/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/06/27/dileesh-pothan-shahi-kabir-interview-1-2025-06-27-16-20-23.jpg)
Dileesh Pothan
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി- മൂന്നേ മൂന്നു ചിത്രങ്ങൾ മാത്രമാണ് ദിലീഷ് പോത്തൻ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. പക്ഷേ, ആ മൂന്നു ചിത്രങ്ങൾ തന്നെ മതിയായിരുന്നു മലയാളികൾക്ക് ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ ക്രാഫ്റ്റിലെ മികവ് മനസ്സിലാക്കാൻ.
സംവിധാനത്തിൽ നിന്നും ഇടവേളയെടുത്ത് അഭിനയരംഗത്ത് തിളങ്ങുന്ന ദിലീഷ് പോത്തനെയാണ് മലയാളികൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നടനായും നിർമാതാവായുമൊക്കെ തിളങ്ങുന്നതിനിടയിൽ ദിലീഷിലെ സംവിധായകൻ എവിടെയാണ് മിസ്സായി പോവുന്നത്?
അഭിനയത്തെ കുറിച്ചും സംവിധായകനെന്ന രീതിയിൽ വന്നുപോവുന്ന ഇടവേളകളെ കുറിച്ചും ദിലീഷ് പോത്തൻ സംസാരിക്കുന്നു.
കുറച്ചു ഏറെ നാളുകളായി ദിലീഷ് പോത്തൻ എന്ന നടനെയാണ് മലയാളികൾ കാണുന്നത്, സംവിധായകനെ കാണുന്നേയില്ല! അഭിനയം സംവിധാനത്തേക്കാൾ എളുപ്പമായതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?
അഭിനയമാണ് കുറേക്കൂടി ഈസിയായി എനിക്കിപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം. സിനിമാ സംവിധാനമെന്ന പ്രക്രിയ അൽപ്പം ദുഷ്കരമാണ്. അതിനു വേണ്ട കണ്ടന്റ് കണ്ടെത്തുന്നതിൽ കാലതാമസമുണ്ട്. ഒരുപാട് സിനിമകൾ ചെയ്യുകയല്ല, ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട സിനിമ ചെയ്യണം എന്നൊരു നിലപാടുള്ളതുകൊണ്ടാവാം അധികം പടങ്ങൾ ചെയ്യാൻ പറ്റാത്തത്. അവസാനപടം കഴിഞ്ഞ് ഞാൻ ആറുമാസം ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നീട് അടുത്ത സിനിമയ്ക്ക് വേണ്ടി കുറേ ചർച്ചകൾ നടത്തി. ഒരു സ്റ്റോറി എടുത്ത് അതിൽ പണിതു തുടങ്ങും, പക്ഷേ പൂർണമായും എനിക്കത് കൺവീൻസ് ആയി തോന്നുന്നില്ലെങ്കിൽ ഉപേക്ഷിക്കും. അങ്ങനെ പാതി വഴിയിൽ പല ചർച്ചകളും കഥകളും ഉപേക്ഷിച്ചിട്ടുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/06/27/dileesh-pothan-interview-8-2025-06-27-16-26-21.jpg)
താങ്കളെ സംബന്ധിച്ച് സംവിധായകനെന്ന രീതിയിൽ സ്വയം കൺവീൻസ് ചെയ്തെടുക്കലാണ് ഏറ്റവും ബുദ്ധിമുട്ട് എന്നു തോന്നുന്നു?
അതെ. പക്ഷേ, എനിക്ക് ആ ബോധ്യം കൂടിയേ തീരൂ. ഞാൻ അനാവശ്യമായി പെർഫെക്ഷൻ നോക്കുന്നതിന്റെയാണോ എന്നറിയില്ല. പക്ഷേ ഇഷ്ടമില്ലാത്തൊരു കാര്യം ചെയ്തെടുക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. സംവിധാനം ചെയ്യുമ്പോൾ, പറയുന്ന വിഷയത്തിൽ എനിക്ക് തന്നെ ആത്മവിശ്വാസമില്ലെങ്കിൽ പിന്നെ അതെങ്ങനെ കാണികളിലേക്ക് കൈമാറാൻ പറ്റും. പേരിനു വേണ്ടിയൊരു സിനിമ ചെയ്യേണ്ട എന്ന നിലപാടിലാണ്.
സംവിധായകൻ നടനായി മാറുന്നതും നടൻ സംവിധായകനായി മാറുന്നതും രണ്ടു തരം പ്രക്രിയയാണല്ലോ. രണ്ടു റോളുകളും ചെയ്യുന്ന ഒരാളെന്ന രീതിയിൽ അനുഭവപ്പെട്ടിട്ടുള്ള പ്ലസും മൈനസും എന്താണ്?
മൈനസ് ഒന്നുമില്ലെന്നാണ് എനിക്കു തോന്നുന്നത്, പ്ലസ് മാത്രമേ ഉള്ളൂ. ഞാനൊരു ഡയറക്ടർ- ആക്ടറായി മാറുമ്പോൾ രണ്ടു റോളുകളിലേക്കും കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റുന്നുണ്ട്. സംവിധായകൻ/ നടൻ- ഈ രണ്ടു റോളുകളും വ്യത്യസ്തമാണ്, അതിന്റെ വെല്ലുവിളികളും വ്യത്യസ്തമാണ്.
Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ
അഭിനയിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ സംവിധായകനെ നിയന്ത്രിക്കാൻ കഴിയണം എന്നേയുള്ളൂ. ആ സമയം ഉള്ളിലെ ഡയറക്ടർ പുറത്തേക്ക് ചാടരുത്. സ്വയം നിയന്ത്രിക്കാനും തീരുമാനങ്ങൾ എടുക്കാനും നിൽക്കരുത്, അത് സംവിധായകനു വിട്ടുകൊടുക്കണം.
ഒരു ഡയറക്ടർ എന്ന രീതിയിൽ വളരാൻ, നടനെന്ന രീതിയിലുള്ള അനുഭവങ്ങൾ എന്നെ സഹായിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 'ആ സംവിധായകൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ' എന്നൊക്കെ അഭിനയിക്കുന്ന സമയത്ത് നമുക്കു തോന്നും. പെർഫോം ചെയ്യുമ്പോൾ ഒരു നടൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുണ്ട്. സംവിധായകൻ മാത്രമായി നിൽക്കുമ്പോൾ നടന്റെ ബുദ്ധിമുട്ടുകൾ നമ്മുടെ ശ്രദ്ധയിൽ പെട്ടെന്നു വരില്ല. അതു മനസ്സിലാക്കാനും കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും എനിക്കിപ്പോൾ പറ്റുന്നുണ്ട്.
സമീപകാലത്ത് മലയാളസിനിമയിലെ നായക സങ്കൽപ്പത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭയങ്കര നല്ലവനായ നായകൻമാർ ഇന്ന് അധികമില്ല. ബ്ലാക്ക്, വൈറ്റ്, ഗ്രേ... പല ഷെയ്ഡുകളിലുള്ള മനുഷ്യരെയാണ് നമ്മളിന്ന് നായകസ്ഥാനത്തു കാണുന്നത്. ഈ മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?
വളരെ നല്ല കാര്യമാണത്. അതിൽ നിന്നുകൊണ്ട് ഹീറോയിക് ആയ ചിത്രങ്ങൾ സാധ്യമാവുന്നു എന്നത് പോസിറ്റീവ് ആണ്. വളരെ റിയലിസ്റ്റിക്കായ നായകന്മാരെ നമുക്കു പരിചയപ്പെടാൻ സാധിക്കുന്നുണ്ട്. അതേസമയം, എല്ലാതരം സിനിമകളും നമ്മുടെ ഇൻഡസ്ട്രിയ്ക്ക് വേണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. സിനിമാമേഖലയുടെ വളർച്ചയ്ക്ക് അത് അത്യാവശ്യമാണ്. ജീവിതഗന്ധിയായ സിനിമകൾക്കൊപ്പം തന്നെ സൂപ്പർ ഹീറോ പടങ്ങളും ഉണ്ടാവണം. മനുഷ്യരെ എല്ലാതരത്തിലും ചിന്തിക്കാൻ പ്രാപ്തമാക്കുന്ന സിനിമകൾ ഉണ്ടാവണം. ആസ്വാദനം എന്നു പറയുന്നത് ഏറെ പ്രധാനമാണ്. ആളുകൾക്ക് അവരുടെ പലവിധ ടെൻഷനുകളിൽ നിന്നും ആശ്വാസം കൊടുക്കേണ്ടത് ഒരു എന്റർടെയിൻമെന്റ് ഇൻഡസ്ട്രി എന്ന രീതിയിൽ നമ്മുടെ കടമയാണ്. അതിന് ഏതൊക്കെ വഴികൾ സാധ്യമാവുന്നുണ്ടോ അതൊക്കെ ശ്രമിച്ചു നോക്കണം, വ്യത്യസ്തമായ സിനിമകൾ ഉണ്ടാവണം.
അഭിനയത്തിനു വലിയ പ്രാധാന്യമുള്ള ഒരുപാട് ചിത്രങ്ങൾ താങ്കളുടേതായി അടുത്തിടെ വന്നു. റൈഫിൾ ക്ലബ്ബ്, ഒ ബേബി, അം ആ, ഔസ്യേപ്പിന്റെ ഒസ്യത്ത്.... എല്ലാം തന്നെ കലാമൂല്യമുള്ള ചിത്രങ്ങളുമാണ്. പക്ഷേ, പലതിനും വേണ്ടത്ര തിയേറ്റർ റെസ്പോൺസ് കിട്ടാതെ പോയോ?
നമ്മൾ ചില സിനിമകളുടെ ഭാഗമാവുന്നത് ആ കഥ ഇഷ്ടപ്പെട്ടതുകൊണ്ടും, അതു സിനിമയായി നടന്നു കാണണമെന്നുമുള്ള ആഗ്രഹം കൊണ്ടുമാണ്. ആ ചിത്രം വലിയ രീതിയിൽ വിജയം നേടാനുള്ള സാധ്യത കുറവാണെന്നും നമുക്കറിയാം.
Also Read: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ
ചില സിനിമകൾ വർക്കാവാതെ പോവുന്നത് അതിൽ കൊമേഴ്സ്യൽ പോയിന്റുകളുടെ കുറവു കൊണ്ടു തന്നെയാവാം. കൊമേഴ്സ്യൽ രീതിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ അത്തരം സിനിമകൾക്കും നേട്ടം കൊയ്യാൻ ആവുന്നുണ്ട്. റൈഫിൾ ക്ലബ്ബ്, റോന്ത് പോലുള്ളവ അതിനുദാഹരണമാണ്. എന്നാൽ, ചില ചിത്രങ്ങൾ കൊമേഴ്സ്യൽ ഘടകങ്ങൾ കുറവാണെങ്കിലും അതിലെ മറ്റു പല ഘടകങ്ങൾ കൊണ്ട് ഇതിനെയൊക്കെ അതിജീവിക്കും.
ഒരു നടനെന്ന രീതിയിൽ എനിക്കുള്ള മാർക്കറ്റും ചിലപ്പോൾ തിയേറ്റർ റണ്ണിനെ ബാധിച്ച ഫാക്റ്റർ ആയിരിക്കാം. എന്നേക്കാൾ കുറേക്കൂടി മാർക്കറ്റുള്ളൊരു നടൻ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയാവില്ല കാര്യങ്ങൾ. പക്ഷേ പതിയെ ആണെങ്കിലും ഇക്കാര്യങ്ങളിലൊക്കെ മാറ്റം സംഭവിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. വലിയ വിജയം നേടുന്നില്ലെങ്കിലും ഒരു മിനിമം ഓഡിയൻസ് വരുന്നുണ്ട് എന്നതും സന്തോഷമാണ്.
സിനിമകൾ തിയേറ്ററിൽ ഓടുന്നു എന്നത് ഏതു നടനെ സംബന്ധിച്ചും വലിയ സന്തോഷമാണ്. പക്ഷേ ഇന്ന് തിയേറ്ററിൽ മിസ്സാവുന്ന പ്രതികരണം ചിത്രം ഒടിടിയിൽ എത്തുമ്പോൾ ലഭിക്കുന്നുണ്ട്. ഔസേപ്പിന്റെ ഒസ്യത്ത്, ഓ ബേബി എന്നിവയൊക്കെ ആളുകൾ നല്ല അഭിപ്രായം പറഞ്ഞ ചിത്രങ്ങളാണ്. അതിന്റെയൊക്കെ ബാക്കിയായിട്ടാവാം എന്നിലേക്ക് പുതിയ ചിത്രങ്ങളും നല്ല കഥാപാത്രങ്ങളും എത്തുന്നത്. ഒരു നടനെന്ന രീതിയിൽ ഈ പടങ്ങളൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകൾ മലയാള സിനിമയ്ക്ക് എങ്ങനെയൊക്കെ ഗുണം ചെയ്തിട്ടുണ്ട് എന്നാണ് താങ്കൾ കരുതുന്നത്?
ഭാഷയ്ക്ക് അതീതമായി നമ്മുടെ സിനിമകൾക്ക് റീച്ച് ലഭിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ കാരണമായിട്ടുണ്ട്. മലയാളികൾ അല്ലാത്ത ഒരുപാട് പേർ മലയാള സിനിമ കാണാൻ തുടങ്ങുന്നത് ഒടിടി പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെയാണ്.
Also Read: ജെഎസ്കെ വിവാദം; 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
പണ്ടത്തെ പോലെയല്ല ഇന്ന് കാര്യങ്ങൾ, എന്നെ പോലൊരു നടൻ ഹൈദരാബാദിലോ ബോംബെയിലോ ചെന്നിറങ്ങുമ്പോൾ മലയാളികളല്ലാത്ത ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. ചിരിക്കുകയും സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഒടിടി പ്ലാറ്റ്ഫോമുകളുടെ റീച്ചിന്റെ ഉദാഹരണം തന്നെയാണ്. അവർ സ്നേഹത്തോടെ അടുത്തുവന്ന് മലയാള സിനിമകളെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ, നമ്മുടെ സിനിമ ഇവരെ ഇത്രമാത്രം സ്വാധീനിക്കുന്നുണ്ടോ എന്നു അത്ഭുതം തോന്നും.
ഒടിടിയുടെ മറ്റൊരു പ്ലസ്, നമ്മുടെ കണ്ടന്റ് എപ്പോഴും അവിടെ ലഭ്യമാണ് എന്നതാണ്. പുനർകാഴ്ചയ്ക്കായി അതവിടെ തന്നെയുണ്ട്. സാറ്റലൈറ്റിൽ ലഭ്യമാവുന്ന പോലെയുമല്ല, നമുക്ക് വേണ്ടപ്പോൾ നമ്മുടെ ഇഷ്ടത്തിനു കാണാം. റോന്ത് കാണുമ്പോഴാവും ചിലപ്പോൾ ഒ ബേബി കാണാൻ ഒരാൾക്കു തോന്നുക. വിരൽത്തുമ്പിൽ തന്നെ അതിനുള്ള പരിഹാരമുള്ളതുകൊണ്ടാണല്ലോ ആ ചിന്ത പോലും സാധ്യമാവുന്നത്. കൂടുതൽ ആളുകൾക്ക് അവരുടെ സൗകര്യാർത്ഥം സിനിമകൾ കാണാനും ആവർത്തിച്ചു കാണാനുമൊക്കെ സാധിക്കുന്നു എന്നത് നല്ല കാര്യമാണ്.
ഏതൊക്കെയാണ് പുതിയ ചിത്രങ്ങൾ?
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ഒരു ദുരൂഹസാഹചര്യത്തിൽ', ലിയോ തദ്ദേവൂസിന്റെ ചെവിട്ടോർമ്മ എന്നിവയാണ് നിലവിൽ വരാനിരിക്കുന്ന ചിത്രങ്ങൾ. അടുത്ത വർഷം ഒരു പടം സംവിധാനം ചെയ്യണമെന്നുണ്ട്, അതിന്റെ എഴുത്തും നടക്കുന്നുണ്ട്.
താങ്കളും ബേസിൽ ജോസഫുമൊക്കെ അഭിനയിക്കുന്നതു കാണാൻ ആളുകൾക്കിഷ്ടമാണ്, അതുപോലെ സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ കാണാനും. രണ്ടും ബാലൻസ് ചെയ്തുകൊണ്ടു പോവുക എളുപ്പമല്ലല്ലോ. എപ്പോഴാണ് അടുത്ത പടമെന്ന ആളുകളുടെ ചോദ്യം നേരിടേണ്ടിയും വരും. ഇതൊക്കെ എങ്ങനെയാണ് ഡീൽ ചെയ്യുന്നത്?
കുറച്ചുനാൾ മുൻപു വരെ എനിക്കിതു പ്രശ്നമായിരുന്നു. അടുത്തിടെയാണ്, ഞാൻ ഗൗരവത്തോടെ നല്ല കഥാപാത്രങ്ങൾ നോക്കി സെലക്റ്റ് ചെയ്യാൻ തുടങ്ങിയത്. മുൻപൊക്കെ ആളുകൾ "നിങ്ങളിങ്ങനെ അഭിനയിച്ചു നടക്കാതെ ഒരു പടം ഡയറക്ട് ചെയ്യൂ," എന്നു പറയുമായിരുന്നു. അപ്പോൾ ഞാൻ അഭിനയിക്കുന്നത് എന്തോ മോശമുള്ളതുപോലെ എനിക്കു ഫീൽ ചെയ്യുമായിരുന്നു. ഇപ്പോൾ നല്ല കഥാപാത്രങ്ങൾ വരാൻ തുടങ്ങിയതോടെ 'സംവിധാനം അൽപ്പം വൈകിയാലും കുഴപ്പമില്ല, ഇത്തരം പെർഫോമൻസുകൾ നിർത്തരുത്' എന്നായി മാറിയിട്ടുണ്ട് ആളുകളുടെ പ്രതികരണം. സത്യത്തിൽ, റോന്ത് ഒക്കെ വന്നതോടെ വലിയ ആശ്വാസമായി. "ഇനി കുറച്ചുനാൾ നിങ്ങൾ സംവിധാനം ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഇതുപോലുള്ള ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് അഭിനയിച്ചാൽ മതി," എന്നൊക്കെ ആളുകളിപ്പോൾ കമന്റ് ചെയ്യുന്നുണ്ട്.
Also Read: ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.