/indian-express-malayalam/media/media_files/2025/02/19/11rFtZVOqwzwZVwrXbho.jpg)
ബാബർ അസം Photograph: (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഇൻസ്റ്റഗ്രാം)
ചാംപ്യൻസ് ട്രോഫിയിലെ ആദ്യ ജയം ന്യൂസിലൻഡിന്.ആതിഥേയരായ പാക്കിസ്ഥാനെ ന്യൂസിലൻഡ് കറാച്ചിയിൽ 60 റൺസിന് തോൽപ്പിച്ചു. ന്യൂസിലൻഡ് മുൻപിൽ വെച്ച 320 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ 47.2 ഓവറിൽ 260 റൺസിന് ഓൾഔട്ടായി. സെഞ്ചുറി നേടിയ ടോം ലാതമാണ് കളിയിലെ താരം.
പാക്കിസ്ഥാനെ പാക്കിസ്ഥാൻ മണ്ണിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് മൂന്നാം വട്ടമാണ് ന്യൂസിലൻഡ് തോൽപ്പിക്കുന്നത്. ചാംപ്യൻസ് ട്രോഫിക്ക് മുൻപായി നടന്ന ത്രിരാഷ്ട്ര പരമ്പരയിലും പാക്കിസ്ഥാനെ ന്യൂസിലൻഡ് തുടരെ തോൽപ്പിക്കുകയായിരുന്നു.
300ന് മുകളിൽ വിജയ ലക്ഷ്യം പിന്തുടർന്ന ചാംപ്യൻസ് ട്രോഫിയിലെ നിലവിലെ ചാംപ്യന്മാർക്ക് ഒരു ഘട്ടത്തിലും ന്യൂസിലൻഡിന് മേൽ ആധിപത്യം പുലർത്താനായില്ല. ഫഖർ സമന് പരുക്കേറ്റത് പാക്കിസ്ഥാന് വലിയ പ്രഹരമായിരുന്നു. പവർപ്ലേയിൽ 22 റൺസ് മാത്രമാണ് പാക്കിസ്ഥാന് കണ്ടെത്താനായത്. രണ്ട് വിക്കറ്റ് ന്യൂസിലൻഡ് പവർപ്ലേയിൽ വീഴ്ത്തുകയും ചെയ്തു.
ഒച്ചിഴയും പോലെ ബാബറിന്റെ ബാറ്റിങ്
ആവശ്യമായ റൺറേറ്റ് ഉയർന്ന് നിൽക്കുന്ന സമയത്ത് ബാബർ അസമിൽ നിന്ന് വന്ന അർധ ശതകം പാക്കിസ്ഥാന് ഗുണമൊന്നും ചെയ്തില്ല. ഗ്ലെൻ ഫിലിപ്പ്സിന്റെ തകർപ്പൻ ക്യാച്ചിലാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ മടങ്ങിയത്. സൽമാൻ ആഘയുടെ കാമിയോയും ഖുഷ്ദിൽ ഷായുടെ അർധ ശതകവും പാക്കിസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാൻ പ്രാപ്തമായിരുന്നില്ല.
ടോപ് ക്ലാസ് ബോളിങ്ങിനൊപ്പം തകർപ്പൻ ഫീൽഡിങ്ങും ന്യൂസിലൻഡിന്റെ ഭാഗത്ത് നിന്ന് വന്നതോടെ പാക്കിസ്ഥാന് പിന്നെ മറുപടിയുണ്ടായില്ല. മധ്യഓവറുകളിൽ പാക്കിസ്ഥാനെ പിടിച്ചുകെട്ടുന്നതിൽ ന്യൂസിലൻ സ്പിൻ ത്രയം വിജയിച്ചു. പേസർമാരിൽ മാറ്റ് ഹെൻറിയും പാക് ബാറ്റേഴ്സിനെ കുഴപ്പിച്ചു. ക്യാപ്റ്റൻ സാന്ത്നറും വില്ലും മൂന്ന് വിക്കറ്റ് വീതവും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും വീഴ്ത്തി.
90 പന്തിൽ നിന്നാണ് ബാബർ അസം 64 റൺസ് നേടിയത്. 28 പന്തിൽ നിന്ന് അഘ 42 റൺസ് എടുത്തു. ഖുഷ്ദിൽ ഷാ 49 പന്തിൽ നിന്ന് 69 റൺസ് അടിച്ചെടുക്കുകയും ചെയ്തു. എന്നാൽ സ്വന്തം കാണികൾക്ക് മുൻപിൽ ജയത്തോടെ തുടങ്ങാൻ പാക്കിസ്ഥാൻ ടീമിന് സാധിച്ചില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. 73-3 എന്ന നിലയിലേക്ക് അവർ വീണെങ്കിലും വിൽ യങ്ങിന്റേയും ടോം ലാതമിന്റേയും സെഞ്ചുറി ന്യൂസിലൻഡിനെ തിരികെ കയറ്റി. ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ന്യൂസിലൻഡ് ഇന്നിങ്സിന് അടിത്തറയിട്ടു.
113 പന്തിൽ നിന്നാണ് വിൽ യങ് 107 റൺസ് നേടിയത്. 104 പന്തിൽ നിന്ന് ടോം ലാതം 118 റൺസും അടിച്ചെടുത്തു. ഇവർക്കൊപ്പം 39 പന്തിൽ നിന്ന് 69 റൺസ് അടിച്ചെടുത്ത് ഗ്ലെൻ ഫിലിപ്പ്സ് നിറഞ്ഞാടുക കൂടി ചെയ്തതോടെയാണ് ന്യൂസിലൻഡ് 320 എന്ന സ്കോറിലേക്ക് എത്തിയത്.
Read More
- രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; മുഹമ്മദ് അസറുദ്ദീന് 177
- Champions Trophy: ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും
- WPL: ഫോറടിച്ച് സജനയുടെ ഫിനിഷ്; മുംബൈയുടെ ഹീറോയായി നാറ്റ് ബ്രന്റ്
- Champions Trophy: ഫേവറിറ്റുകളാണ് ഇന്ത്യ; പക്ഷെ സ്വയം കുഴി കുഴിച്ച് വിണേക്കാം; കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.