scorecardresearch

പച്ച പിടിച്ചത് വിനയന്‍ ചിത്രം മാത്രം, മലയാള സിനിമയ്ക്കിത് നിറം മങ്ങിയ ഓണം

വലിയ ചലനങ്ങളുണ്ടാക്കാതെ ഏറ്റവും വലിയ ഉത്സവകാലം കടന്നു പോകുമ്പോള്‍... അതില്‍ നിന്നും മനസ്സിലാക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമായ പാഠങ്ങള്‍ എന്തൊക്കെ? കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ സംസാരിക്കുന്നു

വലിയ ചലനങ്ങളുണ്ടാക്കാതെ ഏറ്റവും വലിയ ഉത്സവകാലം കടന്നു പോകുമ്പോള്‍... അതില്‍ നിന്നും മനസ്സിലാക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമായ പാഠങ്ങള്‍ എന്തൊക്കെ? കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ സംസാരിക്കുന്നു

author-image
Aparna Prasanthi
New Update
onam release, onam release boxoffice, onam release ott, vinayan movies, pathonpatham noottandu, new malayalam releases

പ്രേക്ഷകർ ഏറ്റവുമധികം ഉറ്റുനോക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന, പല കളക്ഷൻ റെക്കോർഡുകളും മാറിമറിയുന്ന സമയമാണ് മലയാള സിനിമയെ സംബന്ധിച്ച് ഓണക്കാലം. തമിഴില്‍ പൊങ്കല്‍, ഹിന്ദിയില്‍ ദീപാവലി തുടങ്ങിയവയും സമാനമായ 'സിനിമാ ചാകര'ക്കാലങ്ങളാണ്. ആ സമയത്ത് വരുമാനത്തില്‍ വരുന്ന ഉയര്‍ച്ചയെക്കുറിച്ച് ചില വ്യക്തമായ കണക്കുകളും നിലവിലുണ്ട്. അത് കൊണ്ട് തന്നെ ഓണക്കാലത്തെക്കുറിച്ച് സിനിമയില്‍ മുതല്‍ മുടക്കുന്നവര്‍ക്കെല്ലാം വലിയ പ്രതീക്ഷകളുമാണ്. എന്നാല്‍ സ്വപ്‌നങ്ങള്‍ എല്ലാം ആസ്ഥാനത്താവുന്ന ഒരു സാഹചര്യത്തെയാണ് കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

Advertisment

തിയേറ്ററില്‍ കളക്ഷന്‍ ഉണ്ടാവാത്തതിന്‍റെ കാരണങ്ങളായി പലതും അനുമാനിക്കാം. കോവിഡ് പ്രതിസന്ധിയില്‍ നിന്നും പൂര്‍ണ്ണമായും കരകയറാന്‍ സാധിക്കാത്ത ഒരു സാമ്പത്തിക അവസ്ഥ, ഒടിടിയുടെ സാന്നിധ്യം തുടങ്ങി സൂപ്പര്‍ താര ചിത്രങ്ങളുടെ അഭാവം വരെ ഇതില്‍ ഉള്‍പ്പെടും. വലിയ ചലനങ്ങളുണ്ടാക്കാതെ ഏറ്റവും വലിയ ഉത്സവകാലം കടന്നു പോകുമ്പോള്‍, അതില്‍ നിന്നും മനസ്സിലാക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമായ പാഠങ്ങള്‍ എന്തൊക്കെ? കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ സംസാരിക്കുന്നു.

publive-image

ഓണക്കാലത്ത് പച്ച പിടിച്ച ഏക മലയാള ചിത്രം

"ഓണക്കാലത്ത് പച്ച പിടിച്ച ഏക മലയാള ചിത്രം '19 ആം നൂറ്റാണ്ട്' മാത്രമാണ്. 'ബ്രഹ്മാസ്ത്ര' അപ്രതീക്ഷിതമായി നല്ലവണ്ണം പ്രേക്ഷകരെ കയറ്റി. പക്ഷേ ഈ ആഴ്ച തുടങ്ങിയതോടെ അതിന്റേയും ടിക്കറ്റ് ബുക്കിങ് കുറഞ്ഞിട്ടുണ്ട്. 'പാൽത്തു ജാൻവറും' ശരാശരി കളക്ഷൻ നേടി. മറ്റു സിനിമകൾക്ക് ഒട്ടും ആളുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം," തിരുവന്തപുരത്തെ ശ്രീപദ്മനാഭ തീയേറ്റർ ഉടമ ഗിരീഷ് പറയുന്നു.

തലസ്ഥാനത്തെ സംബന്ധിച്ച് ആളുകളിൽ അധികവും നഗരത്തില്‍ പലയിടങ്ങളിലും നടന്ന വിവിധ ടൂറിസം മേളകളിലും മറ്റുമായാണ് ഓണമാഘോഷിച്ചത്. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞു ആളുകൾ അത്തരം കാഴ്ചകളിൽ ഓണം ആഘോഷിക്കാൻ തീരുമാനിച്ചത് കളക്ഷനെ നന്നായി ബാധിച്ചിട്ടുണ്ട് എന്നും ഗിരീഷ്‌ കൂട്ടിച്ചേര്‍ത്തു.

Advertisment

ഒപ്പം, പുതിയ ചിത്രങ്ങൾ വേഗത്തിൽ ഒ ടി ടിയിൽ റിലീസ് ചെയ്യുന്നതും സിനിമയോളം പോന്ന ടിവി കാഴ്ചകളും ഓണ ചിത്രങ്ങളെ ബാധിച്ചു. ഇനി വരുന്ന 'പൊന്നിയിൻ സെൽവൻ,' 'റോഷാക്ക്‌' പോലുള്ള സിനിമകളിലൂടെ ഈ നഷ്ടം നികത്താം എന്ന പ്രതീക്ഷയിലാണ് മറ്റു തീയറ്റർ ഉടമകളെ പോലെ ഗിരീഷും.

ബേസിൽ ജോസഫ്‌ നായകനായ 'പാൽത്തു ജാൻവർ,' വിനയൻ- സിജു വിൽ‌സൺ കൂട്ടുകെട്ടിന്‍റെ പീരീഡ്‌ ഡ്രാമ 'പത്തൊൻപതാം നൂറ്റാണ്ട്,' കുഞ്ചാക്കോ ബോബൻ - അരവിന്ദ് സ്വാമി ടീമിന്‍റെ ത്രില്ലർ ട്രിലജിയിൽ പെടുന്ന 'ഒറ്റ്,' ഇന്ദുഗോപന്‍റെ വിഖ്യാത ചെറുകഥ 'അമ്മിണിപ്പിള്ള വെട്ടുകേസി'ന്‍റെ ചലച്ചിത്രാവിഷ്ക്കാരമായ 'ഒരു തെക്കൻ തല്ല് കേസ്' എന്നീ മലയാള ചിത്രങ്ങളാണ് ഇത്തവണ ഓണക്കാലത്ത് തീയറ്ററുകളിൽ എത്തിയത്.

"പ്രതീക്ഷ കാത്തത് 19-ാം നൂറ്റാണ്ട് മാത്രമാണ്. മറ്റു മലയാള സിനിമകൾ കാണാൻ പ്രേക്ഷകർ കുറവായിരുന്നു. ത്രിഡി അനുഭവം ഉള്ളതു കൊണ്ട് 'ബ്രഹ്മാസ്ത്ര'ക്കും ആള് കയറുന്നുണ്ട്. സൂപ്പർ താര ചിത്രങ്ങൾ ഇല്ലാത്തതും പ്രേക്ഷകർ സെലക്റ്റീവ് ആയതും 'ഗോൾഡ്' പോലൊരു സിനിമയുടെ റിലീസ് നീട്ടി വച്ചതുമൊക്കെ പ്രേക്ഷകർ തീയറ്റർ കൈയൊഴിയാൻ കാരണമായിട്ടുണ്ട്," കൊച്ചിയിലെ ഏറ്റവും വലിയ തീയറ്ററുകളിൽ ഒന്നായ വനിത- വിനീതയുടെ ടെക്നിക്കൽ മാനേജർ ഷൈൻ പറയുന്നു.

സൂപ്പര്‍താരചിത്രങ്ങളുടെ അഭാവം

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇല്ല എന്നതും ഈ ഓണക്കാലത്തിന്‍റെ പോരായ്മയായി കാണാം. ഒപ്പം തന്നെ യുവതാരങ്ങളില്‍ ശ്രദ്ധേയരായവരുടെ ചിത്രങ്ങളും ഇല്ല. താരതമേന്യ ചെറിയ പടങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സിനിമകളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഉള്ളത്. അവയ്ക്ക് സ്വാഭാവികമായി ലഭിക്കക്കേണ്ട ഒരു കളക്ഷന്‍, ഒരു ഉത്സവകാല ലാഭത്തിനോട് കിടപിടിക്കുന്നതല്ല എന്നതുമുണ്ട്.

"വലിയ ചിത്രങ്ങൾ തന്നെയാണ് കാണികളെ എല്ലാ കാലത്തും തീയറ്ററുകളിൽ എത്തിക്കുക അതില്ലാത്തത് തന്നെയാണ് ഈ ഓണക്കാലത്തെ ശരാശരി അനുഭവമാക്കിയത്," ആറ്റിങ്ങൽ ഡ്രീംസ് പാർട്ണർ ധീരജ് പറയുന്നു.

'ബ്രഹ്മാസ്ത്ര' എന്ന ബോളിവുഡ് ചിത്രം മാത്രമാണു ഇപ്പോള്‍ തിയേറ്ററുകളില്‍ ഉള്ളതില്‍ വലിയ ചിത്രം എന്ന് കരുതപ്പെടാവുന്ന ഒന്ന്. കേരളത്തില്‍ അനേകം സ്ക്രീനുകളില്‍ എത്തിയ ബിഗ്‌ ബജറ്റ് ഗണത്തില്‍പ്പെടുത്താവുന്ന, യുവാക്കളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ആ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് നിരൂപകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാലും വലിയ സ്ക്രീനില്‍ തന്നെ കാണേണ്ടതായ വിഎഫ്എക്സും മറ്റുമുള്ളതിനാല്‍ ആവാം, 'ബ്രഹ്മാസ്ത്ര'യ്ക്ക് ആളുകള്‍ കയറുന്നത്.

