/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/06/24/arjun-radhakrishnan-interview-kerala-crime-files-2-2025-06-24-19-07-01.jpg)
Arjun Radhakrishnan
ചെയ്യാൻ ആഗ്രഹമുള്ള, ചെക്ക് ലിസ്റ്റിൽ സൂക്ഷിച്ച ഒരു കഥാപാത്രം തേടിയെത്തുക. ആ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷകരുടെ കയ്യടി നേടാനും സാധിക്കുക- ഏതൊരു നടനെ സംബന്ധിച്ചും സ്വപ്നസമാനമെന്നോ മാനിഫെസ്റ്റേഷനെന്നോ പറയാവുന്ന മുഹൂർത്തമാണത്. എക്കാലവും തന്റെ ചെക്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന പൊലീസ് വേഷം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് നടൻ അർജുൻ രാധാകൃഷ്ണൻ. കേരള ക്രൈം ഫയൽസ് രണ്ടാം സീസണിൽ, സ്ക്രീൻ പ്രസൻസ് കൊണ്ടും ശബ്ദം കൊണ്ടും സ്വാഭാവികത കൊണ്ടുമൊക്കെ എസ് ഐ നോബിൾ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുകയാണ് അർജുൻ.
തുടക്ക കാലത്തു നേരിടേണ്ടി വന്ന വെല്ലുവിളികൾ, സിനിമ തന്ന അനുഭവങ്ങൾ, കേരള ക്രൈം ഫയൽസിലേക്കുള്ള യാത്ര, സിനിമാസ്വപ്നങ്ങൾ... ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് അർജുൻ രാധാകൃഷ്ണൻ.
കേരള ക്രൈം സ്റ്റോറീസിന്റെ ആദ്യ സീസൺ നല്ല രീതിയിൽ ഹൈപ്പ് ലഭിക്കുകയും നിരൂപകപ്രശംസ ലഭിക്കുകയുമൊക്കെ ചെയ്ത സീരീസാണ്. ആ ഫ്രാഞ്ചൈസിയുടെ രണ്ടാം സീസണിലേക്ക് ക്ഷണം വരുമ്പോൾ എന്തായിരുന്നു ആദ്യം തോന്നിയത്?
ഒരു നടനെന്ന രീതിയിൽ ഞാൻ ആഗ്രഹിച്ച, എന്റെ ചെക്ക് ലിസ്റ്റിലുള്ള ഒന്നായിരുന്നു ഒരു പൊലീസ് വേഷം ചെയ്യണം എന്നത്. ക്രൈം ഫയലിലേക്ക് വിളിക്കുമ്പോൾ ആദ്യം തോന്നിയത് സന്തോഷമാണ്. ഞാനിതുവരെ മലയാളത്തിൽ ഏഴെട്ടു പടങ്ങളെ ചെയ്തിട്ടുള്ളൂ, ഭാഗ്യവശാൽ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നു. നടനെന്ന രീതിയിൽ ഒരു ഷോയെ ലീഡ് ചെയ്തു കൊണ്ടുപോവാൻ അവസരം കിട്ടുക എന്നത് നല്ല കാര്യമായി തോന്നി. ആദ്യമായി പൊലീസ് വേഷം ചെയ്യുന്നു എന്നതിന്റെ ഒരു ആവേശവും ഉണ്ടായിരുന്നു.
ലീഡ് കഥാപാത്രമായി വരുമ്പോൾ കുറേക്കൂടി ഉത്തരവാദിത്വവും വെല്ലുവിളിയുമുണ്ടല്ലോ? അതിന്റേതായൊരു ടെൻഷൻ ഉണ്ടായിരുന്നോ?
സത്യത്തിൽ ടെൻഷനേക്കാൾ ആവേശമാണ് തോന്നിയത്. വളരെ ഹിറ്റായി മാറിയൊരു ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണല്ലോ. പിന്നെ സിനിമയും സീരിസും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ, സീരീസിൽ കഥാപാത്രങ്ങൾക്കു കുറേക്കൂടി ആഴമുണ്ട്, ഏതാണ്ട് ആദ്യം മുതൽ അവസാനം വരെ സ്ക്രീനിലുണ്ട് . ധാരാളം കഥാപാത്രങ്ങളുണ്ട് ക്രൈം ഫയൽസിൽ. സീനിയേഴ്സായ ഹരിശ്രീ അശോകൻ ചേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ, ലാൽ സാർ എന്നിവരൊക്കെ കൂടെ ഉണ്ടാവുമ്പോൾ അത്ര പ്രഷർ ഇല്ലായിരുന്നു. പക്ഷേ, നമ്മളൊരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതിന്റേതായ ഉത്തരവാദിത്വം തീർച്ചയായും ഉണ്ടാവും. ആ കഥാപാത്രം എങ്ങനെ നന്നായി ചെയ്യാം എന്നു ആലോചിച്ചിരുന്നു.
'കിഷ്കിന്ധാ കാണ്ഡം' എഴുതിയ ബാഹുല്‍ രമേശാണ് ഈ സീസണിൽ തിരക്കഥ ഒരുക്കിയത്. ഞങ്ങളിതിന്റെ സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്ന സമയത്ത് കിഷ്കിന്ധാകാണ്ഡം റിലീസ് ചെയ്തിരുന്നില്ല. ബാഹുൽ എന്ന പേരിന്റെ വെയിറ്റേജ് അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ, കഥ കേട്ടപ്പോൾ തന്നെ നല്ലതാണെന്ന് മനസ്സിലായിരുന്നു.
പൊതുവെ വെബ് സീരിസിന്റെ ലോകത്തേക്ക് വരാൻ നടന്മാരിൽ പലർക്കും മടിയുള്ളതു പോലെ തോന്നിയിട്ടുണ്ട്. അജു വർഗീസിനെ പോലെയുള്ള അപൂർവ്വം നടന്മാർ മാത്രമാണ് വെബ് സീരീസുകളുടെ സാധ്യതയെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അർജുനെ സംബന്ധിച്ച് അത്തരത്തിലൊരു ഹെസിറ്റേഷൻ ഉണ്ടായിരുന്നോ?
അജു ചേട്ടന്റെ കരിയർ വച്ചു നോക്കുമ്പോൾ, ഞാനൊക്കെ ചെയ്തതിലും എത്രയോ മടങ്ങ് സിനിമകൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അതിനാൽ തന്നെ, അജു ചേട്ടനെ പോലെയുള്ള നടന്മാരാവും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കുറേക്കൂടി യോഗ്യർ. എന്നിരുന്നാലും ഒരു കാര്യം സത്യമാണ്, ഏതു ഇൻഡസ്ട്രിയെടുത്തു നോക്കിയാലും വെബ് സീരിസുകളോട് അത്തരമൊരു മനോഭാവം കാണാൻ സാധിക്കും. ആത്യന്തികമായി സിനിമയാണ് എല്ലാ അഭിനേതാക്കളുടെയും മനസ്സിലെ വലിയ സ്വപ്നം. സിനിമയിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന അംഗീകാരം, പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത. സിനിമാതാരം എന്നത് സൊസൈറ്റിയിൽ എന്നും വലിയൊരു സ്റ്റാറ്റസ് തന്നെയാണ്. ചിലപ്പോൾ, അതിൽ നിന്നും താഴേക്ക് ഇറങ്ങി വരാനുള്ള മടിയാവാം കാരണം.
അത്തരം സമീപനങ്ങളിൽ ഇന്ന് മാറ്റം വരുന്നുണ്ട്. മുന്നോട്ട് പോവുന്തോറും കൂടുതൽ മാറ്റം വരുമെന്നു തന്നെയാണ് എനിക്കു തോന്നുന്നത്. ഹോളിവുഡിലെ കാര്യം എടുത്തുനോക്കിയാൽ, ടിവിയുടെ ഓഫ് ഷൂട്ടായിരുന്നു വെബ് സീരീസ്. ഇവിടെ സിനിമയിൽ നിന്നും വെബ് സീരിസിലേക്കാണ് അതിന്റെ ഗിയർ ഷിഫ്റ്റ്. Mindhunter എന്ന വെബ് സീരിസിന്റെ കാര്യം തന്നെയെടുക്കാം. David Fincher പോലെ വലിയൊരു സംവിധായകനാണ് അതെഴുതിയത്. ആ പ്രോസസ് അവിടെ എളുപ്പമാണ്. പക്ഷേ, നമ്മുടെ ഇൻഡസ്ട്രിയിൽ വലിയ താരങ്ങൾ വെബ് സീരീസിലേക്ക് വരാൻ സമയമെടുക്കുമായിരിക്കും. വെബ് സീരിസിന്റെ ലോകവും വളർച്ചയുടെ ഘട്ടത്തിലാണ്. ആ മേഖല കുറേക്കൂടി സോളിഡ് ആവുമ്പോൾ ഇതിൽ മാറ്റം വരുമായിരിക്കും.
പക്ഷേ, സിനിമകളേക്കാൾ അഭിനേതാക്കൾക്ക് കൂടുതൽ സ്ക്രീൻ സ്പേസും പെർഫോമിംഗ് സാധ്യതകളും തരുന്നില്ലേ വെബ് സീരീസുകൾ?
സിനിമയും വെബ് സീരിസും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നു തോന്നുന്നു. രണ്ടും രണ്ടാണ്. രണ്ടിന്റെയും എഴുത്ത് വ്യത്യാസമാണ്. സിനിമ മാക്സിമം മൂന്നുമണിക്കൂറിൽ തീരും. പക്ഷേ വെബ് സീരിസിൽ പെർഫോമൻസ് സ്കെയിൽ വേറെയാണ്. 6,8 എപ്പിസോഡുകളൊക്കെ വരുമ്പോൾ കുറേക്കൂടി ഡീറ്റെയിലിംഗ് ആയി, വിശദീകരിച്ച് കഥ പറഞ്ഞുപോവാം. കഥാപാത്രങ്ങൾക്ക് കുറേക്കൂടി സ്പേസും ലഭിക്കും.
ഉദാഹരണത്തിന് ഇതിൽ ഹരിശ്രീ അശോകൻ ചേട്ടന്റെ കഥാപാത്രം തന്നെയെടുക്കാം. ആ കഥാപാത്രം കഷ്ടിച്ച് 10 മിനിറ്റേ ഉണ്ടാവൂ സീരീസിൽ. പക്ഷെ, അദ്ദേഹത്തിന്റെ പ്രസൻസ് ആ ഷോയിൽ മൊത്തമുണ്ട്. അതൊക്കെ വെബ് സീരീസിൽ പോസിബിൾ ആണ്. കഥാപാത്രത്തിനെ ഇൻഡെപ്ത്തിൽ നമുക്കു മനസ്സിലാക്കാൻ പറ്റും.
Also Read: ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തം; സിനിമയിലെ ഫഹദ് ഓട്ടങ്ങളെ കുറിച്ച് ഇർഷാദ്
പൊതുവെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്കു വേണ്ടി നല്ല രീതിയിൽ റിസർച്ച് നടത്തുന്ന ഒരു നടനാണല്ലോ അർജുൻ. ഈ കഥാപാത്രത്തിനു വേണ്ടി എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്?
റോക്കറ്റ് ബോയ്സിലെ കലാം സാറിന്റെ കഥാപാത്രവും പടയിലെ കളക്റ്റർ വേഷവുമൊക്കെ ഏറെക്കുറെ റിയൽ സ്റ്റോറികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വായനയിലൂടെ കുറേയൊക്കെ ആ കഥാപാത്രങ്ങളെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഇവിടെ പക്ഷേ, ബാഹുലും സംവിധായകൻ അഹമ്മദും തിരക്കഥ വായിച്ചു തന്നപ്പോൾ തന്നെ അതിൽ കുറേ മെറ്റീരിയൽ ഉണ്ടായിരുന്നു.
തിരക്കഥ ചർച്ച ചെയ്യുമ്പോഴും ഷോട്ടിനു മുൻപുമൊക്കെ ബാഹുൽ ആ കഥാപാത്രത്തെ കുറിച്ച് ധാരാളം സംസാരിക്കുമായിരുന്നു. അപ്പോൾ തന്നെ നമ്മുടെ മനസ്സ് കുറേ ക്ലിയറാവും. നോബിൾ എന്ന കഥാപാത്രം സ്പോർട്സിൽ താൽപ്പര്യമുള്ള ഒരാളാണ്. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരു സിമ്പിൾ ബോയ്. കേസ് അന്വേഷിച്ച്, തെളിയിച്ച് വലിയ പൊസിഷനിൽ എത്തണമെന്ന മോഹമൊന്നുമില്ല നോബിളിന്.
മാത്രമല്ല, സിനിമകളിൽ നമ്മൾ കാണുന്ന സ്ഥിരം ടൈപ്പ് പൊലീസുമല്ല അയാൾ. പൊതുവെ, യൂണിഫോം ഇടുമ്പോൾ ആക്ടേഴ്സിൻ്റെ ആറ്റിറ്റ്യൂഡ് മാറുമെന്ന് ബാഹുലും അഹമ്മദും പറയുന്നുണ്ടായിരുന്നു. നമ്മൾ കണ്ടു ശീലിച്ച പൊലീസ് സ്റ്റോറികളുടെ സ്വാധീനം കൊണ്ടുകൂടിയാണത്. ഇവിടെ അതുവേണ്ടെന്ന് ബാഹുലിന് നിശ്ചയമുണ്ടായിരുന്നു. നോബിൾ സ്പോർട്സ് ക്വാട്ടയിലൂടെ പൊലീസിൽ എത്തിയ ഒരാളാണ്, അയാൾക്ക് ആ ആറ്റിറ്റ്യൂഡ് ആവശ്യമില്ലെന്നാണ് ബാഹുൽ പറഞ്ഞത്.
ഒരു ടിപ്പിക്കൽ പൊലീസ് സ്റ്റോറി അല്ല ക്രൈം ഫയലിൽ കണ്ടത്. പൊലീസ് നായ, ഡോഗ് സ്ക്വാഡ് എന്നീ കാര്യങ്ങളൊക്കെ മലയാളികൾക്ക് പരിചിതമാണെങ്കിലും ആ സിസ്റ്റം എങ്ങനെ വർക്ക് ചെയ്യുന്നു എന്ന കാര്യമൊക്കെ വളരെ വിശദമായി സീരീസ് പറയുന്നുണ്ട്. അർജുനെ സംബന്ധിച്ചും ഫ്രഷായിരുന്നോ ഈ കഥാപരിസരം?
പ്രിവ്യൂ ഷോ കാണുമ്പോഴാണ് ഞാനും സീരീസ് മുഴുവനായി കണ്ടത്. അഞ്ചാമത്തെ എപ്പിസോഡ് എത്തിയപ്പോൾ 'വൗ' എന്നാണ് ആദ്യം മനസ്സിലേക്ക് വന്നത്. സ്ക്രിപ്റ്റ് വായിച്ചതിനാൽ നമുക്കു കഥ അറിയാം. പക്ഷേ അതിനു ശേഷം ആളുകൾ അഭിനയിച്ച്, ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, മ്യൂസിക് നൽകി പുറത്തുവരുമ്പോൾ ആ കഥയുടെ ഇഫക്റ്റ് കുറേക്കൂടി മികച്ചതാവുകയാണല്ലോ.
സംഭവം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്, പക്ഷേ അതിനൊപ്പം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചു കൂടി സംസാരിക്കുന്നു എന്നത് ധീരമായൊരു ശ്രമമായി തോന്നി. അവസാനഭാഗത്തെ ഇമോഷൻസൊക്കെ എനിക്കു നന്നായി വർക്ക് ചെയ്തു. സത്യത്തിൽ കഥ വായിച്ചപ്പോൾ, അത്രയും ഡെപ്ത്തിൽ എനിക്കത് മനസ്സിലായിരുന്നില്ല. സിറാജിന്റെ കഥാപാത്രം വായിച്ചപ്പോഴും അതിനിത്ര ആഴമുണ്ടാവുമെന്നോർത്തില്ല. പക്ഷേ, സ്ക്രീനിൽ കണ്ടപ്പോൾ ആ രംഗങ്ങളൊക്കെ മനസ്സു തൊട്ടു.
അഭിനേതാക്കളോളം തന്നെ കാഴ്ചക്കാരെ അമ്പരപ്പിച്ച പെർഫോമൻസ് ആണ് സീരീസിൽ ഡോഗ്സും കാഴ്ച വച്ചത്. എങ്ങനെയായിരുന്നു നായ്ക്കുട്ടികൾക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം?
എന്തൊക്കെ പറഞ്ഞാലും, ആനിമൽ എന്നു പറഞ്ഞാൽ ആനിമൽ തന്നെയാണ്. അവയെ അഭിനയിപ്പിച്ചെടുക്കുക എളുപ്പമല്ല. അതിനു പരിമിതികളുണ്ട്. അവർക്ക് ബോറടിച്ചാൽ പിന്നെയവർ സഹകരിക്കണമെന്നില്ല. കുട്ടികൾക്കും മൃഗങ്ങൾക്കുമൊപ്പം അഭിനയിക്കുമ്പോൾ നല്ല ക്ഷമ വേണം. കാരണം അവർക്ക് ആക്റ്റിംഗ് പ്രക്രിയയയെ കുറിച്ചൊന്നും അറിയില്ലല്ലോ. ചിന്തിച്ചോ അനലൈസ് ചെയ്തോ ഒന്നുമല്ല അവർ പെർഫോം ചെയ്യുന്നത്. അവരുടേത് വളരെ ശുദ്ധമായ പ്രകടനമാണ്, നാച്യുറലായും സ്വാഭാവികമായും അവർ ചെയ്യുകയാണ്. അഭിനേതാക്കളും ക്രൂവും എല്ലാം അതിനനുസരിച്ച് അഡ്ജസ്റ്റായേ പറ്റൂ.
നോബിളും പെറ്റ് ഡോഗും ഒന്നിച്ചുള്ള ഒരു രംഗമുണ്ടായിരുന്നു. അതു ഷൂട്ട് ചെയ്തെടുക്കാൻ കുറേ സമയമെടുത്തു. ഞാൻ തലയിൽ തൊടുമ്പോൾ നായ്ക്കുട്ടി വാലാട്ടണം. പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും ടൈമിംഗ് സിങ്ക് ആവുന്നില്ലായിരുന്നു.
ക്രൈം ഫയൽസിനു വേണ്ടി നായ്ക്കളെ നന്നായി ട്രെയിൻ ചെയ്തെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും അവയുടെ ട്രെയിനേഴ്സിനു നൽകണം. ക്ലൈമാക്സ് സീനിലെ രംഗത്തിന് തിയേറ്ററിൽ നല്ല കയ്യടിയായിരുന്നു. അവസാന സീനിൽ ട്രെയിനേഴ്സ് പോലും കരഞ്ഞുപോയി. ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ ഒരുദിവസം, എല്ലാം കറക്റ്റായി വരുമെന്നു പറയില്ലേ. അതുപോലെയായിരുന്നു ആ സീൻ. അന്ന് ക്യാമറാ മൂവ്മെന്റ്, ലൈറ്റ്സ്, ഡോഗ്സ് തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി വന്നു. ഷൂട്ടിന്റെ സമയത്തും എനിക്ക് അതിന്റെ ഭംഗി മനസ്സിലായിരുന്നില്ല. പക്ഷേ തിയേറ്ററിൽ കണ്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു.
Also Read: Kerala Crime Files Season 2 Review: തിരക്കഥയുടെ കരുത്തിൽ തിളങ്ങുന്ന കേരള ക്രൈം ഫയൽ 2; റിവ്യൂ
/filters:format(webp)/indian-express-malayalam/media/media_files/2025/06/25/arjun-radhakrishnan-interview-kerala-crime-files-3-2025-06-25-11-58-09.jpg)
കണ്ണൂർ സ്ക്വാഡിൽ കുറ്റവാളി, ഇപ്പോൾ പൊലീസ് വേഷം. കള്ളൻ/കുറ്റവാളി- പൊലീസ് എന്നിവയൊക്കെ ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ എന്നു പറയാവുന്നതു പോലുള്ള കഥാപാത്രങ്ങളാണല്ലോ. ഒരു നടനെന്ന രീതിയിൽ എങ്ങനെയാണ് ഇതിനെയൊക്കെ പ്രോസസ് ചെയ്യുന്നത്?
സത്യം പറഞ്ഞാൽ, എന്നെക്കണ്ടാൽ ആളുകൾക്ക് ഇപ്പോഴും തിരിച്ചറിയാൻ പറ്റുന്നുണ്ടോ എന്ന കാര്യത്തിലെനിക്ക് സംശയമുണ്ട്. കണ്ണൂർ സ്ക്വാഡ് ചെയ്തിട്ട് രണ്ടുവർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ സീരീസ് ചെയ്യുന്നത്. എന്നെ തേടി അവസരങ്ങൾ വരുന്നത് പലപ്പോഴും നീണ്ട ഇടവേളകൾക്ക് ശേഷമാണ്. 365 ദിവസവും വർക്കുള്ളൊരു നടനല്ല ഞാൻ, ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് ഓടുന്ന ഒരു അവസ്ഥയിലൊന്നും ഞാൻ എത്തിയില്ല. ആത്യന്തികമായി നമ്മൾ ഒരേ രൂപവും ഭാവങ്ങളുമൊക്കെയുള്ള സാധാരണ മനുഷ്യരല്ലേ. എല്ലാ സമയത്തും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള ശ്രമങ്ങൾ ഉണ്ടെന്ന് മാത്രം, അതിൽ എത്രത്തോളം വിജയിക്കുന്നു എന്നത് ഓഡിയൻസ് വിലയിരുത്തേണ്ട കാര്യമാണ്.
മലയാളത്തിൽ നിന്നും അർജുന് ഏറ്റവും കൂടുതൽ സ്നേഹം കിട്ടിയ കഥാപാത്രം ഏതായിരിക്കും?
ഏറ്റവും പോപ്പുലറായത് കണ്ണൂർ സ്ക്വാഡിലെ കഥാപാത്രമാണ്, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ലെന്നു മാത്രം (ചിരിക്കുന്നു). ഡിയർ ഫ്രണ്ട്, പട എന്നീ ചിത്രങ്ങളിലെ അഭിനയം സിനിമാപ്രേമികളുടെയൊക്കെ അഭിനന്ദനം നേടി തന്നിരുന്നു. കണ്ണൂർ സ്ക്വാഡ് വലിയൊരു ഓഡിയൻസിലേക്ക് എത്തിയ ചിത്രമാണ്, ആ രീതിയിൽ അതെനിക്ക് നല്ല വിസിബിലിറ്റി തന്നിട്ടുണ്ട്.
പാതി മലയാളി ആണെങ്കിലും വളർന്നത് പൂനെയിൽ. തുടക്കം ബോളിവുഡിൽ. മലയാളത്തിലേക്ക് എത്തുമ്പോൾ ഭാഷ ഒരു പ്രശ്നമായി തോന്നിയിട്ടുണ്ടോ?
ഭാഷയുടെ പ്രശ്നം ഞാൻ നന്നായി അനുഭവിച്ചിട്ടുണ്ട്. ഈ സീരീസിലാണ് എനിക്കിത്രയും ഡയലോഗ്സ് കിട്ടിയത്. ഇതുവരെ ചെയ്ത പടങ്ങൾ വച്ചു നോക്കുമ്പോൾ എനിക്കേറെ സ്ക്രീൻ ടൈം ലഭിച്ചതും ഇതിലാണ്. ഉള്ളൊഴുക്ക്, ക്രൈം ഫയൽസ് ഇതിലാണ് കുറേക്കൂടി പ്രാദേശികമായ കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിക്കുന്നത്. മറ്റെല്ലാം കഥാപാത്രങ്ങളുടെ പശ്ചാത്തലം കൊണ്ട് വേറിട്ടുനിന്നവയായിരുന്നു.
പടയും ഡിയർ ഫ്രണ്ടും ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അന്നൊന്നും നിത്യേന എന്ന രീതിയിൽ ഞാൻ മലയാളം സംസാരിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ, ഒന്നൊന്നര വർഷമായി ഞാൻ കൊച്ചിയിൽ ഉണ്ട്. ഇവിടെ വന്ന് സെറ്റിൽ ആയതിൽ പിന്നെയാണ് മലയാളം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു ഭാഷ അറിയുന്നതും ആ ഭാഷ സംസാരിക്കുന്നയിടത്തു താമസിക്കുന്നതും രണ്ടും രണ്ടുകാര്യമാണ്. കുറേ കാര്യങ്ങൾ ഇപ്പോൾ മനസ്സിലാവുന്നുണ്ട്, പ്രയോഗങ്ങൾ, ശൈലികളൊക്കെ. ഓരോ സിനിമകൾ കഴിയുന്തോറും മലയാളം ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കുകയാണ്. ഭാഷ ഇംപ്രൂവ് ചെയ്യണം എന്നതുകൊണ്ടാണ് കൊച്ചിയിലേക്ക് താമസം മാറിയത് തന്നെ.
അഭിനയത്തോടുള്ള ഇഷ്ടം തുടങ്ങിയത്?
പത്തു വയസ്സിനു മുൻപു തന്നെ സിനിമയോട് ഇഷ്ടകൂടുതൽ ഉണ്ടായിരുന്നു. പക്ഷേ, വളരുന്തോറും നമ്മൾ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമല്ലോ. പിന്നെ പഠിപ്പ്, ജോലി അതിലേക്ക് ഫോക്കസ് മാറി. ജോലിയിൽ കയറുന്നതിനു മുൻപു, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനുള്ള അപ്ലിക്കേഷനൊക്കെ കൊടുത്തിരുന്നു. ഫൈനൽ റൗണ്ടുവരെ പോയെങ്കിലും അന്നു സെലക്ഷൻ കിട്ടിയില്ല. പിന്നെ ജോലിയിൽ പ്രവേശിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ജോലി രാജിവച്ച് നാടകം ചെയ്യാൻ തുടങ്ങി, ബോംബെയിൽ പോയി. ഒരു നടനാവണമെന്ന സ്വപ്നം ഉള്ളിൽ ഉണ്ടായിരുന്നു, അതിനു വേണ്ടി ഇറങ്ങി തിരിക്കുകയായിരുന്നു.
അർജുന്റെ ആ സ്വപ്നത്തെ എങ്ങനെയാണ് വീട്ടുകാർ നോക്കി കണ്ടത്?
ആദ്യകാലത്ത്, അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടായിരുന്നു. സിനിമ അനിശ്ചിതത്വങ്ങളുടെ ലോകമാണല്ലോ. എല്ലാ രക്ഷിതാക്കളെയും പോലെ, മകന്റെ ഭാവിയെന്താകുമെന്ന ആശങ്ക അവർക്കുമുണ്ടായിരുന്നു. ഒരു മിഡിൽ ക്ലാസ് കുടുംബ പശ്ചാത്തലത്തിൽ അതു സ്വാഭാവികമല്ലേ. സിനിമയുടെ കാര്യത്തിൽ ഒരു സെക്യൂരിറ്റിയില്ലല്ലോ. ആറേഴു വർഷം ബോംബെയിൽ പോയി നടനാവാൻ കഷ്ടപ്പെട്ടു. അതോടെ അവർക്കു മനസ്സിലായി, ഇതാണ് എനിക്കു വേണ്ടതെന്ന്. പതിയെ അവരും എന്റെ സ്വപ്നത്തെ പിന്തുണയ്ക്കാൻ തുടങ്ങി. ആദ്യത്തെ എതിർപ്പു കുറഞ്ഞു, ഇമോഷണലി അവർ പിന്തുണച്ചു. സുഹൃത്തുക്കളുടെ ഭാഗത്തു നിന്നും നല്ല സപ്പോർട്ടുണ്ടായിരുന്നു.
നിർഭാഗ്യവശാൽ കോവിഡ് സമയത്താണ് എന്റെ അച്ഛൻ മരിക്കുന്നത്. എന്റെ സിനിമകളൊക്കെ ഇറങ്ങുന്നത് അതിനു ശേഷമാണ്. അച്ഛനു എന്നെ നടനായി കാണാൻ പറ്റിയില്ല. പക്ഷേ അമ്മ, ഒരു നടനായി എന്നെ സ്ക്രീനിൽ കാണുമ്പോൾ എനിക്കതിൽ അഭിമാനമുണ്ട്, സന്തോഷവും.
തിരിഞ്ഞുനോക്കുമ്പോൾ, അന്നത്തെ അവരുടെ ആ എതിർപ്പിന്റെ കാരണങ്ങൾ എനിക്കു കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അതുപോലെ, അവർക്ക് എന്റെ സ്വപ്നത്തെയും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്.
അമിതാഭ് ബച്ചനൊപ്പം ജൂണ്ടിൽ അഭിനയിച്ചല്ലോ. ആ തുടക്കത്തെ കുറിച്ചുള്ള ഓർമകൾ?
കരിയറിന്റെ തുടക്കത്തിലാണ് ബച്ചൻ സാറിനൊപ്പം ജൂണ്ട് ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഞങ്ങളെല്ലാവരും പുതുമുഖങ്ങളായിരുന്നു. അദ്ദേഹവുമായി ഒരുപാട് സംസാരിക്കാനൊന്നും പറ്റിയില്ല. എങ്കിലും ഇന്ററാക്ഷൻസ് ഉണ്ടായിരുന്നു.
ബച്ചൻ സാർ, മമ്മൂക്ക, ഉർവശി ചേച്ചി- ഇവരുടെയെല്ലാം കൂടെ ജോലി ചെയ്യുന്നത് ഒരു അനുഭവമാണ്. മൂന്നാളുടെയും സിനിമകൾ കൂട്ടിവച്ചാൽ 1000ൽ ഏറെ കാണും. 40 വർഷത്തിലേറെയായി ഇവരെല്ലാം സിനിമാമേഖലയിലുണ്ട്. ജോലിയോടുള്ള അവരുടെ സമീപനം നമ്മളെ അത്ഭുതപ്പെടുത്തും. ഇത്രയും പാടുപെട്ട്, കഷ്ടപ്പെട്ട് അവരിപ്പോഴും അഭിനയിക്കുന്നതു കാണുമ്പോൾ ചിലപ്പോൾ നമുക്കു തോന്നും ഇവർക്ക് ഇനിയും ഇതിന്റെ ആവശ്യമുണ്ടോ എന്ന്. സ്റ്റാർഡം, പണം, പദവി, സെക്യൂരിറ്റി ഒക്കെ ഉണ്ടാവുമ്പോൾ ഇനിയും ഇത്ര കഷ്ടപ്പെടണമോ എന്നു തോന്നുമല്ലോ. പക്ഷേ അതല്ല, അവരെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നത് സിനിമയോടുള്ള അടങ്ങാത്ത പാഷനാണ്, പ്രണയമാണ്.
പുതിയ ചിത്രങ്ങൾ?
സലിം അഹമ്മദ് സാറിന്റെ പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ആട്ടത്തിലൊക്കെ നായികയായിരുന്ന സറിൻ ശിഹാബ് ആണ് ചിത്രത്തിലെ നായിക.
Also Read: ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.