scorecardresearch

Anand Sreebala Movie Review & Rating: ഒരു ഡീസന്റ് ത്രില്ലർ, ആനന്ദ് ശ്രീബാല റിവ്യൂ

Anand Sreebala Movie Review & Rating: വലിയ രക്തച്ചൊരിലോ ഗിമ്മിക്കുകളോ, സൈക്കോ അഴിഞ്ഞാട്ടങ്ങളോ ഇല്ലാതെ, എന്നാൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ് 'ആനന്ദ് ശ്രീബാല'

Anand Sreebala Movie Review & Rating: വലിയ രക്തച്ചൊരിലോ ഗിമ്മിക്കുകളോ, സൈക്കോ അഴിഞ്ഞാട്ടങ്ങളോ ഇല്ലാതെ, എന്നാൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ് 'ആനന്ദ് ശ്രീബാല'

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anand Sreebala Review

Anand Sreebala Movie Review Rating: ആനന്ദ് ശ്രീബാല റിവ്യൂ

Anand Sreebala Movie Review & Rating: എത്രയൊക്കെ മൂടിവച്ചാലും ചില സത്യങ്ങൾ ഏതെങ്കിലുമൊരുകാലത്ത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും എന്നതു മനുഷ്യരുടെ വിശ്വാസമാണ്. എന്നെങ്കിലുമൊരിക്കൽ നീതി കിട്ടുമെന്ന പ്രതീക്ഷ! ചിലപ്പോഴൊക്കെ ആ വിശ്വാസമാണ് പ്രിയപ്പെട്ട ഒരാളുടെ വിയോഗം സമ്മാനിച്ച ശൂന്യതയെ മറികടക്കാൻ മനുഷ്യരെ സഹായിക്കുന്നതും.  അർജുൻ അശോകൻ, അപർണ്ണ ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത  'ആനന്ദ് ശ്രീബാല'  പറയുന്നതും അത്തരമൊരു സത്യാന്വേഷണത്തെ കുറിച്ചാണ്.

Advertisment

ലോ കോളേജ് വിദ്യാർത്ഥിനിയായ മകൾ മെറിനെ കാണാനില്ലെന്ന പരാതിയുമായി കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തുകയാണ് മാതാപിതാക്കൾ. മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ ആ രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞുകൂടുകയാണവർ.  എന്നാൽ, പിറ്റേന്ന് കേൾക്കേണ്ടി വരുന്നത് ഗോശ്രീ പാലത്തിൽ നിന്നും മകൾ ചാടി ആത്മഹത്യ ചെയ്തെന്ന വാർത്തയാണ്.  മെറിന്റേത് ആത്മഹത്യ തന്നെയെന്ന  നിഗമനത്തിലെത്തി പൊലീസ് കേസ് ക്ലോസ് ചെയ്യുന്നു. 

പക്ഷേ, മെറിൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന മാതാപിതാക്കൾ മകൾക്കു നീതി ലഭിക്കാനായി പോരാട്ടം തുടരുന്നു. മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപുവരെ ഏറ്റവും സന്തോഷവതിയായിരുന്ന മെറിൻ എന്തിനാണ് ആത്മഹത്യ ചെയ്തത്? എങ്ങനെയാണ് മരിച്ചത്? ആത്മഹത്യയോ കൊലപാതകമോ? കൊലപാതകമെങ്കിൽ മറഞ്ഞിരിക്കുന്ന ആ കൊലയാളി ആര്? മെറിൻ കേസ് ബാക്കിവയ്ക്കുന്ന സംശയങ്ങൾക്കു പിന്നാലെ ക്രൈം റിപ്പോർട്ടറായ ശ്രീബാലയും കൂട്ടുകാരൻ ആനന്ദും  ഇറങ്ങിതിരിക്കുന്നു. അതോടെ ആത്മഹത്യയെന്നു എഴുതിതള്ളിയ ആ കേസിന്റെ ചുരുളുകൾ ഓരോന്നായി അഴിയുകയാണ്. 

പൊലീസുകാരനാവാൻ മോഹിക്കുന്ന ആനന്ദ് ശ്രീബാല എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് അർജുൻ അശോകൻ. വ്യക്തിപരമായ ട്രാജഡികളിലൂടെ കടന്നുപോയ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥകളെ സൂക്ഷ്മാംശങ്ങളോടെ തന്നെ പോർട്രൈ ചെയ്യുന്നുണ്ട് അർജുൻ. ക്രൈം റിപ്പോർട്ടറായി എത്തുന്ന അപർണ ദാസും തന്റെ വേഷത്തോട് നീതി പുലർത്തി. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സംഗീത, ഏറെ നാളുകൾക്കുശേഷം  മുഴുനീള വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രത്യേകതകളുള്ള കഥാപാത്രമാണ് സംഗീതയുടേത്. അഭിനയമുഹൂർത്തങ്ങളേക്കാൾ, കഥയിൽ ആ കഥാപാത്രത്തിനുള്ള പ്രാധാന്യം കൊണ്ടു തന്നെ സംഗീത തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നു. 

Advertisment

സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

രഞ്ജിൻ രാജാണ്  ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകരുമായി വളരെ പെട്ടെന്നു തന്നെ ഇമോഷണലി കണക്റ്റാവുന്നതിൽ ചിത്രത്തിലെ ഗാനങ്ങൾക്കും വലിയ പങ്കുണ്ട്. വിഷ്ണു നാരായണൻറേതാണ് ചായാഗ്രഹണം. കിരൺ ദാസ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. മാളികപ്പുറം', '2018' എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

കഥയുടെ വൺലൈനും പ്ലോട്ടുമെല്ലാം, കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ, ആ യഥാർത്ഥ സംഭവത്തെ എഴുത്തുകാരന്റെ സ്വാതന്ത്യത്തിൽ നിന്നുകൊണ്ട് കെട്ടുറപ്പുള്ള, ത്രില്ലടിപ്പിക്കുന്ന ഒരു തിരക്കഥയായി മാറ്റിയെടുത്തിരിക്കുകയാണ് തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. 'അമ്മ' സ്നേഹമായി മാത്രമല്ല, ബുദ്ധിയായും മനുഷ്യരുടെ  ജീനുകളിൽ അപ്രമാധിത്യം സ്ഥാപിക്കാമെന്ന് ഏറ്റവും സുന്ദരമായി പറഞ്ഞുവയ്ക്കുന്നുണ്ട് ചിത്രം. 

വലിയ രക്തച്ചൊരിലോ ഗിമ്മിക്കുകളോ, സൈക്കോ അഴിഞ്ഞാട്ടങ്ങളോ ഇല്ലാതെ,  എന്നാൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ് 'ആനന്ദ് ശ്രീബാല'.  ബോറടിപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കാൻ ചിത്രത്തിനു സാധിക്കുന്നുണ്ട്. ധൈര്യമായി ടിക്കറ്റെടുക്കാം,  ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നിങ്ങളെ നിരാശരാക്കില്ല. 

Read More

New Release Malayalam Movie Theatre Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: