥലങ്ങൾ അന്വേഷിച്ച് പ്രവർത്തകർ പോയത്. അതേ പ്രദേശത്തെ ഭാഷ വേണം ഉപയോഗിക്കാൻ എന്ന പുതുമയും ഇടം പിടിച്ചു. കൊല്ലം വച്ച് അധികം കഥകൾ വന്നിട്ടില്ല എന്ന ചിന്തയായിരിക്കാം ഈ മാറ്റത്തിന്റെ കാരണം. ചിലപ്പോൾ വളയെ യാദൃശ്ചികമായി സംഭവിച്ചതുമാകാം. കഥ ആവശ്യപ്പെടുന്ന പ്രദേശം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം," ഇന്ദുഗോപൻ പറഞ്ഞു.

കുട്ടി സ്രാങ്ക്, നടൻ, സല്യൂട്ട്, മറിയം മുക്ക്, മൺറോ തുരുത്ത് തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട കൊല്ലത്തിന്റെ ഭൂമിശാസ്ത്രത്തെ അടയാളപ്പെടുത്തുകയാണ് ‘ജയ ജയ ജയ ജയ ജയ ഹേ’യും ‘ടീച്ചറും.’

indugopan, pv shajikumar, mukesh, sharma

കൊല്ലം ഭാഷ പറയുന്ന നടൻ എന്നു പണ്ട് കോടീശ്വരനിൽ ഉയർന്ന ചോദ്യത്തിനു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ പേര് മുകേഷിന്റേതായിരുന്നു. കൊല്ലം ജില്ലയിലേക്ക് സിനിമ മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്നാണ് മുകേഷ് പറയുന്നത്.

"എന്റെ തന്നെ ചില സിനിമകൾ കൊല്ലത്ത് ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ അതിനൊക്കെ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. സിനിമാ മേഖല അത്ര പരിചിതമല്ലാത്തതു കൊണ്ട് ആളുകൾ ചുറ്റും കൂടുമായിരുന്നു. പിന്നീട് അവരെ മാറ്റി നിർത്താൻ പ്രവർത്തകർ ബുദ്ധിമുട്ടി, ഒടുവിൽ കൊല്ലം ജില്ല സിനിമകളിൽ കാണാതെയായി. കൊല്ലം ജില്ലയിലേക്ക് സിനിമ മടങ്ങി വരുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് മനോഹരമായ സ്ഥലങ്ങളും കൊല്ലത്തുണ്ട്. ഭാഷയും നല്ലരീതിയിലാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കഥയ്ക്ക് ആവശ്യമാണെങ്കിൽ മാത്രമെ ഇതെല്ലാം ഉപയോഗിക്കേണ്ടതുള്ളൂ എന്നു കൂടി പറയണമല്ലോ," മുകേഷ് പറഞ്ഞു.

പുതിയ കാഴ്ചകളും കഥകളും പരീക്ഷണങ്ങളും തേടുന്ന മലയാള സിനിമയ്ക്ക് ഇതുപോലെ പുതിയ ലൊക്കേഷനുകളെയും ജീവിതപരിസരങ്ങളെയും കൂടുതൽ എക്സ്പ്ലോർ ചെയ്യാൻ കഴിയട്ടെ, കണ്ടുമടുത്ത പരിസരങ്ങളിൽ നിന്നുമുള്ള മാറ്റം പ്രേക്ഷകർക്കും നവ്യാനുഭൂതി പകരുന്നതാവും.

മറ്റ് വർഷാവസാന കുറിപ്പുകൾ വായിക്കാം

Malayalam Films Nimisha Sajayan Padmapriya Biju Menon Mukesh Basil Joseph Kollam Amala Paul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: