/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/02/26/SzyVfJLwHOYvWIe343YM.jpg)
Machante Maalakha Movie Review & Rating
Machante Maalakha Movie Review & Rating: സൗബിൻ ഷാഹിർ- നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത 'മച്ചാന്റെ മാലാഖ' തിയേറ്ററുകളിലെത്തി. മച്ചാൻ്റെ മാലാഖ എന്ന പേരു കേൾക്കുമ്പോൾ ക്രിഞ്ചായി തോന്നുമെങ്കിലും, പേരും സൂചിപ്പിക്കും പോലെ അത്ര പൈങ്കിളിയല്ല ചിത്രം. വലിയ ബഹളമോ, ട്വിസ്റ്റുകളോ ടേണുകളോ ഒന്നുമില്ലാതെ ലളിതമായി കഥ പറഞ്ഞുപോവുന്ന ഒരു സാധാരണ കുടുംബചിത്രമാണ് 'മച്ചാന്റെ മാലാഖ'.
കെഎസ്ആർടിസി കണ്ടക്ടറായ സജീവനാണ് ചിത്രത്തിലെ നായകൻ. അനിയത്തിയ്ക്കും ഭർത്താവിനും മക്കൾക്കുമൊപ്പം അവരുടെ വീട്ടിലാണ് സജീവന്റെ താമസം. തങ്കപ്പെട്ട ഒരു അളിയനാണ് സജീവനുള്ളത്. അളിയനല്ല, അവനെനിക്ക് അനിയൻ തന്നെയാണെന്ന് പറഞ്ഞു ചേർത്തു നിർത്തുന്ന ഒരു അളിയൻ. സന്തോഷത്തിലും സമാധാനത്തിലും ജീവിതം മുന്നോട്ടുപോകവെ, ഒരുദിവസം ജോലിയ്ക്കിടയിൽ സജീവൻ ബിജിമോളെ കണ്ടുമുട്ടുന്നു. ആദ്യം തന്നെ വഴക്കിൽ തുടങ്ങുന്ന കണ്ടുമുട്ടൽ കാരണം ജോലിയിലും ചില പ്രശ്നങ്ങൾ സജീവനുനേരിടേണ്ടി വരുന്നു.
അടികൂടി പരിചയപ്പെടുന്നവർ പിന്നീട് ഇഷ്ടത്തിലാവുന്ന പതിവു ക്ലീഷേയിലൂടെ തന്നെയാണ് സിനിമ പുരോഗമിക്കുന്നത്. ഒടുവിൽ സജീവൻ ബിജിമോളെ വിവാഹം ചെയ്യുന്നു. എന്നാൽ 'ഹാപ്പിലി എവർ ആഫ്റ്റർ' എന്നു പറയാവുന്ന രീതിയിലല്ല സജീവന്റെ ജീവിതം പിന്നീട് മുന്നോട്ടുപോവുന്നത്. സജീവന്റെ ജീവിതത്തിലെ തന്നെ വലിയൊരു ടേണിംഗ് പോയിന്റായി മാറുകയാണ് ആ വിവാഹം. അൽപ്പം വിചിത്രസ്വഭാവമുള്ള ബിജിമോളും അമ്മയും സജീവന്റെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതോടെ അയാൾ വലിയ മാനസിക സംഘർഷത്തിലാവുകയാണ്.
കുമ്പളങ്ങി നൈറ്റ്സിനു ശേഷം സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ. സാധാരണക്കാരനും പാവത്താനുമായ സജീവൻ എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന രീതിയിൽ തന്നെ സൗബിൻ അവതരിപ്പിച്ചിട്ടുണ്ട്. സജീവന്റെ വാക്കുകൾ തന്നെ കടമെടുത്താൽ, 'സ്നേഹത്തിനും കടപ്പാടിനും ഇടയിൽ ശ്വാസം മുട്ടേണ്ടി വരുന്ന' ഒരു മനുഷ്യന്റെ വേവലാതികളും ശ്വാസംമുട്ടലുമെല്ലാം കൺവീൻസിംഗായി തന്നെ സൗബിൻ അവതരിപ്പിക്കുന്നുണ്ട്. ഒട്ടും പ്രെഡിക്റ്റബിൾ അല്ലാത്ത, വിചിത്രമായ സ്വഭാവമുള്ള, അത്യാവശ്യം നല്ല രീതിയിൽ ടോക്സിക്കായൊരു നായികയാണ് നമിത അവതരിപ്പിക്കുന്ന ബിജി മോൾ. തുടക്കത്തിൽ ആ കഥാപാത്രത്തിനു തെറ്റില്ലാത്തൊരു ബിൽഡ് അപ്പ് നൽകിയെങ്കിലും പോകെപോകെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, മറ്റു കഥാപാത്രങ്ങളുടെ നിഴലിലേക്ക് ഒതുങ്ങുകയാണ് ബിജി മോൾ. ഒട്ടും കൺവീൻസിംഗായിട്ടല്ല ആ ക്യാരക്ടർ ആർക്ക് മുന്നോട്ടു പോവുന്നത്.
ശാന്തികൃഷ്ണയാണ് ചിത്രത്തിലെ ഏറ്റവും പവർഫുളായ കഥാപാത്രം. പിടിവാശിക്കാരിയും ആരെയും കൂസാത്തവളുമായ കുഞ്ഞിമോൾ എന്ന കഥാപാത്രത്തിനു ചിത്രത്തിലുടനീളം ഒരു വില്ലത്തി പരിവേഷമുണ്ട്. മനോജ് കെ യുവിന്റെ പ്രകടനവും കാഴ്ചക്കാരുടെ ഇഷ്ടം കവരും. ദിലീഷ് പോത്തൻ, വിനീത് തട്ടിൽ, ആര്യ, ശ്രുതി ജയൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. അതിഥിവേഷത്തിൽ ധ്യാൻ ശ്രീനിവാസനുമുണ്ട് ചിത്രത്തിൽ. ഷീലു എബ്രഹാം, ആൽഫി പഞ്ഞിക്കാരൻ, രാജേഷ് പറവൂർ, ലാൽജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സംഗീതസംവിധായകൻ ഔസേപ്പച്ചനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഏബ്രഹാം മാത്യു ആണ്. ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നതും ഔസേപ്പച്ചനാണ്. വിവേക് മേനോൻ ആണ് ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റർ.
ദാമ്പത്യത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് കൂടുതലും നമ്മുടെ സിനിമകൾ സംസാരിച്ചിട്ടുള്ളത്. ഇവിടെ ദാമ്പത്യത്തിൽ പുരുഷൻ നേരിടുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയുമാണ് തിരക്കഥാകൃത്തുക്കൾ ഫോക്കസ് ചെയ്യുന്നത്. അജീഷ് പി തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എണ്ണത്തിൽ ചിലപ്പോൾ കുറവായിരിക്കും, എന്നാലും പുരുഷന്മാരും പലപ്പോഴും ഏറെ മാനസികപീഡകൾ ഏറ്റുവാങ്ങുന്നുണ്ടെന്നാണ് സംവിധായകരും കൂട്ടരും ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
എന്നാൽ, പറയാനുദ്ദേശിച്ച വിഷയം വെറുതെ പറഞ്ഞുപോവുന്നുവെങ്കിലും അതിനപ്പുറം ആഴമോ പരപ്പോ കഥയിലേക്ക് കൊണ്ടുവരാൻ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല, മലയാള സീരിയലുകളിൽ കാണുന്ന ചില ഭർത്താവ് കഥാപാത്രങ്ങളുടെ എക്സ്റ്റഷൻ മാത്രമായി പോവുകയാണ് ചിത്രത്തിലെ നായകനും അമ്മായിയപ്പനുമൊക്കെ.
Read More
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
- എന്നെ അത്ഭുതപ്പെടുത്തിയ ചിത്രം; മഞ്ജുവാര്യരുടെ ആ സിനിമ ഹിന്ദിയിലേക്ക് എടുത്ത് അനുരാഗ് കശ്യപ്
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.