Ottu Malayalam Movie Review and Rating: റിലീസ് സംബന്ധിച്ച ഒരുപാട് അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഓണ ദിവസം ‘ഒറ്റ്’ തീയറ്ററുകളിൽ എത്തുന്നത്. ‘തീവണ്ടി’ക്ക് ശേഷം ടി പി ഫെലിനി ഒരുക്കുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങൾ ആവുന്നു. ഇവർക്കൊപ്പം ജാക്കി ഷരോഫ്, ആടുകളം നരേൻ, ഇഷ റെബ്ബ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ എത്തുന്ന സിനിമ, ‘അതിശയന്‍’ ശേഷം ജാക്കി ഷാരോഫ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്നൊക്കെയുള്ള കൗതുകങ്ങളാണ് ‘ഒറ്റി’നു വലിയ പ്രാധാന്യം നേടി കൊടുത്തത്. ഒപ്പം കുഞ്ചാക്കോ ബോബന്റെ മേക്ക് ഓവറും ഇന്റിമേറ്റ് രംഗങ്ങളും കാണികളിൽ കൗതുകമുണ്ടാക്കി.
ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കും പോലെ ‘ഒറ്റ്’ ഒരു ത്രില്ലർ റോഡ് മൂവി ആണ്. മൂന്ന് ചാപ്ടറുകൾ ഉള്ള സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ന് തീയറ്ററുകളിൽ എത്തിയത്. മുംബൈ നഗരത്തിന്റെ തിരക്കുകളിൽ നിന്നാണ് ‘ഒറ്റ്’ തുടങ്ങുന്നത്. കിച്ചു എന്ന യുവാവ് കാമുകി കല്യാണിയുമായി ചേർന്ന് സാമ്പത്തികസ്ഥിരതയുള്ള ജീവിതം സ്വപ്നം കാണുന്നു. യാദൃശ്ചികമായി അയാൾക്ക് ഒരു ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. ഇതിനായി അയാൾക്ക് ഡേവിഡ് എന്ന വിചിത്രനായ മനുഷ്യനെ പരിചയപ്പെടേണ്ടി വരുന്നു. ഇവർ തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധവും ഒന്നിച്ചു ഇവർ നടത്തുന്ന യാത്രയും ഇതിനിടയിൽ ചുരുളഴിയുന്ന ദുരൂഹതകളും ഒക്കെ ചേർന്നാണ് ‘ഒറ്റി’ന്റെ കഥ വികസിക്കുന്നത്.
ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ‘ഗുഡ്, ബാഡ് ആൻഡ് അഗ്ലി’യിലെ ഹിറ്റായ ഗൺ ഷൂട്ട് രംഗത്തിന്റെ റെഫറൻസിലൂടെയാണ് ‘ഒറ്റ്’ തുടങ്ങുന്നത്. ‘ഗുഡ്, ബാഡ് ആൻഡ് അഗ്ലി’ അടക്കം ഹോളിവുഡ് ആക്ഷൻ സിനിമകളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം സിനിമയിലുണ്ട്. ‘തീവണ്ടി’യിൽ ഗ്രാമ്യമായ അന്തരീക്ഷത്തിൽ കഥ പറഞ്ഞ ഫെലിനി അതിൽ നിന്നും തീർത്തും വിഭിന്നമായി നാഗരികമായ, സ്റ്റൈലിഷ് ആയ ഒരു കഥാപരിസരം തിരഞ്ഞെടുക്കുന്നു. നേരിട്ട് കഥയിലേക്ക് കടക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ വിശദമായ പശ്ചാത്തലമോ നിർമിതിയോ ഒന്നുമില്ല.
പൊതുവെ റോഡ് മൂവികൾ മലയാളത്തിൽ അധികം പുറത്തിറങ്ങാറില്ല. യാത്രക്കിടയിൽ വികസിക്കുന്ന കഥ, അതുണ്ടാക്കുന്ന സംഘർഷങ്ങൾ ഒക്കെ ചിത്രീകരിക്കുക വെല്ലുവിളിയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹൈവേയിലൂടെ യാത്ര ചെയ്താണ് ‘ഒറ്റ്’ ആ സാധ്യതയെ ഉപയോഗിച്ചത്. ആ യാത്രയിലുടനീളം കുഞ്ചാക്കോ ബോബന്റെയും അരവിന്ദ് സ്വാമിയുടെയുടെയും കഥാപാത്രങ്ങൾ തമ്മിൽ ഉള്ള സങ്കീര്‍ണ്ണമായ ബന്ധത്തെ ചുരുളഴിക്കാൻ ആണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.
