/indian-express-malayalam/media/media_files/2025/01/12/ha7qhYGnCkjqCfOXgf8A.jpg)
Axar Patel, Surya, Sanju Photograph: (Instagram)
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പുതിയൊരു പേര് എത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ സൂര്യുകുമാർ യാദവിന്റെ ഡെപ്യൂട്ടി. ഹർദിക് ഉൾപ്പെടെയുള്ള താരങ്ങൾ ടീമിലുണ്ടെന്നിരിക്കെ എന്തുകൊണ്ട് അക്ഷർ എന്ന ചോദ്യമാണ് ഇതോടെ ശക്തമായത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ വൈസ് ക്യാപ്റ്റൻ ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നത് കണക്കിലെടുത്താണ് ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം സെലക്ടർമാർ അക്ഷർ പട്ടേലിന് നൽകിയത്. 2024 ട്വന്റി20 ലോകകപ്പിൽ ഹർദിക് പാണ്ഡ്യ ആയിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. രോഹിത്തിന് ശേഷം ഹർദിക്കിന്റെ കൈകളിലേക്ക് ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഹർദിക്കിന് പകരം സൂര്യകുമാർ യദവിന്റെ കൈകളിലേക്കാണ് സെലക്ടർമാർ ക്യാപ്റ്റൻസി നൽകിയത്.
അക്ഷർ അർഹൻ
ഇപ്പോൾ ലഭിച്ചിരിക്കുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനത്തിന് അക്ഷർ അർഹനാണെന്ന് കണക്കുകൾ നോക്കിയാൽ വ്യക്തം. കഴിഞ്ഞ വർഷം ഇന്ത്യ ട്വന്റി20 ലോക കിരീടം നേടിയപ്പോൾ അക്ഷറിന്റെ പ്രകടനവും നിർണായകമായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും അക്ഷർ തിളങ്ങി. 92 റൺസ് അക്ഷർ സ്കോർ ചെയ്തപ്പോൾ ഫൈനലിൽ നിർണായകമായ 47 റൺസ് ഇന്നിങ്സും താരത്തിൽ നിന്ന് വന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റും വീഴ്ത്തി.
സ്ഥിരതയാർന്ന പ്രകടനമായിരന്നു അക്ഷറിന്റെ ഐപിഎല്ലിൽ നിന്നും വന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ ഫസ്റ്റ് റിറ്റെയ്ൻ താരമായി അക്ഷർ മാറിയതും ഇതുകൊണ്ട് തന്നെ. 16.50 കോടി രൂപയ്ക്കാണ് അക്ഷറിനെ ഡൽഹി ടീമിൽ നിലനിർത്തിയത്. കെ.എൽ രാഹുലിനെ ഡൽഹി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ക്യാപ്റ്റൻസി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ അക്ഷറിന്റെ പേര് സജീവമാണ്.
സ്ക്വാഡിൽ പോലുമില്ലാതെ ഗിൽ
ശ്രീലങ്കക്കെതിരായ പരമ്പരയിൽ ശുഭ്മാൻ ഗില്ലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ ഇംഗ്ലണ്ടിന് എതിരായ ടീമിൽ ഗിൽ പ്ലേയിങ് ഇലവനിൽ പോലും ഇടം നേടിയിട്ടില്ല. ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ എന്നിവരേയും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിൽ പരിഗണിച്ചിട്ടില്ല. ഇവർക്ക് പകരം അഭിഷേക് ശർമ, സഞ്ജു സാംസൺ, ധ്രുവ് ജുറെൽ എന്നിവരെയാണ് സെലക്ടർമാർ പരിഗണിച്ചത്.
ഓസ്ട്രേലിയൻ പര്യടനത്തിൽ മികവ് കാണിച്ച നിതീഷ് റെഡ്ഡിക്ക് ട്വന്റി20 ടീമിലേക്കും വിളിയെത്തി. മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് സ്ക്വാഡിലെ പ്രത്യേകതകളിൽ ഒന്ന്. 2023 ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഷമിക്കൊപ്പം ഹർഷിത് റാണ, അർഷ്ദീപ് സിങ്ങ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ പേസ് ആക്രമണ നിരയിലേക്ക് വരുന്നത്. രവി ബിഷ്നോയ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ എന്നിവരാണ് സ്പിൻ നിരയിൽ.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്
സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക്, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി. വരുൺ ചക്രവർത്തി, രവി ബിഷ്നോയി, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.