/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/06/26/dileesh-pothan-interview-ronth-2025-06-26-12-17-28.jpg)
Dileesh Pothan
പോത്തേട്ടൻ ബ്രില്ല്യൻസ് എന്നത് മലയാളികളെ സംബന്ധിച്ച് സംവിധാന മികവിന്റെ സൂത്രവാക്യങ്ങളും സൂക്ഷ്മവും സമഗ്രവുമായ വിശദാംശങ്ങളുമാണ്. തിരഞ്ഞെടുക്കുന്ന വിഷയങ്ങളോട് നൂറുശതമാനം സത്യസന്ധത പുലർത്തുകയും അതിനു വേണ്ടി എത്ര വേണമെങ്കിലും റിസർച്ച് ചെയ്യാനും മടിയില്ലാത്തൊരു സംവിധായകനെയാണ് മലയാളികൾ ദിലീഷ് പോത്തനിൽ കണ്ടത്. എന്നാൽ കുറച്ചധികം കാലമായി തന്നിലെ സംവിധാന കല കൊണ്ടുമാത്രമല്ല, അഭിനയം കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ദിലീഷ് പോത്തൻ. ദിലീഷിന്റെ വിസ്മയകരമായ ആ അഭിനയ യാത്ര ഇപ്പോൾ റോന്തിൽ എത്തി നിൽക്കുകയാണ്.
വളരെ സങ്കീർണ്ണമായ, നിരവധി വികാരങ്ങളിലൂടെ കടന്നുപോവുന്ന, ഒട്ടും പ്രവചിക്കാനാവാത്ത സ്വഭാവ സവിശേഷതകളുള്ള യോഹന്നാന്‍ എന്ന കഥാപാത്രത്തെ ദിലീഷ് അവതരിപ്പിച്ച രീതി അയാളിലെ തഴക്കം വന്നൊരു നടനെ കൂടിയാണ് വെളിവാക്കുന്നത്.
റോന്തിനെ കുറിച്ചും മാറുന്ന സിനിമയെ കുറിച്ചും പുതിയ പ്രൊജക്റ്റുകളെ കുറിച്ചുമൊക്കെ ദിലീഷ് പോത്തൻ സംസാരിക്കുന്നു.
ഒരുപാട് അടരുകളുള്ള, വികാരവിചാരങ്ങളുള്ളൊരു കഥാപാത്രമാണല്ലോ എസ് ഐ യോഹന്നാൻ. ഏതു നടനും ചെയ്യാൻ ആഗ്രഹം തോന്നുന്ന, കാമ്പുള്ള അത്തരമൊരു കഥാപാത്രം തേടിയെത്തിയപ്പോൾ എന്തായിരുന്നു ആദ്യ ചിന്ത?
ശരിയാണ്, ധാരാളം അടരുകളുള്ള, ക്യാരക്ടർ ആർക്കുള്ള ഒരു കഥാപാത്രം കിട്ടുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും കരിയറിൽ വളരെ പ്രധാനമാണ്. അങ്ങനെ എനിക്കു കിട്ടിയ കഥാപാത്രമാണ് യോഹന്നാൻ.
Also Read: ഏറ്റവും പോപ്പുലറായത് ആ കഥാപാത്രം, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ല: അർജുൻ രാധാകൃഷ്ണൻ
സത്യത്തിൽ, ഷാഹി ഈ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നതിനു മുൻപു തന്നെ ഷാഹിയുടെ സിനിമയിലൊരു പൊലീസ് കഥാപാത്രം ചെയ്യണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. നിലവിൽ, ഷാഹിയെ പോലെ ഇത്രയും ആധികാരികമായി പൊലീസ് കഥാപാത്രങ്ങൾ എഴുതാൻ കഴിയുന്ന ആളുകൾ കുറവാണ്. ഷാഹിയുടെ പൊലീസ് അനുഭവങ്ങൾ തന്നെയാണ് അയാളുടെ എഴുത്തിന്റെ കരുത്ത്.
ഷാഹി റോന്തിന്റെ കഥ പറയുമ്പോൾ, ഒരു പെർഫോമർ എന്ന രീതിയിൽ പിടിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ളൊരു കഥാപാത്രമായാണ് എനിക്കു തോന്നിയത്. യോഹന്നാൻ ഏറെ ഏറ്റക്കുറച്ചിലുള്ള, ചാഞ്ചാട്ടമുള്ളൊരു (Fluctuation)കഥാപാത്രമാണ്. ഒട്ടും സ്ഥിരതയില്ല. സന്ദർഭങ്ങൾക്ക് അനുസരിച്ച് അയാൾ മാറുന്നു.
റോഷൻ അവതരിപ്പിച്ച ദിനനാഥിന്റെ കഥാപാത്രത്തിനു സ്ഥിരമായൊരു സ്വഭാവവും പെരുമാറ്റ രീതിയുമുണ്ട്. എന്നാൽ, മുന്നിൽ വരുന്ന മനുഷ്യർക്ക് സമൂഹത്തിലുള്ള സ്ഥാനവും പദവിയുമൊക്കെ നോക്കി അതിനു അനുസരിച്ചാണ് യോഹന്നാൻ പെരുമാറുന്നത്. യോഹന്നാൻ അടുത്തനിമിഷം എന്തു ചെയ്യുമെന്ന് നമുക്ക് പ്രവചിക്കാൻ പറ്റില്ല.
ഒരു കഥാപാത്രത്തിന്റെ പെരുമാറ്റമാണല്ലോ പോകെ പോകെ അയാളുടെ സ്വഭാവമായി ആളുകൾക്ക് അനുഭവപ്പെടുക. യോഹന്നാനെ കണ്ടിരിക്കുമ്പോൾ പല സ്വഭാവമുള്ളൊരാളായി ആളുകൾക്ക് തോന്നും. പക്ഷേ ആ കഥാപാത്രത്തിന് ആത്യന്തികമായി അയാളുടെ തനതായൊരു സ്വഭാവം നൽകുകയും വേണം - അതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി.
ചില സമയത്ത് നല്ലവൻ, ചില സമയത്ത് വക്രബുദ്ധി.. ചിലപ്പോൾ അയാളോട് സഹതാപം തോന്നുകയും ചെയ്യുന്നു. കഥാപാത്രത്തിന്റെ ഇത്തരം സങ്കീർണതകളെ ഒരു നടനെന്ന രീതിയിൽ എങ്ങനെയാണ് പ്രോസ്സസ് ചെയ്തെടുത്തത്?
യോഹന്നാൻ ഒരു സാഹചര്യത്തെ ഡീൽ ചെയ്യാൻ വേണ്ടി എന്തു നിലപാടും സ്വീകരിക്കുന്നയാളാണ്. ചിലപ്പോൾ പുള്ളി കെഞ്ചും, ചിലപ്പോൾ ചൂടാവും. ചിലപ്പോൾ സ്നേഹത്തോടെ പെരുമാറും. എന്നിരുന്നാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, അയാളുടേതായൊരു സ്വത്വ ബോധം കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ ആളുകൾക്ക് കണക്റ്റ് ആവില്ല. പ്രേക്ഷകരുമായി ആ കഥാപാത്രത്തിനൊരു കണക്ഷൻ കൊണ്ടുവരിക എന്നതു തന്നെയായിരുനനു ഞാൻ നേരിട്ട പ്രധാന വെല്ലുവിളി. യോഹന്നാൻ 'വർക്ക്' ആയാൽ കേറി കത്തുന്ന തരത്തിലുള്ള കഥാപാത്രമാണ്, പാളിയാൽ അടപടലം പാളുകയും ചെയ്യും.
പൊതുവെ, താങ്കളുടെ സിനിമകളും എഴുത്തുമൊക്കെ നിരീക്ഷിക്കുമ്പോൾ വളരെ പെർഫെക്ഷനിസ്റ്റായ, ഡീറ്റെയിലിംഗിന് പ്രാധാന്യം കൊടുക്കുന്ന ഒരാളായി തോന്നിയിട്ടുണ്ട്. പലപ്പോഴും ഇത് നിർബന്ധബുദ്ധിയാവില്ല, വ്യക്തിയുടെ അടിസ്ഥാനപരമായ സ്വഭാവത്തിന്റ ഭാഗമാവാം. അങ്ങനെയൊരാൾ ഒരു പെർഫോമറായി വരുമ്പോൾ ഉള്ളിലെ 'എന്തിലും പൂർണത തേടുന്ന ആ പെർഫെക്ഷനിസ്റ്റ്' പ്രശ്നമുണ്ടാക്കാറില്ലേ? എങ്ങനെയാണ് അതിനെ മറികടക്കുന്നത്?
നടനായി നിൽക്കുമ്പോൾ, ഞാനെന്നെ പൂർണമായും സംവിധായകനു വിട്ടു കൊടുക്കുന്ന ഒരു രീതിയാണ് സ്വീകരിക്കാറുള്ളത്. എന്റെ ഭാഗത്തു നിന്നും ആ കഥാപാത്രത്തെ നന്നാക്കാനുള്ള പരമാവധി ശ്രമം നടത്തും. കഥാപാത്രത്തിന്റെ ആംഗിളിൽ നിന്നു ചിന്തിക്കുകയും എന്റെ ആലോചനകൾ സംവിധായകനുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയൊരു ചിന്ത വന്നു, അതിനെ നമ്മൾ അഡ്രസ് ചെയ്യേണ്ടതുണ്ടോ എന്ന് സംവിധായകനോട് തിരക്കും. അതിൽ തീരും എന്റെ ഇടപെടലുകൾ.
Also Read: ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 കണ്ടന്റ് ക്രിയേറ്റേഴ്സ് ഇവരാണ്
അഭിനയത്തിൽ, പൂർണമായും സംവിധായകനെ വിശ്വസിക്കുന്ന പരിപാടിയാണ് ഞാൻ ഫോളോ ചെയ്യുന്നത്. മാത്രമല്ല, എന്റെ അഭിനയത്തെ സ്വയം ജഡ്ജ് ചെയ്യുമ്പോൾ എത്രത്തോളം കറക്റ്റ് ആവുമെന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. അവിടെ ആ സംവിധായകന്റെ ജഡ്ജ്മെന്റിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ പെർഫെക്ഷനിസ്റ്റ് മനോഭാവം അഭിനയത്തിൽ അല്ല, വ്യക്തിജീവിതത്തിലാണ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുള്ളത്.
പെർഫെക്ഷനിസ്റ്റുകളുടെ വലിയ പ്രശ്നം എല്ലാവരും നല്ലതുപറഞ്ഞാലും പലപ്പോഴും ചെയ്തു വച്ചതിൽ ഒരു തൃപ്തിയില്ലായ്മ തോന്നുക എന്നാണല്ലോ. ഒരു സമാധാനക്കേട് എപ്പോഴും അവരെ പിന്തുടരില്ലേ?
അതുണ്ട്. അഭിനയിക്കുമ്പോൾ, എന്റെ സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല. ടെക്നിക്കൽ ആയി എന്തേലും വലിയ മണ്ടത്തരം കാണിച്ചാൽ മാത്രം അതു മോണിറ്ററിൽ ചെക്ക് ചെയ്യും. ഒരു പടത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ സീനൊക്കെ മാത്രമേ ഞാൻ മോണിറ്ററിൽ കാണാറുള്ളൂ. റീ പ്ലേ ചെയ്ത് കാണാൻ നിന്നാൽ ചിലപ്പോൾ അതെന്റെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. സംവിധായകൻ കണ്ട് ഓക്കെ പറഞ്ഞാൽ എനിക്ക് ഓക്കെയാണ്.
പഞ്ച് ഡയലോഗ്സ് ഉറക്കെ പറഞ്ഞാലേ പഞ്ച് ആവൂ എന്നൊരു മുൻവിധി നമ്മുടെ സിനിമകൾക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് വളരെ സട്ടിൽ ആയി പറഞ്ഞാലും അവയ്ക്ക് ഇംപാക്റ്റ് ഉണ്ടാക്കാൻ പറ്റുന്നുണ്ട്. റോന്തിൽ തന്നെ കാണാം ഉദാഹരണങ്ങൾ... 'നീ പൊലീസിലെ ചേർന്നുള്ളൂ, പൊലീസിംഗ് പഠിച്ചിട്ടില്ല', 'ഞാനെടുത്ത ലീവിന്റെ അത്രയില്ല നിന്റെ സർവീസിന്...' ഇതൊക്കെ ഷാർപ്പായി കൊള്ളുന്നുണ്ട്. മാറുന്ന സിനിമയുടെ പ്രതിഫലനമാണോ ഇത്, അതോ മാറുന്ന ആസ്വാദനത്തിന്റെയോ?
സിനിമയുടെ മാറ്റവും പ്രേക്ഷകരുടെ മാറ്റവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. പ്രേക്ഷകർക്ക് ഒരു മാറ്റം സംഭവിക്കാതെ സിനിമയ്ക്ക് ഒരു മാറ്റം സംഭവിക്കില്ല. അതുപോലെ, സിനിമയിൽ ഒരു മാറ്റം സ്ഥാപിച്ചുകിട്ടണമെങ്കിൽ അതു പ്രേക്ഷകർ അംഗീകരിക്കണം. ഇത്തരം സമീപനങ്ങളൊക്കെ റിയലിസത്തിന്റെ സ്വാധീന കൂടുതൽ കൊണ്ടു വരുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. സിനിമകളിൽ കൂടുതൽ റിയലിസ്റ്റിക് പെരുമാറ്റ രീതിയും അഭിനയരീതിയും വരുമ്പോൾ സംഭാഷണങ്ങളും കുറേക്കൂടി റിയലിസ്റ്റിക്കായിട്ടുണ്ട്.
Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും
പിന്നെ, ടെക്നോളജിയിൽ ഉണ്ടായ മാറ്റങ്ങളും അതിനു കാരണമാവാം. ടെക്നോളജിയുടെ വളർച്ച ഇത്തരം കാര്യങ്ങളെയെല്ലാം സ്വാധീനിച്ചിട്ടുണ്ടാവും. നല്ല സൗണ്ട് സിസ്റ്റമുള്ള തിയേറ്ററിൽ സിനിമകൾ പ്ലേ ചെയ്യുമ്പോൾ ആ ഡയലോഗുകളൊക്കെ കൃത്യമായ ഫീലിൽ പ്രേക്ഷകർക്കു കിട്ടും. പണ്ടത്തെ സീനിയേഴ്സായ നടന്മാരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്, ഡയലോഗുകൾ പറയുമ്പോൾ വോയിസ് ലെവൽ അൽപ്പം കയറ്റി പിടിച്ചോളാൻ സംവിധായകർ പറയുമായിരുന്നു എന്ന്. ശബ്ദം താഴ്ന്നു പോയാൽ അതിന് തിയേറ്ററിൽ റിസൽറ്റ് കിട്ടാതെ പോവുമോ എന്ന ഭയം കൊണ്ടാവാം അന്നവർ അങ്ങനെ ചെയ്തത്. ഇന്ന് പക്ഷേ ഉച്ചത്തിൽ അലറുന്നതിൽ അല്ല കാര്യം, ഷാർപ്പായി കൊള്ളിക്കുന്നതിലാണ്.
പൊലീസുകാരുടെ രാത്രി ജീവിതവും രീതികളുമൊക്കെ കണ്ടു മനസ്സിലാക്കാൻ റോഷൻ യഥാർത്ഥ പൊലീസുകാർക്കൊപ്പം പെട്രോളിംഗിനു പോയിരുന്നു എന്നു കേട്ടു. അത്തരത്തിലുള്ള എന്തെങ്കിലും ഹോംവർക്ക് താങ്കൾ ചെയ്തിരുന്നോ?
ശരിയാണ്, റോഷൻ പൊലീസുകാർക്കൊപ്പം നൈറ്റ് പെട്രോളിംഗിനു പോയി കാര്യങ്ങൾ കണ്ടുമനസ്സിലാക്കിയിരുന്നു. ഞാൻ അങ്ങനെയൊരു ആക്റ്റിവിറ്റി ചെയ്തിരുന്നില്ല. പക്ഷേ, 'തൊണ്ടിമുതലും ദൃക് സാക്ഷിയും' എന്ന ചിത്രത്തിനുവേണ്ടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ മുൻപ് റിസർച്ച് ചെയ്തിട്ടുണ്ടായിരുന്നു. ആ സമയത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പോയി ഇരിക്കുകയും അവരുടെ രീതികൾ തൊട്ടടുത്ത് നിന്ന് നോക്കി കാണുകയുമൊക്കെ ചെയ്തിരുന്നു. പൊലീസുകാരുടെയും പൊലീസ് സ്റ്റേഷനിലെയും അടിസ്ഥാനപരമായ കാര്യങ്ങൾ, പെരുമാറ്റം, ക്രമങ്ങൾ, ആക്റ്റിവിറ്റികൾ എന്നിവയെ കുറിച്ചൊക്കെ ഏതാണ്ടൊരു ധാരണ അതുവഴി കിട്ടിയിരുന്നു. 'തൊണ്ടിമുതൽ' ചെയ്തതിനു ശേഷമാണ് എനിക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിനെ കുറിച്ച് ആഴത്തിൽ ധാരണയുണ്ടായത്. ഈ സിസ്റ്റം എങ്ങനെ വർക്ക് ചെയ്യുന്നു, എന്താണ് പൊലീസ് എന്നൊക്കെ എന്നെ ബോധവാനാക്കിയത് ആ ചിത്രത്തിനു വേണ്ടി നടത്തിയ റിസർച്ചുകളാണ്.
റോന്തിന്റെ ഷൂട്ടിംഗ് കൂടുതലും രാത്രികാലങ്ങളിൽ ആയിരുന്നല്ലോ. പൊതുവെ രാത്രികാലത്തെ ഷൂട്ടിംഗ് പലരെ സംബന്ധിച്ചും അൽപ്പം ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്. താങ്കളെ സംബന്ധിച്ച് അതെങ്ങനെയായിരുന്നു?
വൈകുന്നേരം ആറു മുതൽ പുലർച്ചെ ആറു വരെ നീളുന്ന ഒരു ഷെഡ്യൂൾ ആയിരുന്നു റോന്തിൽ അധികവും. രാത്രി ഷൂട്ട് എനിക്കധികം ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഞാൻ രാത്രി കൂടുതൽ ആക്റ്റീവ് ആവുന്ന ആളാണ്. ഉറക്കമൊഴിഞ്ഞ് രാത്രി ഇരിക്കുന്നതിനു എനിക്കു ബുദ്ധിമുട്ടില്ല, പകൽ ഉറങ്ങാൻ മടിയുമില്ല. രാത്രി സമയമാവുമ്പോൾ വെയിലോ ചൂടോ ബഹളമോ ഒന്നുമില്ലല്ലോ. കൂളായ അന്തരീക്ഷം. ഞാൻ ഷൂട്ട് കഴിഞ്ഞ് വന്ന് നേരെ കിടന്നുറങ്ങും, ആ കാര്യത്തിലൊക്കെ ഞാൻ സൂപ്പർ ഹാപ്പിയായിരുന്നു. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട്, ഇതൊക്കെ കഴിഞ്ഞ് നമ്മുടെ ക്ലോക്ക് തിരിച്ച് റിവേഴ്സ് ചെയ്തെടുക്കുക എന്നതുമാത്രമായിരുന്നു.
Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.