scorecardresearch

Sundari Gardens Movie Review & Rating: സൂക്ഷ്മവായനകൾക്ക് സാധ്യതയുള്ള ‘ഫീൽ ഗുഡ്’ പടം; ‘സുന്ദരി ഗാര്‍ഡന്‍സ്’ റിവ്യൂ

Sundari Gardens Movie Review & Rating: ജീവിതത്തെ ഒരേ സമയം ധീരമായും അങ്ങേയറ്റം അരക്ഷിതമായും കാണുന്ന കഥാപാത്രത്തെ അതിസൂക്ഷ്മമായി അപർണ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്

RatingRatingRatingRatingRating
Sundari Gardens Movie Review & Rating: സൂക്ഷ്മവായനകൾക്ക് സാധ്യതയുള്ള ‘ഫീൽ ഗുഡ്’ പടം; ‘സുന്ദരി ഗാര്‍ഡന്‍സ്’ റിവ്യൂ

Sundari Gardens Movie Review & Rating: ഒ ടി ടി പ്ലാറ്റ്ഫോമുകളും തീയറ്ററുകളും ഒരു പോലെ സജീവമായ ഈ ഓണക്കാലത്തെ ആദ്യ റിലീസ് ആണ് ‘സുന്ദരി ഗാർഡൻഡ്.’ സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ഹൈലൈറ്റ് അപർണ ബലമുരളിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ശേഷം അപർണ ആദ്യമായി മലയാളം സ്‌ക്രീനിൽ എത്തുന്ന സിനിമ. ചാർളി ഡേവിസ് സംവിധാനം ചെയ്ത സിനിമയിൽ അപർണ ബാലമുരളിക്കൊപ്പം നീരജ് മാധവ്, ബിനു പപ്പു, ശ്രുതി സുരേഷ്, വിജയരാഘവൻ, സ്മിജ, ലാലി പി എം എന്നിവരും എത്തുന്നു.

സിനിമയുടെ ട്രെയിലറിലും പാട്ടുകളിലും ഉണ്ടായിരുന്ന സൂചനകൾ പോലെ പൂർണമായും ഒരു ‘ഫീൽ ഗുഡ്’ സിനിമയാണ് ‘സുന്ദരി ഗാർഡൻസ്.’ സുന്ദരി സാറ മാത്യൂസ് എന്ന 32 കാരിയുടെ കഥയാണ് സുന്ദരി ഗാർഡൻസ്. സ്ക്കൂൾ ലൈബ്രറിയൻ ആണ് സുമ എന്ന വിളിപ്പേരുള്ള സുന്ദരി. ഒരേ സമയം അതിഭീകരമായ സംഘർഷങ്ങളെ അതിജീവിക്കുന്ന, എല്ലാ ദുരന്തങ്ങളെയും ഹാസ്യാത്മകമായി കാണാൻ ശേഷിയുള്ള സുമ കടുത്ത വൈകാരിക അരക്ഷിത്വങ്ങളെ കൂടെ കൊണ്ട് നടക്കുന്ന ആളാണ്‌. സ്കൂളിൽ പുതുതായി വന്ന വിക്ടർ എന്ന അധ്യാപകനും സുമയും തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധത്തിലൂടെയാണ് ‘സുന്ദരി ഗാർഡൻസ്’ വികസിക്കുന്നത്.

ഫീൽ ഗുഡ് റൊമാന്റിക് കോമഡികൾ സാഹിത്യത്തിലും സിനിമയിലും എല്ലാ കാലത്തും ‘സുരക്ഷിത നിക്ഷേപങ്ങളാ’ണെന്ന് പറയാറുണ്ട്. അത്തരം സിനിമകൾ ലഘുവായ, ശാന്തമായ ഒരു ആസ്വാദന തലം കാണുന്നവർക്ക് പലപ്പോഴും നൽകുന്നുണ്ട്. ‘സുന്ദരി ഗാർഡൻസും’ ഉപയോഗിക്കാൻ പ്രാഥമികമായി ശ്രമിച്ചത് അത്തരമൊരു സാധ്യതയെ ആണ്. മലയാളത്തിൽ ഇപ്പോൾ ജിസ് ജോയ് പിന്തുടരുന്ന പാതയാണ് സംവിധായകൻ ചാർളി ഡേവിഡ് ഈ സിനിമയിൽ പിന്തുടരാൻ ശ്രമിച്ചത് എന്ന് പല ഘട്ടത്തിലും തോന്നി.

Read Here: Palthu Janwar Movie Review & Rating: രസിപ്പിക്കുന്ന ചിത്രം, മടുപ്പിക്കുന്നതും; ‘പാല്‍ത്തു ജാന്‍വര്‍’ റിവ്യൂ

അപർണ ബാലമുരളിയുടെ സുന്ദരി വളരെ സൂക്ഷ്മതയോടെ നിർമ്മിക്കപ്പെട്ട കഥാപാത്രമാണ്. ജീവിതത്തെ ഒരേ സമയം ധീരമായും അങ്ങേയറ്റം അരക്ഷിതമായും കാണുന്ന ആ കഥാപാത്രത്തെ അതിസൂക്ഷ്മമായി അപർണ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ പലപ്പോഴും അപർണയുടെ കഥാപാത്രത്തെ പിന്തുണക്കുന്ന ദൗത്യമാണ് മറ്റു കഥാപാത്രങ്ങൾക്കുള്ളത്. അതവർ മനോഹരമായി ചെയ്തിട്ടുണ്ട്. സാധ്യതകൾ വളരെയധികം ഉണ്ടായിട്ടും കരുതി കൂട്ടിയുള്ള രാഷ്ട്രീയ ശരി പ്രസ്താവനകൾ ട്രെൻഡിനൊപ്പം നിന്നു പറയാതിരിക്കാനും ‘സുന്ദരി ഗാർഡൻസ്’ ശ്രദ്ധിച്ചിട്ടുണ്ട്. അത് ഇപ്പോൾ മലയാള സിനിമയിൽ വിരളമായി മാത്രം കാണുന്ന കാഴ്ചയാണ്. ഹിന്ദിയിൽ ‘ഡിയർ സിന്ദഗി,’ ‘തമാശ’ പോലുള്ള സിനിമകളിൽ ആണ് ഇത്തരം പാത്ര നിർമിതി മുൻപ് കണ്ടിട്ടുള്ളത്.

ഒ ടി ടി കാലത്തിനു ശേഷം മലയാളത്തിൽ സിനിമയുടെ വാണിജ്യ വിജയം കുറയുന്നതിനെ പറ്റി പല രീതിയിലും നിരന്തരമായ ചർച്ചകൾ നടന്നു. ഒരു സിനിമയും ടെലിഫിലിംമും തമ്മിൽ ഉള്ള വ്യത്യാസമറിയാത്ത സിനിമകൾ ഇറങ്ങുന്നതാണ് ഇത്തരം കുറഞ്ഞ വാണിജ്യ വിജയത്തിന് കാരണം എന്ന വാദം ഇതിനിടക്ക് പല നിലക്ക് ഉയർന്നു കേൾക്കുന്നുണ്ട്. അത്തരം വാദത്തിനു സാധുത ഉണ്ടോ ഇല്ലയോ എന്നത് തികച്ചും ആപേക്ഷികമായ കാര്യമാണ്. ‘സുന്ദരി ഗാർഡൻസി’ലെ ചില സന്ദർഭങ്ങളും പാട്ടുകളും ഇതേ വാദത്തെ നമ്മളെ വീണ്ടും ഓർമിപ്പിക്കും. ഒരു മ്യൂസിക്കലിന് വേണ്ടത്രയും പാട്ടുകൾ ഇത്തരം ഒരു സിനിമക്ക് ആവശ്യമുണ്ടോ എന്നും തോന്നാം. കഥാപാത്ര നിർമിതിയിലെ സൂക്ഷ്മത പലപ്പോഴും സിനിമയിലെ കഥക്കും തിരക്കഥക്കും ഉണ്ടായിട്ടില്ല.

ഒറ്റ വരിയിൽ ആശയമായി കേൾക്കുമ്പോൾ വളരെയധികം വ്യത്യസ്തമായി തോന്നുന്നവയാണ് ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ. എന്നാൽ സിനിമയായി പുറത്തിറങ്ങുമ്പോൾ പലപ്പോഴും അത്ര കണ്ട് കെട്ടുറപ്പും കാമ്പും പലപ്പോഴും അവക്ക് നഷ്ടമാകുന്നു. ‘സുന്ദരി ഗാർഡൻസിലും’ പല ഘട്ടത്തിലും ഇതേ പ്രശ്നം അനുഭവപ്പെട്ടു. 32 വയസുള്ള വിവാഹ മോചിതയായ ഒരു സ്ത്രീക്ക് വീണ്ടും ഒരു പ്രണയത്തിന്റെ സാധ്യതയൊക്കെ ഇപ്പോഴും പോപ്പുലർ മലയാളം സിനിമ വളരെയധികം വിരളമായി പരീക്ഷിക്കുന്ന വിഷയമാണ്. അതൊരു ഫീൽ ഗുഡ് റൊമാന്റിക് കോമഡി ആയിരിക്കുക എന്നതും വെല്ലുവിളികൾ നിറഞ്ഞ ഒരു ശ്രമമാണ്. പക്ഷേ ആ ശ്രമത്തെ പൂർണമായും രസിപ്പിക്കുന്ന സിനിമയാക്കാൻ ‘സുന്ദരി ഗാർഡൻസി’ന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല.

സൂക്ഷ്മ വായനകൾക്ക് ഇടക്ക് ഇപ്പോഴൊക്കെയോ സാധ്യതകൾ നൽകിയ മറ്റൊരു മലയാളം ‘ഫീൽ ഗുഡ് എന്റർടെയ്നർ’ എന്ന് വേണമെങ്കിൽ ‘സുന്ദരി ഗാര്‍ഡന്‍സി’നെ വിശേഷിപ്പിക്കാം. ആ രണ്ട് സാധ്യതകൾ ആസ്വദിക്കുന്നവർക്ക് വേണ്ടി നിർമിച്ച ഒന്ന് എന്ന് ചുരുക്കാം.

Read Here: Onam Release: ഉത്സവദിനങ്ങൾ കളറാക്കാൻ തിയേറ്ററുകളിലേക്ക് എത്തുന്ന ഓണചിത്രങ്ങൾ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Sundari gardens movie review rating