/indian-express-malayalam/media/media_files/2025/04/17/ki7xAE2MrAcNLu7LZTob.jpg)
Neymar Photograph: (Facebook)
പെലെയുടെ പത്താം നമ്പർ ജഴ്സിയാണ് തിരികെ എത്തിയ നെയ്മറിന് സാന്റോസ് നൽകിയത്. ബ്രസീലിന്റെ രാജകുമാരനെ സാന്റോസിലേക്ക് വീണ്ടും സ്വാഗതം ചെയ്യാൻ എത്തിയത് ആയിരക്കണക്കിന് ആരാധകരും. എന്നാൽ സാന്റോസിലേക്ക് എത്തി ഇതുവരെ മികച്ചൊരു പ്രകടനം നെയ്മറിൽ നിന്ന് വന്നിട്ടില്ല. പിഎസ്ജിയിലും അൽ ഹിലാലിലും നിറം മങ്ങിയ നെയ്മറിന് സാന്റോസിലും തിരിച്ചടികളാണ് നേരിടുന്നത്.
ജൂൺ 30ന് ശേഷം നെയ്മർ സാന്റോസ് താരമായി തുടരുമോ? നെയ്മറിന് തന്നെ ഇതിൽ വ്യക്തമായ ഉത്തരം ഇപ്പോൾ നൽകാനാവില്ലെന്ന് ഉറപ്പ്. ജൂൺ 12ന് ശേഷം തീരുമാനിക്കും എന്നാണ് ചോദ്യങ്ങളോട് പ്രതികരിച്ച് നെയ്മർ പറഞ്ഞത്. താനുമായുള്ള കരാർ പുതുക്കാൻ സാന്റോസിനെ പ്രേരിപ്പിപ്പിക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായി വല കുലുക്കാൻ ശ്രമിച്ച നെയ്മർ കൈകൊണ്ടാണ് പന്ത് വലയിലാക്കിയത്.
Also Read: Cristiano Ronaldo: റൊണാൾഡോയുടെ മനസ് മാറ്റാൻ അറ്റകൈ; ലൂയിസ് ഡയസും ഹാങ്കോയും അൽ നസറിലെത്തിയേക്കും
ഗോൾ നേടി ക്ലബിൽ തുടരാനുള്ള ശ്രമം പാളിയപ്പോൾ
കൈകൊണ്ട് ഗോളടിച്ചതോടെ രണ്ടാം യെല്ലോ കാർഡും കണ്ട് നെയ്മർ പുറത്തേക്ക് പോയി. എനിക്ക് തെറ്റുപറ്റി, ടീം അംഗങ്ങളോടും ആരാധകരോടും താൻ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് നെയ്മർ പിന്നെ എത്തിയത്. ബ്രസീൽ സീരി എയിൽ 18ാം സ്ഥാനത്താണ് സാന്റോസ്. ഇനി നെയ്മറുമായുള്ള കരാർ സാന്റോസ് പുതുക്കാനുള്ള സാധ്യത വിരളമാണ്. അങ്ങനെയെങ്കിൽ ഇനി എന്ത് വഴിയാണ് നെയ്മറിന് മുൻപിലുള്ളത്.
സാന്റോസിൽ എത്തിയപ്പോഴുള്ള പ്രതീക്ഷ
സാന്റോസിലേക്ക് എത്തിയ നെയ്മർ ബോട്ടഫോഗോയ്ക്ക് എതിരായ കളിയിൽ തന്റെ ട്രേഡ് മാർക്ക് സ്കില്ലുകൾ പുറത്തെടുത്ത് ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. തകർപ്പനൊരു സോളോ ഗോൾ വലയിലാക്കുന്നതിനും നെയ്മർ അടുത്തെത്തി. എന്നാൽ ഇതല്ല എന്റെ മികച്ച പ്രകടനം. നാലോ അഞ്ചോ മത്സരത്തിലൂടെ ഞാൻ 100 ശതമാനം എന്റെ ഫോമിലേക്ക് വരും എന്നാണ് നെയ്മർ ആ മത്സരത്തിന് ശേഷം പറഞ്ഞത്.
Also Read: Lionel Messi: വമ്പൻ ഫോമിൽ മെസി; ഗോൾ വേട്ടയിൽ ചരിത്ര നേട്ടം; ക്ലബ് ലോകകപ്പിൽ തകർക്കും
എന്നാൽ എതിരാളികളുടെ പേസിനൊപ്പം എത്താൻ ബ്രസീൽ സൂപ്പർ താരം പ്രയാസപ്പെടുന്നതാണ് കണ്ടത്. ഫെബ്രുവരി 16ന് ആണ് തിരികെ എത്തിയതിന് ശേഷം നെയ്മർ സാന്റോസിനായി ആദ്യ ഗോൾ നേടിയത്. പെനാൽറ്റി വലയിലാക്കിയായിരുന്നു ഇത്. തുടരെ മൂന്ന് മത്സരങ്ങളിൽ സാന്റോസ് ജയിച്ചപ്പോൾ നെയ്മർ ബുദ്ധിമാനായ ഫുട്ബോളർ എന്ന വിശേഷണം സാന്റോസ് മാനേജറിൽ നിന്ന് വന്നു.
2023ന് ശേഷം ബ്രസീൽ സ്ക്വാഡിലേക്കും നെയ്മർ തിരിച്ചെത്തി. എന്നാൽ പരുക്ക് വീണ്ടും നെയ്മറിന് തിരിച്ചടിയായി. തന്റെ ഹാംസ്ട്രിങ് ഇഞ്ചുറി പ്രതീക്ഷിച്ചതിലും ഗുരുതരമാണ് എന്ന് നെയ്മറിന് വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് നെയ്മർ പുറത്തായി.
ഫുട്ബോളിലല്ല ശ്രദ്ധ എന്ന വിമർശനം
ഫുട്ബോൾ ഗൗരവമായി എടുക്കുന്നില്ല എന്ന വിമർശനങ്ങൾ നെയ്മറിന് നേരെ വീണ്ടും ശക്തമായി. പിഎസ്ജിയിൽ നിന്ന് അൽ ഹിലാലിലേക്ക് എത്തിയ നെയ്മറിന് കളിക്കാനായത് ഏഴ് മത്സരങ്ങളിൽ മാത്രം. സാന്റോസിലേക്ക് എത്തുമ്പോഴും വ്യത്യസ്തമല്ല കാര്യങ്ങൾ. ആറ് മാസത്തിന് ശേഷം കളിക്കളത്തിൽ നിന്ന് മാറി നിന്ന് വീണ്ടും സാന്റോസിനായി കളിക്കാനിറങ്ങിയ നെയ്മറിന് മത്സരം പൂർത്തിയാക്കാനായില്ല. 34 മിനിറ്റ് പിന്നിട്ടപ്പോഴേക്കും പരുക്ക് വീണ്ടും അലട്ടി എത്തി.
Also Read: Cristiano Ronaldo: റൊണാൾഡോയേയും മോഡ്രിച്ചിനേയും റാഞ്ചാൻ ലാ ലീഗ ക്ലബ്; ഉറ്റുനോക്കി ആരാധകർ
നെയ്മറുടെ സാന്റോസിലെ ഭാവിയും ഇപ്പോൾ തുലാസിലാണ്. അഞ്ച് മാസത്തെ മാത്രം കരാറിലാണ് നെയ്മറെ സാന്റോസ് വീണ്ടും ടീമിലെത്തിയത്. പ്രതിമാസം 163,000 യൂറോയാണ് സാന്റോസിലെ നെയ്മറുടെ പ്രതിഫലം. നെയ്മർ ക്ലബിൽ തുടരുന്നത് കൊണ്ടുള്ള ഗുണം എന്തെന്ന് പുനരാലോചിക്കും എന്ന് സാന്റോസ് പ്രസിഡന്റ് മാഴ്സെലോ പറഞ്ഞിരുന്നു. ഇനി ഏത് ക്ലബ് ആണ് നെയ്മറെ സ്വന്തമാക്കാൻ തയ്യാറാവുക?
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.