/indian-express-malayalam/media/media_files/students-fi-02.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ഫലപ്രഖ്യാപന തീയതി സംബന്ധിച്ച കാര്യത്തിൽ ഒരു അറിയിപ്പും വന്നിട്ടില്ല. ചോദ്യപേപ്പർ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് യുജിസി നെറ്റ് പരീക്ഷകൾ റദ്ദാക്കിയത്. പിന്നീട് ഓഗസ്റ്റ് 27, 28, 29, 30, സെപ്റ്റംബർ 2, 3, 4, 5 തീയതികളിലായി യുജിസി നെറ്റ് പുനഃപരീക്ഷ നടന്നു. എന്നാൽ, ഇതുവരെ ഫൈനൽ ഉത്തര സൂചികയും ഫലവും പുറത്തുവന്നിട്ടില്ല.
സെപ്റ്റംബർ 11 നാണ് പ്രൊവിഷണൽ ഉത്തര സൂചിക പുറത്തുവിട്ടത്. സാധാരണ പ്രൊവിഷണൽ ഉത്തര സൂചിക പുറത്തിറങ്ങി 3-4 ദിവസത്തിനുശേഷമാണ് എൻടിഎ ഫൈനൽ ഉത്തര സൂചിക പുറത്തിറക്കാറുള്ളത്. ഫലപ്രഖ്യാപനം അന്നോ അതു കഴിഞ്ഞുള്ള ദിവസങ്ങളിലേ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ, പ്രൊവിഷണൽ ഉത്തര സൂിക പുറത്തുവിട്ട് ഒരു മാസത്തിനുശേഷവും ഫലപ്രഖ്യാപനം വൈകുന്നതിൽ വിദ്യാർത്ഥികൾ വളരെ ആശങ്കയിലാണ്.
''എന്റെ പിഎച്ച്ഡി പ്രവേശനം ഈ സ്‌കോറിനെ ആശ്രയിച്ചിരിക്കുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലും ജെഎൻയുവിലും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു, ഇവിടങ്ങളിലെ അഡ്മിഷൻ നടപടികൾ ഓഗസ്‌റ്റിലോ സെപ്റ്റംബറിലോ പൂർത്തിയാകേണ്ടതായിരുന്നു, എന്നാൽ യുജിസിയുടെയും എൻടിഎയുടെയും കാലതാമസം കാരണം അതും വൈകുകയാണ്. ഫലം ഇതുവരെ പുറത്തുവരാത്തതിനാൽ എനിക്ക് ജോലിക്ക് അപേക്ഷിക്കാൻ പോലും കഴിയുന്നില്ല. ഡൽഹി സർവ്വകലാശാലയിലെ രാജധാനി കോളേജിൽ ജെആർഎഫ് അസിസ്റ്റന്റിന്റെ ഒരു ഒഴിവ് ഉണ്ടായിരുന്നു, ഈ കാലതാമസം കാരണം എനിക്ക് അത് നഷ്ടമായി. കഴിഞ്ഞ 2-3 മാസമായി ഞാൻ വെറുതെ ഇരിക്കുന്നു, ഇതെന്നെ മാനസികമായി തളർത്തുന്നുണ്ട്,'' 23 കാരിയായ ഇഷ ബോലെ പറഞ്ഞു.
ജൂൺ 18 നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ ടെലഗ്രാമിൽ പ്രചരിച്ചത്. ഇതേത്തുടർന്നാണ് രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.