‘സ്റ്റൈലിഷ് സിനിമകൾ ‘ എന്നൊരു വിഭാഗം സിനിമ ഔദ്യോഗികമായി നിലവിലുണ്ടോ എന്നറിയില്ല. പക്ഷേ വളരെ നാഗരികമായ കാഴ്ചകളും വസ്ത്രങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ സിനിമകളെ പൊതുവെ സിനിമാ പ്രേമികൾ ‘സ്റ്റൈലിഷ്’ സിനിമകൾ എന്ന് വിളിക്കാറുണ്ട്. ഇത്തരം സിനിമകൾക്ക് മാത്രമായി പ്രത്യേക കാണികൾ ഉണ്ട്. പൂർണമായും ആ കാണികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമാണ് ‘ഒറ്റ്.’ കഥക്കുമപ്പുറം സിനിമയുടെ ഡീറ്റെലിംഗിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്. നായകനും വില്ലനും, അല്ലെങ്കിൽ രണ്ട് കേന്ദ്രകഥാപാത്രങ്ങൾ തമ്മിലുള്ള സംഘട്ടന രംഗങ്ങളിലൂടെയാണ് സിനിമയുടെ വികാസം. നായകൻ/വില്ലൻ എന്നീ സാമ്പ്രദായികമായ സങ്കൽപ്പങ്ങളെയും ‘ഒറ്റ്’ ആശ്രയിക്കുന്നില്ല.

ഒരു ത്രില്ലർ മുന്നോട്ട് നീങ്ങുന്നത് യുക്തി ഭദ്രതയെ കൂടി ആശ്രയിച്ചാണ് എന്ന് പറയാറുണ്ട്. ‘ഒറ്റ്’ ആ യുക്തി ഭദ്രതയെയും ആശ്രയിച്ചിട്ടില്ല. ക്ലൈമാക്സ് രംഗത്തിലെ ആക്ഷൻ രംഗങ്ങൾ ഒക്കെ എല്ലാ തരം യുക്തി ബോധ്യങ്ങൾക്കും അതീതമായി നിലനിൽക്കുന്നു. ബോളിവുഡ് സിനിമകളിൽ കണ്ട് പരിചയിച്ച ആക്ഷൻ രംഗങ്ങളുടെ പ്രകട സ്വാധീനം പലയിടത്തും സിനിമയെ മുന്നോട്ട് നയിക്കുന്നതായും കാണാം.
പ്രീക്വലും സീക്വലും ഒക്കെയുള്ള സിനിമകളുടെ ആദ്യ ഭാഗം തീയറ്ററുകളിൽ എത്തുമ്പോൾ പൊതുവെ അതിനു മാത്രമായി നിലനിൽപ്പുണ്ടാവും. പക്ഷേ അത്തരമൊരു നിലനിൽപ്പിന് സാധ്യത കുറഞ്ഞ സിനിമയാണ് ‘ഒറ്റ്.’ ഭൂത-ഭാവികൾ കൂടി കുഴഞ്ഞു കൊണ്ടാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ വർത്തമാന കാലത്തെ നിർണയിക്കുന്നത്. എന്നാല്‍ എങ്ങനെ അവർ ഈ വർത്തമാന കാലത്തിലേക്ക് എത്തി എന്ന് സിനിമ പറയുന്നില്ല. ആദ്യ കാഴ്ചയില്‍ തന്നെ നോൺ-ലീനിയർ ആയ കഥാ ഗതിയെ, അതിന്റെ ഗതിവേഗങ്ങളെ ഒക്കെ ഫോളോ ചെയ്യാന്‍ പ്രയസമുള്ളവരെ പലയിടത്തും സിനിമ പരീക്ഷിക്കുന്നുണ്ട്.
തിരക്കഥക്കും കഥാപാത്രങ്ങൾക്കും ഉപരി ‘സ്റ്റൈലിഷ്’ ആയ കാഴ്ചകളും നിർമിതിയും ആണ് സിനിമ എന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ് ‘ഒറ്റ്.’ അത്തരം സിനിമാസ്വാദകരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് സാധിച്ചേക്കും.
Read Here: ചിലപ്പോള്‍ കൈയ്യടിയോടെ, ചിലപ്പോള്‍ താളം നഷ്ടപ്പെട്ട്; ‘ഒരു തെക്കന്‍ തല്ല് കേസ്’ റിവ്യൂ