/indian-express-malayalam/media/media_files/7TglFq39g8aXYpQSSJOS.jpg)
1974-ൽ ലോക വിഡ്ഢിദിനത്തിൽ ഇന്ത്യയൊട്ടാകെ വാർത്താ പ്രാധാന്യം നേടിയ ഒരു നഗ്നയോട്ടം സംഭവിച്ചു. ആ സംഭവം നടന്നത് മറ്റെവിടെയുമല്ല, നമ്മുടെ കൊച്ചിയിൽ തന്നെ. .
അന്നത്തെ കൊച്ചിയുടെ ഷോപ്പിംഗ് സിരാകേന്ദ്രമായിരുന്ന ബ്രോഡ് വേയിൽ കൂടി എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ നാല് വിദ്യാർത്ഥികൾ തുണിയില്ലാതെ ഓടിയാണ് ചരിത്രത്തിൽ ഇടം നേടിയത്. കണ്ടുനിന്നവരെല്ലാം അമ്പരന്നു, ഇതെന്താണ് സംഭവമെന്ന് അന്തം വിട്ടു പരസ്പരം നോക്കി.
എന്തായാലും ആ നഗ്നയോട്ടത്തിന് ഇന്നേക്ക് 50 വയസ്സു പൂർത്തിയാകുകയാണ്.
എന്തായിരുന്നു ആ ഓട്ടത്തിനുള്ള പ്രചോദനം?
"ഇംഗ്ലണ്ടിൽ ക്രിക്കറ്റ് ആസ്വദിച്ചിരുന്ന ജനസാഗരത്തിനു മുന്നിലൂടെ 1974ൽ ഒരു പെൺകുട്ടി തുണി ഇല്ലാതെ ഓടി. അതാവട്ടെ വിദേശപത്രങ്ങളിൽ വാർത്തയായി. എഴുപതുകൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു, എന്തിനെതിരെയും, അമർഷത്തോടെ പ്രതികരിക്കുക. കേരളത്തിൽ കൊച്ചിയിലെ നിയമവിദ്യാർത്ഥികളാണ് പ്രതികരണശേഷിയുള്ളവരെന്ന് തെളിയിച്ചത്," 'വാർത്ത വന്ന വഴി' എന്ന പുസ്തകത്തിൽ ഈ സംഭവത്തെ കുറിച്ച് മാതൃഭൂമി ദിനപത്രത്തിൻ്റെ ലേഖകനായിരുന്ന എൻ എൻ സത്യവ്രതൻ എഴുതുന്നതിങ്ങനെ:
ലോ കോളേജ് ഹോസ്റ്റൽ മുറിയിൽ സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ചെറുപ്പക്കാർ ഒത്തുചേർന്നു. ചർച്ചകളായി, ആലോചനയായി... ഒടുവിൽ 'സ്ട്രീക്കിംഗ്' അഥവാ നഗ്നമായി ഓടാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു.
രാത്രി സുഭാഷ് ബോസ് പാർക്കിലൂടെ ഓടാനായിരുന്നു സംഘത്തിന്റെ ആദ്യപദ്ധതി. എന്നാൽ, അൽപ്പം കൂടി സാഹസികമാവണം കാര്യങ്ങൾ എന്ന ചിന്തയിൽ തിരക്കേറിയ ബ്രോഡ്‌വേ തന്നെ തിരഞ്ഞെടുത്തു. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ബ്രോഡ് വേയിലൂടെ ഓടിയ ആ നാലു ചെറുപ്പക്കാർ കാത്തുകിടന്ന കാറിൽ കയറി മറഞ്ഞു.
സംഭവം മുൻകൂട്ടി അറിഞ്ഞ് കോണ്‍വെന്റ് ജങ്ക്ഷനിലെ കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ജനാർദ്ദനൻ എന്ന ഫോട്ടോഗ്രാഫർ ക്യാമറയുമായി കാത്തിരുന്നെങ്കിലും ദൃശ്യം പകർത്താനായില്ല. എന്നാൽ, കാറിൽക്കയറിപ്പോയ യുവാക്കൾ വീണ്ടുമെത്തി, ഇത്തവണ ഓട്ടം ബോട്ട് ജെട്ടിക്കടുത്തെ ഓർത്തഡോക്സ് പള്ളിക്കു സമീപത്തെ വഴിയിലൂടെയായി. ചെറുപ്പക്കാർക്ക് പിന്നാലെ ഓടിപ്പിടിച്ച് എത്തിയ ജനാർദ്ദനൻ ദൃശ്യം പകർത്തി. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ആ ചിത്രവും വാർത്തയും അതോടെ സ്ഥാനം പിടിച്ചു. 'The Naked Apes of Kerala' എന്നാണ് 'ഇലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ' ചിത്രത്തിനു അടിക്കുറിപ്പ് നൽകിയത്.
പിന്നെ എന്തുണ്ടായി എന്നല്ലേ? വിദ്യാർത്ഥികൾക്ക് വീട്ടിൽ ശകാരം. കോളേജിൽ താക്കീത്. സ്വന്തക്കാർ ചന്തി കണ്ടാലും തിരിച്ചറിയുമെന്ന് അവർ മനസ്സിലാക്കി. പ്രിൻസിപ്പാൾ ഫിലിപ്പ് തയ്യിൽ അവരെ പുറത്താക്കുമെന്ന് പറഞ്ഞു. പിന്നെ താക്കീതിൽ ഒതുക്കി. കുഴപ്പക്കാരെന്നു മുദ്രകുത്താൻ മുൻ റെക്കോർഡുകളൊന്നും അവർക്കെതിരെ ഉണ്ടായിരുന്നില്ല, എൻ എൻ സത്യവ്രതൻ 'വാർത്ത വന്ന വഴി' എന്ന പുസ്തകത്തിൽ പറയുന്നു.
ആരായിരുന്നു ആ നാലുപേർ?
ചരിത്രത്തിൽ ഇടംപിടിച്ച ആ നാലു ചെറുപ്പക്കാർ ആരാണെന്ന സത്യം ഇന്നും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്നത്തെ നാലു നിയമബിരുദധാരികളിൽ ഒരാൾ മാത്രം അഭിഭാഷകവൃത്തി തുടർന്നു. ഒരാൾ കസ്റ്റംസിൽ എത്തി, മറ്റു രണ്ടുപേർ ബിസിനസ്സിലേക്കും തിരിഞ്ഞു.
ആ ഓട്ടക്കാരുടെ ലിസ്റ്റിൽ നടൻ മമ്മൂട്ടിയുണ്ടെന്നും ഇടക്കാലത്ത് കഥകൾ പരന്നിരുന്നു. എന്നാൽ, ആദ്യ നഗ്ന ഓട്ടത്തിൽ അല്ല, നഗ്നയോട്ടത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.
നഗ്നയോട്ടം ആവർത്തിക്കുമെന്ന് മുൻകൂർ നോട്ടീസ് അച്ചടിച്ചിറക്കിയാണ് നഗ്നയോട്ടത്തിൻ്റെ ഒന്നാം വാർഷികം ലോ കോളേജ് വിദ്യാർഥികൾ ആഘോഷമാക്കിയത്. ജില്ലാ പൊലീസ് മേധാവി കെ ചന്ദ്രശേഖരനും കലക്ടർ ഉപ്പിലിയപ്പനും വൻ പൊലീസ് സന്നാഹമൊരുക്കി ബ്രോഡ്‌വേയിൽ കാത്തുനിന്നിരുന്നുവെന്ന് ദേശാഭിമാനി റിപ്പോർട്ടില്‍ പറയുന്നു. എന്നാൽ, പ്രതീക്ഷിച്ച പോലെ മുതിർന്നവരുടെ നഗ്നയോട്ടമല്ല നടന്നത്. ഏതാനും കൊച്ചു കുട്ടികളെ ഉടുതുണിയില്ലാതെ നടത്തിച്ച് അവരെയും ആട്ടിത്തെളിച്ച് ഒരു വിദ്യാർഥിക്കൂട്ടം കടന്നുപോയി.
ആ നഗ്നയോട്ടത്തിന്റെ നോട്ടിസ് ഇറക്കിയതും പരിപാടികൾ ആസൂത്രണം ചെയ്തതും അതിന് നേതൃത്വം നൽകുകയും ചെയ്ത രണ്ടുപേരിൽ ഒരാൾ മമ്മൂട്ടിയായിരുന്നുവെന്ന് പറയപ്പെടുന്നു, രണ്ടാമത്തെയാൾ എറണാകുളം ജില്ലാ കലക്ടറും മമ്മൂട്ടിയുടെ സുഹൃത്തുമായിരുന്ന അന്തരിച്ച കെ. ആർ വിശ്വംഭരന്‍ ഐ എ എസ്സും.
Read More Entertainment Stories Here
- അസൂയയോടെ ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവർ: രാജമൗലി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.