scorecardresearch

1000 Babies Review: രഹസ്യങ്ങളുടെ തൊട്ടിൽകൂമ്പാരം, 1000 ബേബീസ് റിവ്യൂ

1000 Babies Review: നിരവധി മനുഷ്യരെ, സമൂഹത്തെ, മതങ്ങളെ തന്നെ ഒന്നാകെ ഉലച്ചുകളയാൻ മാത്രം പ്രഹരശക്തിയുള്ള ചില രഹസ്യങ്ങൾ... അതിന്റെ ചുരുളുകൾ തേടിയുള്ള അന്വേഷണം... സൈക്കോളജിക്കൽ- മിസ്റ്ററി ത്രില്ലറുകളുടെ ആരാധകർക്ക് ബിഞ്ച് വാച്ചിനുള്ള വക ഒരുക്കുകയാണ് 1000 ബേബീസ്

1000 Babies Review: നിരവധി മനുഷ്യരെ, സമൂഹത്തെ, മതങ്ങളെ തന്നെ ഒന്നാകെ ഉലച്ചുകളയാൻ മാത്രം പ്രഹരശക്തിയുള്ള ചില രഹസ്യങ്ങൾ... അതിന്റെ ചുരുളുകൾ തേടിയുള്ള അന്വേഷണം... സൈക്കോളജിക്കൽ- മിസ്റ്ററി ത്രില്ലറുകളുടെ ആരാധകർക്ക് ബിഞ്ച് വാച്ചിനുള്ള വക ഒരുക്കുകയാണ് 1000 ബേബീസ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
1000 Babies

1000 Babies Review

1000 Babies Review: നിങ്ങളുടെ ജീവിതത്തെയും ചുറ്റുപാടുകളെയും അസ്ഥിത്വത്തെയും വരെ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ചില സത്യങ്ങൾ. 45 വർഷങ്ങൾക്കിപ്പുറം ആ സത്യം മറ നീക്കി നിങ്ങൾക്കു മുന്നിലെത്തുമ്പോൾ, നിങ്ങളെങ്ങനെയാവും അതിനെ നേരിടുക? അതും അതുവരെ നിങ്ങൾ ജീവിച്ച ജീവിതം, ഒരു സൈക്കോപാത്ത് അവരുടെ കേവലാനന്ദങ്ങൾക്കായി ഡിസൈൻ ചെയ്ത ഒന്നാണെന്നറിയുമ്പോൾ? വേരുകളോളം നിങ്ങളെ ഉലച്ചുകളയാനാവുന്ന അത്തരമൊരു സത്യത്തിലേക്കും അതിന്റെ നടുക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കുമുള്ള അന്വേഷണമാണ് 1000 ബേബീസ്. 

Advertisment

നജീം കോയ ഒരുക്കിയ ഈ സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ സീരീസിൽ മലയാളത്തിന്റെ പ്രിയതാരം റഹ്മാനും ബോളിവുഡ് താരം നീന ഗുപ്തയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 7 എപ്പിസോഡുകളുള്ള ഈ സീരീസ് ആകാംക്ഷയും സസ്പെൻസും നിറച്ചാണ് മുന്നോട്ടു പോവുന്നത്. 

ആലപ്പുഴയിലെ ബീച്ച് ഹോസ്പിറ്റലിൽ ഹെഡ് നഴ്സായി വർഷങ്ങളോളം ജോലി ചെയ്തയാളാണ് എല്ലാവരും സാറാ അമ്മച്ചി എന്നു വിളിക്കുന്ന സാറ ഔസേപ്പ്. റിട്ടയർ ജീവിതം നയിക്കുന്ന സാറ നിഗൂഢതകളുള്ള കൂടാരമാണ്. റബ്ബർത്തോട്ടങ്ങൾക്കു നടുവിലെ ഒറ്റപ്പെട്ട വീട്ടിലാണ് സാറയും മകൻ ബിബിനും താമസം. വിചിത്രമായ പെരുമാറ്റം കൊണ്ടും ഭാവങ്ങൾ കൊണ്ടും നാട്ടുകാർക്ക് സാറ അമ്മച്ചി മനോനില തെറ്റിയ ഒരാളാണ്. തന്റെ മുറിയുടെ ചുമരു നിറയെ പെർമനെന്റ് മാർക്കർ ഉപയോഗിച്ച് ഏതാനും രഹസ്യങ്ങൾ രേഖപ്പെടുത്തിയിടുകയാണ് സാറ. ആ അക്ഷരങ്ങൾക്കാവട്ടെ നിരവധി മനുഷ്യരെ, സമൂഹത്തെ, മതങ്ങളെ തന്നെ ഒന്നാകെ ഉലച്ചുകളയാനുള്ള പ്രഹരശക്തിയുണ്ട്. 

കുറ്റബോധം മനസ്സിനെ പിടികൂടുമ്പോൾ മരണകിടക്കയിൽ കിടന്ന്, സാറ ഒരു കുമ്പസാരം കൂടി നടത്തുന്നു. ഒരു പൊലീസ് ഓഫീസർക്കും മജിസ്ട്രേറ്റിനുമായി രണ്ടു രഹസ്യ കത്തുകൾ കൈമാറുകയും ചെയ്യുന്നു. എന്നാൽ, ആ കത്തുകളിൽ രേഖപ്പെടുത്തിയ സത്യങ്ങൾ എത്രത്തോളം വിനാശകരമാണെന്നും അതു ആളുകളെ എത്ര രൂക്ഷമായി ബാധിക്കും എന്നും അറിയാവുന്നതിനാൽ സ്ഫോടനാത്മകമായ ആ കത്തിലെ വിവരങ്ങൾ പുറത്തുവിടാൻ ഓഫീസറും മജിസ്ട്രേറ്റും മടിക്കുന്നു.

Advertisment

എന്നാൽ, സാറ പറഞ്ഞ ആ സത്യങ്ങളെല്ലാം അറിയാവുന്ന മറ്റൊരാൾ കൂടി ഭൂമിയിലുണ്ട്. വിനാശകരമായ ആ രഹസ്യങ്ങൾക്കു പിന്നാലെ സഞ്ചരിച്ച്, അയാൾ മനുഷ്യരെ വേട്ടയാടാൻ ആരംഭിക്കുന്നു. ആ വേട്ട, ഒരു കൊലപാതക പരമ്പരയായി മാറുമ്പോൾ ഒരു പസിൽ പോലെ എല്ലാം പൂരിപ്പിച്ചെടുക്കേണ്ട ചുമതല സിഐ അജി കുര്യനിൽ എത്തുകയാണ്. 

നിഗൂഢത ആൾരൂപം പൂണ്ട സാറയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് നീന ഗുപ്ത നടത്തുന്നത്. സാറയുടെ ചെറുപ്പകാലം അവതരിപ്പിച്ച രാധാ ഗോമതിയും ആ കഥാപാത്രത്തിന്റെ മനോവിചാരങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായി റഹ്മാനും സീരീസിൽ ഉടനീളം തിളങ്ങി നിൽക്കുന്നു. സഞ്ജു ശിവറാം ആണ് പ്രകടനം കൊണ്ട് മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു നടൻ. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സഞ്ജു ചിത്രത്തിലെത്തുന്നത്. 

അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെ പി, ഡെയ്ൻ ഡേവിസ്, മനു എം ലാൽ,  ഷാലു റഹീം, സിറാജുദ്ധീൻ നാസർ, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

സംവിധായകനായ നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സസ്പെൻസും മിസ്റ്ററിയും നിലനിർത്തികൊണ്ടാണ് ആദ്യ എപ്പിസോഡുകൾ നജീമും അറൗസും മുന്നോട്ട് കൊണ്ടുപോവുന്നത്. എന്നാൽ പതിയെ കഥ പറച്ചിലിന്റെ ഗ്രിപ്പിംഗ് സ്വഭാവം നഷ്ടപ്പെടുന്നുണ്ട്. ഇടയ്ക്ക് വലിച്ചുനീട്ടലും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സോടെ വീണ്ടും മിസ്റ്ററിയിലേക്കു തന്നെ പ്രേക്ഷകരെ കൊണ്ടുവരികയാണ് തിരക്കഥാകൃത്തുകൾ.  തുടർ സീസണുകൾക്കുള്ള സാധ്യതകളും തിരക്കഥാകൃത്തുകൾ ബാക്കിവച്ചിട്ടുണ്ട്. 

മലയാള വെബ് സീരീസുകളുടെ ചരിത്രത്തിൽ വേറിട്ടൊരു ശ്രമമെന്ന രീതിയിൽ, 1000 ബേബീസ് ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. സ്പാനിഷ് ത്രില്ലർ സീരിസുകളുടെ ഷെയ്ഡ് അവകാശപ്പെടാവുന്ന ഒന്നുകൂടിയാണ് 1000 ബേബീസ്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ഫെയ്‌സ് സിദ്ദിക്കാണ് സീരീസിന്റെ ഛായാഗ്രാഹകൻ.  ശങ്കർ ശർമ്മ സംഗീതവും ധനുഷ് നായനാർ സൗണ്ട് ഡിസൈനിംഗും എഡിറ്റിംഗ് ജോൺകുട്ടിയും നിർവ്വഹിച്ചിരുന്നു.  

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ  ഏഴു ഭാഷകളിലായി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന 1000 ബേബീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം. സൈക്കോളജിക്കൽ- മിസ്റ്ററി ത്രില്ലറുകളുടെ ആരാധകർക്ക് ഒരു ബിഞ്ച് വാച്ചിനുള്ള വക ഒരുക്കുന്നുണ്ട് 1000 ബേബീസ്.

Read More

Web Series Rahman Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: