scorecardresearch

വയലൻസ് കുത്തി നിറച്ച സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്: ജഗദീഷിനെ വിമർശിച്ച് നിഷാദ്

"ധ്യാൻ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന് അളന്ന് വെക്കുന്നത് നന്നായിരിക്കും"

"ധ്യാൻ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന് അളന്ന് വെക്കുന്നത് നന്നായിരിക്കും"

author-image
Entertainment Desk
New Update
Jagadish MA Nishad

എം എ നിഷാദ്, ജഗദീഷ്

സിനിമകളിലെ വയലൻസ് സമൂഹത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ചാനലുകളിലുമെല്ലാം സജീവമാകുന്നത്. ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മാർക്കോയും വയലൻസിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ദിവസം, സിനിമകളിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കില്ലേ എന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ "സിനിമകളിലെ വയലൻസ് കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ നന്മയും സ്വാധീനിക്കില്ലേ?" എന്നായിരുന്നു നടൻ ജഗദീഷ് പ്രതികരിച്ചത്.

Advertisment

ജഗദീഷിന്റെ ഈ പ്രതികരണത്തോട് വിമർശനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം. എ നിഷാദ്. മാർക്കോയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച  ജഗദീഷിന്റെ ഈ പ്രതികരണം ഒരുതരം അവസരവാദമായി തോന്നുന്നു എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ നിഷാദ് പറഞ്ഞു. 

നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം:

വിയോജിപ്പ്.
അങ്ങയോടുളള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ട് പറയട്ടെ. താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല. വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട്  വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലേ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ
സമൃദ്ധമായേനെ. തിന്മയോടുളള ആസക്തി. അതാണ് പൊതുവിൽ കണ്ട് വരുന്നത്. ഇത്
ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു. കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലോ. 

Advertisment

അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും, അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റേത്. കാലം മാറി. ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ് ഇന്നുളളത്. താങ്കൾ ഈ കെട്ടകാലത്തെ പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്. അല്ലായെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്ററെ തെളിവാണ് സമീപ കാലത്തെ
സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലേ? എന്ന ചോദ്യത്തിന്റെ പ്രസക്തിയെ മറുചോദ്യം കൊണ്ട് എനിക്ക് ഉത്തരം നൽകാം. ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്. അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചുകൂടി കാര്യ ഗൗരവത്തോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള എന്റെ അഭ്യർത്ഥന. 

ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ
ഞാൻ പൂർണ്ണമനസ്സോടെ ഉൾക്കൊളളുന്നു. ധ്യാൻ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന്
അളന്ന് വെക്കുന്നത് നന്നായിരിക്കും. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ
മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്. അത് പോലെ തന്നെയാണ്
സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ്  രംഗങ്ങളും മയക്കുമരുന്നുപയോഗവും. 
എതിർക്കപ്പെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്. 
അങ്ങയിലെ അധ്യാപകൻ ഉണരട്ടെ. 

സാന്ദർഭികമായി പറയട്ടെ, മലയാളം കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ 
അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ. പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല.

Read More

Unni Mukundan Jagadeesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: