/indian-express-malayalam/media/media_files/EYFEqweGCTE0MOicbiQ9.jpg)
അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി(ഫയൽ ഫോട്ടോ)
രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തുക എന്ന സ്വപ്നം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം സെമി ഫൈനലിൽ ഗുജറാത്തിന് എതിരെ ആദ്യ ദിനം കഴിയുമ്പോൾ ശക്തമായ നിലയിൽ. ഒന്നാം ദിനം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ് കേരളം.
69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും 30 റൺസോടെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ. 193 പന്തുകൾ നേരിട്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ കരുതലോടെ കളിച്ചാണ് സച്ചിൻ ബേബി 69 റൺസിൽ എത്തി നിൽക്കുന്നത്. ഇതുവരെ എട്ട് ഫോറുകൾ സച്ചിൻ ബേബിയിൽ നിന്ന് വന്നു. സച്ചിനും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നുള്ള കൂട്ടുകെട്ട് ഇപ്പോൾ 49 റൺസിൽ എത്തി.
നേരത്തെ, ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി.
രണ്ട് ഓപ്പണർമാരും മടങ്ങിയതിന് ശേഷം വൺഡൌണായി വന്ന വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേലിന് ക്യാച്ച് നൽകിയാണ് പത്ത് റൺസെടുത്ത് വരുൺ പുറത്തായത്. ഇതോടെ കേരളം 86-3ലേക്ക് വീണു.
നിർണായകമായി സച്ചിൻ-സക്സേന കൂട്ടുകെട്ട്
എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കണ്ടെത്തി. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കുകയായിരുന്നു. സക്സേനയ്ക്ക് പിന്നാലെ എത്തിയ മുഹമ്മദ് അസ്ഹറുദ്ദീനും കരുതലോടെയാണ് ബാറ്റ് വീശിയത്.
ക്വാർട്ടർ ഫൈനലിൽ ജമ്മുകശ്മീരിന് എതിരെ ഇറങ്ങിയ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം ഗുജറാത്തിനെതിരെ കളിക്കാൻ ഇറങ്ങിയത്. ഷോൺ റോജർക്ക് പകരം വരുൺ നായനാരെയും ബേസിൽ തമ്പിക്ക് പകരം അഹ്മദ് ഇമ്രാനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പരിചയസമ്പത്ത് നിറഞ്ഞ ബേസിൽ തമ്പിയെ എന്തുകൊണ്ട് സെമിയിൽ നിന്ന് ഒഴിവാക്കി എന്ന ചോദ്യം ഉയരുന്നുണ്ട്.
Read More
- മുൻപിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ; വിജയം വേഗത്തിലാക്കി ഡോട്ടിൻ; യുപിയെ തകർത്ത് ഗുജറാത്ത്
- Mumbai Indians: ചെന്നൈക്കെതിരെ രോഹിത് മുംബൈ ക്യാപ്റ്റനാവും? ഹർദിക്കിന് വിലക്ക്
- Rajasthan Royals Schedule: സഞ്ജുവിന്റെ പടയാളികൾ റെഡി; മത്സരക്രമം ഇങ്ങനെ
- Mumbai Indians IPL Schedule: എന്നാണ് എൽ ക്ലാസിക്കോ പോര്? മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.