/indian-express-malayalam/media/media_files/ZciVXbWrjKuFBs55Tpfc.jpg)
Rohit Sharma with team mates
ബെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലേക്ക് കളി എത്തുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നേരെ വിമർശനവുമായി ഇന്ത്യൻ മുൻ താരങ്ങളായ സുനിൽ ഗാവസ്കറും രവി ശാസ്ത്രിയും. നാലാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനം ഇന്ത്യയുടെ ബോളിങ് ആക്രമണത്തെ വേണ്ടവിധം ഉപയോഗിക്കാൻ രോഹിത്തിന് സാധിച്ചില്ല എന്നാണ് വിമർശനം. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 474 റൺസിനാണ് ഓൾഔട്ടായത്.
മെൽബണിൽ പ്ലേയിങ് ഇലവനിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ രോഹിത്തിന്റേയും പരിശീലകൻ ഗംഭീറിന്റേയും നീക്കത്തെ ചോദ്യം ചെയ്യുകയാണ് രവി ശാസ്ത്രി. 40 ഓവർ കഴിഞ്ഞ് പന്തെറിയിക്കാനാണെങ്കിൽ എന്തിനാണ് രണ്ട് സ്പിന്നർമാരെ പ്ലേയിങ്ങ് ഇലവനിൽ ഉൾപ്പെടുത്തിയത്? എന്തുകൊണ്ടാണ് ജഡേജയ്ക്കും വാഷിങ്ടൺ സുന്ദറിനും 40 ഓവർ കഴിഞ്ഞ് രോഹിത് പന്ത് കൊടുത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല, രവി ശാസ്ത്രി പറയുന്നു.
'മാത്രമല്ല ബുമ്രയായിരുന്നു ബോളിങ് ഓപ്പൺ ചെയ്യേണ്ടിയിരുന്നത്. എന്നാൽ മൂന്നാമത്തെ ഓവറിലാണ് രോഹിത് ബുമ്രയുടെ കൈകളിലേക്ക് പന്ത് നൽകിയത്. സിറാജിന്റെ ആത്മവിശ്വാസം കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സിറാജിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ രോഹിത് ശ്രദ്ധിക്കണമായിരുന്നു', രോഹിത്തിനെ വിമർശിച്ച് ശാസ്ത്രി പറയുന്നു. രോഹിത്തിന്റെ ബോളിങ് ചെയിഞ്ചിനെ മാത്രമല്ല, ഫീൽഡ് പ്ലേസ്മെന്റിനേയും ശാസ്ത്രി വിമർശിക്കുന്നു. മിച്ചൽ സ്റ്റാർക്ക് ക്രീസിലേക്ക് വന്ന സമയം ലോങ് ഓണിലും ലോങ് ഓഫീലും രോഹിത് ഫീൽഡർമാരെ നിർത്തി. ഇത് എന്തിനായിരുന്നു എന്നും ശാസ്ത്രി ചോദിക്കുന്നു.
ഇന്ത്യൻ ബോളിങ് യൂണിറ്റിനെ വിമർശിച്ചാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ പ്രതികരണം വന്നത്. 'ഓർഡിനറി ബോളിങ്ങായിരുന്നു ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്ന് വന്നത്. ബൌൺസർ എറിയാനാണ് ലക്ഷ്യം വെക്കുന്നത് എങ്കിൽ അത് ബാറ്ററുടെ ഹെൽമറ്റിന്റെ ഉയരത്തിലാണ് വരേണ്ടത്. അല്ലാതെ ബാറ്ററുടെ അരയ്ക്ക് മുകളിലായല്ല. ഞാൻ തീർത്തും നിരാശനാണ്. ന്യൂബോൾ ഒരു തരത്തിലും ഉപയോഗപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ഓഫ് സ്റ്റംപിന് പുറത്തായി എറിഞ്ഞ് ആകാശ് ദീപ് ന്യൂബോളിലൂടെ ലഭിക്കുമായിരുന്ന സാധ്യതകൾ ഇല്ലാതെയാക്കി. ഫീൽഡിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായിരുന്നു', ഗാവസ്കർ ചൂണ്ടിക്കാണിക്കുന്നു.
സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി ബലത്തിലാണ് ഓസ്ട്രേലിയ 400ന് മുകളിലേക്ക് സ്കോർ എത്തിച്ചത്. 197 പന്തിൽ നിന്ന് 13 ഫോറും മൂന്ന് സിക്സും പറത്തിയാണ് സ്മിത്ത് 140 റൺസ് നേടിയത്. ക്യാപ്റ്റൻ കമിൻസ് 49 റൺസ് എടുത്തു. ഇന്ത്യക്കായി ബുമ്ര നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കാവട്ടെ തുടക്കത്തിൽ തന്നെ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. അഞ്ച് പന്തിൽ നിന്ന് മൂന്ന് റൺസ് എടുത്ത് നിന്ന രോഹിത്തിനെ കമിൻസ് ബോളണ്ടിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ 24 റൺസ് എടുത്ത കെ.എൽ.രാഹുലിനെ കമിൻസ് വിക്കറ്റിന് മുൻപിൽ കുടുക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.