Rewind 2022: കോവിഡ് പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും ദിനരാത്രങ്ങൾ പിന്നിട്ട് തിയേറ്ററുകൾ വീണ്ടും സജീവമായ വർഷമായിരുന്നു 2022. തിയേറ്ററിൽ മാത്രം ഏതാണ്ട് 160 ഓളം ചിത്രങ്ങൾ റിലീസ് ചെയ്തതെന്നാണ് കണക്ക്. ഈ വർഷം ആദ്യം തിയേറ്ററുകളിൽ വിജയം കൊണ്ടു വന്ന ചിത്രം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ ആയിരുന്നു. തൊട്ടു പിന്നാലെ എത്തിയ ‘ഭീഷ്മപർവ്വ’വും തിയേറ്ററുകൾക്ക് ഉണർവ്വേകി.
വ്യത്യസ്ത ഴോണറിലുള്ള നിരവധി പരീക്ഷണചിത്രങ്ങളും ഈ വർഷം മലയാളത്തിൽ എത്തി. അതിൽ ചിലതെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2022ൽ പണം കൊയ്ത ചിത്രങ്ങൾ ഏതൊക്കെയാണ്? തിയേറ്റർ വ്യവസായത്തിന് എത്രത്തോളം ആശ്വാസകരമായിരുന്നു ഈ വർഷം? തിയേറ്റർ ഉടമകൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുന്നു.
ഈ വർഷത്തെ ടോപ്പ് ഗ്രോസർ ചിത്രം ഏതെന്ന ചോദ്യത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തിയേറ്റർ ഉടമകൾക്ക് ഒറ്റ ഉത്തരമേയുള്ളൂ, അത് ‘ഭീഷ്മപർവ്വം’ ആണ്. ഏതാണ്ട് 115 കോടിയ്ക്ക് അടുത്താണ് ചിത്രം നേടിയത്. തിയേറ്ററുകൾക്കും ബോക്സ് ഓഫീസിനും ഒരുപോലെ ഉണർവ്വ് സമ്മാനിക്കാൻ ഈ മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിനു സാധിച്ചു. ഭീഷ്മപർവ്വത്തിനൊപ്പം തന്നെ മമ്മൂട്ടി ചിത്രമായ റോഷാക്കും ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഇടം നേടിയിട്ടുണ്ട്. പ്രണവ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ് എന്നിവർക്കും നേട്ടം കൊയ്യാനായ വർഷമാണ് 2022.
“ഭീഷ്മപർവ്വം, ഹൃദയം, ജയ ജയ ജയ ജയ ഹേ, റോഷാക്ക്, കടുവ, തല്ലുമാല, പാപ്പൻ, ന്നാ താൻ കേസ് കൊട്, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയൊക്കെ ഇവിടെ നല്ല രീതിയിൽ കളക്റ്റ് ചെയ്ത ചിത്രങ്ങളാണ്. ഒപ്പം കെജിഎഫ്, വിക്രം പോലുള്ള അന്യഭാഷാചിത്രങ്ങളും കളക്ഷനിൽ മികവു പുലർത്തി. വേൾഡ് വൈഡായി കളക്റ്റ് ചെയ്തതിൽ ചിലപ്പോൾ ഭീഷ്മപർവ്വം ആവും ഈ വർഷത്തെ ഏറ്റവും സക്സസ് ചിത്രം. എന്നാൽ കേരളത്തിലെ ഇൻഡിപെൻഡന്റ് തിയേറ്ററുകളുടെ കണക്കെടുത്തു നോക്കുമ്പോൾ എനിക്കു തോന്നുന്നത് ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയത് ‘ജയ ജയ ജയ ജയ ഹേ’ ആണ്. ‘വിക്രം’ 60 ദിവസം കൊണ്ട് കളക്റ്റ് ചെയ്തത പണം ‘ജയ ജയ ജയ ജയ ഹേ’ 30 ദിവസം കൊണ്ട് ഞങ്ങളുടെ തിയേറ്ററിനു നേടി തന്നിട്ടുണ്ട്. വലിയ താരനിരയോ വമ്പൻ പ്രമോഷനോ ഒന്നുമില്ലെങ്കിലും കണ്ടന്റ് നല്ലതാണെങ്കിൽ തിയേറ്ററിൽ ആളു കയറുമെന്ന് ‘ജയ ഹേ’ തെളിയിച്ചു,” തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്റർ ഉടമ ഗിരീഷ് പറഞ്ഞു.
കെജിഎഫ്, വിക്രം, ഭീഷ്മപർവ്വം, ഹൃദയം, ജന ഗണമന, ന്നാ താൻ കേസ് കൊട്, തല്ലുമാല, ജയ ജയ ജയ ജയ ഹേ, റോഷാക്ക്, കടുവ എന്നിവയാണ് എറണാകുളം വനിത- വിനീത തിയേറ്ററുകളിൽ ടോപ്പ് ഗ്രോസ് കളക്ഷൻ നേടിയ 10 ചിത്രങ്ങളെന്ന് വനിത- വിനീത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജറായ ഷൈൻ പറയുന്നു.
പിവിആർ ഗ്രൂപ്പിന്റെ കണക്കെടുത്താൽ, ഭീഷ്മപർവ്വം, ഹൃദയം, ജനഗണമന, തല്ലുമാല, കടുവ, ജയ ജയ ജയ ജയ ഹേ, റോഷാക്ക്, സീതാരാമം, ജോ & ജോ, ന്നാ താൻ കേസ് കൊട് എന്നിവയാണ് ഈ വർഷം പിവിആർ തിയേറ്ററുകളിൽ നിന്നും ഏറ്റവും കൂടുതൽ പണം കളക്റ്റ് ചെയ്ത മലയാള ചിത്രങ്ങൾ.
“ആളുകൾക്ക് ഭാഷയൊന്നും പ്രശ്നമല്ല, വലിയ താരങ്ങൾ ഇല്ലെങ്കിലും സിനിമ നല്ലതാണെങ്കിൽ ആളു കയറുമെന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. കാന്താരയ്ക്കും ജനഗണമനയ്ക്കുമൊക്കെ ലഭിച്ച സ്വീകാര്യത തന്നെ ഉദാഹരണം. ആളുകൾ വളരെ സെലക്ടീവായാണ് ഇപ്പോൾ തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘ഗോൾഡ്’ സിനിമയുടെ കാര്യം തന്നെയെടുക്കാം. ആദ്യദിവസം ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ബുക്കിംഗ് ആയിരുന്നു. പക്ഷേ സിനിമയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയതോടെ പിറ്റേ ദിവസം മുതൽ ബുക്കിംഗ് ഇടിഞ്ഞു തുടങ്ങി. പടം നല്ലതാണെങ്കിൽ മാത്രം കാണാമെന്നൊരു മനോഭാവത്തിൽ എത്തിയിട്ടുണ്ട് പ്രേക്ഷകർ,” മുക്കം അഭിലാഷ് തിയേറ്റർ ഉടമ കെ ഒ ജോസഫ് പറഞ്ഞു.