എറണാകുളത്ത് സുഹൃത്ത് രാജേഷ് വാടകക്കെടുത്ത ഫ്ലാറ്റ്. കലാസംവിധായകൻ ജ്യോതിഷ് ശങ്കർ കാണാൻ വന്നു. ജ്യോതിഷ് മൂന്നാലു കൊല്ലം കൊല്ലത്തെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നു. അവിടെ ഒരുപാട് തമാശയുണ്ടായിരുന്നു; അനുഭവങ്ങളും. അക്കാലത്തെ വച്ച്, ഒരു നോവൽ വികസിപ്പിക്കാൻ സാധ്യതയുണ്ടോ?
എനിക്ക് അപകടം മണത്തു. കാടും പടലും പിടിച്ച് കിടക്കുന്ന പുരയിടമാണ്. അവിടെ കിണർ കുഴിച്ച് വെള്ളെടുക്കണം. കാടിനടിയിൽ പാറക്കെട്ടാണെങ്കിൽ കുടുങ്ങി.
ജ്യോതിഷ് വിശദീകരിച്ചു: ഇത് ഒരു കൊല്ലത്തുകാരൻ എഴുതണം. അതിൽ ഞാനൊന്ന് അനങ്ങി.
എന്റെ മണ്ണാണ് കൊല്ലം. കഥയിലെ ഭാഷയും സ്വരൂപവുമൊക്കെ എനിക്ക് വ്യക്തമാകുമെന്നും കുറച്ചൊക്കെ സാക്ഷാത്കരിക്കാനാകുമെന്നും ജ്യോതിഷ് കരുതിയതിൽ അദ്ഭുതമില്ല. പക്ഷേ ഏറ്റെടുത്ത കുറേ കാര്യങ്ങൾ കിടക്കുന്നു. ജ്യോതിഷിനും അവ അറിയാം.
രണ്ടാമത്തെ പ്രലോഭനം വന്നു. ജ്യോതിഷ് പറഞ്ഞു: അന്ന് ലോഡ്ജിൽ എന്റെ കൂടെയുണ്ടായിരുന്നതിൽ മിക്കവരും നേരിട്ടോ അല്ലാതെയോ നിങ്ങളുടെ സുഹൃത്തുക്കളാണ്. അഥവാ സുഹൃത്തിന്റെ സുഹൃത്തുക്കളാണ്. പറഞ്ഞു വന്നപ്പോൾ നേരാണ്. ബാസ്റ്റിൻ, രാജേഷ് ശർമ, സജീവ്, കടപ്പാൽ നന്ദകുമാർ, ഗണേഷ് ഓലിക്കര, മോത്തി, ആർട്ട് കഫേ ഷെൻേല…
ഇപ്പോൾ കൊല്ലം എന്ന നഗരം ഒരു വികാരമായി, എനിക്കും ജ്യോതിഷിനുമിടയിൽ കിടന്നു പിടയ്ക്കുകയാണ്. ഈ നഗരം എനിക്ക് അത്രയ്ക്ക് നഷ്ടബോധമാണ്. അതാണിപ്പോൾ ആളിക്കത്തുന്നത്.
കൊല്ലം ഞാൻ അനുഭവിച്ചു തീരാത്ത വികാരമാണ്. തിരുവനന്തപുരത്താണ് കുറച്ചു നാളായി സ്ഥിരതാമസം. നാട്ടിലേയ്ക്ക് പലപ്പോഴും ഓടിയെത്താൻ മനസ് വിങ്ങും. പക്ഷേ സാധാരണ ഒരു പകൽ തങ്ങി അമ്മയെയും പെങ്ങളെയും കണ്ടു മടങ്ങുകയാണ് പതിവ്. ജോലിയിൽ നിന്നിറങ്ങിയിട്ടും അതാണ് അവസ്ഥ.
പഠിപ്പു തീർന്ന്, പത്തു ദിവസം തികച്ച് ഒരു പണിയുമായില്ലാതെ അലഞ്ഞു തിരിയാൻ ഞാൻ ആശിച്ച നഗരമാണ് എന്റേത്. അങ്ങനെ ഈ നഗരം ആസ്വദിക്കാൻ പിന്നീട് ഇതു വരെ വിധിയുണ്ടായിട്ടില്ല. 21 വയസ്സിൽ പഠനം തീരും മുൻപേ ഞാൻ പത്രപ്രവർത്തനം തൊഴിലാക്കി എടുത്തു. ഒരാണ്ട് കൊല്ലത്തുണ്ടായിരുന്നു. തൊഴിലും പഠനവും ഒരുമിച്ച്. ആസ്വദിക്കാൻ പറ്റുന്ന ഘട്ടമായിരുന്നില്ല.

22 വയസ്സു മുതൽ മുഴുവൻസമയ പത്രപ്രവർത്തനം. കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊച്ചി… ഒടുവിൽ തിരുവനന്തപുരത്ത് താവളം. ആ ദൗർബല്യത്തിന്റെ തിരിയിലാണ് ജ്യോതിഷ് വന്നു കൊളുത്തിയത്. ആ നഷ്ടബോധമാണ് ജ്യോതിഷ് വിളിച്ചപ്പോഴൊക്കെ കൊല്ലത്തേയ്ക്ക് ചെല്ലാനും, പഴയ ലോഡ്ജ് നിവാസികളിൽ ചിലർക്കൊപ്പം സഞ്ചരിക്കാനും അവരുടെ കഥ കേൾക്കാനും എന്നെ പ്രേരിപ്പിച്ചത്.
കൊല്ലത്തേയ്ക്കു മാത്രമല്ല, നടൻ രാജേഷ് ശർമ കൊച്ചിയിലായതിനാൽ അങ്ങോട്ടേയ്ക്കുമൊക്കെ കഥനം നീണ്ടു. മറൈൻ ഡ്രൈവിൽ കഥ കേൾക്കുന്നതിനിടയിൽ രാജേഷിനെ തിരിച്ചറിഞ്ഞ് ആളു കൂടി. ഞാനെന്റെ ലാപ്ടോപ്പിൽ, കാറിലും ലോഡ്ജിലും പാർക്കിന്റെ വശത്തുമൊക്കെയിരുന്ന് ടൈപ്പ് ചെയ്തു കൊണ്ടേയിരുന്നു. അത് അച്ചടിച്ചാൽ ഇപ്പോഴുള്ള ഈ നോവലിനേക്കാൾ വരും. വളരെ രസകരമായിരുന്നു; അതു വച്ച് ഒരു കഥയാക്കാൻ പറ്റുമായിരുന്നില്ല എന്നത് ഒഴിച്ചാൽ. ഞാനത് പറഞ്ഞില്ല.
ജ്യോതിഷിന്റെ കൃത്യമായി ‘ചേട്ടാ’ എന്നൊക്കെ ഓർമപ്പെടുത്തലുകൾ വാട്സാപ്പിൽ വന്നു. ഇടയ്ക്ക് എഴുതിയതെല്ലാം പാറ്റിപ്പെറുക്കി നോക്കി. ജ്യോതിഷ് ഉദ്ദേശിച്ച മട്ടിലുള്ള ഒരു ജീവിതം അതിൽ നിന്ന് കടഞ്ഞെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. സ്വാഭാവികമായും മെല്ലെ ജ്യോതിഷിന്റെ വിളിയും അലിഞ്ഞു പോകുമെന്നു കരുതി. അങ്ങനെയായിരുന്നില്ല. ഇടയ്ക്ക് വിളിച്ചപ്പോ ഞാൻ കുറ്റസമ്മതം നടത്തി. ജ്യോതിഷ് ഉദ്ദേശിക്കുന്ന മട്ടിലുള്ള ഒരു കഥയെന്ന നിലയിൽ ഇത് കൂട്ടിയോജിക്കാൻ പറ്റുന്നില്ല. ഉരുട്ടിയെടുക്കുമ്പോൾ കഥാഗതിയുടെ ആഘാതം താങ്ങാൻ പറ്റാതെ മൺപാത്രങ്ങളെന്ന വിധം കഥയും കഥാപാത്രവുമെല്ലാം ഉടഞ്ഞു പോകുന്നു.
ജ്യോതിഷിന്റെ മറുപടി എന്നെ ഞെട്ടിച്ചു: ചേട്ടാ, ഇത്തരമൊരു കൺഫ്യൂഷൻ, ഒരു റൈറ്ററിൽ ഉണ്ടാക്കി കൊടുക്കുക എന്നതു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഇതല്ല കഥയെന്ന് എനിക്കറിയാമായിരുന്നു. നമിച്ചു. ജ്യോതിഷ് കലാകാരൻ തന്നെ.
ജ്യോതിഷിന് അങ്കലാപ്പിലില്ല എന്നതറിഞ്ഞപ്പോ, ഞാൻ റിലാക്സ്ഡായി. സമയബന്ധിതമല്ല. സ്വയം ഉരുത്തിരിയുന്നെങ്കിൽ മാത്രം മതിയെന്നു കൂടി ജ്യോതിഷ് പറഞ്ഞു. എങ്കിലും ഇടയ്ക്കു തന്മയത്തോടെ വിളിച്ചു. ധൃതിക്കൂട്ടാതെ വിശ്വാസപൂർവം എനിക്കൊപ്പം ഉണ്ടെന്ന ധാരണ തന്നു. വിട്ടുപോകാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന സൂചന കൂടിയായിരുന്നു അത്. അങ്ങനെ ജ്യോതിഷ് കഠിനമായി വിശ്വസിച്ചു നിന്നില്ലായിരുന്നുവെങ്കിൽ, ഈ പുസ്തകം സംഭവിക്കുമായിരുന്നില്ല.

