/indian-express-malayalam/media/media_files/2024/12/30/ZrK3mKSm39iNXqdDkyxY.jpg)
Rohit Kohli and Virat Kohli: (X)
മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ രോഹിത്തും കോഹ്ലിയും സ്കോർ ഉയർത്തുമെന്ന് കരുതിയവർക്ക് തെറ്റി. 40 പന്തിൽ നിന്ന് 9 റൺസ് മാത്രമെടുത്താണ് ഇന്ത്യൻ ക്യാപ്റ്റൻ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. വിരാട് കോഹ്ലിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 29 പന്തിൽ നിന്ന് കോഹ്ലി നേടിയത് 5 റൺസ് മാത്രം. ഇതോടെ ഇന്ത്യയുടെ രണ്ട് മുതിർന്ന താരങ്ങളുടേയും വിരമിക്കൽ പ്രഖ്യാപനം അടുത്തെത്തി നിൽക്കുന്നു എന്ന വിലയിരുത്തലുകൾ ശക്തമാവുന്നു.
പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്നിയിൽ നടന്നതിന് ശേഷമായിരിക്കുമോ ഇരുവരുടേയും വിരമിക്കൽ പ്രഖ്യാപിക്കുക അതല്ലെങ്കിൽ മെൽബൺ ടെസ്റ്റിന് പിന്നാലെ അത്തരമൊരു പ്രഖ്യാപനത്തിലേക്ക് സീനിയർ താരങ്ങൾ എത്തുമോ? മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മോശമല്ലാത്ത നിലയിലാണ് രോഹിത്ത് ബാറ്റിങ് തുടങ്ങിയത്. ഒരുപക്ഷേ പരമ്പരയിലെ തന്നെ രോഹിത്തിന്റെ ഭേദപ്പെട്ട തുടക്കം. ഇന്ത്യൻ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറിൽ മിഡ് ഓഫിലൂടെ രോഹിത്തിന്റെ ബൌണ്ടറി.
കമിൻസിന്റേയും മിച്ചൽ സ്റ്റാർക്കിന്റേയും ബോളിങ് ആക്രമണത്തെ പ്രതിരോധിക്കാൻ രോഹിത്തിനായി. 11ാം ഓവറിൽ രോഹിത്തിൽ നിന്ന് മികച്ച ഷോട്ട് എത്തി. കമിൻസിന്റെ പന്തിൽ മിഡ് ഓഫീലേക്ക് കളിച്ചായിരുന്നു രോഹിത്തിന്റെ ബൌണ്ടറി. രോഹിത്തിന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന ഒരു ഷോട്ടായിരുന്നു അത്. എന്നാൽ പതിനാറാം ഓവറിലെ കമിൻസിന്റെ ആദ്യ ഡെലിവറിയിൽ രോഹിത്തിന് പിഴച്ചു. ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് തേർഡ് സ്ലിപ്പിൽ മിച്ചൽ മാർഷിന്റെ കൈകളിലേക്ക്.
കഴിഞ്ഞ നാല് ഇന്നിങ്സിൽ നിന്ന് രോഹിത്തിന്റെ സമ്പാദ്യം 28 റൺസ്. അതേ ഓവറിലെ അവസാന പന്തിൽ കെ.എൽ രാഹുലിനേയും കമിൻസ് മടക്കിയതോടെ കോഹ്ലി ക്രീസിലേക്ക്. കൂവലോടെയാണ് കോഹ്ലിയെ ഓസീസ് കാണികൾ ഗ്രൌണ്ടിലേക്ക് സ്വീകരിച്ചത്. ഇതിന് മറുപടിയായി ഇന്ത്യൻ കാണികൾ കോഹ്ലിക്കായി ആരവം മുഴക്കാൻ ആരംഭിച്ചു. എന്നാൽ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് തന്നെ കോഹ്ലിയും ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങി.
26ാം ഓവറിലെ ആദ്യത്തെ പന്ത്. ഫുൾ ലെങ്ത്തിലെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ വൈഡ് ഡെലിവറി. ഡ്രൈവിന് ശ്രമിച്ച കോഹ്ലിക്ക് പിഴച്ചു. ബാറ്റിലുസരി പന്ത് ഫസ്റ്റ് സ്ലിപ്പിൽ ഉസ്മാൻ ഖവാജയുടെ കൈകളിലേക്ക്. 29 പന്തിൽ നിന്ന് അഞ്ച് റൺസ് എടുത്ത് നിൽക്കുകയായിരുന്നു കോഹ്ലി ഈ സമയം. ഇതോടെ ഇന്ത്യ 33-3 എന്ന നിലയിലേക്ക് വീണു.
രോഹിത്തിന്റേയും കോഹ്ലിയുടേയും ഫോമില്ലായ്മ എത്രമാത്രം എന്ന് വ്യക്തമാക്കുന്നതായിരുന്നു രണ്ട് പേരുടേയും പുറത്താകലിലൂടെ കണ്ടത്. സിഡ്നി ടെസ്റ്റിന് മുൻപ് രോഹിത്തുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കാർ സംസാരിക്കും എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. രോഹിത്തിന്റേമേൽ വിരമിക്കൽ സമ്മർദം സെലക്ടർമാരിൽ നിന്നുണ്ടാകുമോ എന്നും ഇനി അറിയണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.