scorecardresearch

Ranji Trophy Semi: ക്ഷമയോടെ നേടിയെടുത്ത സെഞ്ചുറി; പക്ഷേ മറ്റൊരു ഉഗ്രരൂപമുണ്ടായിരുന്നു ഈ അസ്ഹറുദ്ദീന്

നാല് വർഷം മുൻപ് മറ്റൊരു മുഹമ്മദ് അസ്ഹറുദ്ദീൻ ഉണ്ടായിരുന്നു. നേരിടുന്ന ആദ്യ പന്തിൽ തന്നെ ബൌണ്ടറി കണ്ടെത്താൻ ശ്രമിച്ചിരുന്ന ബാറ്റർ. ആദ്യ പന്തിൽ പുറത്തായാലും കുലുങ്ങാത്ത ബാറ്റർ

നാല് വർഷം മുൻപ് മറ്റൊരു മുഹമ്മദ് അസ്ഹറുദ്ദീൻ ഉണ്ടായിരുന്നു. നേരിടുന്ന ആദ്യ പന്തിൽ തന്നെ ബൌണ്ടറി കണ്ടെത്താൻ ശ്രമിച്ചിരുന്ന ബാറ്റർ. ആദ്യ പന്തിൽ പുറത്തായാലും കുലുങ്ങാത്ത ബാറ്റർ

author-image
Anjaly Suresh
New Update
Mohammed Azheruddeen Century

മുഹമ്മദ് അസ്ഹറുദ്ദീൻ (ഫോട്ടോ: ഇൻസ്റ്റഗ്രാം)

കോവിഡ് ഇടവേളയ്ക്ക് ശേഷം ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങി എത്തുന്ന സമയം. 2021 ജനുവരിയിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പേരാണ് ഉയർന്ന് കേട്ടത്, മുഹമ്മദ് അസ്ഹറുദ്ദീൻ. ഡൊമസ്റ്റിക് ക്രിക്കറ്റിൽ മിനി ഇന്ത്യ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മുംബൈ ടീമിനെ നിലം തൊടീക്കാതെ പറത്തി തലക്കെട്ടുകളിൽ നിറയുകയായിരുന്നു ഈ കാസർകോട് തളങ്കരക്കാരൻ. അന്ന് സാക്ഷാൽ കപിൽ ദേവിന്റെ നടരാജ് ഷോട്ട് വരെ മുഹമ്മദ് അസ്ഹറുദ്ദീനിൽ നിന്ന് വന്നു. നാല് വർഷത്തിന് ശേഷം, കൃത്യമായി പറഞ്ഞാൽ 2025 ഫെബ്രുവരി 18ന് ഇതേ മുഹമദ്ദ് അസ്ഹറുദ്ദീൻ കേരളത്തെ തോളിലേറ്റി മറ്റൊരു സെഞ്ചുറിയിലേക്ക് എത്തി. പക്ഷേ അന്നത്തെ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്നത്തെ മുഹമ്മദ് അസ്ഹറുദ്ദീനും തമ്മിൽ വലിയ മാറ്റമുണ്ട്.

Advertisment

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഗുജറാത്തിന് എതിരെ അഹമ്മദാബാദിൽ മുഹമ്മദ് അസ്ഹറുദ്ദീൻ സ്വന്തമാക്കിയത്. ഏഴ് വർഷം മുൻപായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ സെഞ്ചുറി വന്നത്. മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയായിരുന്നു അത് ഇത്തവണ കേരളത്തിനായി നിർണായക ഘട്ടത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ചുറി നേടിയത് ആറാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങി. തിളങ്ങി കളിക്കാനാവാതെ വന്നതോടെ കോവിഡ് ലോക്ക്ഡൌണിൽ ലഭിച്ച ഇടവേളയുടെ സമയത്താണ് ഏത് ബാറ്റിങ് പൊസിഷനാണ് തനിക്ക് യോജിക്കുന്നത് എന്നതുൾപ്പെടെ അസ്ഹറുദ്ദീൻ കണ്ടെത്തിയത്.

ആക്രമണകാരിയായ അസ്ഹറുദ്ദീൻ

ഇന്ന് കേരളം ഗുജറാത്തിന് എതിരെ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ നഷ്ടമായി. എന്നാൽ അതിലും അസ്ഹറുദ്ദീൻ കുലുങ്ങിയില്ല. ആഗ്രസീവ് ബ്രാൻഡ് ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്ന, ക്രീസിലേക്ക് വന്നപാടെ ആദ്യ പന്ത് തന്നെ ബൌണ്ടറി കളിക്കാൻ ഇഷ്ടപ്പെടുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ 231 പന്തുകൾ തന്റെ ഇന്നിങ്സിൽ നേരിട്ടപ്പോൾ അതിൽ 164 പന്തുകളും ഡോട്ട് ബോളുകളായിരുന്നു. 120 എന്ന സ്കോറിലേക്ക് മുഹമ്മദ് അസ്ഹറുദ്ദീൻ എത്തി നിൽക്കുമ്പോൾ ഒരു സിക്സ് പോലും ഇതുവരെ താരത്തിൽ നിന്ന് വന്നിട്ടില്ലെന്നും ഓർക്കണം. എന്നാൽ തന്റെ ഉള്ളിലെ ആഗ്രസീവ് ക്രിക്കറ്റ് സ്റ്റൈൽ അഹമ്മദാബാദിലും ഇടയ്ക്കിടെ അസ്ഹറുദ്ദീനിൽ നിന്ന് വന്ന് പോയി. രവി ബിഷ്ണോയിയെ ഒരോവറിൽ മൂന്ന് വട്ടം ബൌണ്ടറി കടത്തിയപ്പോൾ ഉൾപ്പെടെ. 

ഇനി നമുക്ക് നാല് വർഷം മുൻപത്തെ മുഹമ്മദ് അസ്ഹറുദ്ദീനിലേക്ക് വരാം. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ കേരളാ താരമാണ്  അസ്ഹറുദ്ദീൻ. അതും ഒന്നൊന്നര സെഞ്ചുറി. 54 പന്തിൽ നിന്നാണ് മുഹമ്മദ് അസ്ഹറുദ്ദീൻ അന്ന് 137 റൺസ് വാരിക്കൂട്ടിയത്. അസ്ഹറുദ്ദീന്റെ ബാറ്റിൽ നിന്ന് പറന്നത് ഒൻപത് ഫോറും 11 സിക്സും. ഒരു ഇന്ത്യൻ താരത്തിന്റെ ട്വന്റി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് അവിടെ മുഹമ്മദ് അസ്ഹറുദ്ദീൻ തന്റെ പേരിൽ ചേർത്തത്. അന്ന് വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചെത്തിയ അസ്ഹറുദ്ദീനെ ശ്രീശാന്ത് ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താണ് സ്വീകരിച്ചത്. 

Advertisment

കോഹ്ലിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ ആരാധനാപാത്രം. കോഹ്ലിയുടെ ബാറ്റിങ്ങും അഗ്രഷനുമാണ് മുഹമ്മദിന് ഏറെ ഇഷ്ടം. എന്നാൽ ക്രീസിൽ താൻ കോഹ്ലിയിൽ നിന്ന് നേരെ വിപരീതമാണ് എന്നാണ് നാല് വർഷം മുൻപ് സംസാരിക്കുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞിരുന്നത്. അഗ്രസീവ് ബാറ്റിങ് ആണ് എന്റെ ശൈലി. പ്രതിരോധിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന കളിക്കാരൻ അല്ല ഞാൻ. ഫസ്റ്റ് ബോളിൽ ഔട്ട് ആവുമോ എന്നൊന്നും ഞാൻ നോക്കാറില്ല..എന്നാൽ ഇന്ന് ഗുജറാത്തിന് എതിരെ അസ്ഹറുദ്ദീനിൽ നിന്ന് വന്ന സെഞ്ചുറിയിൽ നിന്ന് വ്യക്തം അസ്ഹറിന്റെ ചിന്താഗതിയിലും ശൈലിയിലുമുണ്ടായ മാറ്റം. 

കേരളത്തിനായി അരങ്ങേറ്റം 2015ൽ

2015ലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അസ്ഹറുദ്ദീൻ 32.42 എന്ന ബാറ്റിങ് ശരാശരിയിൽ സ്കോർ ചെയ്തത് 1589 റൺസ്. 65 ആണ് അസ്ഹറുദ്ദീന്റെ സ്ട്രൈക്ക്റേറ്റ്. രണ്ട് സെഞ്ചുറിയും 12 അർധ ശതകവും കരിയറിൽ അസ്ഹറുദ്ദീൻ നേടി. 

ഗുജറാത്തിന് എതിരെ സെമി ഫൈനലിൽ സച്ചിൻ ബേബിക്കൊപ്പം നിന്ന് 49 റൺസിന്റെ കൂട്ടുകെട്ടാണ് മുഹമ്മദ് അസ്ഹറുദ്ദീൻ കണ്ടെത്തിയത്. സച്ചിൻ പുറത്താവുമ്പോൾ കേരളത്തിന്റെ സ്കോർ 206-5. എന്നാൽ സെൻസിബിൾ ബാറ്റിങ് ആണ് പിന്നെ മുഹമ്മദ് അസ്ഹറുദ്ദീനിൽ നിന്ന് വന്നത്. ജമ്മു കശ്മീരിന് എതിരെ ക്വാർട്ടർ ഫൈനലിൽ സൽമാൻ നിസാറിനൊപ്പം നിന്ന് കളി സമനിലയിലേക്ക് എത്തിച്ചത് പോലെ ഒന്ന്. അഗ്രസീവ് ബ്രാൻഡ് കളിക്കാൻ ഇഷ്ടപ്പെടുന്ന താരം ഇന്ന് ഗുജറാത്തിന് എതിരെ സെഞ്ചുറി നേടിയപ്പോൾ ഏറെ മാറിയിരിക്കുന്നു.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അസ്ഹറുദ്ദീനെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഒരു മത്സരം പോലും കളിക്കാനായില്ല. രഞ്ജി സെമിയിലെ ഈ സെഞ്ചുറി കൂടുതൽ അവസരങ്ങൾ ഈ മുപ്പതുകാരന് മുൻപിൽ തുറന്നിടുമെന്ന് പ്രതീക്ഷിക്കാം. 

Read More

Kerala Vs Gujarat Sachin Baby Mohammed Azharuddeen Kerala Cricket Team Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: