മുംബൈ: സൂപ്പർ താരം സുരേഷ് റെയ്നയെക്കുറിച്ച് തന്റെ താൻ മുൻപു പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്ന് എൻ ശ്രീനിവാസൻ. ടീം വിട്ട തീരുമാനത്തിൽ സുരേഷ് റെയ്ന ഖേദിക്കേണ്ടി വരുമെന്ന് ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിയാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ചെന്നൈ സൂപ്പർ കിങ്സ് സുരേഷ് റെയ്നയ്‌ക്കൊപ്പം ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്കായി ദുബായിയിലെത്തിയ റെയ്നയ്ക്ക് ക്വാറന്റൈൻ സൗകര്യങ്ങളിൽ അതൃപ്തിയുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് ടീമുമായി ഇടഞ്ഞ് നാട്ടിലേക്ക് മടങ്ങിയതെന്നുമാണ് വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
“ചെന്നൈ സൂപ്പർ കിങ്സിൽ പരിശീലകനും ക്യാപ്റ്റനും മാനേജർക്കുമാണ് സ്യൂട്ടുകൾ എന്നതാണ് മാനദണ്ഡം. എന്നാലും ടീം എവിടെയൊക്കെ യാത്ര ചെയ്താലും സുരേഷ് റെയ്നയ്ക്കും പ്രത്യേകം സ്യൂട്ട് അനുവദിക്കാറുണ്ട്. ഇത്തവണ ദുബായിയിലെത്തിയപ്പോൾ റെയ്നയ്ക്ക് ലഭിച്ച മുറിയിൽ ബാൽക്കണി ഇല്ലായിരുന്നു, ഇത് ഒരിക്കലും തിരിച്ചുവരവ് എന്ന താരത്തിന്റെ തീരുമാനത്തിന് മതിയായ ഒരു കാരണമായി കാണുന്നില്ല. അതേസമയം കോവിഡ് കേസുകളും മതിയായ ഒരു കാരണമല്ല. അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും വിഷയം ഉണ്ടാകാം,” വാർത്ത ഏജൻസിയായ പിടിഐയോട് ഐപിഎല്ലുമായി അടുത്ത വൃത്തം പറഞ്ഞു.
ടൂർണമെന്റിനായി ദുബായിലെത്തിയ ചെന്നൈ ടീം അംഗങ്ങളിലെ രണ്ട് പ്രധാന താരങ്ങളടക്കം പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് താരം നാട്ടിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമായി പറയുന്നത്. കുടുംബസമേതം ദുബായിലെത്തിയ റെയ്ന കുട്ടികളുടെ ആരോഗ്യത്തിന് കൂടി പ്രാധാന്യം കൊടുത്താണ് അത്തരത്തിലൊരു തീരുമാനം എടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്തിരുന്നാലും സുരേഷ് റെയ്നയുടെ ഈ തീരുമാനത്തോട് മാനേജ്മെന്റ് ഒട്ടും സന്തുഷ്ടരല്ലെന്നാണ് റിപ്പോർട്ടുകൾ. സിഎസ്കെ ഉടമയും മുൻ ബിസിസിഐ പ്രസിഡന്റുമായിരുന്ന എൻ ശ്രീനിവാസനെ അടക്കം ഇത് പ്രകോപിപ്പിച്ചതായും പറയപ്പെടുന്നു.
സുരേഷ് റെയ്ന ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് മാനജ്മെന്റ് തന്നെ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ ഇനി സുരേഷ് റെയ്നയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ഒരു മടക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത താരലേലത്തിൽ മറ്റേതെങ്കിലും ടീം റെയ്നയെ സ്വന്തമാക്കിയാൽ മാത്രമേ താരത്തിന് ഇനി ഐപിഎല്ലിൽ തന്നെ തുടരാൻ പറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: IPL 2020: ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കോഹ്‌ലിയുടെ ബംഗ്ലൂരിനെ നേരിടും
കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് റെയ്നയുടെ തീരുമാനമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിലെ ഇന്ത്യൻ താരം അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നുമെന്ന് റെയ്ന വ്യക്തമാക്കിയതായാണ് നേരത്തെ ഒരു കായിക മാധ്യമം റിപ്പോർട്ട് ചെയ്തത്. കുടുംബത്തോടൊപ്പമാണ് റെയ്ന ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തിയത്. ഭാര്യ പ്രിയങ്ക സി റെയ്നയ്ക്കൊപ്പം നാല് വയസുകാരി മകൾ ഗ്രാസിയായും അഞ്ച് മാസം പ്രായമുള്ള കൈകുഞ്ഞ് റിയോയുമുണ്ടായിരുന്നു. ദീപക് ചാഹറുൾപ്പടെയുള്ള ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരം ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മറ്റുചില റിപ്പോർട്ടുകൾ.