scorecardresearch

അത്തരം വാർത്തകൾ വസ്തുതാവിരുദ്ധം; 12.5 കോടി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോയെന്ന് റെയ്ന

ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ റെയ്ന ക്യാമ്പിലേക്ക് മടങ്ങുമെന്ന സൂചനയും നൽകി

ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ റെയ്ന ക്യാമ്പിലേക്ക് മടങ്ങുമെന്ന സൂചനയും നൽകി

author-image
Sports Desk
New Update
Suresh Raina, സുരേഷ് റെയ്ന, suresh raina latest news, suresh raina update, CSK, സിഎസ്കെ, Chennai Super Kings, ചെന്നൈ സൂപ്പർ കിങ്സ്, Why suresh raina quit IPL, reason for suresh raina's step down, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 13-ാം പതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സും അവരുടെ 'ചിന്നത്തല' സുരേഷ് റെയ്നയുമായുള്ള വിഷയങ്ങളാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. മത്സരങ്ങൾക്കായി ടീമിനൊപ്പം ദുബായിയിലേക്ക് തിരിച്ച റെയ്ന ക്വാറന്റൈൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ താരവും ക്ലബ്ബുമായി ഇടഞ്ഞു എന്ന തരത്തിൽ പല വാർത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു ക്ലബ്ബിന്റെ വിശദീകരണം. അതേസമയം ക്ലബ്ബ് ഉടമ എൻ ശ്രീനിവാസന്റെ പ്രസ്താവനയാണ് താരവുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള വാദങ്ങൾക്ക് കൂടുതൽ ശക്തിപകർന്നത്. ഇതെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് റെയ്ന.

Advertisment

ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ റെയ്ന ക്യാമ്പിലേക്ക് മടങ്ങുമെന്ന സൂചനയും നൽകി. ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്സി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റെയ്ന മനസ് തുറന്നത്. അതേസമയം താരത്തിന് ഇത്തവണത്തെ സീസൺ നഷ്ടമായേക്കുമെന്നായിരുന്നു ക്ലബ്ബ് അറിയിച്ചത്.

Also Read: IPL 2020: ചെന്നൈയ്ക്ക് ആശ്വാസ വാർത്ത; സൂപ്പർ താരങ്ങൾ യുഎഇയിലെത്തി

‘ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണ്. കുടുംബത്തിനു വേണ്ടിയാണ് ഞാൻ തിരികെ പോന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സും എന്റെ കുടുംബം തന്നെയാണ്. മഹി ഭായി (മഹേന്ദ്രസിങ് ധോണി) എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആളാണ്. അതുകൊണ്ടുതന്നെ സീസൺ ഉപേക്ഷിച്ച് മടങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു," റെയ്ന പറഞ്ഞു.

Advertisment

ചെന്നൈ സൂപ്പർ കിങ്സും ഞാനുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ റെയ്ന 12.5 കോടി രൂപ കിട്ടുന്ന അവസരം തക്കതായ കാരണം കൂടാതെ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോയെന്നും ചോദിച്ചു. എന്നെ സംബന്ധിച്ച് കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അവരെക്കുറിച്ച് എനിക്ക് കരുതലുണ്ടെന്നും റെയ്ന കൂട്ടിച്ചേർത്തു.

Also Read: ചെന്നൈ എന്നും റെയ്‌നയ്‌ക്കൊപ്പം; നിലപാട് തിരുത്തി സിഎസ്‌കെ ഉടമ എൻ ശ്രീനിവാസൻ

‘ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു എന്നത് സത്യമാണ്. പക്ഷേ, ഞാൻ ഇപ്പോഴും ചെറുപ്പമാണെന്ന് മറക്കരുത്. ഇനിയും നാലോ അഞ്ചോ വർഷം ഐപിഎല്ലിൽ കളിക്കാനാകുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുമ്പോൾ പോലും ഞാൻ പരിശീലനം മുടക്കിയിട്ടില്ല. എന്നെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ കണ്ടേക്കുമോയെന്ന് ആർക്കറിയാം,’ റെയ്ന പറഞ്ഞു.

സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘം നടത്തിയ ആക്രമണമാണ് റെയ്നയെ തിരികെ നാട്ടിലെത്തിച്ചതെന്നായിരുന്നു ആദ്യം പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അക്രമണത്തിൽ താരത്തിന്റെ അമ്മാവൻ കൊല്ലപ്പെട്ടുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ടീമിലെ ആഭ്യന്തര വിഷയങ്ങളാണ് റെയ്ന ടൂർണമെന്റ് തന്നെ റദ്ദാക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ വന്നു. അതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുട്ടികളുടെ ആരോഗ്യം പരിഗണിച്ചാണ് തന്റെ തീരുമാനമെന്ന് റെയ്ന തന്നെ പറഞ്ഞതായും ചില കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: ചെന്നൈയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സുരേഷ് റെയ്ന? വിവാദങ്ങൾക്ക് തിരികൊളുത്തി പുതിയ വെളിപ്പെടുത്തൽ

ഒടുവിൽ തന്റെ മടക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റെയ്ന തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ആരാധകരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും താരം മറുപടി നൽകിയത്. കുടുംബത്തിൽ സംഭവിച്ചത് അതിഭയാനകമായ കാര്യമാണെന്ന് റെയ്ന പറയുന്നു. തന്റെ അമ്മാവനും ബന്ധുവും കൊല്ലപ്പെട്ടുവെന്നും താരം വ്യക്തമാക്കി. “പഞ്ചാബിലുള്ള എന്റെ കുടുംബത്തിൽ സംഭവിച്ചത് അതിഭയാനകമായ കാര്യമാണ്. അമ്മാവൻ കൊല്ലപ്പെട്ടു. എന്റെ അമ്മായിയും മറ്റ് ബന്ധുക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. നിർഭാഗ്യവശാൽ ഒരു ബന്ധുവും ഇന്നലെ മരിച്ചു,” റെയ്ന ട്വിറ്ററിൽ കുറിച്ചു.

കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് റെയ്നയുടെ തീരുമാനമെന്ന തരത്തിലും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിലെ ഇന്ത്യൻ താരം അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നുമെന്ന് റെയ്ന വ്യക്തമാക്കിയതായാണ് നേരത്തെ ഒരു കായിക മാധ്യമം റിപ്പോർട്ട് ചെയ്തത്. കുടുംബത്തോടൊപ്പമാണ് റെയ്ന ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തിയത്. ഭാര്യ പ്രിയങ്ക സി റെയ്നയ്ക്കൊപ്പം നാല് വയസുകാരി മകൾ ഗ്രാസിയായും അഞ്ച് മാസം പ്രായമുള്ള കൈകുഞ്ഞ് റിയോയുമുണ്ടായിരുന്നു. ദീപക് ചാഹറുൾപ്പടെയുള്ള ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരം ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മറ്റുചില റിപ്പോർട്ടുകൾ.

Chennai Super Kings Suresh Raina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: