/indian-express-malayalam/media/media_files/2025/10/14/sanju-samson-and-prithvi-shaw-ranji-trophy-2025-10-14-17-47-43.jpg)
പുതിയ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിൽ കേരളം നാളെ രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളി.തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. ഫൈനലിലെത്തിയാണ് കഴിഞ്ഞ സീസണിൽ കേരളം ചരിത്രമെഴുതിയത്. ഇന്ത്യൻ സൂപ്പർ താരം സഞ്ജു സാംസൺ നാളെ പ്ലേയിങ് ഇലവനിൽ ഉണ്ടാവും.
കേരള-മഹാരാഷ്ട്ര മത്സരം ജിയോഹോട്ട് സ്റ്റാറില്‍ തത്സമയം കാണാം. കേരളത്തെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്ത സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്.
കേരളം എലൈറ്റ് ഗ്രൂപ്പ് ബിയിൽ
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിൻ്റെ സ്ഥാനം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്തൊരു ഗ്രൂപ്പ് തന്നെയാണ് ഇത്തവണത്തേതും. പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാറ്റിങ് - ബൌളിങ് നിരകൾ ഫോമിലേക്ക് ഉയർന്നാൽ ഇവരെയൊക്കെ മറികടക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ സീസണിൽ കേരള ടീം തെളിയിച്ചതാണ്. മികച്ച പ്രകടനവുമായി ടീമിൻ്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.
Also Read: ചെന്നൈ ബ്ലിറ്റ്‌സിനേയും വീഴ്ത്തി; തുടർച്ചയായ നാലാം ജയം ആഘോഷിച്ച് ബെംഗളൂരു
ബാറ്റിങ് നിരയിൽ സഞ്ജുവിൻ്റെ സാന്നിധ്യം ടീമിൻ്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് ഇറങ്ങാൻ കഴിഞ്ഞത്. ഇത്തവണ കൂടുതൽ മല്സരങ്ങളിൽ സഞ്ജു ടീമിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് മുഹമ്മദ് അസറുദ്ദീനാണ്.
അസറുദ്ദീനൊപ്പം മധ്യനിരയുടെ കരുത്തായി സച്ചിൻ ബേബിയും സൽമാൻ നിസാറുമുണ്ട്. കെസിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മൽ ഓപ്പണറായി ഇറങ്ങും. ഒപ്പം അഹ്മദ് ഇമ്രാനും വത്സൽ ഗോവിന്ദും അടക്കമുള്ള താരങ്ങൾ കൂടി ചേരുമ്പോൾ ഏതൊരു ടീമിനോടും കിടപിടിക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റേത്.
നിധീഷ് എംഡി, ബേസിൽ എൻ പി,ഏദൻ ആപ്പിൾ ടോം തുടങ്ങിയവരാണ് ബൗളിങ് നിരയിലുള്ളത്. ഒപ്പം മറുനാടൻ താരങ്ങളായി ബാബ അപരാജിത്തും അങ്കിത് ശർമ്മയും കൂടിയുണ്ട്. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ബാബ അപരാജിത്ത്. ആദ്യ മത്സരത്തിൽ ശക്തരായ എതിരാളികളെ തന്നെയാണ് കേരളത്തിന് നേരിടാനുള്ളത്. മഹാരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞാൽ, പുതിയ സീസണ് ആത്മവിശ്വാസത്തോടെ തുടക്കമിടാൻ കേരളത്തിനാകും.
Also Read: ഇത്തവണ കിരീടം തൂക്കണം; അസ്ഹറുദ്ദീൻ നയിക്കും; രഞ്ജി ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളം
അങ്കിത് ബാവ്നയാണ് മഹാരാഷ്ട്ര ടീമിൻ്റെ ക്യാപ്റ്റൻ. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന പൃഥ്വീ ഷായും ഋതുരാജ് ഗെയ്ക്വാദുമാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ നയിക്കുന്നത്. പരിശീലന മല്സരത്തിൽ മുംബൈയ്ക്കെതിരെ പൃഥ്വീ ഷാ ഉജ്ജ്വല സെഞ്ച്വറി നേടിയിരുന്നു. കരിയറിൽ ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന താരത്തെ സംബന്ധിച്ച് ഈ സീസൺ നിർണ്ണായകമാണ്.
Also Read: മഹികയുമായുള്ള പ്രണയം ഇനി രഹസ്യമല്ല! ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഹർദിക്കും നടിയും
വർഷങ്ങളായി കേരളത്തിൻ്റെ ഓൾ റൌണ്ട് കരുത്തായിരുന്ന ജലജ് സക്സേന ഇത്തവണ മഹാരാഷ്ട്രയ്ക്കൊപ്പമുണ്ട്. ഭാവിയുടെ താരമായി വിലയിരുത്തപ്പെടുന്ന അർഷിൻ കുൽക്കർണ്ണിയാണ് മഹാരാഷ്ട്രയുടെ മറ്റൊരു ഓൾ റൌണ്ടർ. രജനീഷ് ഗുർബാനിയും വിക്കി ഓസ്വാളുമടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്. ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിൽ വച്ചാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിൻ്റെ എവേ മത്സരങ്ങൾ.
Read More:മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.