/indian-express-malayalam/media/media_files/zzjh5jGTPJc8CSaw0Q4W.jpg)
Bougainvillea Movie Review Rating
Bougainvillea Movie Review Rating: സിനിമാപ്രേമികളെ സംബന്ധിച്ച് സൂപ്പർസ്റ്റാർ പരിവേഷമുള്ള സംവിധായകനാണ് അമൽ നീരദ്. അമൽ നീരദ് ചിത്രങ്ങൾക്ക് പ്രത്യേക ഫാൻബേസുമുണ്ട്. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി കൈകോർക്കുന്നു, ഒപ്പം ഫഹദ് ഫാസിലും എത്തുന്നു, ഒരിടവേളയ്ക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്നു എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള 'ബൊഗെയ്ൻവില്ല'യ്ക്കു വേണ്ടി വളരെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരുന്നത്. ആ പ്രതീക്ഷകൾ വെറുതെയാവുന്നില്ല, കഥ പറച്ചിലിലെ മിസ്റ്ററിയും സസ്പെൻസുകളും കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സിനിമയാണ് 'ബൊഗെയ്ൻവില്ല'.
ഡോ. റോയ്സും റീത്തുവും വളരെ സന്തോഷത്തോടെ ജീവിക്കുന്ന രണ്ടു ദമ്പതികളാണ്. ഒറ്റപ്പെട്ടൊരു വീട്ടിലാണ് ഇരുവരുടെയും താമസം. ഒരു അപകടത്തെ തുടർന്ന് റീത്തുവിന്റെ ഓർമകൾ ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. മറവിയ്ക്കും ഓർമയ്ക്കും ഇടയിൽ പെട്ട് ഉഴറുന്ന റീത്തുവിനെ സംബന്ധിച്ച് നിത്യജീവിതം തള്ളിനീക്കുക അൽപ്പം ശ്രമകരമായ കാര്യമാണ്. ഭർത്താവ് റോയ്സിന്റെയും വേലക്കാരി രമയുടെയും സഹായത്തോടെയാണ് റീത്തു ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോവുന്നത്.
ഇടയ്ക്ക്, ഒരു പെൺകുട്ടിയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എസിപി ഡേവിഡ് കോശി (ഫഹദ് ഫാസിൽ) സ്ഥലത്തെത്തുന്നു. ആ പെൺകുട്ടിയെ അവസാനമായി കണ്ട ആളെന്ന രീതിയിൽ റീത്തു സംശയത്തിന്റെ നിഴലിൽ ആവുന്നു. റീത്തു പറയുന്നത് സത്യമാണോ? അതോ കേവലം വിഭ്രമങ്ങളോ? ഡേവിഡ് കോശിയ്ക്ക് ഒപ്പം പ്രേക്ഷകരും സംശയത്തിലാവും. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം മിസ്റ്ററിയുടെ ചുരുളുകൾ അഴിയുന്നു.
ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവാണ് 'ബൊഗെയ്ൻവില്ല'യിൽ കാണാനാവുക. റെട്രോഗ്രേഡ് അംനേഷ്യയുള്ള റീത്തു എന്ന കഥാപാത്രത്തിന്റെ മാനസികവും വൈകാരികവുമായ അവസ്ഥകളെ കയ്യടക്കത്തോടെയാണ് ജ്യോതിർമയി അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുമറന്ന കാഴ്ചകൾ റീത്തുവിന്റെ കാൻവാസിലെ ചിത്രങ്ങളായി മാറുകയാണ്. റീത്തു എത്രയൊക്കെ വരച്ചാലും അതെല്ലാം ബൊഗെയ്ൻവില്ല പൂക്കളായി മാറുന്നതെന്തുകൊണ്ടാണ്? ആ ചോദ്യം അവശേഷിപ്പിക്കുന്ന നിഗൂഢത റീത്തു എന്ന കഥാപാത്രത്തിന് ആകമാനമുണ്ട്. ലുക്കിലും ഭാവങ്ങളിലുമൊക്കെ മലയാളി ഇതുവരെ കാണാത്തൊരു ജ്യോതിർമയിയെ കൂടി കാണിച്ചുതരികയാണ് സംവിധായകൻ അമൽ നീരദ്.
കുഞ്ചാക്കോ ബോബനും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച് അതിശയിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് വലിയ പെർഫോമൻസ് സാധ്യതകളില്ലെങ്കിലും ഫഹദിന്റെ പ്രസൻസ് തന്നെ ചിത്രത്തിനു മുതൽക്കൂട്ടാവുകയാണ്. ഷറഫുദ്ദീൻ, സ്രിന്റ, വീണ നന്ദകുമാർ, ജിനു ജോസഫ്, നിസ്താർ സേട്ട്, ഷോബി തിലകൻ എന്നിവരും അവരുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിരിക്കുന്നു.
സ്ലോ- പേസിൽ ആണ് ചിത്രം പുരോഗമിക്കുന്നത്. പതിയെ നിഗൂഢതകളിലേക്ക് പ്രേക്ഷകരെ കൂട്ടുകൊണ്ടുപോയി ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് 'ബൊഗെയ്ൻവില്ല'. ഇടയ്ക്ക് കഥപറച്ചിലിൽ അലസസമീപനം കടന്നുവരുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചിത്രം ഗ്രിപ്പിംഗ് ത്രില്ലറായി മാറുന്നു. വളരെ ഡീസന്റായൊരു ക്ലൈമാക്സും ചിത്രത്തിന് അവകാശപ്പെടാനുണ്ട്. അമൽ നീരദും ലാജോ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലർ നോവൽ സീരീസുകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച പുതുതലമുറയുടെ എഴുത്തുകാരൻ ലാജോ ജോസിന്റെ ആദ്യ സിനിമയാണ് ബോഗെയ്ൻവില്ല.
മനശാസ്ത്രപരമായി, മറ്റൊരു തലത്തിൽ നിന്നുകൊണ്ടുകൂടി നോക്കികാണാവുന്ന അടരുകളും പുനർവ്യാഖ്യാന സാധ്യതകളും ചിത്രം ശേഷിപ്പിക്കുന്നുണ്ട്. എത്ര മായ്ച്ചാലും മായാത്ത രീതിയിൽ റീത്തുവിന്റെ ഓർമകളിൽ പതിയുന്ന 'ബൊഗെയ്ൻവില്ല' പൂക്കൾ മനുഷ്യരുടെ ഉപബോധമനസ്സെത്രത്തോളം ശക്തമാണെന്നു കൂടിയാണ് ഓർമിപ്പിക്കുന്നത്.
ആനന്ദ് സി ചന്ദ്രന്റെ സിനിമോട്ടോഗ്രാഫി ചിത്രത്തിന്റെ മിസ്റ്ററി ഫീൽ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റർ. സുഷിന്റെ സംഗീതം സിനിമയുടെ മൂഡ് ഉയർത്തുന്നു. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തന്റെ പതിവു സിനിമാചേരുവകളെ പലതിനെയും വിട്ടു പിടിക്കുന്നുണ്ട് ഇത്തവണ അമൽ നീരദ്. എന്നാലും ഒറ്റപ്പെട്ട വീട്, ഹിൽ സ്റ്റേഷൻ ലൊക്കേഷൻ, നായികമാരുടെ ഡ്രസ്സിംഗ് സ്റ്റൈലിലെ സാമ്യത (ഡങ്കിരി, ഡെനിം വസ്ത്രങ്ങൾ ധരിക്കുന്ന നായികമാർ) എന്നിങ്ങനെയുള്ള എലമെന്റുകൾ ഇവിടെയും ആവർത്തിക്കുന്നുണ്ട്.
സൈക്കോളജിക്കൽ- മിസ്റ്ററി ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ധൈര്യമായി 'ബൊഗെയ്ൻവില്ല'യ്ക്ക് ടിക്കറ്റെടുക്കാം.
Read More
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- Bullet Diaries OTT: ധ്യാന് ശ്രീനിവാസനൊപ്പം പ്രയാഗാ മാര്ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ
- അവന്റെ ഡാൻസ് കണ്ട് എനിക്കിടയ്ക്ക് പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചിരുന്നു: ഇസഹാഖിനെ കുറിച്ച് ചാക്കോച്ചൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us