വളരെ രസമുള്ള പുതുമയുള്ള കഥാസന്ദർഭങ്ങൾ, പക്ഷേ അവയെ എന്തു കൊണ്ട് കോർത്തെടുക്കാൻ പറ്റുന്നില്ലെന്നാണ് ഞാൻ ആലോചിച്ചത്. ടൈപ്പ് ചെയ്ത മാറ്ററുകളിലൂടെ വെറുതെ ഓടിച്ചു നോക്കി. വള്ളിപുള്ളിവിസർഗം വിടാതെ, സംഭാഷണങ്ങൾ ടൈപ്പ് ചെയ്തെടുക്കുന്നതിലെ ഗുണം മനസ്സിലായത് അന്നാണ്. അപ്രസക്തമായി ടൈപ്പ് ചെയിതിട്ട രണ്ടു മൂന്നു വാചകങ്ങൾ കയറി ഉടക്കി- ലോഡ്ജിലെ ചെറുപ്പക്കാർ, ഒരു സുഹൃത്തിനെ സഹായിക്കാൻ പോകുന്ന സംഭവം. സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം. മുൻകൂർ സ്വർണം ഏർപ്പാടാക്കിയെങ്കിലും കിട്ടിയ സ്വർണമെല്ലാമിട്ട് പെണ്ണ് സ്ഥലംവിടുന്നു. ഇത്രയുമേയുള്ളൂ. തലേന്നു തന്നെ വന്ന ജ്വല്ലറി സ്റ്റാഫ് വലിയ ആഘോഷക്കാരനായിരുന്നുവെന്ന സൂചനയും ലഭിച്ചു. അവിടെ കഥയുടെ മണം തങ്ങിക്കിടക്കുന്നു.
ആ വന്ന ചെറുപ്പക്കാരൻ ആരായിരുന്നു? ലോഡ്ജിലെ ചെറുപ്പക്കാർക്ക് അപ്രസക്തനായിരുന്ന ആ ചെറുപ്പക്കാരന് പിന്നെ എന്തു സംഭവിച്ചു? അവിടെ മനസ്സു കിടന്നു പുളഞ്ഞപ്പോൾ അജേഷ് എന്ന ചെറുപ്പക്കാരൻ കഥാപാത്രമായി. കഥാസന്ദർഭങ്ങൾക്കൊപ്പം കഥാപാത്രങ്ങൾ വളരുമെങ്കിലും ആദ്യം തന്നെ അവർ സമഗ്രമായി ഉരുത്തിരിയണമെന്നില്ല. ഇവിടെ പക്ഷേ അങ്ങനെയായിരുന്നില്ല. കഥാപാത്രങ്ങളും കഥയും ഒരുമിച്ച് ഉരുണ്ടു.
കഥ, സൂര്യനെയെന്ന പോലെ സംഭവങ്ങളെ വലം വയ്ക്കുകയും, കഥാപാത്രങ്ങൾ ഭൂമിയെന്ന പോലെ, പ്രദക്ഷിണത്തിനിടെ സ്വയം കറങ്ങുകയും ചെയ്യുന്ന രസം. രൂപഭാവം, സ്വഭാവം, പിടിവാശി, അമിതആത്മവിശ്വാസം, അക്ഷമ… ആദ്യമേ തെളിഞ്ഞ് പി പി അജേഷ് തുടക്കം മുതൽ ഞെളിപിരി കൊണ്ടു. അവന്റെ ഇൻഷ്യലായ ‘പി’ ‘പിടിവാശി’ തന്നെയാണ്. ഒരു പി അല്ല. രണ്ടു പി ഉണ്ട്. ഇരട്ടപ്പിടിവാശി. പക്ഷേ അത് ജീവിക്കാൻ വേണ്ടി, നിലനിൽപ്പിനു വേണ്ടിയുള്ള പിടിവാശിയാണ്. സ്വർണവുമായി പോയ പെണ്ണിനെ സംബന്ധിച്ചും അത് അങ്ങനെ തന്നെയാണ്.
