/indian-express-malayalam/media/media_files/BBqJHJzL9l47FGiecQTu.jpg)
Aadujeevitham Movie Review
Prithviraj Sukumaran's Aadujeevitham Review: 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിന്റെ എസെൻസ് പേറുന്ന വരികളാണിത്. ഒരു ആയുഷ്കാലം കൊണ്ട് ഒരു മനുഷ്യൻ ഇത്രയേറെ യാതനകളിലൂടെ കടന്നുപോയെന്നോ? നജീബിന്റെ കഥ കേട്ട് വിശ്വസിക്കാനാവാതെ മൂക്കത്തുവിരൽ വച്ചവർ പിന്നീട് അമ്പരന്നത് അതൊരു മനുഷ്യൻ യഥാർത്ഥത്തിൽ അനുഭവിച്ച ജീവിതമാണെന്ന് അറിഞ്ഞപ്പോഴാണ്. വായനയുടെ ആ സത്ത കാഴ്ചയിലേക്കും പകരുകയാണ് 'ആടുജീവിതത്തി'ന്റെ ദൃശ്യാവിഷ്കാരം.
ചിത്രത്തിലേക്ക് വരുമ്പോൾ, പ്രധാന കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി 'ആടുജീവിതത്തി'ന്റെ പ്ലോട്ടിനെ ഒന്നു ഷഫിൾ ചെയ്തിട്ടുണ്ട് ബ്ലെസി. നജീബിന്റെ കുടുംബ പശ്ചാത്തലം, ഗൾഫ് സ്വപ്നം, യാത്ര, അയാൾ എത്തിച്ചേരുന്ന ചതികെണി എന്നിവയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തികൊണ്ടാണ് ആദ്യപകുതിയുടെ സഞ്ചാരം.
ഗൾഫ് എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ഈന്തപ്പനകളും മണലാരിണ്യവും നിറഞ്ഞ ഒരു ലോകമാണ്. എന്നാൽ, അതൊന്നുമില്ലാത്ത, കണ്ണെത്താദൂരത്തോളം ഇളം ചുവപ്പു നിറം മാത്രം പരന്നു കിടക്കുന്ന വെള്ളം പോലും ലക്ഷ്വറിയായി പോവുന്ന പൊള്ളുന്ന കഥാപരിസരത്തിലേക്ക് വളരെയെളുപ്പത്തിൽ തന്നെ ബ്ലെസി കാഴ്ചക്കാരെ ലാൻഡ് ചെയ്യിപ്പിക്കുന്നുണ്ട്.
'ആടുജീവിതം' വായിച്ചവരെ സംബന്ധിച്ച് ഓരോ രംഗത്തിനും കഥാപരിസരങ്ങൾക്കും അവരുടെ മനസ്സിൽ അവരുടേതായൊരു ഭാഷ്യമുണ്ടാവും. എന്നിട്ടും അവരെ 'ആടുജീവിതം' വിസ്മയിപ്പിക്കുന്നതിനു കാരണം, സങ്കൽപ്പത്തിൽ കണ്ടതിലും ഭീതിദമായ കാഴ്ചകളാണ് ബ്ലെസി ഒരുക്കുന്നത് എന്നതിനാലാണ്.
ആദ്യപകുതിയിൽ, കഥാപാത്രത്തോട് ഇമോഷണലി കണക്റ്റ് ആവാത്ത രീതിയിൽ ചില രംഗങ്ങളും സംഭാഷണങ്ങളും മുഴച്ചു നിന്നത് ആസ്വാദനത്തെ ബാധിച്ചിരുന്നുവെന്ന് പറയാതെ വയ്യ. ഒരുപാട് സ്വപ്നങ്ങളുമായി ഗൾഫിലേക്ക് പറന്നിറങ്ങുന്ന നജീബ് മസ്രയിലെത്തുന്നതുവരെ പൃഥ്വിരാജ് എന്ന വ്യക്തിയുടെ നിഴൽ തന്നെയായിരുന്നു കഥാപാത്രത്തിൽ ആധിപത്യം പുലർത്തിയത്.
ഫ്ളാഷ് ബാക്ക് സീനുകൾ ചിലതൊക്കെ അരോചകമായി തോന്നി തുടങ്ങിയതോടെ പ്രതീക്ഷകൾ മങ്ങി. 'ആടുജീവിതം' കാഴ്ച നിരാശ സമ്മാനിക്കുകയാണോ എന്നുപോലും ഒരുവേള സംശയിച്ചു. എന്നാൽ, ഇടവേളയ്ക്കു ശേഷമുള്ള കാഴ്ചയിൽ, പതിയെ തന്റെ ഉടലിൽ നിന്നും പൃഥ്വിരാജിനെ പൂർണമായും ഇറക്കിവിട്ട് പൃഥ്വി നജീബായി മാറുന്നത് കണ്ടു. അതോടെയാണ് 'ആടുജീവിതം' അതിന്റെ ട്രാക്കിലെത്തിയത്.
ചിലപ്പോൾ, ഏറ്റവും കൂടുതൽ മലയാളികൾ വായിച്ച നോവലുകളിലൊന്നാവാം 'ആടുജീവിതം.' നജീബിന്റെ കഥയും നജീബ് താണ്ടിയ ദുരിതപർവ്വവും 'ആടുജീവിതം' വായിക്കാത്ത മലയാളികൾക്കു പോലും പരിചിതമാണെന്നിരിക്കെ, എല്ലാവർക്കുമറിയുന്നൊരു അതിജീവനകഥ സിനിമയാക്കുക എന്നതു തന്നെയാണ് ബ്ലെസി ഏറ്റെടുത്ത പ്രധാന വെല്ലുവിളി.
പക്ഷേ ആ യാത്ര ഒട്ടുമെളുപ്പമായിരുന്നില്ലതാനും. ആടുജീവിതം സിനിമയാക്കാം എന്ന് ബ്ലെസി ആലോചിച്ചു തുടങ്ങിയ കാലത്ത് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത എത്രയോ പ്രതിബന്ധങ്ങൾ, ബുദ്ധിമുട്ടുകൾ ഇടയിൽ കയറിവന്നു. അതിനിടയിൽ ബ്ലെസിയുടെ ജീവിതത്തിൽ നിന്നും കടന്നുപോയത് 16 വർഷങ്ങളാണ്.
എന്തുവന്നാലും 'ആടുജീവിതം' അഭ്രപാളികളിൽ എത്തിക്കുക എന്ന സ്വപ്നത്തിനായി വർഷങ്ങൾ മാറ്റിവച്ച ബ്ലെസി തന്നെയാണ് ഈ ദിവസം ഏറ്റവും വലിയ കയ്യടി അർഹിക്കുന്നത്. ഒരു ശില്പി തന്റെ ശില്പം കൊത്തിയെടുക്കും പോലെ ധ്യാനിച്ച്, തപം ചെയ്ത്, ക്ഷമയോടെ കാത്തിരുന്ന്, ഒടുവിൽ ബ്ലെസി തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഒരർത്ഥത്തിൽ 'ആടുജീവിതം,' നജീബിന്റെ മാത്രം അതിജീവനമല്ല, സിനിമാഭ്രാന്ത് സിരകളിലലിഞ്ഞ ബ്ലെസി എന്ന സംവിധായകന്റെ കൂടി അതിജീവനമാണ്, ഒപ്പം ആ യാത്രയിൽ പൂർണ്ണമായ അർപ്പണബോധത്തോടെ ബ്ലെസിയ്‌ക്കൊപ്പം നടന്ന പൃഥ്വിരാജിന്റെയും.
സമീപകാലത്തൊന്നും ഒരു നടൻ എന്ന രീതിയിൽ പൃഥ്വിരാജ് വിസ്മയിപ്പിച്ച ചിത്രങ്ങളൊന്നും തന്നെ കണ്ടിട്ടില്ല എന്നതിനാലാവാം 'ആടുജീവിതത്തി'ലെ നജീബിനെ എങ്ങനെയാവും പൃഥ്വി അവതരിപ്പിക്കുക എന്നതിൽ ആദ്യം മുതൽ ആശങ്കയുണ്ടായിരുന്നു.
എത്ര ഓവർ ഹൈപ്പ് ചെയ്താലും, കഥാപാത്രത്തിനോടോ കഥയോടോ നീതി പുലർത്താതെ പോയാൽ ആ ചിത്രത്തെ നിർദ്ദാക്ഷിണ്യം കൈവിടാൻ മടിക്കാത്തവരാണ് മലയാള പ്രേക്ഷകസമൂഹം എന്നതിന് എത്രയോ ഉദാഹരണങ്ങൾ നമുക്കുണ്ടല്ലോ. എന്നാൽ, ആശങ്കകളെയെല്ലാം കാറ്റിൽ പറത്തി, നജീബിന് തന്റെ ഉടലും ഉയിരും നൽകിയ പൃഥ്വിരാജ് പതിയെ ഇംപ്രസ് ചെയ്തു തുടങ്ങുകയായിരുന്നു.
നജീബ് കടന്നുപോയ മാനസികാവസ്ഥകളെ ഹൃദയസ്പർശിയായി അഭിനയിക്കാൻ കെൽപ്പുള്ള അഭിനേതാക്കൾ മലയാളത്തിൽ വേറെയും കണ്ടേക്കാം. പക്ഷേ ഒന്നുറപ്പിച്ചു പറയാം, നജീബിനായി തന്റെ ശരീരത്തോട് പൃഥ്വി ചെയ്ത സാഹസത്തിന്, ഇത്തരത്തിലുള്ളൊരു ട്രാൻസ്ഫൊർമേഷന് പൃഥ്വിരാജോളം സ്റ്റാർവാല്യൂവുള്ള മറ്റേതെങ്കിലും ഒരു നടൻ തയ്യാറാവുമോ എന്നത് സംശയമാണ്.
നജീബിന്റെ യാതനകൾക്ക് പൃഥ്വി കൊടുത്ത ഒരു സ്റ്റാൻഡിംഗ് ഒവേഷനാണ് നടനെന്ന രീതിയിലുള്ള ആ പ്രകടനം. പൃഥ്വിരാജിൽ നിന്നും ഇതുപോലൊരു പെർഫോമൻസ്, അർപ്പണം പ്രതീക്ഷിച്ചിരുന്നില്ല. 'ആടുജീവിതം' പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഒരു മൈൽസ്റ്റോണായി തന്നെ ചരിത്രത്തിലിടം പിടിയ്ക്കും.
ഹക്കീമായി എത്തുന്ന ഗോകുൽ, ആഫ്രിക്കക്കാരൻ ഇബ്രാഹിമായി എത്തിയ ബോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ് എന്നിവരുടെ അഭിനയവും എടുത്തുപറയണം. രക്ഷപ്പെടണം, നാടണയണം എന്ന മോഹം കണ്ണുകളിൽ ജ്വലിക്കുന്ന ഹക്കീം കഥാന്ത്യത്തിൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കും. കംപാഷൻ എന്നതിന്റെ ആൾരൂപമായി മാറുന്ന ജിമ്മി ജീൻ ലൂയിസ് കാഴ്ചക്കാർക്ക് പകരുന്ന ആശ്വാസം ചെറുതല്ല, ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ സ്വയം മരുപ്പച്ചയായി മാറിയൊരു മനുഷ്യൻ.
/indian-express-malayalam/media/media_files/MsuRdjwx5VWXWspUMjn2.jpg)
അടിമകളുടെ വേദനയിൽ ഹരം കണ്ടെത്തുന്ന മനുഷ്യരായി താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിയ അറബി താരങ്ങളും തിളങ്ങി. അമല പോൾ, ശോഭ മോഹൻ എന്നിവർക്ക് താരതമ്യേന സ്ക്രീൻ സ്പേസ് കുറവാണ്. എങ്കിലും, നജീബിന്റെ ദുരിതങ്ങളിലെല്ലാം പ്രേക്ഷകർ അവരെ കുറിച്ചുകൂടി ഓർക്കുന്ന രീതിയിൽ ആ കഥാപാത്രങ്ങൾ ഇംപാക്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.
മനുഷ്യാവസ്ഥകളെ, വൈകാരികതയെ ഉള്ളുലയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ ബ്ലെസി എന്നും മുന്നിലാണ്. ഇവിടെയും ബ്ലെസിയുടെ ആ കയ്യടക്കം വ്യക്തമായി കാണാം. ചതിയിൽ അകപ്പെട്ടു എന്നറിയുമ്പോഴുള്ള ഭയം, രക്ഷപ്പെടാനുള്ള വ്യഗ്രത, പ്രതിരോധം, ചെറുത്തുനിൽപ്പുകൾ, കീഴ്‌പ്പെടൽ, നിസ്സഹായത, മരവിപ്പ്, അതിജീവന ശ്രമങ്ങൾ- നജീബിന്റെ മനുഷ്യാവസ്ഥകളെ ഏറ്റവും റിയലിസ്റ്റിക്കായി തന്നെ പോർട്രെ ചെയ്യുന്നുണ്ട് ബ്ലെസി. ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം ജീവിച്ചുജീവിച്ച് താനൊരു മനുഷ്യനാണെന്നു കൂടി പലകുറി നജീബ് മറന്നുപോയതുപോലെ പ്രേക്ഷകർക്ക് തോന്നാം.
സമ്പന്നതയുടെയും ആഢംബരത്തിന്റെയും ലോകം മുന്നിൽ കണ്ട് പലകാലങ്ങളിലായി ഗൾഫിലേക്ക് പറന്ന എത്രയോ മലയാളികളുണ്ട്. മണലാരിണ്യത്തിൽ അവർ പൊഴിച്ച വിയർപ്പിൽ നിന്ന് നിറപ്പകിട്ടുകൾ സ്വന്തമാക്കിയ എത്രയോ കുടുംബങ്ങളും. എന്നാൽ, സ്വപ്നങ്ങളെ എത്തിപ്പിടിക്കും മുൻപ് ചതിയിൽ വീണുപോയ, അറിയപ്പെടാതെ പോയ ജീവിതങ്ങളുമുണ്ട്. അത്തരത്തിൽ ചതിക്കപ്പെട്ട നിരവധിപേരുടെ പ്രതിനിധിയാണ് നജീബ്. ഒരു സർവൈവൽ ചിത്രമെന്നതിനു അപ്പുറത്തേക്ക്, 'ആടുജീവിതം' ഇത്തരം ചില മാനുഷിക പ്രശ്നങ്ങളെ കുറിച്ചുകൂടി ഓർമ്മിപ്പിക്കുന്നുണ്ട്.
സുനിൽ കെ എസിന്റെ ഛായാഗ്രഹണമാണ് 'ആടുജീവിതത്തി'ന്റെ പ്രധാന യുഎസ്പികളിൽ ഒന്ന്. മരഭൂമിയുടെ കാഠിന്യവും നജീബിന്റെയും ഹക്കീമിന്റെയുമെല്ലാം ദുരിതജീവിതത്തിന്റെ നിറംകെട്ട കാഴ്ചകളും ആ ക്യാമറക്കണ്ണുകൾ മികവോടെ ഒപ്പിയെടുക്കുന്നു.
ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് യാഥാർത്ഥ്യത്തിനും മിഥ്യകൾക്കുമിടയിലൂടെ കൺകെട്ടുവിദ്യ കാണിക്കുന്നു. മരുഭൂമിയിൽ പടർന്ന നനവിൽ വീണുകിടക്കുന്ന നജീബിന്റെ ഓർമകൾ കാഴ്ചയ്ക്ക് ഒരലോസരവുമില്ലാതെ ഒഴുകി സൈനുവിലേക്കും പുഴയിലേക്കും പടരുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ഒരു പുഴയുടെ ഒഴുക്കുപോലെ സ്വാഭാവികമാണ് ചിത്രത്തിലെ പല രംഗങ്ങളുടെയും സംയോജനം.
എ ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും 'ആടുജീവിതത്തി'നു ആത്മാവു സമ്മാനിക്കുന്നു. ‘പെരിയോനേ എൻ റഹ്മാനേ’ എന്ന ഗാനത്തിനൊപ്പം കാഴ്ചക്കാരുടെ മനസ്സിലും സങ്കടം വിങ്ങിനിറയും. മണൽക്കാറ്റിന്റെ ഹുങ്കാരവും മരുഭൂമിയുടെ സീൽക്കാരങ്ങളും കാഴ്ചക്കാരിലും ഭീതിനിറയ്ക്കുന്ന രീതിയിലാണ് റസൂൽ പൂക്കുട്ടിയൊരുക്കിയ ശബ്ദപ്രപഞ്ചം.
തിയേറ്ററിൽ പോയി തന്നെ കാണേണ്ട ഒരു മസ്റ്റ് വാച്ച് ചിത്രമാണ് 'ആടുജീവിതം.' ഞങ്ങളുടെ ഇൻഡസ്ട്രിയിൽ പിറന്ന ചിത്രം എന്ന അഭിമാനത്തോടെ ഏതു മലയാളിയ്ക്കും 'ആടുജീവിത'ത്തെ ലോകത്തിനു മുന്നിൽ ചൂണ്ടി കാണിക്കാം.
Read More
- ഓസ്കാർ ഉറപ്പിച്ചോ; ആടുജീവിതം കരയിപ്പിച്ചെന്ന് പ്രേക്ഷകർ
- ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- ആടുജീവിതം ആദ്യദിവസം തന്നെ കാണും, കാരണമിതാണ്...: പൃഥ്വിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.