/indian-express-malayalam/media/media_files/2025/02/25/3Tgmw2ldtURY5OdSTler.jpg)
കുറച്ചേറെ കാലമായി ബോളിവുഡ് തകർച്ചയുടെ പടുകുഴിയിലാണ്. ഹിറ്റുകൾ കാണാക്കാഴ്ചയായി മാറുകയാണ്. ഓരോ വെള്ളിയാഴ്ചയും കടന്നുപോവുന്നത് ബോളിവുഡ് ഇൻഡസ്ട്രി നേരിടുന്ന വെല്ലുവിളികൾ കൂടുതൽ രൂക്ഷമാക്കി കൊണ്ടാണ്. എന്താണ് ബോളിവുഡിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്? SCREEN അന്വേഷിക്കുന്നു.
നല്ല രീതിയിൽ പറഞ്ഞൊരു കഥ, ശ്രദ്ധേയമായ താരനിര, താരങ്ങളുടെ മികച്ച പ്രകടനങ്ങൾ- ഇതൊക്കെയാണ് ഇത്രനാളും വിജയകരമായ ഒരു സിനിമയെ നിർവചിച്ച ഘടകങ്ങൾ. എന്നാൽ, ഇന്ന് ബോളിവുഡിൽ കഥ മാറി കഴിഞ്ഞു. ഇപ്പോൾ, ഒരു സിനിമയുടെ വിജയം നിർണ്ണയിക്കുന്നത് ചിത്രം ബ്ലോക്ക്ബസ്റ്റർ ആണെന്ന മിഥ്യാധാരണ പരത്തികൊണ്ടാണ്. അതിനായി എത്ര പണം മുടക്കാനും നിർമ്മാതാക്കളും സ്റ്റുഡിയോകളും ബാനറുകളും തയ്യാറാണ്. സമീപകാല ബോക്സ് ഓഫീസ് ട്രെൻഡുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാവും. പെരുപ്പിച്ച കണക്കുകളും ബൾക്ക് ബുക്കിംഗുകളും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, യാഥാർത്ഥ്യം അതിൽ നിന്നൊക്കെ ഒരുപാട് അകലെയാണ്.
2025 ജനുവരിയിൽ തിയേറ്ററുകളിലെത്തിയ മൂന്ന് പ്രധാന റിലീസുകൾ തന്നെ പരിശോധിക്കാം. രാം ചരൺ-ശങ്കർ ടീമിന്റെ ഗെയിം ചേഞ്ചർ, അക്ഷയ് കുമാറിൻ്റെ സ്‌കൈ ഫോഴ്‌സ്, ഷാഹിദ് കപൂറിൻ്റെ ദേവ എന്നിവയാണ് ജനുവരിയിൽ തിയേറ്ററുകളിലെത്തിയ പ്രധാന റിലീസുകൾ. ബ്ലോക്ക് ബുക്കിംഗുകളുടെ വർദ്ധിച്ചുവരുന്ന ട്രെൻഡാണ് ഈ ചിത്രങ്ങളുടെ വ്യാജ ബോക്സ് ഓഫീസ് കണക്കുകൾ സൃഷ്ടിച്ചത്.
ജനുവരി 2025: ബോളിവുഡിന് നിരാശാജനകമായ തുടക്കമാണോ?
ജനുവരിയിലെ ബോളിവുഡിൻ്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് ഫിലിം എക്‌സിബിറ്റർ അക്ഷയ് രതി പറയുന്നതിങ്ങനെ. “പ്രധാന റിലീസുകളിൽ, സ്കൈ ഫോഴ്‌സ് അക്ഷയ് കുമാറിൻ്റെ സമീപകാല ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചു. അതല്ലാതെ ഒരു സിനിമയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ദേവയിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ബോക്സ് ഓഫീസ് കളക്ഷൻ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. ഗെയിം ചേഞ്ചറിലും വലിയ പ്രതീക്ഷയുണ്ടായിരുന്നു. രാം ചരണിൽ നിന്ന് എല്ലാവരും ഒരുപാട് പ്രതീക്ഷിച്ചു, പ്രത്യേകിച്ചും ആർആർആറിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ സോളോ റിലീസായതിനാലും, ശങ്കറിനെപ്പോലെ ഒരു ദീർഘദർശിയുള്ള സംവിധായകൻ്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രമായതിനാലും, പക്ഷേ ആ സിനിമ പരാജയപ്പെട്ടു. അത് നിരാശാജനകമായിരുന്നു. ”
“ഒരു സിനിമ പരാജയപ്പെടുമ്പോൾ, അതിന്റെ ഉള്ളടക്കം സ്വീകാര്യമല്ല എന്നു കൂടിയാണ് അർത്ഥം. ജനുവരിയിൽ റിലീസ് ചെയ്ത സിനിമകൾ പ്രേക്ഷകർ ആഗ്രഹിച്ചതൊന്നും നൽകിയില്ല,” ഫിലിം ട്രേഡ് അനലിസ്റ്റ് കോമൾ നഹ്തയുടെ പ്രതികരണമിങ്ങനെ.
അല്ലു അർജുൻ്റെ പുഷ്പ 2: ദ റൂൾ മറ്റ് സിനിമകളുടെ പ്രകടനത്തെ ബാധിച്ചുവെന്ന് വ്യവസായ രംഗത്തെ ചില പ്രമുഖർ അവകാശപ്പെട്ടിരുന്നു. എന്നാൽ കോമൾ നഹ്ത ആ അഭിപ്രായത്തോട് യോജിക്കുന്നില്ല, “അതൊരു ഒഴിവുകഴിവ് മാത്രമാണ്. ഒരേ ദിവസം ഒന്നിലധികം സിനിമകൾ റിലീസ് ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, അവയിൽ പലതും ബ്ലോക്ക്ബസ്റ്ററുകളായി മാറുകയും ചെയ്തിരുന്നു. ലഗാൻ- ഗദർ അല്ലെങ്കിൽ ഗദർ 2- OMG 2 ഒക്കെ ഒരേസമയം ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയ ചിത്രങ്ങളാണ്. ഒരു സിനിമയ്ക്ക് ശക്തമായ ഉള്ളടക്കമുണ്ടെങ്കിൽ, അത് ഏതു മത്സരത്തിലും ജയിച്ചുകയറും."
പുഷ്പ 2 ബോളിവുഡിലെ ജനുവരി റിലീസുകളെ സ്വാധീനിച്ചിട്ടില്ലെന്നാണ് അക്ഷയ് രതിയും പറയുന്നത്. "ഓരോ സിനിമയ്ക്കും അതിൻ്റേതായ പാതയുണ്ട്. ഗെയിം ചേഞ്ചറോ ദേവയോ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ, ഞങ്ങൾ പ്രതീക്ഷിച്ച സംഖ്യ കൊണ്ടുവരാനുള്ള യോഗ്യത അവർക്കില്ലാത്തതുകൊണ്ടാണ്."
ബോളിവുഡിൽ ഇത് മാന്ദ്യകാലം
ബോക്‌സ് ഓഫീസിൽ ബോളിവുഡ് ഒരു പ്രയാസകരമായ ഘട്ടത്തെ അഭിമുഖീകരിക്കുകയാണ്, വിക്കി കൗശാലിന്റെ ഛാവ ആ മാന്ദ്യം ഇല്ലാതാക്കിയതായി തോന്നുമെങ്കിലും, ഒരു വിജയ ചിത്രത്തിന് മാത്രം വ്യവസായത്തെ രക്ഷിക്കാൻ കഴിയില്ല.
“2025ന്റെ ആദ്യ പാദം വലിയ പ്രതീക്ഷകളൊന്നും നൽകിയില്ല. ഇതുവരെ റിലീസ് ചെയ്ത സിനിമകൾ മികച്ച പ്രകടനം കാഴ്ചവെച്ചില്ല, വരും ആഴ്ചകളിൽ വലിയ റിലീസുകൾ ഒന്നും തന്നെയില്ല. കൂട്ടത്തിൽ, വിക്കി കൗശാലിന്റെ ഛാവയാണ് ശക്തമായ പ്രകടനം കാഴ്ചവച്ചത്.”
ബോക്സ് ഓഫീസ് കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കൾ
എന്തുകൊണ്ടാണ് നിർമ്മാതാക്കൾ ബോക്സ് ഓഫീസ് കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നത്? സ്വാഭാവികമായും, പ്രാഥമിക ലക്ഷ്യം " ചിത്രം വിജയമായി" എന്ന ധാരണ സൃഷ്ടിക്കുകയാണ്. "എത്ര സിനിമകൾ നിർമ്മിച്ചു" എന്ന് പൊതുജനങ്ങൾ പോലും ശ്രദ്ധിക്കുന്ന കാലമാണിത്, നിർമ്മാതാക്കൾ സിനിമകളുടെ ക്രെഡിറ്റിലേക്ക് കുറച്ച് കോടികൾ ചേർക്കുന്നു, അത് ഹിറ്റാണെന്ന് വ്യാജമായി പ്രഖ്യാപിക്കുന്നു. തങ്ങളുടെ സിനിമകൾ മികച്ചതും കാണേണ്ടതാണെന്നും ആളുകളെ ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയിൽ ബോക്സ് ഓഫീസ് കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നു.
ഈ വഞ്ചനയ്ക്ക് ഉപയോഗിക്കുന്ന പ്രധാന തന്ത്രങ്ങളിലൊന്ന് "ബ്ലോക്ക് ബുക്കിംഗ്" അല്ലെങ്കിൽ "ബൾക്ക് ബുക്കിംഗ്" ആണ്. സിനിമകളുടെ വരുമാനം കൃത്രിമമായി വർദ്ധിപ്പിക്കുന്നതിന് ധാരാളം ടിക്കറ്റുകൾ ബൾക്ക് ആയി വാങ്ങുന്നു. ഈ സമ്പ്രദായം യഥാർത്ഥത്തിൽ ആർക്കും നേട്ടമുണ്ടാക്കുന്നില്ല എന്നാണ് ഫിലിം എക്‌സിബിറ്റർ അക്ഷയ് രതി പറയുന്നത്.
“ഒരു പോയിൻ്റിനപ്പുറം ബോക്സ് ഓഫീസ് പെരുപ്പിച്ചു കാണിക്കുന്നത് ആരെയും സഹായിക്കില്ല. അഭിനേതാക്കളുമായി ബന്ധപ്പെട്ട ബ്രാൻഡുകൾ ടിക്കറ്റുകൾ മൊത്തമായി വാങ്ങുകയും ക്ലൈൻ്റുകൾക്കും ജീവനക്കാർക്കും ഇടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നത് സാധാരണമാണ്. ഇത് പണ്ടേയുള്ള ഒരു സമ്പ്രദായമാണ്, എന്നാൽ ഇപ്പോൾ കുറേക്കൂടി വ്യാപകമായിട്ടുണ്ട്. പ്രേക്ഷകരും വ്യാപാര പങ്കാളികളും സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമെല്ലാം ഇപ്പോൾ സത്യം മനസ്സിലാക്കി കഴിഞ്ഞു, അതിനാൽ തന്നെ പൂർണ്ണമായി കെട്ടിച്ചമച്ച കണക്കുകൾ യാതൊരു ഗുണവും ചെയ്യില്ല. ഇങ്ങനെ ചെയ്യുന്നവർ തെറ്റായ നമ്പറുകൾ പ്രഖ്യാപിച്ച് സ്വയം വിഡ്ഢികളാകുക മാത്രമാണ് ചെയ്യുന്നത്."
“ബോക്സ് ഓഫീസ് നമ്പറുകൾ പെരുപ്പിച്ചു കാണിക്കുന്നത് സത്യത്തിൽ വെറുപ്പുളവാക്കുന്ന പ്രവണതയാണ്. ഗെയിം ചേഞ്ചറിന്റെ കാര്യത്തിലും ഇതു തന്നെ നടന്നു. സ്കൈ ഫോഴ്സ് അതിൻ്റെ വരുമാനം പെരുപ്പിച്ചുകാട്ടി-ആദ്യ ആഴ്ചയിൽ 40 കോടി നേടിയപ്പോൾ, നിർമ്മാതാക്കൾ അവകാശപ്പെട്ടത് 80-85 കോടി രൂപ നേടിയെന്നാണ്. തിയേറ്ററുകൾ ശൂന്യമായിരുന്നപ്പോഴും "ഹൗസ്ഫുൾ" ആണ് ഷോകൾ എന്ന തെറ്റിദ്ധാരണ ആളുകൾക്കിടയിൽ പകർത്തി. ചില പ്ലാറ്റ്‌ഫോമുകളിൽ, നിങ്ങൾ 300 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ, 250 രൂപ റീഫണ്ടായി ലഭിക്കും എന്നൊക്കെ ഓഫറുകൾ വച്ചു. ഇത് നമ്പറുകൾ വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. എല്ലാവരും അവരുടെ താൽപ്പര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്, കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്നു, അത് ഹിറ്റായി കാണിക്കുന്നു. പക്ഷേ ആരും സിനിമാ വ്യവസായത്തെ കുറിച്ച് മൊത്തത്തിൽ ചിന്തിക്കുകയോ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്ന് ആലോചിക്കുകയോ ചെയ്യുന്നില്ല. ഇതെല്ലാം ചെയ്യുന്നത് സ്വാർത്ഥരായ നിർമ്മാതാക്കളാണ്, ” ഫിലിം ട്രേഡ് അനലിസ്റ്റ് കോമൾ നഹ്ത രൂക്ഷമായി വിമർശിക്കുന്നു.
ബ്ലോക്ക് ബുക്കിംഗ് സമ്പ്രദായം
നഹ്തയുടെ അഭിപ്രായത്തിൽ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, സ്റ്റുഡിയോകൾ എന്നിവർ ബ്ലോക്ക് ബുക്കിംഗ് കീഴ്വഴക്കത്തിനു പിന്നിലെ ഉത്തരവാദികളാണ്. എന്തുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും നഹ്ത വിശദീകരിച്ചു.
“തങ്ങളുടെ സിനിമ ഹിറ്റാണെന്ന ധാരണ നൽകി സിനിമാവ്യവസായത്തെയും പൊതുജനങ്ങളെയും കബളിപ്പിക്കുകയാണ് ഇതിലൂടെ. ഇത് ഒരു ഹിറ്റ് ചിത്രമാണെന്ന് പൊതുജനങ്ങൾ കരുതുന്നു, അതിനാൽ അവർ അത് കാണാൻ പോകുന്നു. താരങ്ങൾ ഇതിലൂടെ കൂടുതൽ ഹൈപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒരു വലിയ താരത്തിനൊപ്പമാണ് ജോലി ചെയ്യുന്നതെന്ന് കരുതി പരസ്യക്കമ്പനികളും ബ്രാൻഡുകളും ആ കണക്കുകൾ വിശ്വസിക്കുന്നു."
ബ്ലോക്ക് ബുക്കിംഗുകൾക്ക് പിന്നിൽ സംഘടിതമായ ശൃംഖല തന്നെയുണ്ടെന്ന് നഹ്ത വെളിപ്പെടുത്തുന്നു: “ഈ ലെവലിലുള്ള ബ്ലോക്ക് ബുക്കിംഗ് ട്രെൻഡ് പുതിയതാണ്. നേരത്തെ, ബ്ലോക്ക് ബുക്കിംഗ് ഏകദേശം 7-10 കോടി രൂപയോളമായിരുന്നു, ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സൂപ്പർസ്റ്റാർ ആരംഭിച്ചതാണ്. എന്നാൽ ഈ വർഷം സ്കൈ ഫോഴ്സ് 40 കോടി രൂപയുടെ ബ്ലോക്ക് ബുക്കിംഗ് നടത്തി. കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ഇതിനെ ഏകോപിപ്പിക്കാൻ ഏജൻ്റുമാരെ നിയമിക്കുകയാണ് ഇപ്പോൾ. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുന്നു. ഈ ഏജൻ്റുമാരുടെ ജോലി ബൾക്ക് ബുക്കിംഗുകൾ വിതരണം ചെയ്യുക, സിനിമ കാണുന്നതിന് പ്രേക്ഷകരെ ക്രമീകരിക്കുക എന്നൊക്കെയാണ്. ഏറ്റവും തമാശ, ഈ സേവനങ്ങൾക്ക് അവരും വലിയ രീതിയിൽ കമ്മീഷൻ ഈടാക്കുന്നുണ്ട് എന്നതാണ്."
“ബോളിവുഡ് നശിച്ചുവെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഈ നിലയിൽ പോവാതെ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. നിലവാരമില്ലാത്ത ഉള്ളടക്കം ഇനി രക്ഷപ്പെടില്ല. നേരത്തെ താരനിബിഡമായ ചിത്രങ്ങൾ, ഉള്ളടക്കം മോശമാണെങ്കിലും കയ്യടി നേടുമായിരുന്നു. എന്നാൽ ഇന്നത്തെ പ്രേക്ഷകർക്ക് ഒരു ബട്ടൺ ക്ലിക്കിലൂടെ ലോക സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കാനാവും. അവരുടെ പ്രതീക്ഷകൾ ഉയർന്നു, എഴുത്തുകാരും സംവിധായകരും അതിനു അനുസരിച്ച് മാറി ചിന്തിക്കേണ്ടതുണ്ട്. ബോളിവുഡ് മുൻപും പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അമിതാഭ് ബച്ചൻ അവധിയെടുത്തപ്പോൾ, വ്യവസായത്തിന് എന്ത് സംഭവിക്കുമെന്ന് ആളുകൾ ആശങ്കപ്പെട്ടു. തുടർന്ന് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവർ വ്യവസായത്തെ മുന്നോട്ട് നയിച്ചു. ഈ സൂപ്പർ താരങ്ങളുടെ പ്രതാപകാലം കടന്നുപോകുമ്പോൾ, രൺബീർ കപൂർ, വരുൺ ധവാൻ, ടൈഗർ ഷ്റോഫ്, വിക്കി കൗശൽ എന്നിവർ ഈ ബാറ്റൺ മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബോളിവുഡ് നശിച്ചുവെന്ന് നമ്മൾ ചിന്തിക്കുമ്പോഴെല്ലാം ആരെങ്കിലും ഒരാൾ മുന്നോട്ടു ചുവടുവെച്ച് ഇൻഡസ്ട്രിയെ നയിക്കും. അത് വീണ്ടും സംഭവിക്കും. ” രതി പറയുന്നു.
Read More
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
- എന്നെ അത്ഭുതപ്പെടുത്തിയ ചിത്രം; മഞ്ജുവാര്യരുടെ ആ സിനിമ ഹിന്ദിയിലേക്ക് എടുത്ത് അനുരാഗ് കശ്യപ്
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.