/indian-express-malayalam/media/media_files/2025/06/01/S7i4YgoqpQi9PyY4OOx7.jpg)
Dembele, Karun Nair Photograph: (Dembele, Karun Nair, Instagram)
നെയ്മർ പോയതോടെ 11ാം ജഴ്സിയണിഞ്ഞാണ് ബാഴ്സലോണയ്ക്കായി ഡെംബെലെ പന്ത് തട്ടിയത്. എന്നാൽ നൗകാമ്പിലെ ഏഴ് വർഷം ഡെംബെലെയ്ക്ക് ഗുണം ചെയ്തോ ഇല്ലയോ? ഏഴ് വർഷം ഡെംബെലെ നഷ്ടപ്പെടുത്തി കളഞ്ഞോ? ബാഴ്സക്കായി കളിച്ചത് 127 മത്സരം. നേടിയത് 24 ഗോൾ. 2023ൽ പിഎസ്ജിയിലേക്ക് എത്തിയ ഡെംബെലെ 55 കളിയിൽ നിന്ന് നേടിയത് 24 ഗോൾ. ഇപ്പോഴിതാ ചാംപ്യൻസ് ലീഗ് കിരീടവും. ഇതേ സമയം യൂറോപ്പിൽ മറ്റൊരു തിരിച്ചുവരവ് കൂടി നടന്നിരുന്നു. ഏഴ് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ്. ഇരട്ട ശതകം നേടി മൂവായിരം ദിവസത്തിന് ശേഷമുള്ള തിരിച്ചുവരവ് താൻ ആഘോഷിക്കുമെന്ന പ്രഖ്യാപനം. ഇന്ത്യൻ ക്രിക്കറ്റിൽ കരുൺ നായർക്കെന്നത് പോലെ ഡെംബെലെയ്ക്കും ബാഴ്സയിലെ ഏഴ് വർഷം നഷ്ടമായിരുന്നോ? ജീവിതത്തിലെ ഏഴ് വർഷം എന്നത് വലിയൊരു കാലയളവല്ലേ? എന്നാൽ ഈ രണ്ട് പേരും ലോകത്തോട് പറയുന്നത് ഒന്നാണ്. വിട്ടുകൊടുക്കാതെ പൊരുതുക..
ബാഴ്സയിലെ ഏഴ് വർഷം
135 മില്യൺ യൂറോയുടെ ഭാരത്തിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഡെംബെലെയ്ക്ക് സാധിച്ചില്ല. പരുക്കാണ് പ്രധാനമായും വില്ലനായത്. സ്ഥിരത പുലർത്തി കളിക്കാനാവാതെ, നിർണായക ഘട്ടങ്ങളിൽ കളിക്കളത്തിൽ എടുക്കേണ്ട തീരുമാനങ്ങളിൽ ഡെംബെലെയ്ക്ക് പിഴച്ചുകൊണ്ടിരുന്നു. നെയ്മറിന് പകരക്കാരനാവുക എന്ന സമ്മർദവും താരത്തെ തളർത്തി.
Also Read: സന, തിളങ്ങുന്നൊരു നക്ഷത്രമായി നിന്ന് നീ കണ്ടില്ലേ? ആ മുറിവ് ഒരു ടിഫോയിലൂടെ തണുപ്പിച്ച് പിഎസ്ജി
ഡെംബെലെയുടെ പേസും ഡ്രിബ്ലിങ്ങും പ്രതിരോധനിര താരങ്ങളുടെ പേടിസ്വപ്നമാണ്. സാവിക്ക് കീഴിലാണ് ഡെംബെലെ താളം വീണ്ടെടുക്കുന്നത്. 2022-23 സീസണിൽ ബാഴ്സ ലാ ലീഗ കിരീടം ചൂടിയപ്പോൾ ഡെംബെലെയുടെ പ്രകടനം നിർണായകമായി.
ചിറകു വിടർത്തി പറന്ന ഡെംബെലെ
എന്നാൽ പിഎസ്ജിയിലേക്ക് വന്നതോടെ ഡെംബെലെ തന്റെ കരിയർ തന്നെ മാറ്റി മറിച്ചു. നെയ്മറും മെസിയും ക്ലബ് വിട്ടതോടെ ബാഴ്സയിലെ വിങ്ങർ എന്ന പൊസിഷനിൽ നിന്ന് ഗ്രൗണ്ടിൽ കളി മെനയാനുള്ള ഉത്തരവാദിത്വം ഡെംബെലയുടെ കൈകളിലേക്ക് പിഎസ്ജിയിൽ എത്തി. എൻറിക്വെ ഡെംബെലെയെ തുറന്ന് സ്വതന്ത്രമായി വിട്ടു. ഡെംബെലെ ചിറകു വിടർത്തി പറക്കുകയും ചെയ്തു.
ടച്ച്ലൈൻ വിങ്ങർ മാത്രമായല്ല ഡെംബെലെയെ എൻറിക്വെ ഉപയോഗിച്ചത്. മധ്യനിരയിലേക്ക് വരാനും ഫ്രണ്ടിൽ നിന്ന് പ്രസ് ചെയ്യാനുമുള്ള സ്വാതന്ത്ര്യവും എൻറിക്വെ നൽകി. കൂടുതൽ സ്ഥിരതയോടെ പിഎസ്ജിക്കായി ഡെംബെലെയുടെ പ്രകടനം വന്നു. അസിസ്റ്റിലും ബുദ്ധിപരമായ നീക്കങ്ങളിലും പ്രസ്സിങ്ങിലും ഡെംബെലെ മികവിലേക്കുയർന്നു.
Also Read: Kerala Blasters: 'കേരളത്തിലെ ജനങ്ങൾക്ക് നന്ദി'; മൂന്ന് കളിക്കാർ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
ചാംപ്യൻസ് ലീഗിൽ ഇത്തവണ ലിവർപൂളിന് എതിരെ രണ്ടാം പാദത്തിൽ ഡെംബെലെയിൽ സ്കോർ ചെയ്തു. പെനാൽറ്റി ഷൂട്ടൗട്ടിലും വല കുലുക്കി എന്ന് താരം ഉറപ്പാക്കി. സെമിയിൽ ആഴ്സണലിന് എതിരായ ആദ്യ പാദ സെമിയിൽ പിഎസ്ജിയിൽ നിന്ന് വന്ന ഒരേയൊരു ഗോൾ ഡെംബെലെയിൽ നിന്നാണ്. ഒരു ചാംപ്യൻസ് ലീഗ് എഡിഷനിൽ ഫ്രഞ്ച് ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ എന്ന നേട്ടം ഡെംബെലെ തന്റെ പേരിലാക്കി. കലാശപ്പോരിലും പ്രകടനം മോശമാക്കിയില്ല.
കിരീടങ്ങളുടെ എണ്ണത്തിൽ ബാഴ്സയ്ക്കൊപ്പമുള്ള ഡെംബെലെയുടെ നാളുകളുടെ തട്ട് താണിരിക്കും. എന്നാൽ ബാഴ്സയ്ക്കൊപ്പമുള്ളപ്പോഴാണോ പിഎസ്ജിക്കൊപ്പമാണോ ഡെംബെലെയെ കൂടുതൽ മികവോടെ കണ്ടിരിക്കുന്നത്?
വരാനിരിക്കുന്നത് എന്റെ നാളുകളെന്ന മുന്നറിയിപ്പോ?
ഇനി കരുൺ നായരിലേക്ക് വരാം. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിച്ചിട്ടില്ല. എന്നാൽ ഇംഗ്ലണ്ട് ലയേൺസിന് എതിരെ ഇന്ത്യ എയ്ക്ക് വേണ്ടി കരുൺ ഇരട്ട ശതകം കണ്ടെത്തി. ഇന്ത്യൻ ബാറ്റർമാർക്ക് എന്നും കീറാമുട്ടിയായ ഇംഗ്ലീഷ് സാഹചര്യങ്ങളിലാണ് ഈ ഇരട്ട ശതകം വരുന്നത് എന്നത് മറക്കരുത്.
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പന്ത് ഇരുവശത്തേക്കും ഇംഗ്ലീഷ് ലയേൺസ് പേസർമാർ സ്വിങ് ചെയ്യിക്കുമ്പോഴും കൂസലില്ലാതെ സ്കോർ ഉയർത്താൻ കരുണിന് സാധിച്ചു. എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് കരുൺ ബാറ്റ് വീശിയത് എന്നത് കരുണിൽ നിന്ന് വന്ന കവർ ഡ്രൈവുകളിൽ നിന്നുൾപ്പെടെ വ്യക്തം. മൂവിങ് ബോളുകളെ അതിജീവിക്കാനുള്ള സാങ്കേതിക തികവ് വ്യക്തമാക്കിയാണ് കരുൺ ബാറ്റ് വീശിയത്.
Also Read: Cristiano Ronaldo: തകർപ്പൻ നേട്ടം ഒരു ഗോൾ അകലെ; റെക്കോർഡ് വേണ്ടെന്ന് വെച്ച് പടിയിറക്കം?
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ റെഡ് ബോൾ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലോടെ പരിചയസമ്പത്തുള്ള ബാറ്ററെ ഇന്ത്യക്ക് മധ്യനിരയിൽ ആവശ്യമുണ്ട്. കരുൺ നായർ ഇംഗ്ലണ്ട് പര്യടനം തന്റെ കരിയറിലെ വഴിത്തിരിവാക്കി മാറ്റാനാണ് സാധ്യത.
ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി അടിച്ചതിന് ശേഷം മൂവായിരത്തോളം ദിവസമാണ് കരുൺ നായർ ദേശിയ ടീമിലേക്ക് മടങ്ങിയെത്താനായി കഠിനാധ്വാനം ചെയ്തത്. സെലക്ടർമാർ വർഷങ്ങളോടും മുഖം തിരിച്ചു നിന്നിട്ടും കരുൺ തോൽവി സമ്മതിച്ചില്ല. എന്നാൽ 2024-25 സീസണിലെ കരുണിന്റെ ബാറ്റിങ് സെലക്ടർമാർക്ക് അവഗണിക്കാൻ പറ്റാത്തവിധത്തിലായിരുന്നു.
ശനിയാഴ്ച കരുൺ നേടിയ ഇരട്ട ശതകവും ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ ഡെംബെലെ ചാംപ്യൻസ് ലീഗ് കിരീടം ഉയർത്തിയതും കായിക ലോകത്തെ മനോഹരമായ കാഴ്ചയാണ്. മടങ്ങി വരവുകൾക്ക് എന്നും പ്രത്യേക ഭംഗിയുണ്ട്. പിഎസ്ജിയിൽ സ്വതന്ത്രമായി പറക്കുന്ന ഡെംബെലെയും ഇന്ത്യൻ ടീമിൽ റൺവാരിക്കൂട്ടുന്ന കരുൺ നായരും ലോകത്തിന് നൽകുന്ന സന്ദേശം ചെറുതല്ല. തോൽവികളിൽ പിന്മാറരുത്. വർഷങ്ങളെത്രയെടുത്താലും പൊരുതുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us