scorecardresearch

ധ്യാൻ എന്ന ചിരിമരുന്ന്

ബ്രൗസ് ചെയ്തു വരുമ്പോൾ എവിടെയെങ്കിലും ധ്യാൻ ശ്രീനിവാസന്റെ അഭിമുഖത്തിന്റെ റീൽസോ, ഷോർട്ട്സോ കണ്ടാൽ ക്ലിക്കാത്തവർ ആരുണ്ട്? ‘ഡാർക്ക്’ ആയ ഒരു ലോകത്തും കാലത്തും ചിരിയുടെ വെളിച്ചം പടർത്തുന്ന, സരസമായ തുറന്നു പറച്ചിൽ കൊണ്ട് മലയാളിയെ പിടിച്ചിരുത്തുന്ന എന്റർറ്റൈനെറാണ് ധ്യാൻ ശ്രീനിവാസൻ ഇന്ന്

ധ്യാൻ എന്ന ചിരിമരുന്ന്

മലയാള സിനിമയുടെ ആകാശങ്ങളിൽ വിനീത് ശ്രീനിവാസൻ എന്ന താരം ഉദിച്ചപ്പോൾ മലയാളി ഓർത്ത ഒരു ചൊല്ലുണ്ട് – മത്തന്‍ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല എന്ന്. എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കിയ ശ്രീനിവാസനെപ്പോലെ തന്നെ വിനീതും സിനിമാവഴികളിൽ തന്നെ തന്റെ ഇടവും ഉറപ്പാക്കി.

അങ്ങനെ രണ്ടു പ്രതിഭകൾ തിളങ്ങി നിൽക്കുന്ന ഒരിടത്തേക്കാണ് ശ്രീനിവാസന്റെ രണ്ടാമത്തെ മകൻ ധ്യാൻ എത്തുന്നത്. ശ്രീനിവാസന്റെ എഴുത്തിന്റെ മികവോ, വിനീതിന്റെ ‘ഫീൽ-ഗുഡ്’ ലൈനോ ഒന്നുമില്ലാതെ ധ്യാൻ ചിത്രങ്ങൾ പലപ്പോഴും സമ്മിശ്ര പ്രതികരണങ്ങൾ വാങ്ങിക്കൂട്ടി. നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ധ്യാനിനു താണ്ടാൻ ഇനിയും വഴിയേറെ ബാക്കിയുണ്ട്… എങ്കിലും ‘മത്തന്‍ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?’ എന്ന് മലയാളിയെ കൊണ്ടു ചോദിപ്പിക്കുന്നുണ്ട് ധ്യാനും. സിനിമയിലൂടെയല്ല, തന്റെ അഭിമുഖങ്ങളിലൂടെയാണ് എന്ന് മാത്രം.

തന്റെ സിനിമാ പ്രമോഷൻ പരിപാടികളുടെ ഭാഗമായാണ് പലപ്പോഴും ധ്യാൻ അഭിമുഖങ്ങളിൽ എത്തുന്നത്. പ്രൊമോട്ട് ചെയ്യാൻ വരുന്ന സിനിമയെക്കാളും ‘എന്റർടെയിൻമെന്റ് വാല്യൂ’ ഈ ചെറുപ്പക്കാരന്റെ അഭിമുഖത്തിന് വന്നു ചേരുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ. 2022ൽ ഏറ്റവും കൂടുതൽ ആളുകളെ രസിപ്പിച്ചതിനുള്ള മികച്ച എന്റർടെയിനർ അവാർഡ് ഉണ്ടെങ്കിൽ അത് ധ്യാനിനു കൊടുക്കാം. കാരണം, യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.

ശ്രീനിവാസന്റെ നർമ്മബോധം അതുപോലെ ലഭിച്ച മകനെന്നാണ് ആരാധകർ ധ്യാനിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സരസമായി, ഇമേജ് ഭയമില്ലാതെ, ‘brutally honest’ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ധ്യാൻ അഭിമുഖങ്ങളിൽ സംസാരിക്കുന്നത്. ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങൾ, മിഥ്യാധാരണകൾ, കുരുത്തക്കേടുകൾ, വികൃതികൾ എന്നിവയൊക്കെ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്നു. ‘ധ്യാൻ അല്ലേ, അത്ഭുതപ്പെടാനില്ല’ എന്ന് വീട്ടുകാരും സഹപ്രവർത്തകരും പ്രേക്ഷകരും വരെ ഒരുപോലെ വിധിയെഴുതുന്നു. ഒരർത്ഥത്തിൽ മലയാളികളുടെ കയ്യിൽ നിന്നും അത്തരം ഒരു തുറന്നു പറച്ചിലിന് ‘സ്പെഷ്യൽ ലൈസൻസ്’ മേടിച്ചെടുത്തയാളാണ് ധ്യാൻ.

തുറന്ന പുസ്തകമായി ധ്യാൻ

സമൂഹജീവിയെന്ന രീതിയിൽ മനുഷ്യനെ ഏറ്റവുമേറെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്ന് പൊതുബോധമാണ്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുക എന്നതാണ് പലപ്പോഴും സെലബ്രിറ്റികൾ നേരിടുന്ന പ്രധാന വെല്ലുവിളിയും. അഭിമുഖങ്ങളിൽ, പൊതുവിടത്തിലെ ഇടപെടലുകളിൽ എല്ലാം വളരെ കരുതലോടെ സംസാരിക്കാനും പൊതുബോധത്തെ തൃപ്തിപ്പെടുത്താനുമാണ് പലപ്പോഴും താരങ്ങൾ ശ്രമിക്കാറുള്ളത്. എന്നാൽ, അതിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ധ്യാൻ ശ്രീനിവാസൻ. പൊതുബോധത്തെ ഭയക്കാതെ, അഭിമുഖങ്ങളിൽ തന്നെ കൃത്യമായി എക്സ്പ്രസ്സ് ചെയ്യുകയാണ് ധ്യാൻ.

തുറന്ന പുസ്തകം പോലെയാണ് ഇന്ന് മലയാളികൾക്ക് ധ്യാനിന്റെ ജീവിതം. തന്നെ സംബന്ധിക്കുന്ന കുഞ്ഞുകുഞ്ഞു വിശേഷങ്ങളും അമളികളും പറഞ്ഞ കളവുകളും വീട്ടുകാരെ പറ്റിച്ച കഥകളുമൊക്കെ യാതൊരു ഒളിയും മറയുമില്ലാതെ ധ്യാൻ തുറന്നു പറയുമ്പോൾ, ചിലർക്കെങ്കിലും അതൊരു കൗതുക കാഴ്ചയാണ്. ഒരാൾക്ക് ഇത്രയൊക്കെ ഓപ്പണായി സംസാരിക്കാമോ എന്ന് സംശയം തോന്നുന്നതും സ്വാഭാവികം.

ധ്യാനിന്റെ അഭിമുഖങ്ങൾ ഇത്രയേറെ ജനപ്രീതി നേടിയതിനു പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു പോയാൽ ആദ്യം കണ്ടെത്തുന്ന ഉത്തരം, ധ്യാൻ എന്ന വ്യക്തിയുടെ ‘തുറന്നു സംസാരിക്കുന്ന’ പ്രകൃതം തന്നെയാവാം. ഓരോ അഭിമുഖങ്ങളിലും പരമാവധി ആസ്വദിച്ച് മറുപടി പറയുന്ന ഒരാൾ കൂടിയാണ് ധ്യാൻ. “ഞാൻ സിനിമ ചെയ്യുന്നത് തന്നെ ഇന്റർവ്യൂ ചെയ്യാനാണ്” എന്നാണ് ഈ ചെറുപ്പക്കാരന്റെ വെളിപ്പെടുത്തൽ. എന്താണ് തന്നിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്ന കൃത്യമായ ധാരണയും ധ്യാനിനുണ്ട്, “എന്റെ ഇന്റർവ്യൂവിന്റെ അത്രയും പടം ഹിറ്റാവില്ലെന്ന്” തുറന്നു പറയാനും ധ്യാനിന് മടിയൊന്നുമില്ല.

സ്വയം എടുത്തുവെച്ച പടം കണ്ടിട്ട് ഒരിക്കൽ ബോറടിച്ചു ഉറങ്ങി പോയിട്ടുണ്ടെന്നു ഒരു അഭിമുഖത്തിൽ ധ്യാൻ വെളിപ്പെടുത്തി. പൊതുവെ, പ്രമോഷൻ അഭിമുഖങ്ങളിൽ തന്റെ ചിത്രങ്ങളെ പരമാവധി പുകഴ്ത്തി പറയാൻ മറ്റു അഭിനേതാക്കളും സംവിധായകരും കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ധ്യാനിന്റെ ഇത്തരത്തിലുള്ള വെട്ടിത്തുറന്നുള്ള സംസാരങ്ങൾ.

എണ്ണിയാലൊടുങ്ങാത്ത കഥകളുടെ രാജാവ്

തന്റെയോ സുഹൃത്തുക്കളുടെയോ ഒക്കെ ജീവിതത്തിൽ സംഭവിച്ച അനുഭവങ്ങളെ രസകരമായ കഥയാക്കി മാറ്റി പറയാനുള്ള ധ്യാനിന്റെ കഴിവും ശ്രദ്ധേയമാണ്. മുൻപ് ശ്രീനിവാസനും മുകേഷുമൊക്കെ പയറ്റി തെളിഞ്ഞ ആ തട്ടകത്തിലാണ് ഇപ്പോൾ ധ്യാൻ നിറഞ്ഞു നിൽക്കുന്നത്. ചെറിയ ചെറിയ കാര്യങ്ങളെ പോലും പൊടിപ്പും തൊങ്ങലും വച്ച് ധ്യാൻ അവതരിപ്പിക്കുമ്പോൾ കേട്ടിരിക്കാൻ ഇഷ്ടമുള്ള വലിയൊരു കള്‍ട്ട് ഫാന്‍സ് കൂട്ടം തന്നെയുണ്ട് ഇന്ന് ധ്യാനിന്.

അച്ഛനും അമ്മയും ഭാര്യയും ചേട്ടനും സുഹൃത്തുക്കളുമെല്ലാം ധ്യാനിന്റെ ഈ കഥകളിലേക്ക് കഥാപാത്രങ്ങളായി കടന്നു വരുന്നു. ചേട്ടൻ വിനീതിനെ മാത്രമല്ല, സംവിധായകൻ ബേസിൽ, അജു വർഗീസ് എന്നു തുടങ്ങി സിനിമയിലെ തന്റെ കൂട്ടുകാരെ കുറിച്ചും രസകരമായ കഥകൾ ധ്യാൻ മെനയാറുണ്ട്. ഇതെല്ലാം ഇല്ലാകഥകൾ അല്ലേ എന്ന ചോദ്യത്തിന്, ഒട്ടും അടിസ്ഥാനമില്ലാത്ത കഥകൾ ഞാൻ പറയാറില്ലേ, സംഭവിച്ച കാര്യങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുകയാണ് തന്റെ രീതിയെന്നാണ് ധ്യാൻ വ്യക്തമാക്കുന്നത്.

തൊഴിലില്ലാത്ത സമയത്ത് സാമ്പത്തികമായി ചേട്ടനെ ആശ്രയിച്ചു ജീവിച്ച നാളുകളെ കുറിച്ചും പല അഭിമുഖങ്ങളിലും ധ്യാൻ സംസാരിച്ചിട്ടുണ്ട്. “ഞാൻ ഭൂലോക ഉടായിപ്പ് ആണെന്നു തോന്നി തുടങ്ങിയപ്പോൾ വീട്ടിൽ നിന്നുള്ള വരുമാനം നിലച്ചു. പിന്നെ ചേട്ടനായിരുന്നു വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്. ചേട്ടൻ അന്നേ ധനികനാണ്, ബൂർഷ്വ. ഞാനാണെങ്കിൽ ദരിദ്രവാസി. ചേട്ടന്റെ ബലത്തിലാണ് ഞാൻ ജീവിക്കുന്നത്. ചേട്ടൻ ആവശ്യത്തിന് കാശൊക്കെ തരും, പക്ഷേ എല്ലാറ്റിനും ഒരു കണക്കു വയ്ക്കും. ഇതുവരെ അതൊന്നും തിരികെ ചോദിച്ചിട്ടുമില്ല, കൊടുത്തിട്ടുമില്ല.”

വിനീതും ധ്യാനും

ധ്യാനിനെ കുറിച്ചുള്ള ഒരു ചോദ്യമെങ്കിലും നേരിടാതെ വിനീത് ശ്രീനിവാസന് ഇപ്പോൾ ഒരു അഭിമുഖവും പൂർത്തീകരിക്കാനാവില്ല എന്ന അവസ്ഥയാണ്. ധ്യാൻ പറയുന്ന കഥകളിൽ എത്രത്തോളം സത്യമുണ്ട് എന്നാണ് പലപ്പോഴും അവതാരകർ വിനീതിനോട് ചോദിക്കുന്നത്. അടുത്തിടെ ചേട്ടനെ കുറിച്ച് ധ്യാൻ പറഞ്ഞ ഡയലോഗും ശ്രദ്ധ നേടിയിരുന്നു. “എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഇക്കാര്യത്തിലൊരു തീരുമാനം എടുക്കണം. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ് ചേട്ടൻ. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും,” എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.

ചേട്ടനിൽ നിന്നു പഠിച്ച നല്ല ഗുണങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഒരിക്കൽ ധ്യാൻ പറഞ്ഞ മറുപടിയും രസകരമാണ്. “പുള്ളിയെ കണ്ട് ഇങ്ങനെയാവരുത് എന്നു ഞാൻ പഠിച്ചിട്ടുണ്ട്. പുള്ളി വളരെ വിനീതനാണ്, ഡിപ്ലോമാറ്റിക് ആണ്. എന്തിനാണ് അങ്ങനെയാവുന്നത്, പറയാനുള്ളത് നേരെ ചൊവ്വേ അങ്ങ് പറഞ്ഞാൽ പോരേ. എന്നോട് സുഹൃത്തുക്കൾ ആരേലും അവരുടെ സിനിമ കൊള്ളാമോ എന്നു ചോദിച്ചാൽ, കൊള്ളില്ലെങ്കിൽ ഞാൻ കൊള്ളൂല എന്നു തന്നെ പറയും. കൊള്ളാമെന്നു പറഞ്ഞ് എന്തിനാണ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്?”

അച്ഛന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് നല്ല പോലെ പ്രയോജനപ്പെടുത്തിയ മകനാണ് താനെന്നും ധ്യാൻ തുറന്നു പറയുന്നു. “അച്ഛൻ ശ്രീനിവാസൻ, അറിയപ്പെടുന്ന സിനിമ നടൻ, കേരളത്തിൽ ആളുകൾക്കിടയിൽ ഞാനൊരു ഫ്യൂഡൽ ലൈനിൽ വളരുമ്പോഴാണ് എന്നെ അച്ഛൻ ചെന്നൈയിൽ കൊണ്ടു വിടുന്നത്. അവിടെ പോയതോടെ എന്റെ അഹങ്കാരം കുറഞ്ഞു. കാരണം അവിടെ ആർക്കും ശ്രീനിവാസനെ അറിയില്ലല്ലോ. ഏത് ശ്രീനിവാസൻ എന്നു ചോദിക്കും.”

ശ്രീനിവാസനും അമ്മ വിമലയ്ക്കും നയൻതാരയ്ക്കുമൊപ്പം ധ്യാൻ

തന്റെ കള്ളത്തരങ്ങളെല്ലാം ചെറുപ്പത്തിൽ തന്നെ കണ്ടുപിടിച്ച ആൾ എന്നാണ് അച്ഛനെക്കുറിച്ച് ധ്യാൻ പറയുന്നത്. “അച്ഛൻ വരുന്ന ദിവസം ഞാൻ നേരത്തെ എണീക്കും. പുസ്തകം തുറന്നു വച്ച് ഭയങ്കര വായനയാണ് പിന്നെ. പേപ്പറും വായിച്ച് ഇരിക്കുന്ന അച്ഛനെ ഇംപ്രസ് ചെയ്യുക മാത്രമാണ് ഉദ്ദേശം. എന്റെ ഓവർ ആക്റ്റിംഗ് കാണുമ്പോൾ തന്നെ അച്ഛനറിയാം ഭൂലോക കള്ളനാണ് ഞാൻ. എന്നെ ഒരു നോട്ടം നോക്കും. അതിനിടയിൽ അമ്മ വന്നു അച്ഛനോട് പറയും, അവന് പരീക്ഷയാണ്, നിങ്ങൾ അകത്തെവിടെയെങ്കിലും പോയിരുന്ന് പത്രം വായിക്കൂ. മൂപ്പരെന്നെ ഒന്നു ഇരുത്തി നോക്കിയിട്ട് അകത്തേക്ക് കയറി പോവും. അമ്മ പറയുന്നത് സത്യമാണ്, എനിക്കന്ന് പരീക്ഷയുണ്ടാവും. പക്ഷേ എനിക്കതിൽ ഒന്നും താൽപ്പര്യമില്ലല്ലോ. ഞാൻ അന്നേ ചെയ്യുന്ന കാര്യം യൂണിഫോമിനു താഴെയായി ഒരു ടീഷർട്ട് ഇടും. ഇതിലെ ഏറ്റവും വലിയ തമാശ, പോവുന്നതിനു മുൻപു അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നതാണ്. അമ്മ സന്തോഷം കൊണ്ട് 500 രൂപയും തരും. അമ്മ പറയും, അച്ഛനോടു കൂടി അനുഗ്രഹം വാങ്ങിക്ക് മോനേ… ഞാൻ ചെല്ലുമ്പോഴേ അച്ഛൻ പറയും, ‘ഓ എന്റെ അനുഗ്രഹമൊന്നും വാങ്ങേണ്ട.’ ഇതു എന്റെ സ്ഥിരം പരിപാടിയായിരുന്നു. അന്ന് ചെന്നൈയിലാണ് ഞങ്ങൾ താമസം.

ഒരു ദിവസം രാവിലെ ഞാൻ വീട്ടിൽ നിന്നിറങ്ങി. നേരെ കൂട്ടുകാരന്റെ വീട്ടിൽ പോയി. അവിടെ മദ്യം തീർന്നിരിക്കുകയാണ്. രാവിലെ തന്നെ വെള്ളമടിയാണ് അന്നൊക്കെ പരിപാടി. പത്തു മണിയാവും ബാർ തുറക്കാൻ. പത്തു മണിയായപ്പോൾ ഞാൻ യൂണിഫോം ഊരി കളഞ്ഞ് ടീഷർട്ടുമിട്ട് കുപ്പി വാങ്ങാൻ ഇറങ്ങി. രണ്ട് കക്ഷത്തും കുപ്പിയും വച്ച് ഞാൻ തിരിച്ച കൂട്ടുകാരന്റെ ബൈക്കിലേക്ക് കയറുകയാണ്, അപ്പോഴാണ് എവിടെയോ പോവാനായി അച്ഛൻ ആ വഴി വരുന്നത്. രാവിലെ പരീക്ഷ, അമ്മേടെ അനുഗ്രഹം വാങ്ങൽ, 500 രൂപ… ആ 500 രൂപയാണ് കുപ്പിയായി കക്ഷത്തിരിക്കുന്നത്. ഞാനാകെ വല്ലാതായി, പുള്ളി കണ്ടോ കണ്ടില്ലേ എന്ന ഡൗട്ടിലായി. മൂന്നര മണിയാവുമ്പോൾ, സ്കൂൾ വിടുന്ന സമയത്ത് ടീഷർട്ടിന് മുകളിൽ വീണ്ടും യൂണിഫോം ഇട്ട് വായിൽ സെന്റർ ഫ്രഷുമിട്ട് വീട്ടിലേക്ക് വച്ചുപിടിക്കും. അമ്മ കാണുമ്പോഴേ ചോദിക്കും, എക്സാം എങ്ങനെയുണ്ടായിരുന്നു മോനേ? നന്നായിരുന്നു അമ്മേ എന്നു പറഞ്ഞ് ഞാൻ കയറിപ്പോവും.”

ധ്യാനിന്റെ സെൽഫ് ട്രോളുകൾ

അപാരമായ സെന്‍സ് ഓഫ് ഹ്യൂമറോടെ സ്വയം ട്രോളാനും ധ്യാനിന് മടിയില്ല. നവ്യ നായരും മീര ജാസ്മിനുമായിരുന്നു തന്റെയും ചേട്ടന്റെയും കുട്ടിക്കാല ക്രഷ് എന്ന് ധ്യാൻ വെളിപ്പെടുത്തുന്ന ഒരു പഴയകാല വീഡിയോ സമീപകാലത്ത് ഏറെ വൈറലായിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലും അതിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു, “ആ വീഡിയോ കണ്ടപ്പോൾ എന്തു തോന്നി?” എന്ന ചോദ്യത്തിന് ധ്യാൻ പറഞ്ഞത് ഇങ്ങനെ: “എനിക്ക് കണ്ടപ്പോൾ പ്രത്യേകിച്ച് ചമ്മലൊന്നും തോന്നിയില്ല. പറഞ്ഞത് പറഞ്ഞു, പറഞ്ഞതൊക്കെ കറക്റ്റ് കാര്യങ്ങളുമാണ്. അത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. അത് കണ്ട് പലരും പറഞ്ഞു, കുഞ്ഞിരാമായണത്തിലെ ലാലുവിനെ പോലെയുണ്ടെന്ന്. ഞാൻ നോക്കിയപ്പോൾ കറക്റ്റാണ്, അതിലൊരു ലാലു വേർഷൻ ഉണ്ട്. എനിക്ക് അത് കണ്ട് ആകെ തോന്നിയത്. അന്ന് എണ്ണ തേച്ച് മുടിയൊക്കെ പറ്റിച്ചുവച്ച് ചീകുന്നതായിരുന്നു ട്രെൻഡ്. അതൊക്കെ വലിയ സ്റ്റൈൽ ആണെന്നാണ് ഞാൻ കരുതിയിരുന്നത്, ഹൃത്വിക് റോഷനാണെന്ന ഭാവത്തിലായിരുന്നു എന്റെ നടപ്പ്. വർഷങ്ങൾക്കു ശേഷം ഈ വീഡിയോ കണ്ടപ്പോഴാണ് അതെന്തൊരു കിഴങ്ങൻ ലുക്കാണെന്ന് തിരിച്ചറിഞ്ഞത്.”

സ്വന്തം സിനിമകൾ ഡിഗ്രേഡ് ചെയ്യപ്പെടുമോ എന്ന ഭയമുണ്ടോ? എന്ന് അവതാരക ചോദിച്ചപ്പോൾ, “വമ്പൻമാരെയാണ് ഡീഗ്രേഡിംഗ് ഒക്കെ ബാധിക്കുക, ഞാൻ രണ്ട് കോടിയിൽ താഴെയുള്ള സൂപ്പർസ്റ്റാറാണ്,” എന്നായിരുന്നു ധ്യാൻ മറുപടി പറഞ്ഞത്. മറ്റൊരു അഭിമുഖത്തിൽ ‘കുഞ്ഞിരാമായണം’ തന്റെ ഇമേജ് മാറ്റിയതിനെ കുറിച്ച് ധ്യാൻ പറഞ്ഞതിങ്ങനെ, “ആംഗ്രി യങ്മാൻ ആയിരുന്ന എന്നെ ബേസിൽ കൊണ്ടോയി ‘കുഞ്ഞിരാമായണ’ത്തിലെ പൊട്ടൻ ലാലുവാക്കി. ഇപ്പോൾ ഞാൻ അങ്ങനെയാണെന്നാണ് ആളുകൾ കരുതുന്നത്.”

ചിരിമരുന്ന്

തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന അവതാരകരോട് ധ്യാൻ ഇടപെടുന്ന രീതിയും ശ്രദ്ധേയമാണ്. ഒരു സുഹൃത്തിനോടെന്ന പോലെയാണ് പലപ്പോഴും അഭിമുഖങ്ങളിൽ ചോദ്യകർത്താവിനോട് ധ്യാൻ സംസാരിക്കുക. അതുകൊണ്ടുതന്നെ, അവതാരകർ പെട്ടെന്ന് തന്നെ ധ്യാനുമായി ജെൽ ആവുകയും അഭിമുഖങ്ങൾ ലൈവാകുകയും ചെയ്യും. ട്രോളുകളും കൗണ്ടറുകളുമായി എല്ലാവരെയും ചിരിപ്പിക്കുമ്പോഴും ആരെയും വേദനിപ്പിക്കാതെ സംസാരിക്കാനും ധ്യാൻ ശ്രദ്ധിക്കാറുണ്ട്.

ധ്യാനിന്റെ അഭിമുഖങ്ങളെ ‘സ്ട്രസ്സ് ബസ്റ്റർ’ ആയി കാണുന്ന നിരവധി പേരുണ്ട്. യൂട്യൂബിലെ ഇന്റർവ്യൂസിന് താഴെ വരുന്ന കമന്റുകൾ പരിശോധിച്ചാൽ അതു ബോധ്യപ്പെടും. ‘ധ്യാനിന്റെ ഇന്റർവ്യൂസ് സ്ട്രസ് കുറക്കാൻ നല്ലതാണ്,’ എന്നാണ് നടി ശാലിൻ സോയ പറയുന്നത്.

ലെ ധ്യാൻ: ഇന്റർവ്യൂ കൊടുത്ത് ഫാൻസ്‌ ഉണ്ടാക്കാൻ പറ്റുമോ… ബട്ട് ഐ കാൻ… ‘കോമഡി സ്കിറ്റിനേക്കാൾ പൊളിയാണ് മച്ചാന്റെ ഇൻറർവ്യൂ, ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും,’ ‘ധ്യാൻ ചേട്ടൻ ഇനിയും ഒരുപാട് സിനിമ ചെയ്യണം സിനിമ കാണാനുള്ള കൊതി കൊണ്ടല്ല ഇൻറർവ്യൂ കാണാനുള്ള കൊതി കൊണ്ടാ,’ ‘ഇന്റർവ്യൂ കണ്ട് കണ്ട് ഇപ്പോൾ ഞാനുമൊരു ധ്യാൻ ആരാധകനായി,” 2 പാട്ടുമിട്ട് 1.5 മണിക്കൂർ ആക്കിയാൽ ഇതൊരു സിനിമ ആക്കി ഇറക്കാം…’ ധ്യാനിന്റെ അഭിമുഖങ്ങൾക്ക് താഴെ സമാനമായ രീതിയിലുള്ള കമന്റുകൾ ധാരാളമായി കാണാം. സമ്മർദ്ദം നിറഞ്ഞ ജീവിതത്തിനിടയിൽ പലർക്കും നിറഞ്ഞ ചിരി സമ്മാനിക്കുന്ന സാന്നിധ്യമാണ് ധ്യാൻ ശ്രീനിവാസൻ എന്ന ഈ 34കാരൻ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rewind 2022 why dhyan sreenivasan deserves entertainer of the year award