scorecardresearch

Grrr Review: സിംഹക്കൂട്ടിലൊരുക്കിയ ചിരിവിരുന്ന്, ഗ്ർർർ റിവ്യൂ

Grrr Movie Review Rating: ചാക്കോച്ചനൊപ്പം സുരാജ് വെഞ്ഞാറമൂടും ചേർന്ന് ഫൺ റൈഡാക്കുന്ന 'ഗ്ർർർ'; ഇരുവർക്കുമൊപ്പം കട്ടയ്ക്ക് ഷൈൻ ചെയ്ത് മോജോ എന്ന സിംഹവും

Grrr Movie Review Rating: ചാക്കോച്ചനൊപ്പം സുരാജ് വെഞ്ഞാറമൂടും ചേർന്ന് ഫൺ റൈഡാക്കുന്ന 'ഗ്ർർർ'; ഇരുവർക്കുമൊപ്പം കട്ടയ്ക്ക് ഷൈൻ ചെയ്ത് മോജോ എന്ന സിംഹവും

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Grrr  | Movie Review

Grrr Movie Malayalam Review

Grrr Movie Film Review Rating: അബദ്ധവശാൽ നിങ്ങൾ ഒരു സിംഹക്കൂട്ടിൽ പെട്ടു പോയാൽ എന്തായിരിക്കും മാനസികാവസ്ഥ? ഭയത്തിന്റെ മുൾമുനയിൽ നിന്നു മാത്രം കാണാനാവുന്ന അത്തരമൊരു സാഹചര്യത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വളരെ രസകരമായി അവതരിപ്പിക്കുകയാണ് ജയ്‌. കെ സംവിധാനം ചെയ്ത 'ഗ്ർർർ'.

Advertisment

കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പറയുന്നത്,  മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന ഒരു യുവാവിന്റെ കഥയാണ്.

ജീവിതത്തിലെ നിർണായകമായൊരു ദിവസത്തിൽ,  പറ്റിയ്ക്കപ്പെട്ടു എന്ന തോന്നലിൽ മനം നൊന്ത് മദ്യപിച്ചു ഫിറ്റായ റെജിമോൻ നാടാർ (കുഞ്ചാക്കോ ബോബൻ) ഒരു സാഹസം ചെയ്യുന്നു. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടുകയാണ്. റെജിമോൻ സിംഹത്തിനുള്ള ഭക്ഷണമാവുമോ അതോ രക്ഷപ്പെടുത്താനാവുമോ എന്ന ആകാംക്ഷയിൽ നിൽക്കുന്ന കാണികൾ ഒരു വശത്ത്... മറുവശത്ത്,  സിംഹക്കൂട്ടിൽ നിന്നും റെജിമോനെ രക്ഷിച്ചെടുക്കാനായി മൃഗശാല അധികൃതരും പൊലീസും ഫയർ ഫോഴ്സുമെല്ലാം ചേർന്ന് നടത്തുന്ന  രക്ഷാപ്രവർത്തനങ്ങൾ മറുവശത്ത്... ഇതിനെല്ലാമിടയിൽ രക്ഷിക്കാനെത്തുന്ന ആളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയിൽ റെജിമോൻ കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളും... ഇതെല്ലാം കൂടി ചേരുമ്പോൾ 'ഗ്ർർർ' കാഴ്ചാനുഭവം വളരെ  എൻഗേജ്ഡായി മാറുകയാണ്. 

ഒരു കാമുകന്റെ നിരാശയും അയാളുടെ ഈഗോ മുറിവേൽപ്പിക്കപ്പെടുമ്പോഴുള്ള അമർഷവും എടുത്തുചാട്ടവുമെല്ലാം വളരെ കൺവീൻസിംഗായി തന്നെ അവതരിപ്പിക്കുന്നുണ്ട് ചാക്കോച്ചൻ. മദ്യലഹരിയിലുള്ള ഒരാളുടെ ബോഡി ലാംഗ്വേജും ചാക്കോച്ചന്റെ കയ്യിൽ ഭദ്രമായിരുന്നു. ചാക്കോച്ചനൊപ്പം സുരാജ് വെഞ്ഞാറമൂടും കൂടിയെത്തുമ്പോൾ ചിത്രമൊരു ഫൺ റൈഡായി മാറുകയാണ്. ഇരുവർക്കുമൊപ്പം കട്ടയ്ക്ക് നിന്ന് ഷൈൻ ചെയ്യുന്നുണ്ട് മോജോ എന്ന സിംഹവും. 

Advertisment

അനഘ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, മഞ്ജു പിള്ള, സെന്തിൽ കൃഷ്ണ, അലൻസിയർ, രമേഷ് പിഷാരടി, പാർവതി കൃഷ്ണ, രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ  എന്നിവരും തങ്ങളുടെ റോളുകൾ മനോഹരമാക്കി. 

മൃഗയ, പുലിമുരുകൻ എന്നു തുടങ്ങി മൃഗങ്ങളെ ചുറ്റിപ്പറ്റി കഥ പറഞ്ഞുപോവുന്ന എത്രയോ ചിത്രങ്ങൾ മലയാളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയെല്ലാം ഭീതിയുടെ പശ്ചാത്തലമൊരുക്കിയാണ് കഥ പറഞ്ഞു പോവുന്നതെങ്കിൽ ഇവിടെ ആദ്യം മുതൽ കോമഡിയുടേതായൊരു ട്രാക്കാണ് സംവിധായകൻ ജയ് പിടിച്ചിരിക്കുന്നത്. ഒരു സർവൈവൽ ചിത്രത്തെ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ തമാശയുടെ മേമ്പോടിയോടെ അവതരിപ്പിക്കുക എന്ന ശ്രമം ഒട്ടും പാളിപ്പോകാതെ തന്നെ എക്സിക്യൂട്ട് ചെയ്യാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. സംവിധായകൻ ജയ്‌.കെയും പ്രവീൺ.എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

പ്രണയം, ദുരഭിമാനക്കൊല തുടങ്ങിയ വിഷയങ്ങളെ കുറിച്ചൊക്കെ പറയാൻ തിരക്കഥ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും വലിയ ഇംപാക്റ്റ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. സിറ്റുവേഷണൽ കോമഡികൾ തന്നെയാണ് ചിത്രത്തെ രസകരമായി മുന്നോട്ടു കൊണ്ടുപോവുന്ന ഘടകം. 

ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ കഥ പറച്ചിൽ രീതിയിൽ പെട്ടെന്നു വരുത്തിയ ഗിയർ മാറ്റം വല്ലാതെ കല്ലുകടിയാവുന്നുണ്ടെന്ന് പറയാതെ വയ്യ.  മുക്കാൽ ഭാഗത്തോളം വളരെ സ്വാഭാവികമായി മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ഒഴുക്ക് അപ്പാടെ മാറ്റി മറിക്കുന്ന രീതിയിലായിരുന്നു ക്ലൈമാക്സ് രംഗങ്ങളും അതിനോട് അനുബന്ധിച്ചുവരുന്ന ഗാനരംഗവുമൊക്കെ എത്തിയത്. ഈ പോരായ്മ മാറ്റി നിർത്തിയാൽ, ഫൺ മൂഡിൽ കണ്ട് ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് 'ഗ്ർർർ'. 

വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ സെറ്റ് വർക്കാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ജയേഷ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് ലിഫ്റ്റ് ചെയ്യുന്നുണ്ട്.  ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കുട്ടികൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം വലിയ സ്ട്രെസ്സൊന്നുമില്ലാതെ,  ചിരിച്ചും ആസ്വദിച്ചും കാണാവുന്ന ഒരു ചിത്രമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ധൈര്യമായി 'ഗ്ർർർ' കാണാൻ ടിക്കറ്റ് എടുക്കാം. 

Read More

Kunchacko Boban Suraj Venjarammud Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: