/indian-express-malayalam/media/media_files/rReGrWR9hNwZRNlZzu0t.jpg)
Virat Kohli (File Photo)
Virat Kohli Test Retirement: ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ഫിറ്റ്നസുള്ള താരം. വിരാട് കോഹ്ലി എന്ന ഇന്ത്യയുടെ റൺ മെഷീന് റെഡ് ബോളിൽ ഈ ഫിറ്റ്നസ് ലെവലിൽ ഇനിയും മുൻപോട്ട് പോയി റെക്കോർഡുകൾ പലതും കടപുഴക്കാൻ പ്രാപ്തിയുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. കോഹ്ലിയുടെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റ് ആണ് റെഡ് ബോൾ. വെല്ലുവിളികളെ എന്നും നെഞ്ചുറപ്പോടെ തല ഉയർത്തി ഏറ്റെടുക്കുന്ന കോഹ്ലി ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കണം എങ്കിൽ അതിലേക്ക് കോഹ്ലിയെ നയിച്ച കാര്യങ്ങൾ അത്ര സുഖകരമുള്ളതായിരിക്കില്ലെന്ന് ഉറപ്പ്.
അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കുമ്പോൾ സീനിയർ താരങ്ങളില്ലാതെ പുതിയ ഇന്ത്യൻ തലമുറയെ ഇറക്കാനാണ് പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ താത്പര്യപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഗൗതം ഗംഭീറിന്റെ യുഗം ആരംഭിക്കുകയാണ് എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ടീം മാനേജ്മെന്റിന്റേയും ബിസിസിഐയുടേയും സമീപനം ഇതാണ് എന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കെ ടെസ്റ്റ് ടീമിൽ കടിച്ചു തൂങ്ങി നിൽക്കാൻ കോഹ്ലിയെ പോലൊരു താരം തയ്യാറാകുമെന്ന് ഇവർ കരുതിയോ? ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിരമിച്ചോളാൻ പറയുമ്പോൾ നമ്മുടെ ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം ഇറങ്ങിപ്പോകാൻ പറയുന്നത് പോലെയല്ലേ അത്? അവിടെ കോഹ്ലി തന്റെ ആത്മാഭിമാനം മുറുകെ പിടിച്ചല്ലേ ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്?
പവർഫുൾ ക്യാപ്റ്റനിൽ നിന്ന് പവർഫുൾ കോച്ചിന് കീഴിലേക്ക് ഇന്ത്യ?
ബോർഡർ ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ നിന്ന് മാറി നിന്നതിന് ശേഷവും രോഹിത് ശർമ വ്യക്തമാക്കിയിരുന്നു ഞാൻ റെഡ് ബോളിൽ തുടരും എന്ന്. അന്ന് രോഹിത്തിനോട് പ്ലേയിങ് ഇലവനിൽ നിന്ന് മാറി നിൽക്കാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടോ എന്നതിൽ ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. റെഡ് ബോളിൽ റൺസ് കണ്ടെത്താൻ രോഹിത് ശർമയും കോഹ്ലിയും പ്രയാസപ്പെട്ടിരുന്ന സമയമായിരുന്നു ഇതെന്ന് അവഗണിക്കാനാവില്ല. എന്നാൽ ഇതിഹാസ താരങ്ങളെ ഈ വിധം ഒഴിവാക്കുന്ന പതിവ് ബിസിസിഐ തുടരുകയല്ലേ?
A man with lion’s passion!
— Gautam Gambhir (@GautamGambhir) May 12, 2025
Will miss u cheeks…. pic.twitter.com/uNGW7Y8Ak6
2020ന് ശേഷം മൂന്ന് സെഞ്ചുറി മാത്രമാണ് വിരാട് കോഹ്ലിക്ക് ടെസ്റ്റിൽ നേടാനായത്. ഈ അഞ്ച് വർഷത്തിന് ഇടയിൽ താരത്തിന്റെ ബാറ്റിങ് ശരാശരി 30ന് മുകളിൽ എത്തിയത് 2023ൽ മാത്രം. എങ്കിലും ടെസ്റ്റിൽ 10000 റൺസ് എന്ന ചരിത്ര നേട്ടത്തിന് അരികിൽ നിൽക്കുമ്പോഴാണ് കോഹ്ലി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുന്നത്.
താത്കാലികമായി ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് ഒരു ഇന്ത്യൻ സീനിയർ താരം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് കോഹ്ലി ആയിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. രോഹിത് ശർമയും വിരാട് കോഹ്ലിയും റെഡ് ബോളിൽ നിന്ന് കളം ഒഴിയുമ്പോൾ പവർഫുൾ ക്യാപ്റ്റന് കീഴിൽ നിന്ന് പവർഫുൾ കോച്ചിന് കീഴിലേക്ക് എത്തുകയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോൾ. ഇനി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് എത്തുന്നത് ആരായാലും ഗംഭീറിന്റെ നിലപാടുകൾക്കായിരിക്കും പ്രാധാന്യം ലഭിക്കുക എന്ന വിലയിരുത്തലുകൾ ശക്തമായി കഴിഞ്ഞു.
Read More
- Virat Kohli Retires: കിങ് കോഹ്ലി കളം വിടുമ്പോൾ... ഇതിഹാസ കരിയറിന് തിരശ്ശീല
- Virat Kohli Test Retirement: ടെസ്റ്റ് മതിയാക്കി ക്രിക്കറ്റിന്റെ 'രാജാവ്;' വിരമിക്കൽ പ്രഖ്യാപിച്ചു വിരാട് കോഹ്ലി
- Mumbai Indians IPL: മുംബൈക്ക് പ്ലേഓഫിലെത്താൻ സാധിച്ചേക്കില്ല; ഭീഷണികൾ ഇങ്ങനെ
- കേട്ടപാടെ റിക്കി പോണ്ടിങ് വിമാനത്തിൽ നിന്നിറങ്ങി; പഞ്ചാബ് കിങ്സ് സിഇഒയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.