scorecardresearch

Love Under Construction Review: തെളിച്ചമുള്ള കാഴ്ചപ്പാടുകൾ, സ്വാഭാവികമായ പ്രകടനങ്ങൾ; രസക്കാഴ്ചയൊരുക്കി 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' റിവ്യൂ

Love under construction web series Review: 'മിഥുനവും വരവേൽപ്പും ഒരുമിച്ചു  സംഭവിച്ചുകൊണ്ടിരിക്കുന്ന' ഒരു മിഡിൽ ക്ലാസ്സുകാരന്റെ  ജീവിതത്തിലെ രസക്കാഴ്ചകളാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ പറയുന്നത്

Love under construction web series Review: 'മിഥുനവും വരവേൽപ്പും ഒരുമിച്ചു  സംഭവിച്ചുകൊണ്ടിരിക്കുന്ന' ഒരു മിഡിൽ ക്ലാസ്സുകാരന്റെ  ജീവിതത്തിലെ രസക്കാഴ്ചകളാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ പറയുന്നത്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Love Under Construction

Love under construction web series Review in Malayalam

Love under construction web series Review: Love under construction web series Review: കഷ്ടകാലത്താണ് ആളുകൾ വീടുവയ്ക്കുന്നതും വിവാഹം കഴിക്കുന്നതും എന്നർത്ഥം വരുന്ന ഒരു നാട്ടുമൊഴിയുണ്ട് മലയാളത്തിൽ.  ജിയോ  ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസായ ലവ് അണ്ടർ കൺസ്ട്രക്ഷൻറെ പ്രമേയം ആ നാട്ടുമൊഴിയോട് ചേർന്നു നിൽക്കുന്നതാണ്. വിനോദ് എന്ന മിഡിൽ ക്ലാസ്സുകാരന്റെ ജീവിതത്തിലെ ഏറ്റവും സ്ട്രഗ്ളിംഗായൊരു കാലഘട്ടമാണ് കഥയുടെ ഭൂമിക. പ്രതിസന്ധികൾക്കിടയിലും വീടെന്ന സ്വപ്നവും പ്രണയവും അയാളെങ്ങനെ ബാലൻസ് ചെയ്തു കൊണ്ടുപോവുന്നു എന്നാണ് സീരീസ് പറയുന്നത്.

Advertisment

ട്രെയിലറിൽ വിനോദിന്റെ കഥാപാത്രം പറയുന്നുണ്ട്  'ജീവിതത്തിൽ  ലാലേട്ടന്റെ മിഥുനവും വരവേൽപ്പും ഒരുമിച്ചു  സംഭവിച്ചാൽ എന്തു സംഭവിക്കും? അതാണ് തന്റെ അവസ്ഥയെന്ന്'. അതുതന്നെയാണ്, ലവ് അണ്ടർ കൺസ്ട്രെക്ഷന്റെ കഥാപരിസരം.  സംഭവബഹുലമായ  വിനോദിന്റെ ജീവിതവും അതിന്റെ രസക്കാഴ്ചകളുമാണ് ആറു എപ്പിസോഡുകളിലായി പറഞ്ഞുപോവുന്നത്. 

വീടെന്ന ഇമോഷനിൽ മാത്ത്സ് അപ്ലൈ ചെയ്യാൻ കഴിയാതെ പോവുമ്പോൾ...

ദുബായിൽ തെറ്റില്ലാത്തൊരു ജോലിയുമായി കഴിഞ്ഞുകൂടുന്ന വിനോദിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. കുട്ടിക്കാലത്തെ ഒരു ട്രോമയും അച്ഛനുമമ്മയ്ക്കും കൊടുത്ത വാക്കുമാണ് അയാളെ ആ സ്വപ്നത്തിൽ തന്നെ സ്റ്റിക്ക് ഓൺ ചെയ്ത് നിർത്തുന്നത്. വിനോദിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, 'അറബികളോടൊപ്പം ദുബായ് മണലാരണ്യത്തിൽ ഈന്തപ്പഴവും കഴിച്ചു ജീവിതം സമാധാനത്തോടെ തള്ളിനീക്കുന്ന'തിനിടയിൽ അയാൾ നാട്ടിൽ വീടുപണി ആരംഭിക്കുകയാണ്. വീടൊരു ഇമോഷനാണെന്നും അതിൽ മാത്ത്സ് അപ്ലൈ ചെയ്യാനാകില്ലെന്നും വിശ്വസിക്കുന്ന ആളാണ് വിനോദ്. പക്ഷേ, അവിചാരിതമായ പ്രശ്നങ്ങൾ അയാളുടെ കണക്കുക്കൂട്ടലുകൾ തെറ്റിക്കുകയാണ്. അതോടെ വിനോദ് പ്രതിസന്ധിയിലാവുന്നു. 

ഒരുഭാഗത്ത് വീടുപണിയുടെ കോലാഹലങ്ങളും  പ്രശ്നങ്ങളും മുന്നേറുമ്പോൾ, മറുഭാഗത്ത് അയാളുടെ പ്രണയബന്ധവും  പുരോഗമിക്കുന്നുണ്ട്. വ്യക്തിപരമായ ചില സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന ഗൗരിയാണ് വിനോദിന്റെ പ്രണയിനി. ജീവിതത്തെ കുറിച്ച് കൃത്യമായ കണക്കുക്കൂട്ടലുകളുള്ള ആളാണ് ഗൗരി. വിനോദിനു വീടുപണി എന്നതാണ് ലക്ഷ്യമെങ്കിൽ, ഗൗരിയെ സംബന്ധിച്ച് അത് കാനഡയിലേക്കുള്ള മൈഗ്രേഷനാണ്. 

Advertisment

ഒരു ഘട്ടത്തിൽ, പ്രണയം വീട്ടിൽ അവതരിപ്പിക്കാനും വിവാഹത്തിനു സമ്മതം വാങ്ങാനുമായി വിനോദും ഗൗരിയും നാട്ടിലേക്ക് എത്തുകയാണ്. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. ഇരുവ്യക്തികളുടെ തീരുമാനങ്ങൾക്കിടയിൽ കുടുംബം, സമൂഹം എന്നിവരുടെയൊക്കെ ഇടപെടലുകളും സമ്മർദ്ദങ്ങളും എത്രത്തോളമാണെന്ന് ഇരുവരും തിരിച്ചറിയുന്നു. അനുദിനം പുതിയ പ്രശ്നങ്ങളെ ഇരുവർക്കും അഭിമുഖീകരിക്കേണ്ടി വരുന്നു.  കുതിയെത്തി നിൽക്കുന്ന പ്രണയവും പണി തീരാത്ത വീടും അതിനിടയിലെ സംഘർഷങ്ങളും- ലവ് അണ്ടർ കൺസ്ട്രക്ഷൻ്റെ പ്രമേയത്തെ ഒരൊറ്റവരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം.  
 
നീരജ് മാധവിനായി പറഞ്ഞു തയ്പ്പിച്ചതു പോലെയൊരു കഥാപാത്രമാണ് വിനോദ്. ഒന്നു കണ്ണോടിച്ചാൽ നമ്മുടെ അയൽപ്പക്കത്തു കാണാനാവുന്ന മിഡിൽ ക്ലാസ്സുകാരനായ ഒരു പ്രവാസി ചെറുപ്പക്കാരന്റെ മുഖമാണ് വിനോദിന്. കുറേക്കൂടി വിപുലമായ സാമൂഹികസാഹചര്യങ്ങളും പ്രവാസ ജീവിതവുമൊക്കെ അയാൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയിട്ടുണ്ട്. ഏറ്റവും യുക്തിഭദ്രമായി തന്നെ നീരജ് വിനോദിനെ അവതരിപ്പിച്ചിട്ടുണ്ട്. 
 
ഗൗരി കിഷനിലെ നടിയെ കുറച്ചുകൂടി വിസിബിൾ ആക്കി കാണിച്ചുതരികയാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. പേരിനൊരു നായിക മാത്രമല്ല ഗൗരി.  ജീവിതത്തെ കുറിച്ച് പ്രായോഗികമായ തീരുമാനങ്ങളുള്ള, പ്രണയത്തിലെ ബൗണ്ടറികളെ കുറിച്ചും റെഡ് ഫ്ളാഗുകളെ കുറിച്ചുമൊക്കെ കൃത്യമായ ധാരണകളുള്ള  കഥാപാത്രത്തെ  കൺവീൻസിംഗായാണ് ഗൗരി അവതരിപ്പിക്കുന്നത്. 
 
അജു വർഗീസിന്റെ പപ്പൻ എന്ന കഥാപാത്രവും പ്രത്യേക പരാമർശം അർഹിക്കുന്നു.  ആദ്യ സീനിൽ നിന്നും അവസാന രംഗങ്ങളിലേക്ക് എത്തുമ്പോഴേക്കും ആ കഥാപാത്രത്തിനുണ്ടാവുന്ന വളർച്ച ശ്രദ്ധേയമാണ്. ആദ്യ സീനിൽ, തന്റെ ബാത്ത്റൂമിന്റെ പ്രൈവസിയിൽ ഇരുന്നു, സൈബറിടത്തിൽ ടോക്സിക് കമന്റുകൾ ഇടുന്ന പപ്പൻ, അയാളുടെ അനുഭവങ്ങളിലൂടെയും പ്രണയത്തിലൂടെയും സ്വയം ശുദ്ധീകരിച്ച് നടന്നുകയറുന്ന കാഴ്ച മനോഹരമാണ്. സമീപകാലത്തിറങ്ങിയ സിനിമകളിലേക്കു വച്ച് അജു വർഗീസിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്  പപ്പൻ.  
 
ആനന്ദ് മൻമഥൻ്റെ കോൺട്രാക്റ്റർ ജിജി, അജുവിന്റെ പങ്കാളിയായി എത്തുന്ന ആൻ ജമീല സലീം, മഞ്ജുശ്രീ നായർ, കിരൺ പീതാംബരൻ എന്നു തുടങ്ങി പേരറിയുന്നവരും അറിയാത്തവരുമായ എല്ലാ  ആർട്ടിസ്റ്റുകളും സ്വാഭാവികതയോടെ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. 

ഓരോ എപ്പിസോഡുകളും സസ്പെൻസ് നിറഞ്ഞ രീതിയിൽ കൊണ്ടു അവസാനിക്കുക എന്ന വെബ് സീരിസുകളുടെ പതിവു രീതി ലവ് അണ്ടർ കൺസ്ട്രക്ഷൻ പിൻതുടരുന്നില്ല. വളരെ സ്വാഭാവികതയോടെയാണ് കഥാപരിസരങ്ങൾ വികസിക്കുന്നത്.

തിരക്കഥയിൽ പ്രകടനമായി കാണാവുന്ന ചില അപ്രോച്ചുകൾ എടുത്തു പറയേണ്ടതുണ്ട്. പ്രണയം, റിലേഷൻഷിപ്പ് ഇത്തരം കാര്യങ്ങളിലൊക്കെ കഥാപാത്രങ്ങൾക്കുള്ള കാഴ്ചപ്പാടുകൾ പുരോഗമനപരമാണ്. പാരന്റിംഗ്, ബന്ധങ്ങൾ, സാമൂഹികമായ ഇടപെടലുകൾ, തുറന്ന ആശയവിനിമയത്തിന്റെ പ്രസക്തി  എന്നിവയെ ഒക്കെ മറ്റൊരു പെർസ്പെക്റ്റീവിൽ നിന്നു നോക്കി കാണാൻ ശ്രമിക്കുന്നുണ്ട് പരമ്പരയിൽ ഉടനീളം.  

സീരീസിലുടനീളമുള്ള സംഭാഷണങ്ങളും എടുത്തുപറയണം. വളരെ സ്വാഭാവികതയുള്ള അതേസമയം ക്ലാരിറ്റിയുള്ള സംഭാഷണവും വേറിട്ട അനുഭവമായി തോന്നി. പൊളിറ്റിക്കലി കറക്റ്റ്, ഫെമിനിസ്റ്റ് തുടങ്ങിയ വാക്കുകളെ പോലും തമാശയ്ക്കുള്ള കണ്ടന്റാക്കി മാറ്റാൻ ശ്രമിക്കുന്നവരെ സമകാലിക മലയാളസിനിമയിൽ ധാരാളമായി കാണാം. അവിടെയാണ് പൊളിറ്റിക്കലി കറക്റ്റായി നിന്നുകൊണ്ട്, സ്ത്രീകളുടെ കൂടെ  പെർസ്പെക്റ്റീവിൽ നിന്നുകൊണ്ട് കഥ പറയാനുള്ള ഈ ശ്രമം എന്നത് അഭിനന്ദനം അർഹിക്കുന്നു. 

സംവിധായകനായ വിഷ്ണു രാഘവ് തന്നെയാണ് ഈ സീരീസിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും.  സംഗീതസംവിധാനം ഗോപി സുന്ദറും ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിങ് അർജു ബെനും നിർവ്വഹിച്ചിരിക്കുന്നു . രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ റോം-കോം സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ  ഏഴ് ഭാഷകളിൽ  ലവ് അണ്ടർ കൺസ്ട്രക്ഷൻ ലഭ്യമാണ്. 30 മിനിറ്റാണ് ഓരോ എപ്പിസോഡുകളുടെയും ദൈർഘ്യം. 

വലിയ ബഹളമോ കോലാഹലങ്ങളോ മുദ്രാവാക്യം മുഴക്കലോ  ഒന്നുമില്ലാതെ, ഏതൊരു മിഡിൽ ക്ലാസ് മലയാളിയ്ക്കും റിലേറ്റ് ചെയ്യാനാവുന്ന ഒരു വിഷയം വളരെ ലളിതമായി പറഞ്ഞുപോവുകയാണ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ'. വീട്- വിവാഹം എന്നീ കാര്യങ്ങളിൽ മലയാളികൾക്കുള്ള സാമ്പ്രദായികമായ സങ്കൽപ്പം തന്നെയാണ് സീരീസിന്റെ പ്രധാന പ്ലോട്ട് എങ്കിലും പാരന്റിംഗ്, പ്രണയം, റിലേഷൻഷിപ്പ്, സ്ത്രീ- പുരുഷബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള മാറിയ കാലത്തിന്റെ പ്രോഗസീവ് ചിന്തകളെ വളരെ ജെൻഡിൽ ആയാണ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' കൈകാര്യം ചെയ്യുന്നത്. അതു തന്നെയാണ് ഈ സീരീസിന്റെ ഏറ്റവും വലിയ പോസിറ്റീവും. 

Read More

Review Disney Hotstar New Release Aju Varghese Web Series Neeraj Madhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: