/indian-express-malayalam/media/media_files/2025/01/27/QtqvfvRQz96jPv87QiYG.jpg)
'അൻപോട് കൺമണി' - അടുത്ത കാലത്ത് കണ്ട ഒരു ചിത്രവും ഇത്രമാത്രം അസ്വസ്ഥമാക്കിയിട്ടില്ല. വളരെ ഗൗരവമായൊരു വിഷയത്തെ 'ഇൻസെൻസിറ്റിവ്' ആയിട്ടാണ് ചിത്രം കണ്ടതെന്ന് തോന്നി.
കേരളത്തിന്റെ സാഹചര്യത്തിൽ, വിവാഹം കഴിഞ്ഞാൽ ദമ്പതിമാർ ഏറ്റവും ആദ്യവും, ഏറ്റവും അധികവും കേൾക്കുന്ന ചോദ്യങ്ങളിലൊന്നാവും, വിശേഷം ഒന്നുമായില്ലേ? എന്നത്. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മാസങ്ങൾ പിന്നിടുമ്പോൾ മുതൽ തന്നെ ഈ ചോദ്യം കേട്ടു തുടങ്ങും. അന്യന്റെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നു കയറ്റത്തെ തീർത്തും സാധാരണവത്കരിച്ചു കൊണ്ടുള്ള ചോദ്യം. ഭാര്യയോടും ഭർത്താവിനോടുമായിട്ടാണ് ചോദ്യമെങ്കിലും ഉന്നം വയ്ക്കുന്നത് പലപ്പോഴും ഭാര്യയെ തന്നെയാവും. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിലോ ഡോക്ടറുടെ തീരുമാനത്തിലോ എത്തിച്ചേരും വരെ പ്രശ്നം എപ്പോഴും സ്ത്രീയുടേത് മാത്രമാണല്ലോ!
'അൻപോടു കൺമണി'യിലും ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന ചോദ്യമിതാണ്, വിശേഷം ഒന്നുമായില്ലേ? ആദ്യം മുതൽ അവസാനം വരെ പല മനുഷ്യരായി, പല സാഹചര്യങ്ങളിലായി, കളിയായും കാര്യമായും ചുരുങ്ങിയത് ഒരു 50 തവണയെങ്കിലും ഈ ചോദ്യം ആവർത്തിക്കുന്നുണ്ട് ചിത്രത്തിൽ. ചോദ്യം നകുലനോടും ശാലിനിയോടും ആയിട്ടാണെങ്കിലും അതു ഏറ്റവുമധികം ആഘാതം ഏൽപ്പിക്കുന്നതും മാനസികവും വൈകാരികവുമായ സമ്മർദ്ദം ഏറ്റവുമധികം ഏറ്റുവാങ്ങുന്നതും ശാലിനി ആണ്.
എന്താണ് സംവിധായകനും തിരക്കഥാകൃത്തും ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത് എന്നാലോചിക്കുകയാണ്... വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ പോലും ദമ്പതികളുടെ ജീവിതത്തിൽ സമൂഹം ഏൽപ്പിക്കുന്ന സമ്മർദ്ദം ഇത്രയേറെയാണെന്നാണോ? അതാണ് ഉദ്ദേശിച്ചതെങ്കിൽ അത് അതിന്റെ പാരമ്യത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. നായിക അയൽക്കാരിയുടെ കുഞ്ഞിനെ താലോലിക്കുമ്പോൾ, പ്രസവിക്കാത്ത പെണ്ണ് കുഞ്ഞിനെ താലോലിക്കുന്നത് കുഞ്ഞിനു ദോഷമാണെന്നു വരെ പറഞ്ഞു പോവുന്നുണ്ട്. അപമാനം കൊണ്ട് പൊള്ളി നിൽക്കുന്ന നായികയുടെ നെഞ്ചിൽ ഒരാണി കൂടി അമ്മായിയമ്മയെ കൊണ്ട് തറപ്പിക്കുന്നു. "നിനക്ക് അങ്ങനെ വിശ്വാസമുണ്ടെങ്കിൽ ഉഴിഞ്ഞിട്ടാൽ മതി, ദോഷം പൊയ്ക്കോളും," എന്നാണ് നകുലന്റെ അമ്മ അയൽക്കാരിയെ സമാധാനിപ്പിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം എന്നു കാണിച്ചു തരുമ്പോൾ, അതിനെ തിരുത്തുന്ന ഒരു കഥാപാത്രം പോലുമില്ല നായികയുടെ പരിസരത്തൊന്നും.
ഒടുവിൽ, അലോപ്പതി തുടങ്ങി ലാടവൈദ്യവും ഹോമിയോപ്പതിയും പൂജയും വഴിപാടും വരെ ഇത്തരം ദമ്പതികൾ കടന്നു പോവേണ്ടി വരുന്ന സകല കുഴികളിലൂടെയും കയങ്ങളിലൂടെയും നകുലനെയും ശാലിനിയേയും നടത്തിക്കുന്നു. ഒടുവിൽ എന്ത് അത്ഭുതത്തിന്റെ ഫലമാണെന്നു അവർക്കു തന്നെ പിടികിട്ടാത്ത രീതിയിൽ, നകുലനും ശാലിനിയ്ക്കും അവരുടെ കൺമണിയെ കിട്ടുന്നു. അത്ര കാലം കുത്തിനോവിച്ച മനുഷ്യർക്കുള്ള മറുപടി എന്ന രീതിയിൽ ശാലിനിയും നകുലനും കുഞ്ഞിനൊപ്പമുള്ള ഒരു സെൽഫി പോസ്റ്റ് ചെയ്യുന്നതോടെ പ്രശ്നം തീരുന്നു. പക്ഷേ, അത്ര നിസ്സാരമായി തീരുന്ന ഒന്നാണോ ദശലക്ഷം മനുഷ്യർ കടന്നു പോവുന്ന കുട്ടികൾ ഇല്ലായ്മ എന്ന പ്രശ്നം?
ശാലിനിയും നകുലനും പോസ്റ്റ് ചെയ്തതു പോലെ, ഒരിക്കലും അത്തരമൊരു ഫാമിലി സെൽഫി പോസ്റ്റ് ചെയ്യാൻ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത മനുഷ്യരുടെ കാര്യമോ? കുട്ടികളില്ലായ്മയിലൂടെ കടന്നു പോവുന്ന ലക്ഷകണക്കിനു മനുഷ്യരെ കൂടെക്കൂട്ടി, ഇതു നിങ്ങളുടെ കൂടി പ്രശ്നമാണെന്ന രീതിയിൽ കഥ പറഞ്ഞു പോയിട്ട് കഥാന്ത്യത്തിൽ അവരെ എവിടെയാണ് സിനിമ ഉപേക്ഷിക്കുന്നത്?
സമൂഹം ഇത്രയും വിഷപങ്കിലമാണെന്നു ഏറ്റവും ക്രൂരമായ രീതിയിൽ തന്നെ കാണിച്ചു തന്നിട്ട്, എവിടെയാണ് അതിനൊരു പരിഹാരം നിർദ്ദേശിക്കുന്നത്? എല്ലാ ചിത്രങ്ങളും സാരോപദേശകഥകൾ ആവണമെന്ന നിർബന്ധമൊന്നും ഇല്ല. പക്ഷേ, സർക്കാരിന്റെ കേരള ജനനി–ജന്മരക്ഷാ പദ്ധതിയ്ക്ക് ആണ് സംവിധായകനും കൂട്ടരും ഈ ചിത്രം 'ഡെഡിക്കേറ്റ്' ചെയ്തിരിക്കുന്നത്. കുട്ടികൾ ഇല്ലായ്മയിലൂടെയും അതുണ്ടാക്കുന്ന സാമൂഹിക പ്രശനങ്ങളിലൂടെയും കടന്നു പോവുന്ന മനുഷ്യരെ ചേർത്തു നിർത്തുന്നു എന്ന വ്യാജേന, ഒരു ബോധവത്കരണ ചിത്രത്തിന്റെ മുഖംമൂടി കൂടി അണിയുന്നുണ്ട് ചിത്രം. പിന്തിരിപ്പൻ ആശയങ്ങളെ കുപ്പിയിലാക്കി പുരോഗമ ചിന്തയെന്ന രീതിയിൽ വിൽക്കുന്ന ഈ ചിത്രത്തിന്റെ ആശയത്തോടും സമീപനത്തോടും കടുത്ത വിയോജിപ്പുള്ളതും ഇക്കാര്യത്തിലാണ്.
മനുഷ്യ മനസ്സിനെ സാരമായി ബാധിക്കുന്ന, അടരുകൾ ഏറെയുള്ള ഇത് പോലുള്ള വിഷയങ്ങൾ 'സെൻസിബിൾ' ആയി, എല്ലാ വശങ്ങളും പറഞ്ഞു കൊണ്ട് കൈകാര്യം ചെയ്യാൻ ശ്രമിക്കുക. അല്ലെങ്കിൽ ആ വിഷയം തൊടാതിരിക്കുക എന്നതാണ് സഹമനുഷ്യരോട് കാണിക്കാവുന്ന മനുഷ്യത്വം. നിർഭാഗ്യവശാൽ, അത്തരമൊരു മനുഷ്യത്വവും സഹാനുഭൂതിയും 'അൻപോടു കൺമണി'യിൽ കാണാനാവില്ല. സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടും, തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടും ജീവിതം ദുസ്സഹമായി മാറുന്ന മനുഷ്യരുടെ മനസ്സിൽ 'അൻപോടെ' സ്നേഹാമൃതം പുരട്ടുകയല്ല, മറിച്ച് അവരുടെ സങ്കടങ്ങളെ ഒന്നുകൂടി കുത്തിയുണർത്തി, മുറിവിൽ മുളകു തേക്കുകയാണ് 'അൻപോടു കൺമണി' ചെയ്യുന്നത്.
ചിത്രത്തിൽ, മധ്യവയസ്കിലെത്തി നിൽക്കുന്ന ദമ്പതികൾ കുഞ്ഞെന്ന സ്വപ്നവുമായി ആശുപത്രിയിൽ കയറി ഇറങ്ങുന്ന ഒരു രംഗമുണ്ട്. 'നായകന്റെയും നായികയുടെയും കാത്തിരിപ്പ് ഒന്നോ രണ്ടോ വർഷം മാത്രമായിട്ടല്ലേയുള്ളൂ, അവരെ നോക്കൂ കഴിഞ്ഞ 20 വർഷമായി ഒരു കുഞ്ഞിനു വേണ്ടി കൊതിച്ച് അവർ ചികിത്സ തേടുന്നു' എന്ന താരതമ്യത്തിനു വേണ്ടിയാണ് ആദ്യം ആ ദമ്പതികളെ സ്ക്രീനിലെത്തിക്കുന്നത്. കഥാന്ത്യത്തിൽ നായകൻ കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുമ്പോൾ, വീണ്ടും അതേ ദമ്പതികളെ കാണിക്കുന്നു. കുഞ്ഞെന്ന പ്രതീക്ഷയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന വിശ്വാസത്തോടെ നറുചിരിയുമായി നായകനെയും കുഞ്ഞിനെയും നോക്കി സ്ക്രീനിൽ നിന്നും മറഞ്ഞു പോവുകയാണ് അവർ.
സത്യത്തിൽ, എത്ര വലിയ ഭാരമാണ് തിരക്കഥാകൃത്ത് ആ കഥാപാത്രങ്ങളുടെ മുതുകിൽ എടുത്തു വയ്ക്കുന്നത്. ജീവിതത്തിൽ രണ്ടു പതിറ്റാണ്ടോളം ആ ഭാര്യയേയും ഭർത്താവിനേയും അലട്ടിയത് കുഞ്ഞില്ലായ്മ എന്ന ദുഖമാണ്. ഒരു കുഞ്ഞു വന്നാലേ ജീവിതം സാർത്ഥകമാവൂ എന്ന വിശ്വാസത്തിൽ കടിച്ചു തൂങ്ങി അവരെ നടത്തിക്കുകയാണ് പൊതുബോധം. അവരുടെ ജീവിതത്തിലെ ഏക പ്രതീക്ഷയാണ് സ്വന്തമായൊരു കൺമണി എന്നത്! നിരാശയുടെ എത്ര കയങ്ങൾ താണ്ടിയാവും അവരിത്ര കാലം നടന്നു കാണുക. ആ പ്രഷർ കുക്കർ ജീവിതത്തിനിടയിൽ അവർ സന്തോഷത്തോടെ ചില നിമിഷങ്ങളെങ്കിലും ജീവിച്ചു കാണുമോ?
ഒരു അത്ഭുതം പോലെ അവരുടെ ആ സ്വപ്നം സാക്ഷാത്കരിച്ചു എന്നു തന്നെ വരട്ടെ. ജീവിതം വാർധക്യത്തോട് അടുക്കുന്ന കാലത്ത് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വന്നാൽ എത്ര വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ് അവർ നേരിടുക. ഒരു കുഞ്ഞിനെ വളർത്തി വലുതാക്കിയെടുക്കുക എന്നത് ശാരീരികമായി കൂടി വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം കുട്ടിക്കുറുമ്പുകളെ മാനേജ് ചെയ്യൽ ഒട്ടും എളുപ്പമാവില്ല.
മാതൃത്വമാണ് ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പൂർണതയെന്ന കാഴ്ചപ്പാടിൽ തന്നെയാണ് 'അൻപോടു കൺമണി'യും ഒടുവിൽ എത്തുന്നത്. ഒടുവിൽ, സ്വന്തം കുഞ്ഞിനെ പ്രസവിക്കുന്ന നായിക! ഇത്തരമൊരു ശുഭപര്യവസാനം 'അൻപോടു കൺമണി'യിൽ മാത്രമല്ല, കുട്ടികൾ ഇല്ലായ്മ, അതിനെ സമൂഹം കാണുന്ന രീതി, ബോഡി ഷേമിംഗ് എന്നു തുടങ്ങി നിരവധി പ്രശ്നങ്ങളെ കുറേക്കൂടി സെൻസിബിൾ ആയി കൈകാര്യം ചെയ്ത 'വിശേഷം' എന്ന ചിത്രത്തിലും കാണാം. സമാനമായ വിഷയം പറഞ്ഞുപോയ, മുൻപു ഇറങ്ങിയ മലയാള ചിത്രങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. എന്തിനാണ് ഇത്തരമൊരു നിർബന്ധം? മറ്റു സാധ്യതകളില്ലേ ഒരു സ്ത്രീയുടെ ജീവിതത്തിന്? പ്രസവം കൊണ്ടു മാത്രമേ ഒരു സ്ത്രീ അമ്മയാവുകയുള്ളോ? കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന അമ്മമാരുടെ 'മാതൃത്വ'ത്തിന് അപ്പോൾ മാറ്റു കുറയുമോ? കുട്ടികൾ ഇല്ലെങ്കിലും ഞാൻ എന്റെ സന്തോഷം കണ്ടെത്തും എന്ന് ഒരു സ്ത്രീക്ക് പറയാനാവില്ലേ?
ഏതു നൂറ്റാണ്ടിൽ നിന്നു കൊണ്ടാണ് മനുഷ്യജീവിതങ്ങളുടെ സാധ്യതകളെ ഇത്തരം സിനിമാപ്രവർത്തകർ നോക്കി കാണുന്നത്? മാതൃത്വം എന്നത് ഒരു സ്ത്രീയുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്. അതു വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം ഓരോ സ്ത്രീയ്ക്കുമുണ്ട്. ആ സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഒരു പൊതുബോധത്തെ ഉയർത്തി കാട്ടുന്ന ഒന്നിനേയും അംഗീകരിക്കാൻ സാധ്യമല്ല.
Read Here
- കാത്തിരിപ്പിന് വിരാമം;SSMB29 ഔദ്യാഗികമായി പ്രഖ്യാപിച്ച് രാജമൗലി
- Identity OTT: ഒരു മാസം പിന്നിടും മുൻപെ ടൊവിനോ ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- New malayalam OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.