/indian-express-malayalam/media/media_files/2025/02/17/CrsIZzNpTwn4hCVG4iar.jpg)
ഡൽഹി ക്യാപിറ്റൽസിനെതിരെ അർധ ശതകം നേടിയ സ്മൃതി മന്ഥാന Photograph: (വനിതാ പ്രീമിയർ ലീഗ്, ഇൻസ്റ്റഗ്രാം)
സീസണിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും കരുത്ത് കാണിച്ച് നിലവിലെ ചാംപ്യന്മാർ. രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടേയും ഓപ്പണർ വ്യാട്ടിന്റേയും തകർപ്പൻ ബാറ്റങ്ങിന്റെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അനായാസ ജയത്തിലേക്ക് എത്തി. ഡൽഹി മുൻപിൽ വെച്ച 142 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 22 പന്തുകൾ ശേഷിക്കെ ആർസിബി മറികടന്നു. തുടരെ രണ്ടാം മത്സരത്തിലും സിക്സ് പറത്തിയാണ് റിച്ചാ ഘോഷ് ധോണി സ്റ്റൈലിൽ കളി ഫിനിഷ് ചെയ്തത്.
മന്ഥാനയും വ്യാട്ടും ചേർന്ന് കണ്ടെത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ആർസിബിയെ അതിവേഗം ജയത്തിലേക്ക് എത്തിച്ചത്. മന്ഥാനയായിരുന്നു കൂടുതൽ ആക്രമിച്ച് കളിച്ചത്. 47 പന്തിൽ നിന്ന് 10 ഫോറും മൂന്ന് സിക്സും പറത്തിയാണ് മന്ഥാന 81 റൺസ് നേടിയത്. 172 എന്ന സ്ട്രൈക്ക്റേറ്റിലാണ് മന്ഥാന ബാറ്റ് വീശിയത്.
33 പന്തിൽ നിന്ന് 42 റൺസ് ആണ് വ്യാട്ട് നേടിയത്. 11ാം ഓവറിൽ വ്യാട്ട് മടങ്ങി ആർസിബിയുടെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുമ്പോഴേക്കും സ്കോർ ബോർഡിലേക്ക് 107 റൺസ് എത്തിയിരുന്നു. ടീമിന് വിജയത്തിന് അരികിലെത്തിച്ചാണ് മന്ഥാന ക്രീസ് വിട്ടത്. 16ാം ഓവറിലെ ആദ്യ പന്തിൽ ശിഖ പാണ്ഡേ മന്ഥാനയെ അരുന്ധതി റെഡ്ഡിയുടെ കൈകളിൽ എത്തിച്ചു. അപ്പോഴേത്തും ആർസിബി സ്കോർ 133ൽ എത്തി.
രണ്ട് ഓപ്പണർമാരും മടങ്ങിയതിന് പിന്നാലെ പെറിയും റിച്ചാ ഘോഷും ചേർന്ന് മറ്റ് അപകടങ്ങളിലേക്കൊന്നും വീഴാതെ ആർസിബിയെ ജയിപ്പിച്ച് കയറ്റി. സീസണിലെ ആദ്യ മത്സരത്തിൽ 200ന് മുകളിൽ റൺസ് സ്കോർ ചെയ്താണ് ആർസിബി ജയം പിടിച്ചത്. ഈ സീസണിലും ബാറ്റിങ്ങിലും ബോളിങ്ങിലും തങ്ങൾ മിന്നും ഫോമിലാണ് എന്ന സൂചനയാണ് ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ആർസിബി നൽകുന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് ആർസിബി ബോളർമാർക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. 22 പന്തിൽ നിന്ന് 34 റൺസ് എടുത്ത ജെമിമ റോഡ്രിഗസ് ആണ് ഡൽഹിയുടെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ബാറ്റർ ബ്രൈസ് 23 റൺസ് എടുത്തു. ഡൽഹിയുടെ സ്റ്റാർ ബാറ്റർ ഷഫാലി വർമ ഡൽഹി ഇന്നിങ്സിന്റെ രണ്ടാമത്തെ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി. മെഗ് ലാന്നിങ്ങും ജെമിമയും ചേർന്ന് കണ്ടെത്തിയ 59 റൺസ് കൂട്ടുകെട്ടാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്.
ആർസിബി ബോളർമാരിൽ രേണുകാ സിങ്ങും ജോർജിയയുമാണ് തിളങ്ങിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം പിഴുതു. ഗാർതും ബിഷ്ടും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് കളിയിൽ രണ്ടും ജയിച്ച് പോയിന്റ് പട്ടികയിൽ ആർസിബി നാലല് പോയിന്റോടെ ഒന്നാമതാണ്.
Read More
- മുൻപിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ; വിജയം വേഗത്തിലാക്കി ഡോട്ടിൻ; യുപിയെ തകർത്ത് ഗുജറാത്ത്
- Mumbai Indians: ചെന്നൈക്കെതിരെ രോഹിത് മുംബൈ ക്യാപ്റ്റനാവും? ഹർദിക്കിന് വിലക്ക്
- Rajasthan Royals Schedule: സഞ്ജുവിന്റെ പടയാളികൾ റെഡി; മത്സരക്രമം ഇങ്ങനെ
- Mumbai Indians IPL Schedule: എന്നാണ് എൽ ക്ലാസിക്കോ പോര്? മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.