"ഇവിടെ അടുത്ത് എൻഐടി പോലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്ളത് കൊണ്ടാവാം 'ബ്രഹ്മാസ്ത്ര'യ്ക്ക് ആള് കയറുന്നുണ്ട്. ചെറിയ രീതിയിൽ 'പാൽത്തു ജാൻവർ' ഇപ്പോഴും തീയേറ്ററുകളെ സജീവമാക്കുന്നു. ഓണക്കാലത്ത് ആകേ സന്തോഷം തന്നത് 'പത്തൊൻപതാം നൂറ്റാണ്ട്' മാത്രമാണ്. മറ്റു സിനിമകൾ കാണികൾ തിരിഞ്ഞു നോക്കുന്നില്ല," കോഴിക്കോട് മുക്കം അഭിലാഷ് തീയറ്റർ ഉടമ കെ ഒ ജോസഫ്‌ പറഞ്ഞു.

എല്ലാ കാലത്തും, എല്ലാ തരം മാർക്കറ്റിങ്ങിനും അപ്പുറം നല്ല സിനിമകളെ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂ എന്ന പാഠമാണ് ഉത്സവകാലം നൽകുന്നത് എന്നും കെ ഒ ജോസഫിനെ പോലുള്ളവർ തിരിച്ചറിയുന്നുണ്ട്.

ചെറിയ രീതിയിൽ വന്നു വലിയ വിജയം നേടിയവര്‍

വലിയ സിനിമകള്‍ ആളുകളെ കൊണ്ട് വരും എന്നാണയിടുമ്പോഴും നിലവാരമുള്ള ചെറിയ സിനിമകളാണ് ഇപ്പോള്‍ വിജയം കൊയ്യുന്നത് എന്നും അഭിപ്രായമുണ്ട്. ഓണത്തിനു മുന്‍പ് റിലീസ് ചെയ്യപ്പെട്ട 'ന്നാ താന്‍ കേസ്‌ കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഉദാഹരണം. ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട് ആ ചിത്രം.

അത് പോലെ തന്നെ ചെറിയ രീതിയിൽ വന്നു വലിയ വിജയം നേടിയ ചിത്രമാണ് 'പാൽത്തു ജാൻവർ' എന്ന് തൃശൂർ കെ എസ് എഫ് ഡി സി കൈരളി-ശ്രീയുടെ ജീവനക്കാര്‍ പറയുന്നു. ഓണക്കാലത്തെ പതിവ് കളക്ഷൻ നിലനിർത്താൻ സാധിച്ചു എന്നതും സന്തോഷം നൽകുന്നു എന്നവർ കൂട്ടിച്ചേര്‍ത്തു.

ചെറിയ ചിത്രങ്ങളെക്കുറിച്ച് ആശിർവാദ് തീയേറ്റർ ശൃംഖലയിലെ ജെയിംസിനും സമാന അഭിപ്രായമാണ്.

"ഓണം റിലീസുകളുടെ ഷോകൾ വെട്ടിക്കുറക്കുന്ന അവസ്ഥയുള്ളപ്പോഴും ഓഫ്‌ സീസൺ സിനിമകൾ ഇപ്പോഴും തീയറ്ററിൽ ഓടുന്നുണ്ട്," ജെയിംസ് പറഞ്ഞു.

സൂപ്പർ താരസാന്നിധ്യമില്ലാതെ 'പത്തൊൻപതാം നൂറ്റാണ്ട്' വിജയിച്ചത് മാറ്റത്തിന്‍റെ സൂചനയായി കൂടി കാണണം എന്നാണ് കൊപ്പം 'സിൻഡിക്കേറ്റ് സിനിമാസ്' സി ഈ ഒ യൂനസിന്‍റെ അഭിപ്രായം. താരത്തിനപ്പുറം സിനിമയെ കയ്യടിച്ചു സ്വീകരിക്കുന്ന പ്രേക്ഷകരിലാണ് നാളത്തെ സിനിമയുടെ നിലനിൽപ്പ് എന്നും യൂനസ് അടിവരയിടുന്നു.

എന്തായാലും കേരളത്തിലുടനീളമുള്ള തീയറ്ററുകളിൽ ഉത്സവകാല അവധി കൂടി കഴിഞ്ഞപ്പോൾ ഏറെക്കുറെ ആളൊഴിഞ്ഞ മട്ടാണ്. വലിയൊരു ചലനമുണ്ടാക്കാതെ കഴിഞ്ഞു പോയ ഏറ്റവും വലിയ ഉത്സവകാലത്തിനപ്പുറം വലിയൊരു ഹിറ്റിനായി, നല്ല സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാലോകവും തിയേറ്ററുകളും.

Read Here

Onam Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: