ഇന്ത്യൻ പ്രിമീയർ ലീഗിനായി കാത്തിരുന്ന കുട്ടി ക്രിക്കറ്റ് ആരാധകർ ഏറെ നിരാശയോടെയാണ് സുരേഷ് റെയ്ന എന്ന സൂപ്പർ താരത്തിന്റെ മടക്ക വാർത്ത സ്വീകരിച്ചത്. പ്രത്യേകിച്ച് ചെന്നൈ ആരാധകർ. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങൾ പ്രഖ്യാപിച്ച തല-ചിന്നത്തല കൂട്ടുകെട്ട് വീണ്ടും കാണാൻ ആരാധകർക്ക് ലഭിച്ച അവസരമാണ് പെട്ടെന്ന് ഇല്ലാതായത്. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നാണ് ക്ലബ്ബ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ ഈ സീസണിൽ മാത്രമല്ല ഇനിയുള്ള റെയ്ന മഞ്ഞകുപ്പായത്തിലുണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Also Read: IPL 2020: ചെന്നൈയ്ക്ക് ആശ്വാസ വാർത്ത; സൂപ്പർ താരങ്ങൾ യുഎഇയിലെത്തി

ടൂർണമെന്റിനായി ദുബായിലെത്തിയ ചെന്നൈ ടീം അംഗങ്ങളിലെ രണ്ട് പ്രധാന താരങ്ങളടക്കം പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് താരം നാട്ടിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമായി പറയുന്നത്. കുടുംബസമേതം ദുബായിലെത്തിയ റെയ്ന കുട്ടികളുടെ ആരോഗ്യത്തിന് കൂടി പ്രാധാന്യം കൊടുത്താണ് അത്തരത്തിലൊരു തീരുമാനം എടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ.

Also Read: എന്റെ കുടുംബത്തിന് സംഭവിച്ചത് അതിഭയനകമായ കാര്യം; മൗനം വെടിഞ്ഞ് സുരേഷ് റെയ്ന

എന്തിരുന്നാലും സുരേഷ് റെയ്നയുടെ ഈ തീരുമാനത്തോട് മാനേജ്മെന്റ് ഒട്ടും സന്തുഷ്ടരല്ലെന്നാണ് റിപ്പോർട്ടുകൾ. സിഎസ്കെ ഉടമയും മുൻ ബിസിസിഐ പ്രസിഡന്റുമായിരുന്ന എൻ ശ്രീനിവാസനെ അടക്കം ഇത് പ്രകോപിപ്പിച്ചതായും പറയപ്പെടുന്നു.

“ചെന്നൈ സൂപ്പർ കിങ്സിൽ പരിശീലകനും ക്യാപ്റ്റനും മാനേജർക്കുമാണ് സ്യൂട്ടുകൾ എന്നതാണ് മാനദണ്ഡം. എന്നാലും ടീം എവിടെയൊക്കെ യാത്ര ചെയ്താലും സുരേഷ് റെയ്നയ്ക്കും പ്രത്യേകം സ്യൂട്ട് അനുവദിക്കാറുണ്ട്. ഇത്തവണ ദുബായിയിലെത്തിയപ്പോൾ റെയ്നയ്ക്ക് ലഭിച്ച മുറിയിൽ ബാൽക്കണി ഇല്ലായിരുന്നു, ഇത് ഒരിക്കലും തിരിച്ചുവരവ് എന്ന താരത്തിന്റെ തീരുമാനത്തിന് മതിയായ ഒരു കാരണമായി കാണുന്നില്ല. അതേസമയം കോവിഡ് കേസുകളും മതിയായ ഒരു കാരണമല്ല. അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും വിഷയം ഉണ്ടാകാം,” വാർത്ത ഏജൻസിയായ പിടിഐയോട് ഐപിഎല്ലുമായി അടുത്ത വൃത്തം പറഞ്ഞു.

Also Read: IPL 2020: ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കോഹ്‌ലിയുടെ ബംഗ്ലൂരിനെ നേരിടും

സുരേഷ് റെയ്ന ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് മാനജ്മെന്റ് തന്നെ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ ഇനി സുരേഷ് റെയ്നയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ഒരു മടക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത താരലേലത്തിൽ മറ്റേതെങ്കിലും ടീം റെയ്നയെ സ്വന്തമാക്കിയാൽ മാത്രമേ താരത്തിന് ഇനി ഐപിഎല്ലിൽ തന്നെ തുടരാൻ പറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നും; ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് റെയ്നയുടെ തീരുമാനമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിലെ ഇന്ത്യൻ താരം അടക്കമുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളേക്കാൾ വലുതല്ല മറ്റൊന്നുമെന്ന് റെയ്ന വ്യക്തമാക്കിയതായാണ് നേരത്തെ ഒരു കായിക മാധ്യമം റിപ്പോർട്ട് ചെയ്തത്. കുടുംബത്തോടൊപ്പമാണ് റെയ്ന ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തിയത്. ഭാര്യ പ്രിയങ്ക സി റെയ്നയ്ക്കൊപ്പം നാല് വയസുകാരി മകൾ ഗ്രാസിയായും അഞ്ച് മാസം പ്രായമുള്ള കൈകുഞ്ഞ് റിയോയുമുണ്ടായിരുന്നു. ദീപക് ചാഹറുൾപ്പടെയുള്ള ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരം ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മറ്റുചില റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook