മലയാള സിനിമയെ നല്ലവണ്ണം നിരീക്ഷിക്കുന്ന ഒരാളാണോ നിങ്ങൾ? ഒരോ വർഷവും സിനിമമേഖല കടന്ന് പോകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പുതിയ രീതിയിലുളള അവതരണം, വ്യത്യസ്തമായ കഥാപാത്ര രൂപീകരണം, കണ്ടു ശീലിച്ച ഫ്രെയിമുകളിൽ നിന്ന് വ്യതസ്തമായ ഷോട്ടുകളിലേയ്ക്കുളള മാറ്റം അങ്ങനെ ഒട്ടനവധി മികവാർന്ന പരീക്ഷണങ്ങളിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്ന് പോയത്.
സിനിമ മാറിയതനുസരിച്ച് സിനിമയുടെ പ്രൊമോഷൻ രീതികളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു കാലഘട്ടം വരെ മലയാളികൾ പുതിയ ചിത്രത്തെയും കഥാപാത്രത്തെയും അഭിനേതാക്കളെയും അണിയറപ്രവർത്തകരെയുമൊക്കെ അറിഞ്ഞത് നാന, ചിത്രഭൂമി, സിനിമ മംഗളം തുടങ്ങിയ പ്രമുഖ മാസികളിലൂടെയാണെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ യുഗത്തിലെത്തിയിരിക്കുകയാണ്. കൈയിലിരിക്കുന്ന സ്ക്രീനിൽ ഒരു ചിത്രത്തെക്കുറിച്ചുളള സകല വിവരങ്ങളും ഇന്ന് അറിയാൻ സാധിക്കും. എന്നാൽ പിന്നെ ഈ സ്ക്രീനിലൂടെ തന്നെ ചിത്രത്തിന്‍റെ പ്രമോഷനും ചെയ്താലോ? ആ ചിന്തയിൽ നിന്നാവാം മലയാള സിനിമ കണ്ട ഏറ്റവും രസകരമായ പ്രമോഷൻ രീതികളുടെ തുടക്കം.
മറ്റു പ്രമുഖ ഭാഷ സിനിമാ-ഗാന രംഗങ്ങളിൽ കണ്ടു പരിചിതമായ, എന്നാൽ മലയാള സിനിമയിൽ അത്ര സുപരിചിതമല്ലായിരുന്ന ഒന്നാണ് ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകൾ. ഒരു ഗാനരംഗത്തെ അടയാളപ്പെടുത്തുന്ന പ്രധാന ഡാൻസ് സ്റ്റെപ്പിനെയാണ് ഹുക്ക് അപ്പ് സ്റ്റെപ്പ് എന്ന് പറയുന്നത്. സ്റ്റെപ് കണ്ടു മാത്രം സിനിമയും ഗാനവും തിരിച്ചറിയാനാകും എന്നത് ഒരു ഗുണകരമായ കാര്യമാണ്. 2022 ൽ പുറത്തിറങ്ങിയ ചില മലയാള ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ശ്രദ്ധേയമായ ഹുക്ക് അപ്പ് സ്റ്റെപ്പുകള്‍ സ്വന്തമായുണ്ട്.
30 സെക്കന്റ് വീഡിയോ എന്ന സോഷ്യല്‍ മീഡിയ സാധ്യതയെയാണ് ഈ സ്റ്റെപ്പുകള്‍ ലക്ഷ്യമിടുന്നത്. അവയുടെ വലിയ സാന്നിധ്യവും സ്വാധീനവുമാവാം ഇത്തരം ഒരു ചിന്തക്ക് പിന്നില്‍ എന്നും കരുതാം. ഡാൻസ് ചെല്ലെഞ്ചുകൾ, റീൽസ്(ഇൻസ്റ്റഗ്രാം), ഷോർട്സ്(യൂട്യൂബ്) എന്നീ രൂപങ്ങളിലായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസിന്‍റെ പ്രൊഫൈലുകളിൽ ഇവ ധാരാളമായി നിറയുന്നു എന്നത് തന്നെയാണ് ഇതിന്‍റെ വിജയത്തിന്‍റെ തെളിവ്.
മാർച്ച് മാസം പുറത്തിറങ്ങിയ മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മപർവ്വം’ മുതലാണ് ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകളുടെ ട്രെൻഡ് മലയാളത്തിൽ പിറവിയെടുക്കുന്നത്. ഷൈൻ ടോം ചാക്കോ സ്ക്രീനിൽ അവതരിപ്പിച്ച ‘രതിപുഷ്പ’ത്തിലെ സ്റ്റെപ്പ് റീൽസുകളിൽ നിറഞ്ഞു.
“മുന്‍പും സോഷ്യൽ മീഡിയയിൽ ഡാൻസ് റീലുകള്‍ ഞാൻ ചെയ്തിരുന്നു. പക്ഷേ അന്ന് അത്ര റീച്ച് കിട്ടിയിരുന്നില്ല. ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് ഫ്രണ്ടസ് എല്ലാവരും കൂടി ചേർന്നപ്പോൾ ഒരു റീലെടുത്തു. അതു പതിവിലും കൂടുതൽ ആളുകൾ കാണുകയും ചെയ്തു. ‘ഭീഷ്മപർവ്വ’ത്തിലെ ‘രതിപുഷ്പം’ എന്ന ഗാനത്തിലെ ‘ഹുക്ക് അപ്പ്’ സ്റ്റെപ്പാണ് അപ്പോള്‍ ചെയ്തത്. ആ സ്റ്റെപ്പ് അത്ര ഹിറ്റായതു കൊണ്ടാകണം അത്രയും ആളുകൾ കണ്ടത്” കൊച്ചി സ്വദേശിയും ഡാൻസറുമായ അഭയ് തന്‍റെ ‘ഹുക്ക് അപ്പ്’ അനുഭവം പങ്കു വച്ചു. അഭയ് മാത്രമല്ല, ഹുക്ക് സ്റ്റെപ്പുകൾ ചെയ്ത് ഫോളോവേഴ്സും ലൈക്കുമൊക്കെ കൂടിയ അനവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.
അതേ ചിത്രത്തിലെ തന്നെ ‘പറുദീസ’ എന്ന ഗാനത്തിലെ സ്റ്റെപ്പും യുവാക്കൾ ഏറ്റെടുത്തിരുന്നു. കോളേജ് വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പമുളള ഓർമകൾ ഡിജിറ്റലായി നിലനിർത്താൻ ‘പറുദീസ’യും അതിലെ ‘ഹുക്ക് അപ്പ്’ സ്റ്റെപ്പും തെരഞ്ഞെടുത്തു.
“മലയാള സിനിമയിൽ ഒരു വലിയ ഇടവേളയ്ക്കു ശേഷം വന്ന ഡാൻസ് നമ്പറായിരുന്നു ‘പറുദീസ’യും, ‘രതിപുഷ്പ’വും. അതു കൊണ്ടായിരിക്കും ഈ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതും. സോഷ്യൽ മീഡിയ റീലുകളും ചിത്രത്തിലെ ഗാനങ്ങളും നൃത്തവും പോപ്പുലറാക്കാൻ സഹായിച്ചു. ‘പറുദീസ’യിൽ അങ്ങനെയൊരു ഹുക്ക് അപ്പ് സ്റ്റെപ്പ് വേണമെന്ന് ഞങ്ങൾക്കു തന്നെ തോന്നിയിരുന്നു. ‘രതിപുഷ്പം’ കൊറിയോഗ്രാഥ് ചെയ്തപ്പോൾ അമലേട്ടന്‍റെ (അമൽ നീരദ്) സജഷൻസുണ്ടായിരുന്നു,” ‘ഭീഷ്മപർവ്വ’ത്തിലെ കൊറിഗ്രാഫർമാറിലൊരാളായ സുമേഷ് സുന്ദർ പറഞ്ഞു.
‘ഭീഷ്മപർവ്വം’ പുറത്തിറങ്ങിയതോടെ മലയാള സിനിമയിൽ ഹുക്ക് അപ്പ് സ്റ്റെപ്പുകളുടെ ഒരു ഒഴുക്കായിരുന്നു എന്നു വേണം പറയാൻ. അഭിമുഖത്തിലൂടെ മാത്രം തങ്ങളുടെ സിനിമ പ്രമോട്ട് ചെയ്തിരുന്ന അഭിനേതാക്കൾ ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്‍റെ കൂടെ റീൽസുകളിലെത്തുകയാണ്.