സ്റ്റെഫി ഗ്രാഫ്. അതായിരുന്നു അവളുടെ പേര്. പഴയ ടെന്നിസ് കളിക്കാരിയുടെ അപ്രതീക്ഷിതവേഗമുളള സെർവുകൾ പോലെ, ചടുലമായ തീരുമാനങ്ങൾ… എളുപ്പം താങ്ങാനായില്ല കോർട്ടിനപ്പുറം നിന്ന് പി പി അജേഷിന്. പക്ഷേ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. താങ്ങിത്താങ്ങി നിന്ന്, എതിരാളിയുടെ പിഴവു കാത്തു നിന്നാൽ പണി കൊടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ. സ്റ്റെഫിയുടെ ഏറ്റവും വലിയ എതിരാളി മാർടിന നവരാതിലോവയുടെ കളിശൈലിയുമായി അജേഷിനെ അപ്പുറത്തു നിർത്തി സ്വരുക്കൂട്ടിയെടുത്തതാണിത്.
ഓരോ പുസ്തകത്തിനു പിന്നിലും എഴുത്തുകാരന് ഓരോ തരം വിസ്മയം, ജീവിതം എന്നിവ ഉണ്ട്. ഉണ്ടാകണം . എഴുത്ത് പ്രകൃതിയിൽ മറ്റു ജന്തുക്കളിൽ കേട്ടുകേൾവില്ലാത്ത വിരുദ്ധമായ ഏർപ്പാടല്ലേ? അപ്പോൾ, ഒരു ഉണർവിന്, അയാളും ചില ഉൾപ്പുളകങ്ങൾ ആഗ്രഹിക്കുന്നു. മനുഷ്യനല്ലേ? അല്ലാതെ ഈ പ്രക്രിയയുടെ വിരസത മാറില്ല. പുസ്തകമെഴുതാൻ അല്ലാതെ തന്നെ സ്വന്തം നിലയ്ക്ക് ഞാൻ ഈ പ്രദേശങ്ങളിലേയ്ക്ക് പലവട്ടം സഞ്ചരിച്ചു. ആസ്വദിച്ചു.
ദീർഘിപ്പിക്കുന്നില്ല. നോവലിലേയ്ക്ക് ക്ഷണിക്കുന്നു.
നാലഞ്ചു ചെറുപ്പക്കാര്
അദ്ധ്യായം എട്ട്
പൊന്ന് ഏൽപ്പിച്ചു കഴിഞ്ഞതോടെ അജേഷിന്റെ ജോലി തീർന്നു. കടപ്പുറത്ത്, വീടിനു പിന്നിലെ പാറക്കൂട്ടത്തിനടുത്തേക്ക് ‘നാലഞ്ചു ചെറുപ്പക്കാരും’ ബ്രൂണോയും ചേർന്ന് അജേഷിനെ കൊണ്ടു പോയി. ഇറച്ചിയും കള്ളുമൊക്കെ റെഡി.
അന്നു രാത്രി മുഴുവൻ അടിച്ചു കോൺ തെറ്റി കടപ്പുറത്തു കിടക്കുകയായിരുന്നു അജേഷ്. പിറ്റേന്നു രാവിലെ, ബ്രൂണോയുടെ ഒരു കൂട്ടുകാരന്റെ വീട്ടിലിരുന്നു കുടി, തീറ്റ, ഛർദിൽ. കല്യാണത്തിനു പോലും പോയില്ല.
ഉച്ച കഴിഞ്ഞപ്പോ അജേഷ് പറഞ്ഞു: ഇപ്പോ മണി രണ്ട്. മതി. സകല എൻജോയ്മെന്റും തീർന്നു. ആറു മണിക്കൂർ ഞാനൊന്നു കിടക്കും. ഒരു മനുഷ്യന് അത്രേം ഉറക്കം മതി. അതോടെ സകല കെട്ടുപാടും വിട്ട് ഞാൻ കൃത്യം എട്ടിന് എഴുന്നേൽക്കും. സ്വർണമാ. പണമിടയുടെ ഏർപ്പാടാ. ജോലിയിൽ വിട്ടുവീഴ്ചയില്ല അജേഷിന്. മനസ്സിലായില്ലേ.. മട്ടൻ ഇനിയില്ലേ?
ഇനി ബീഫാ: ശർമ പറഞ്ഞു.
എന്താ മിസ്റ്റർ ശർമേ: അജേഷ് പറഞ്ഞു. ‘ആവശ്യത്തിന് ഐറ്റം വേണമെന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലാരുന്നോ. അവസാനമാകുമ്പോഴുള്ള ഈ ദാരിദ്ര്യം… അയ്യേ!’
ബീഫിന്റെ ഒരു പീസെടുത്തു വായിൽ വച്ചിട്ട് അജേഷ് തുടർന്നു: ‘സ്വർണത്തിന്റെ എടപാടല്ലേ. അതിന്റെ ഒരു ക്വാളിറ്റിയും സ്റ്റാൻഡാർഡും, മൊത്തത്തീ എന്റടുത്തും വേണ്ടേ?
ആരുമൊന്നും മിണ്ടിയില്ല. സഹിക്കാൻ തീരുമാനിച്ചു തന്നായിരുന്നു എല്ലാവരും.
അജേഷ് പറഞ്ഞു: എട്ടു മണിക്ക് ഉണർന്നാ, എനിക്ക് ഇന്നലത്തേതും പോലെ ജട്ടിപ്പുറത്ത്, ജട്ടി മാത്രമിട്ട്, തിരയിലൂടെ ഒന്ന് ഓടണം. എല്ലാരും ഉണ്ടാകണം. നമ്മള് പിരിയുന്നതിനു മുൻപ്… ഒരു കൂട്ടായ്മ. അതു വേണം.
ബ്രൂണോ അപ്പോ, അവിടെ നിന്ന മെലിഞ്ഞ പയ്യനോടു പറഞ്ഞു: ദാ ഇവനാ ‘കൂയാവാലി.’ ഞാൻ കാണത്തില്ല. കടലീ വീണു ചാകാതെ നിന്നെ ഇവൻ നോക്കിക്കോളും.
അജേഷ് പറഞ്ഞു: അതു പേടിക്കണ്ട. ഉരുപ്പടി കൈമറിഞ്ഞു നിൽക്കുകയല്ലേ ഞാൻ. വീഴത്തില്ല. വീണാലൊട്ടു ചാകത്തുമില്ല.
അദ്ധ്യായം ഒൻപത്
ഭയങ്കര സാധനമായിരുന്നു അവൻ. അജേഷ്. രാത്രി എട്ടു മണിക്കു പത്തു മിനിറ്റു മുൻപേ കൃത്യമായി എഴുന്നേറ്റു; ആരും വിളിക്കാതെ തന്നെ. അവൻതന്നെ എല്ലാവരെയും വിളിച്ചുകൂട്ടി.
എല്ലാവരും തിരപ്പുറത്തൂടെ ജട്ടി മാത്രമിട്ട് ഓട്ടം തുടങ്ങി. പലരും മറിഞ്ഞു വീണു. ‘കൂയാവാലി’ കടലിലേക്കിറങ്ങിയോടി. ലക്കില്ലാതെ തിരയിൽ വീണവരെ പുഷ്പം പോലെ പൊക്കിയെടുക്കാനായിരുന്നു അത്.
അജേഷ് പറഞ്ഞു: ഏറ്റവും കുറച്ചു തിരയിൽ വീണവരാണ് ജയിക്കുന്നത്. എന്നു വച്ചാ ഞാൻ.
അന്നേരം ബ്രൂണോ ദൂരെ കരയിൽ വന്നു ശർമയെ വിളിച്ചു. ശർമ തിരിച്ചുവന്നു പറഞ്ഞു: നിങ്ങള് കളിച്ചോ. ഞാൻ ഒന്നു പോയിട്ടു വരാം.
അജേഷിനെന്തോ അത്ര പന്തിയായിട്ടു തോന്നിയില്ല. സമയം എട്ടര കഴിഞ്ഞു.
‘കൂയാവാലി’ അന്നേരം കട്ടമരം തള്ളിക്കൊണ്ടു വന്നിട്ടു പറഞ്ഞു: നമ്മക്ക് കടലിലേയ്ക്ക് ഇറങ്ങിയാലോ?
ആരും ചെന്നില്ല. അജേഷു മാത്രം. ഇടയ്ക്ക് തിരയിൽ കട്ടമരം പൊന്തിയപ്പോൾ മൂക്കു കുത്തി അജേഷ് കടലിൽ വീണു. ‘കൂയാവാലി’ പൊക്കിയെടുത്തു കട്ടമരത്തിലിട്ടു. അതിൽ മലർന്നുകിടന്ന് ചന്ദ്രനെ നോക്കി അജേഷ് പറഞ്ഞു: അടിപൊളി. മതി. ആനന്ദിച്ചു. ഇനിയെന്നെ കരയിലേക്ക് എടുക്കെടാ. സമയമാകുന്നു. വല്യ കണിശക്കാരനാ ഞാൻ; ജോലിയുടെ കാര്യത്തില്.
സത്യമായിരുന്നു. മുഖം കഴുകി, ഡ്രസ് മാറ്റി.സ്പ്രേ അടിച്ചു, പൗഡറിട്ട് കൃത്യം ഒൻപതായപ്പോ അവൻ പെണ്ണുവീട്ടിലെത്തി. പക്ഷേ, ഒരു ‘മശാന മൂകത.’
ശർമ മെല്ലെ എഴുന്നേറ്റ് അവന്റടുത്തേക്കു വന്നിട്ടു പറഞ്ഞു: അജേഷേ. ഇച്ചിരി പ്രശ്നമുണ്ട്.
അജേഷ് ശർമയെ നോക്കി: എവിടാ പ്രശ്നമില്ലാത്തത്. എത്രത്തോളം പ്രശ്നം. അതാ പ്രശ്നം. അതു പറ.
ശർമ പറഞ്ഞു: വിചാരിച്ച പോലെ പിരിവ് നടന്നില്ല. എന്നല്ല, പറ്റേ കുറവായിരുന്നു. ആളുകൾ അടുത്തില്ല. നിന്റടുത്തു പറയാത്ത ഒരു കാര്യമുണ്ട്. പാർട്ടിയിൽ നിന്ന് ബ്രൂണോയെ സസ്പെൻഡ് ചെയ്തതു ബാധിച്ചു. പള്ളീന്നും പാർട്ടീന്നും അണ്ടർഗ്രൗണ്ടീക്കൂടെ വിലക്കുണ്ടായിരുന്നു. ഇലക്ഷനല്ലേ?
അജേഷ് എന്തോ ആലോചിച്ചു. അവൻ പറഞ്ഞു: കുഴപ്പമില്ല. കെട്ടു കഴിഞ്ഞില്ലേ. ബാക്കിയുള്ളതൊക്കെ നിങ്ങടെ പ്രശ്നം. നമുക്ക് കണക്കു നോക്കാം.
പൂമുഖത്ത് പുതിയ പെണ്ണും ചെറുക്കനും ചേർന്ന് ഇതൊന്നുമറിയാതെ ഒരു കുലയിൽനിന്നു മുന്തിരി കടിച്ചു തിന്നാനുള്ള ശ്രമത്തിലാണ്. അവരുടെ ചിരിതമാശകൾ. ശ്രദ്ധിക്കാതെ അജേഷ് അകത്തേക്കു ചെന്നു.
അമ്മ എവിടെ? അടുക്കളയിലാണെന്നു പറഞ്ഞപ്പോ അജേഷ് അങ്ങോട്ടു ചെന്നു. അവനെ കണ്ടപ്പോഴേ അവർ വിറച്ചു തുടങ്ങി. അജേഷ് അപ്പോൾ അതിനാടകീയമായി അമ്മയെ ചേർത്തുപിടിച്ചിട്ടു മെല്ലെപ്പറഞ്ഞു: അമ്മച്ചി ധൈര്യമായിട്ടിരി. ഇത്രയും സ്വർണം കൊടുക്കാനുള്ള പാങ്ങേ നമുക്കുണ്ടായുള്ളൂ. കിട്ടുമ്പോ നമ്മള് കൊടുക്കും. അത്രേയുള്ളൂ. ഇപ്പം നമ്മടെ കണക്കു തീർക്കണം.
അമ്മച്ചി ഒരു ബക്കറ്റെടുത്തു കൊടുത്തിട്ടു പറഞ്ഞു: മോനെ കിട്ടിയ കാശെല്ലാം ഇതിലുണ്ട്.
ശർമയും ലോഡ്ജിലെ മറ്റു ‘നാലഞ്ചു ചെറുപ്പക്കാരും’ അടുക്കളയിലിരുന്ന് എണ്ണാൻ തുടങ്ങി. മിണ്ടാതെ ബ്രൂണോ പരിസരത്തു നിൽപ്പുണ്ടായിരുന്നു.
എണ്ണിത്തീരാറായപ്പോ അജേഷ് അസ്വസ്ഥതയോടെ പറഞ്ഞു: അമ്മച്ചീ. ഇത് ഒന്നുമായില്ല.
അമ്മച്ചി, ബ്രൂണോയെ നോക്കിയിട്ടു പറഞ്ഞു: ആദ്യം വീട്ടിലിരിക്കുന്നവരുടെ കയ്യിലിരിപ്പ് നന്നായിരിക്കണം. എന്നാലേ ഗതി പിടിക്കൂ.
അജേഷ് കാൽക്കുലേറ്ററെടുത്ത് കുറേ കുത്തി. എന്നിട്ടു കിട്ടിയ പണം റബർ ബാൻഡിട്ടു കെട്ടിയിട്ടു, ചില്ലറ കുറച്ചു രൂപ തിരിച്ചു കൊടുത്തിട്ടു പറഞ്ഞു: ഇത് പതിമൂന്നു പവനുള്ള കാശേ ഉള്ളൂ. അതീക്കൂടുതൽ എടുക്കാനില്ല. ബാക്കി പന്ത്രണ്ടു പവന്റെ ഉരുപ്പടി. പണിക്കൂലി കൂടുതലുള്ള ആ വല്യമാല ഉൾപ്പെടെ ഞാനിങ്ങ് എടുക്കുവാ. പെണ്ണിനെ വിളി.
ശർമ, ബ്രൂണോയുടെ മുഖത്തേക്കു നോക്കി. അവൻ അമ്മയുടെയും.
തള്ള കണ്ണീരോടെ പറഞ്ഞു: പാതി സ്വർണവും ഊരിവാങ്ങിക്കേണ്ടി വരത്തില്ലേ മോനേ. അപ്പോ അവൻ അറിയത്തില്ലേ, അവളുടെ…
അജേഷ് ഗൗരവത്തിൽ പറഞ്ഞു: അതൊന്നും ഞാനറിയണ്ട കാര്യമല്ല. കണക്കു തീർത്ത് എനിക്കങ്ങു പോണം. നിങ്ങളു പെണ്ണിനെ വിളിക്കുന്നുണ്ടോ?
തള്ള ഈയലുപോലെ നിന്നു വിറയ്ക്കാൻ തുടങ്ങി.
ലോഡ്ജിലെ ‘നാലഞ്ചു ചെറുപ്പക്കാർ’ ഒന്നും മിണ്ടാതെ നിൽക്കുകയാണ്. അവർ ബ്രൂണോയെ നോക്കുകയാണ്; അവൻ എന്തെങ്കിലും നിലപാടെടുക്കുമെന്നു കരുതി. അവനാകട്ടെ, അനങ്ങാതെ അടുക്കളവാതിൽപ്പടിയിൽ ഇരിക്കുകയാണ്.
ആരും ഇടപെടുന്നില്ലെന്നു കണ്ട് അജേഷ് പറഞ്ഞു: എങ്കീപ്പിന്നെ ഞാൻ തന്നെ വിളിക്കാം. എന്തൊക്കെ ചെയ്യണം നമ്മള്. ഇത് ഒരു തലവേദന പിടിച്ച സാധനമാ, ഈ സ്വർണമേ. ഇരിക്കുന്നിടത്ത് അലമ്പുണ്ടാക്കും.
അജേഷ് മുന്നോട്ടു പോകാൻ തുടങ്ങിയപ്പോ ശർമ പറഞ്ഞു: മമ്മാ, അവൻ പോണ്ട. ചെല്ല്. നിങ്ങളു തന്നെ ചെന്ന് സ്റ്റെഫിയെ വിളിക്ക്.
അവർ സാരിത്തുമ്പു കൊണ്ട് കണ്ണീരു തുടച്ചു കൊണ്ട് വീടിന്റെ ഇറയത്തേക്കു പോയി.
ആരുമൊന്നും മിണ്ടിയില്ല. അജേഷിന്റെ മുഖത്ത് ഗൗരവം കൂടി വന്നു. മമ്മ പെട്ടെന്നുതന്നെ തിരിച്ചുവന്നു.
എവിടെ? അജേഷ് മുരണ്ടു.
മമ്മ അറച്ചറച്ചു പറഞ്ഞു: അവളും അവനും കൂടി കേറി കതകടച്ചു.
അടുക്കളയുടെ സ്ലാബിൽ ചന്തി മുട്ടിച്ച് ഇരിക്കുകയായിരുന്ന അജേഷ് ചാടിയെഴുന്നേറ്റു ഉറക്കെ പറഞ്ഞു: കതകടച്ചാൽ മുട്ടി വിളിക്കണം. അതാ വേണ്ടത്.
വന്നതു പോലെ മമ്മ തിരിച്ചു നടന്നു. അജേഷിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുണ്ടായിരുന്നു.
മമ്മ, പെണ്ണും ചെറക്കനും കയറിപ്പോയ മുറിയുടെ മുന്നിലേക്കു ചെന്നു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവർ വാതിലിൽ കൊട്ടി. ആദ്യമൊന്നും അനക്കമുണ്ടായില്ല. പിന്നെ: ‘ആരാടീ അത്’ എന്ന പുതിയ ചെറുക്കന്റെ ആക്രോശം കേട്ടു. അവർ കാത്തു നിന്നു. വാതിൽ അൽപം തുറന്ന് സ്റ്റെഫിയുടെ തല പുറത്തേക്കു വന്നു: എന്താ മമ്മാ? ശല്യമെന്ന മട്ടിൽ അവർ ചോദിച്ചു.
മമ്മ മെല്ലെപ്പറഞ്ഞു: ആ സ്വർണത്തിന്റെ പയ്യൻ. ഊരിക്കൊടുക്കണമെന്ന്. പന്ത്രണ്ടു പവൻ. ബഹളം വയ്ക്കുന്നു.
സ്റ്റെഫി വല്ലാതെ തള്ളയെ നോക്കി. പിന്നെ മെല്ലെ പിന്തിരിഞ്ഞ് ഭർത്താവിനെയും. അവൻ മാനമില്ലാതെ വിളിച്ചു ചോദിച്ചു: ആർക്കാടീ ഇപ്പോ ഇത്രേം അത്യാവശ്യം. ങാ. ഇനിയുള്ള അത്യാവശ്യമൊക്കെ നാളെ മതി. നീയിങ്ങോട്ടു വന്നേ.
സ്റ്റെഫി ചുണ്ടനക്കി: ഇയാളൊന്ന് ഉറങ്ങട്ടെ. അന്നേരം ഞാൻ ലൈറ്റണയ്ക്കാം. പുറത്തു വന്നു നിന്നാ മതി.
മമ്മ മടങ്ങി വരുന്നതും കാത്ത് ആകെ അക്ഷമനായിട്ടിരിക്കുകയായിരുന്നു പി. പി. അജേഷ്. ദേഷ്യം കടിച്ചമർത്തി അവർ ശർമയോടു പറഞ്ഞു: എനിക്കങ്ങു പോകണം. ആ തള്ളേ കാണുന്നില്ലല്ലോ.
ആ തള്ളേ വിളി പിടിക്കാതെ, ബ്രൂണോ മുരണ്ടു കൊണ്ട് ഒന്നനങ്ങി. ശർമ ‘ഇടപെടരുത്’ എന്നു ബ്രൂണോയെ കണ്ണുകാണിച്ചു.
അതു മനസ്സിലാക്കി അജേഷ് പുച്ഛത്തോടെ പറഞ്ഞു: ഇപ്പോ എന്റടുത്തായി ചിറച്ചില് അല്ലേ. ഇനി ആവാമല്ലോ… കാര്യം സാധിച്ചല്ലോ. ഇത് വശപ്പിശകിലേയ്ക്കു നീങ്ങുകയാ. ഉറപ്പാ. എനിക്കതിന്റെ മണം തട്ടുന്നു. എന്റെ സ്വർണം എനിക്കിപ്പോ കിട്ടണം. അതു കഴിഞ്ഞു മതി ബാക്കിയെല്ലാം.
ശർമ അജേഷിനോടു ദേഷ്യത്തിൽ പറഞ്ഞു: ടാ, അതിന് അവര് പൊന്ന് തരത്തില്ലെന്നു പറഞ്ഞോ. നീ തന്നാണല്ലോ തട്ടിത്തട്ടിയങ്ങു കേറുന്നത്.
അപ്പോ മമ്മ നടന്നു വന്നു. അവരാകെ വിയർത്തിരുന്നു.
ശർമ ചോദിച്ചു: എന്തായി മമ്മാ..?
മോനേ… അവരുടെ ശബ്ദം തന്നെ ചിലമ്പിച്ചിരുന്നു: അവളു പറഞ്ഞത്, അവൻ ഉറങ്ങുമ്പോ പൊന്നൊക്കെ ഊരിവയ്ക്കാം. എന്നിട്ട് എടുത്തു വെളിയി തരാമെന്നാ.
അജേഷ് അസ്വസ്ഥനായി പറഞ്ഞു: എന്നു വച്ചാ, അയാള് ഉറങ്ങുന്നതു വരെ ഞാൻ കാത്തുനിൽക്കണം എന്ന്.
പിന്നെ ശർമയുടെ മുഖത്തു നോക്കി അജേഷ് പറഞ്ഞു: കണ്ടോ. ഞാൻ പറഞ്ഞത് ഇപ്പോ മനസ്സിലായോ. ഇതു നേരായിട്ടല്ല പോകുന്നത്. കുഴപ്പമില്ല. കാത്തുനിൽക്കണം. നിൽക്കാം. പറ്റിപ്പോയില്ലേ?
അവരൊന്നും മിണ്ടിയില്ല. അജേഷ് ചോദിച്ചു: ‘ഞാൻ എപ്പോ അറിയും, അയാള് ഉറങ്ങിയോ ഇല്ലയോന്ന്?
മമ്മ പറഞ്ഞു: അവളു മുറിയിലെ ലൈറ്റണയ്ക്കും.
അജേഷ് തിരിഞ്ഞ് ആന്റോയോടു പറഞ്ഞു: ആരാ എന്റടുത്ത് മറ്റേ വാറ്റിന്റെ കാര്യം പറഞ്ഞത്. ഗ്ലാസ് എടുക്ക്. എന്തായാലും ഒറ്റയ്ക്ക് രാത്രി പൊന്നുമായിട്ട് സിറ്റിയിലോട്ടു പോക്ക് നടക്കത്തില്ല. മുറിയിലെ വെട്ടം കാണാവുന്ന ഒരിടത്തേക്കു മാറിയിരിക്കാം.
-
മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജി ആർ ഇന്ദുഗോപൻ എഴുതിയ ‘നാലഞ്ചു ചെറുപ്പക്കാര്’ എന്ന നോവലില് നിന്ന്