/indian-express-malayalam/media/media_files/UMy4607S2sCGP9nnCdze.jpg)
'അമ്മ' കുടുംബസംഗമം ജനുവരിയിൽ
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂട്ടരാജിയിലേക്ക് പോയ അമ്മയിൽ പുനസംഘടന ഉടനുണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി അമ്മയുടെ നേതൃത്വത്തിലുള്ള കുടുംബസംഗമം ജനുവരി ആദ്യവാരം നടക്കും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാകും സംഗമം.
അമ്മയുടെ 506 അംഗങ്ങളും കുടുംബവും പരിപാടിയിൽ പങ്കെടുക്കും. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ സംഗമം. വിവാദ കേസുകളുടെ ഭാഗമായ ദിലീപിനേയും സിദ്ദിഖിനേയും സംഗമത്തിലേക്ക് ക്ഷണിക്കും. പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ടതോടെ അഡ്ഹോക് കമ്മറ്റിയാണ് നിലവിൽ അമ്മയെ നയിക്കുന്നത്.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നതെന്നാണ് വിവരം. നേരത്തെ കേരളപ്പിറവി ദിനത്തിൽ അമ്മ ആസ്ഥാനത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വിളിച്ചുചേർത്ത യോഗത്തിലാണ് കുടുംബസംഗമം എന്നയാശയം ഉടലെടുത്തത്. ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ലൈംഗികാതിക്രമണ പരാതി ഉയർന്നത്. തുടർന്ന്, സിദ്ദിഖ് ജനറൽ സെക്രട്ടി സ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ പ്രസിഡൻറ് മോഹൻലാൽ നിലവിലുള്ള കമ്മറ്റി പിരിച്ചുവിടുകയായിരുന്നു.
സിദ്ദിഖിനെ കൂടാതെ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഭാരവാഹികളായിരുന്ന മുകേഷ്, മണിയൻപിള്ള രാജു, ബാബുരാജ് എന്നിവർക്കെതിരെയും ലൈംഗികാതിക്രമണ പരാതികൾ ഉയർന്നിരുന്നു. നിലവിൽ ഈ പരാതികളിലെല്ലാം പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി വരികയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.