ചിത്രത്തിന്‍റെ അണിയറക്കാര്‍, മ്യൂസിക്ക് പ്രൊഡക്ഷൻ ഹൗസുകൾ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ റീച്ച് ഉള്ള ഒരു ‘ഇൻഫ്ലുവൻസറി’നെ തെരഞ്ഞെടുത്ത് അവരോടൊപ്പം ചേര്‍ന്നാണ് പ്രമോഷൻ റീൽ തയ്യാറാക്കുന്നത്. 15,000-20,000 രൂപ വരെയാണ് ആണ് ഒരു പ്രമോഷൻ റീൽ ചെയ്യുന്നതിനായി നിലവില്‍ ഇൻഫ്ലുവൻസേഴ്സ് വാങ്ങുന്നത്.
“ഷൂട്ട് ചെയ്യുന്നതിന് രണ്ടു മുതൽ മൂന്നു ദിവസത്തിന് മുൻപ് കൊറിയോഗ്രാഫിയുടെ വീഡിയോ അയച്ചു തരും. അതു പഠിച്ചിട്ടാണ് ഷൂട്ടിന് ചെല്ലുക. ‘കുമാരി’യിലും, ‘4 ഇയേഴ്സി’ലുമാണ് ഞാൻ നൃത്തം ചെയ്തത്.” സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജസ്നിയ ജയദീഷ് പറയുന്നു. ‘ഹുക്ക് അപ്പ്’ സ്റ്റെപ്പ് ഉൾപ്പെടുന്ന റീൽ വീഡിയോ ട്രെൻഡിങ്ങ് ലിസിറ്റിൽ എത്തിക്കുക എന്നതാണ് ഇൻഫ്ലുവൻസേഴ്സിനു പ്രമോഷൻ ടീം നൽകാറുളള നിർദേശമെന്നും ജസ്നിയ പറയുന്നു.
കൊച്ചു കുട്ടികൾ മുതൽ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഈ വർഷം ഏറ്റെടുത്ത ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകളിൽ ഒന്നാണ് ‘ജയ ജയ ജയ ജയഹേ’യിലേത്. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേരളത്തിൽ അങ്ങോളുമുളള വേദികളിൽ നിറഞ്ഞ് നിന്ന് ആരാധകർക്കൊപ്പം ചെയ്ത, തോൾ മാത്രം ചലിപ്പിച്ചു കൊണ്ടുള്ള ‘ഹുക്ക് സ്റ്റെപ്പ്’ ചിത്രത്തിന് കൊടുത്ത ‘ഹൈപ്പ്’ ചെറുതൊന്നുമല്ല. ഇന്ന് ചിത്രത്തിന്‍റെ പേര് കേട്ടാൽ ഭൂരിഭാഗം ആളുകളുടെ മനസ്സിലേക്കും ഓടിയെത്തുന്നത് ആ സ്റ്റെപ്പായിരിക്കും.
‘ഭീഷ്മപർവ്വം’,’ആയിഷ’, ‘രോമാഞ്ചം’, ‘ജയ ജയ ജയ ജയഹേ’, ‘കുമാരി’, ‘4 ഇയേഴ്സ്’,’മൈക്ക്’, ‘ചതുരം’, ‘ടീച്ചർ’ തുടങ്ങിയ ചിത്രങ്ങളിലെ ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകൾ ആരെയും പിടിച്ചിരുത്തുന്നതാണ്. സ്റ്റെപ് കണ്ടാൽ സിനിമ മനസിലാകും എന്ന രീതിലേക്ക് ഇതു വഴി വച്ചു. കോളേജുകളിലും സ്കൂലുകളിലും ഒരു സമയത്തു മറ്റു ഭാഷ ഗാനങ്ങളാണ് പരിപാടികൾക്കും മറ്റും കെട്ടിരുന്നതെങ്കിൽ ഇന്ന് സ്ഥാനം സ്വന്തം ഭാഷയിലെ സിനിമ ഗാനങ്ങൾക്കു തന്നെയാണ്. ‘പറുദീസ’യും, ‘രതിപുഷ്പ’വും, ‘ആദരാഞ്ജലി’കളുമൊക്കെ അവർ ഏറ്റെടുത്തതിൽ ‘ഹുക്ക് അപ്പ്’ സ്റ്റെപ്പുകൾക്കും വലിയ പങ്കുണ്ട്.
“രതിപുഷ്പം ചെയ്യുന്ന സമയത്ത് ആ സ്റ്റെപ്പ് ഇത്ര ട്രെൻഡാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു തരത്തിലുളള പ്രമോഷനുമില്ലാതെയാണ് ‘ഭീഷ്മപർവ്വ’ത്തിലെ സ്റ്റെപ്പുകൾ വൈറലായത്. ഞാൻ ‘ആദരാഞ്ജലികൾ’ കൊറിയോഗ്രാഫ് ചെയ്തപ്പോൾ സാധാരണകാരിലേക്ക് അതു എത്തിച്ചേരുന്ന രീതിയിലായിരിക്കണം അവതരണം എന്നു മാത്രമാണ് എന്നോട് ആവശ്യപ്പെട്ടത്. എന്‍റെ ആഗ്രഹമായിരുന്നു അങ്ങനെയൊരു ‘ഹുക്ക് സ്റ്റെപ്പ്’ വേണമെന്നതും അതു കുറച്ച് പേരു ട്രൈ ചെയ്യണമെന്നതും. ഇപ്പോൾ ലോകത്തെ പല ഭാഗങ്ങളിൽ നിന്നുളള ആളുകൾ ആ പാട്ടിൽ റീൽസ് ചെയ്ത് എനിക്ക് അയക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇത്തരത്തിൽ സിനിമാഗാനങ്ങളെ ഒരുപാട് പ്രമോട്ട് ചെയ്യാൻ സഹായിക്കുന്നുണ്ട്. പക്ഷേ പലരും കൃത്യമായി സ്റ്റെപ്പ് പഠിക്കാതെയാണ് ഇതു ട്രൈ ചെയ്യുന്നതെന്ന നിരാശ ഒരു ഡാൻസർ എന്ന നിലയിലെനിക്കുണ്ട്,” ഡാൻസറും കോറിയോഗ്രാഫറുമായ മുഹമ്മദ് റംസാൻ പറയുന്നു.
2022 ലാണ് ഹുക്ക് അപ്പ് ട്രെൻഡ് സജീവമായതെങ്കിലും പണ്ടും മലയാള സിനിമയിൽ ഇത്തരം സ്റ്റെപ്പുകളുണ്ടായിരുന്നു. അന്ന് പക്ഷേ സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ട് ചിത്രത്തിന്‍റെ പ്രമോഷനു വേണ്ടി ഉപയോഗിച്ചില്ല എന്നു മാത്രം. മമ്മൂട്ടിയുടെ ‘മേഘ’ത്തിലെയും സുരേഷ് ഗോപിയുടെ ‘മണിമുറ്റത്ത് ആവണി പന്തലും’ ഒക്കെ ഉദാഹരണമായി കാണാം. എന്നാൽ, ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ഡാൻസ് മാസ്റ്റർ വിക്രം മലയാള സിനിമയ്ക്ക് നൽകിയ ‘ഹുക്ക് അപ്പ്’ സ്റ്റെപ്പിനെ കടത്തി വെട്ടാന്‍ ഇതുവരെ മറ്റൊന്നിനും ആയിട്ടില്ലെന്നത് ഒരു വാസ്തവമാണ്.
പണ്ട് ചിത്രം പുറത്തിറങ്ങിയതിനു ശേഷം ആളുകൾ ഏറ്റെടുക്കുന്നതിനനുസരിച്ചാണ് സ്റ്റെപ്പ് ട്രെൻഡായി മാറുന്നതെങ്കിൽ ഇന്ന് കാലം മാറി ചിത്രം റിലീസിനെത്തും മുൻപ് തന്നെ അണിയറപ്രവർത്തകർ തീരുമാനിക്കും എന്തു ശ്രദ്ധിക്കപ്പെടണമെന്നത്.
പാട്ടുകൾക്കൊപ്പം നൃത്തവും മലയാള സിനിമയുടെ സിഗ്നേച്ചർ ആയി മാറിയ വര്‍ഷമാണ് കടന്നു പോകുന്നത്. ഇനിയും മലയാളിക്കു ആഘോഷിക്കാൻ ഇത്തരം ഡാൻസ് നമ്പറുകളും ഹുക്ക് അപ്പ് സ്റ്റെപ്പുകളും വരും വര്‍ഷവും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. റീൽസുകളിൽ തുടങ്ങി കലാലയ വേദികൾ വരെ നീളുന്ന ഈ പ്രമോഷൻ രീതി മറ്റേതു മാർഗ്ഗത്തേക്കാളും ചിത്രത്തെ പ്രേക്ഷകനോട് കൂടുതൽ അടുപ്പിക്കുമെന്നും നിസംശയം പറയാം.