scorecardresearch
Latest News

Palthu Janwar Movie Review & Rating: രസിപ്പിക്കുന്ന ചിത്രം, മടുപ്പിക്കുന്നതും; ‘പാല്‍ത്തു ജാന്‍വര്‍’ റിവ്യൂ

Palthu Janwar Movie Review & Rating: വലിയ ബഹളങ്ങളും പരിക്കുകളും ഇല്ലാതെ പോയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതി പലപ്പോഴും ഒരൊറ്റ സംഭവത്തിൽ കുരുങ്ങി കിടക്കുകയാണ്. അതിനെ തന്നെ എത്ര കണ്ട് പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി എന്നും സംശയമാണ്

Palthu Janwar Movie Review & Rating: രസിപ്പിക്കുന്ന ചിത്രം, മടുപ്പിക്കുന്നതും; ‘പാല്‍ത്തു ജാന്‍വര്‍’ റിവ്യൂ
Palthu Janwar Movie Review & Rating: പാല്‍ത്തു ജാന്‍വര്‍ റിവ്യൂ

Palthu Janwar Movie Review & Rating: ‘പാൽത്തു ജാൻവർ’ എന്ന വാക്ക് ഭൂരിഭാഗം മലയാളികൾക്കും സ്ക്കൂൾക്കാല ഗൃഹാതുരയെ ഉണർത്താൻ സാധ്യത ഉള്ള ഒന്നാണ്. ഹിന്ദി പഠിച്ചു തുടങ്ങുന്ന കാലത്ത് പാൽത്തു ജാൻവറുകളെ കുറിച്ച് പഠിച്ചിട്ടില്ലാത്ത തലമുറകൾ ഇവിടെ കുറവാണ്. വളർത്തു മൃഗങ്ങൾ എന്നർത്ഥം വരുന്ന അത്തരമൊരു പേര് ഒരു മലയാള സിനിമക്ക് ഇടുന്നതിലെ കൗതുകം കൊണ്ടാണ് റിലീസിന് മുൻപേ ‘പാൽത്തു ജാൻവറിനെ’ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്.

നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ കഥ എഴുതിയത് എഴുത്തുകാരൻ വിനോയ് തോമസും അനീഷ് അഞ്‌ജലിയും ചേർന്നാണ്. ഭാവന മൂവിസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ഉണ്ണിമായ, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ലളിതമായ ഒരു ഉത്സവ കാല സിനിമയുടെ പ്രതീതി ജനിപ്പിച്ച സിനിമയുടെ ട്രെയിലറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രൊമോഷണൽ ഗാനവും ഒക്കെ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകി. ആ പ്രതീക്ഷകൾ കൊണ്ടു തന്നെയാവണം ഓണാഘോഷം അതിന്‍റെ പൂർണതയിൽ എത്തും മുൻപ് തന്നെ ‘പാൽത്തു ജാൻവറി’ന്‍റെ ആദ്യ ഷോ തീയറ്ററുകളിലേക്ക് ആളെ കൂട്ടി.

Read Here: Sundari Gardens Movie Review & Rating: സൂക്ഷ്മവായനകൾക്ക് സാധ്യതയുള്ള ‘ഫീൽ ഗുഡ്’ പടം; ‘സുന്ദരി ഗാര്‍ഡന്‍സ്’ റിവ്യൂ

Palthu Janwar Movie Review & Rating

കണ്ണൂരിലെ കുടിയാന്മല എന്ന് പേരുള്ള ഉൾഗ്രാമത്തിലെ ഒരു മൃഗാശുപത്രിയെ ചുറ്റി പറ്റിയാണ് ‘പാൽത്തു ജാൻവറി’ന്‍റെ കഥ വികസിക്കുന്നത്. അവിടേക്ക് പുതിയ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി വന്ന പ്രസൂൺ ഈ മേഖലയിലേക്ക് യാതൊരു താല്പര്യവും ഇല്ലാതെ എത്തിയ ആളാണ്‌. അച്ഛന്‍റെ മരണ ശേഷം ലഭിച്ച ജോലി ആയത് കൊണ്ടും കടുത്ത ജീവിത സാഹചര്യങ്ങൾ നിർബന്ധിച്ചത് കൊണ്ടും ആ ജോലി ഏറ്റെടുക്കാൻ പ്രസൂൺ നിർബന്ധിതനാവുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന പ്രസൂണിന്‍റെ ആത്മസംഘർഷങ്ങളും തൊഴിലിടത്തിലെ വെല്ലുവിളികളും പ്രസൂൺ അതിനെയൊക്കെ അതിജീവിക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് സിനിമയുടെ പ്രധാന കഥാതന്തു. പ്രസൂൺ അവിടെ കണ്ട് മുട്ടുന്ന മനുഷ്യരിലൂടെയും മൃഗങ്ങളിലൂടെയും കഥ വളരുന്നു.

മലയാളത്തിൽ മൃഗാശുപത്രികളെ ചുറ്റി പറ്റി ഉണ്ടായ, ഇന്നും പ്രേക്ഷകർ ഓർക്കുന്ന സിനിമകളാണ് ‘ഡോക്ടർ പശുപതി’ ‘വധു ഡോക്ടറാണ്’ എന്നിവ. ഹാസ്യമാണ് ഈ രണ്ട് സിനിമകളുടെയും ഗണം (genre). എവിടെയൊക്കെയോ അത്തരമൊരു ബാഹ്യ അന്തരീക്ഷം സൃഷ്ടിക്കാൻ ‘പാൽത്തു ജാൻവറും’ ശ്രമിക്കുന്നുണ്ട്. അത്രയൊന്നും ഫലപ്രദമല്ലെങ്കിലും ‘പാൽത്തു ജാൻവറും’ വികസിക്കുന്നത് ഹാസ്യത്തിലൂടെയാണ്. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാൻ പക്ഷേ ആ ഹാസ്യം പരാജയപ്പെട്ടു പോകുന്നുണ്ട്.

കുട്ടികളെയും കുടുംബത്തെയും ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും പ്രൊമോഷണൽ സ്ട്രാറ്റജികളും ആയിരുന്നു സിനിമക്ക് ഉണ്ടായിരുന്നത്. പക്ഷേ സിനിമയുടെ ഏകതാനമായ രണ്ടാം പകുതി കുട്ടികളും ഒത്തുള്ള കാഴ്ചക്കും ആസ്വാദനത്തിനും എത്ര കണ്ട് പര്യാപ്തമാണ് എന്ന് സംശയമാണ്. വലിയ ബഹളങ്ങളും പരിക്കുകളും ഇല്ലാതെ പോയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതി പലപ്പോഴും ഒരൊറ്റ സംഭവത്തിൽ കുരുങ്ങി കിടക്കുകയാണ്. അതിനെ തന്നെ എത്ര കണ്ട് പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി എന്നും സംശയമാണ്.

‘കമിങ് ഓഫ് ഏജ്’ സിനിമയുടെ സാധ്യതയും ‘പാൽത്തു ജാൻവർ’ പകർന്നു തരുന്നുണ്ട്. ‘പ്രേമ’വും ‘ജൂണും’ പോലുള്ള സിനിമകൾ അത്തരം ചിത്രങ്ങളുടെ സ്വീകാര്യതയെ മലയാളത്തിൽ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ‘പാൽത്തു ജാൻവറി’ലെ നായകൻ ബേസിൽ അത്തരമൊരു dimension കൂടി ചിത്രത്തിനുണ്ട് എന്ന് ഒരു ആഭിമുഖത്തിൽ പറഞ്ഞിരുന്നു. കടുത്ത നിരാശയും ആത്മവിശ്വാസകുറവും പേറുന്ന പ്രസൂണിൽ നിന്ന് ക്ലൈമാക്സിലെ പ്രസൂണിലേക്കുള്ള വളർച്ചയാണ് സിനിമയ്ക്ക് അത്തരമൊരു സാധ്യതയിലേക്ക് തുറന്ന് വച്ചത്. പക്ഷേ അപ്പോഴും രണ്ടാം പകുതിയിൽ ചിത്രം ആ വിഷയത്തെ ഭാഗികമായെങ്കിലും കൈ വിടുന്നു. മനുഷ്യരും മറ്റു ജീവ ജാലങ്ങളും തമ്മിൽ ഉള്ള/ഉണ്ടാവേണ്ട ആത്മ ബന്ധത്തെയും സഹവർത്തിത്വത്തെ കുറിച്ചും സിനിമ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഉപദേശ രൂപത്തിലുള്ള അത്തരം ബോധ്യങ്ങൾ എത്ര കണ്ട് പ്രേക്ഷകരിലേക്കെത്തും എന്ന് സംശയമാണ്.

സിനിമയിൽ അഭിനയിച്ച താരങ്ങളുടെ പ്രകടനവും പാട്ടുകളും മൃഗങ്ങളുടെ കമ്പ്യൂട്ടർ ജനറേറ്റെഡ് ഫുട്ടേജുകളും വിശ്വസനീയമാണ്. പരസ്യവും വിവിധ തരം പ്രമോഷനും നൽകുന്ന ലളിത മനോഹരമായ ഒരു കാഴ്ച, ചിത്രം മുഴുവനായി കാണുന്നവരിലേക്ക് എത്തുമോ എന്ന് സംശയമാണ്.

Read Here: Sundari Gardens Movie Review & Rating: സൂക്ഷ്മവായനകൾക്ക് സാധ്യതയുള്ള ‘ഫീൽ ഗുഡ്’ പടം; ‘സുന്ദരി ഗാര്‍ഡന്‍സ്’ റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Palthu janwar movie review rating