/indian-express-malayalam/media/media_files/2025/02/28/VodBNYBP2oeB5UPXbVbg.jpg)
വിദർഭയ്ക്ക് എതിരെ സച്ചിൻ ബേബിയുടെ ബാറ്റിങ് Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
കേരള ക്രിക്കറ് ടീമിന്റെ രഞ്ജി ട്രോഫി ഫൈനൽ പ്രവേശനം നാടൊന്നാകെ ആഘോഷിക്കുകയായിരുന്നു. എന്നാൽ കരുത്തരായ വിദർഭയ്ക്ക് എതിരെ മൂന്ന് ദിവസം കൊണ്ട് കേരളം തോൽവിയിലേക്ക് വീഴും എന്ന് വിധി എഴുതിയവരുമുണ്ട്. പക്ഷേ 2018ൽ വിദർഭ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കണ്ട കേരള ടീമായിരുന്നില്ല ഇത്. അഞ്ചാം ദിനം വരെ നാഗ്പൂരിൽ ഫൈനൽ നീട്ടി. രഞ്ജി ട്രോഫി കന്നി കിരീടം എന്ന സ്വപ്നത്തിന് മുൻപിൽ വീഴുമ്പോൾ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് ക്യാപ്റ്റൻ സച്ചിൻ ബേബി. കൂറ്റൻ ഷോട്ട് പറത്തി സെഞ്ചുറിയടിക്കാനുള്ള സച്ചിന്റെ ശ്രമം ആണ് വിക്കറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത്. ആ സ്ലോഗ് സ്വീപ്പ് കേരളത്തിനും സച്ചിനും അടുത്തെങ്ങും മറക്കാൻ സാധിക്കില്ല.
ഒന്നാം ഇന്നിങ്സിൽ തന്റെ വിക്കറ്റ് വീണതാണ് കളിയുടെ ഗതി തിരിച്ചത് എന്ന് സച്ചിൻ ബേബി മത്സര ശേഷം പറഞ്ഞു. "വിദർഭയുടേതിനേക്കാൾ കൂടുതൽ പിഴവുകൾ നമ്മളിൽ നിന്ന് വന്നു. എന്റെ വിക്കറ്റ് വീണത് കളിയുടെ ഗതി തിരിച്ചു. അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു," സച്ചിൻ ബേബി പറഞ്ഞു.
100ന് മുകളിൽ ലീഡ് ആണ് ലക്ഷ്യം വെച്ചത്
"ടീമിന് വേണ്ടി ഞാൻ അവിടെ തുടരണമായിരുന്നു. അവസാനം വരെ ലീഡ് നേടുന്നത് വരെ ഞാൻ ക്രീസിൽ ഉണ്ടാവണമായിരുന്നു. ലീഡിലേക്ക് എത്താനായാൽ 100ന് മുകളിൽ കണ്ടെത്തണം എന്നാണ് ലക്ഷ്യമിട്ടത്. അത് സാധിച്ചിരുന്നെങ്കിൽ മത്സര ഫലത്തിൽ വ്യത്യാസം കൊണ്ടുവരാനുള്ള സാധ്യത ഉണ്ടായിരുന്നു."
"എന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഞാൻ കളിച്ചത്. എന്നാൽ പെട്ടെന്ന് നിർഭാഗ്യകരമായ കാര്യങ്ങൾ സംഭവിച്ചു. മൂന്ന് ഫോർമാറ്റിലും ഇത് ഞങ്ങളുടെ ആദ്യ ഫൈനലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇതിനായി ഒരുപാട് പ്രയത്നിച്ചു. അടുത്ത വട്ടം വിദർഭയെ നോക്ക്ഔട്ടിൽ ഞങ്ങൾ അവരെ തോൽപ്പിക്കും. അവർക്ക് പ്രയാസകരമായ സാഹചര്യം സൃഷ്ടിക്കും," സച്ചിൻ ബേബി പറഞ്ഞു.
കേരളത്തിന്റെ സ്കോർ 324-6 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സച്ചിൻ ബേബിയുടെ വിക്കറ്റ് വീണത്. അപ്പോൾ വിദർഭയുടെ ലീഡ് മറികടക്കാൻ കേരളത്തിന് വേണ്ടിയിരുന്നത് 56 റൺസ്. രഞ്ജി ട്രോഫി ഫൈനലിലെ സെഞ്ചുറി എന്ന ചരിത്ര നേട്ടത്തിലേക്ക് എത്താൻ സച്ചിൻ ബേബിക്ക് വേണ്ടിയിരുന്നത് രണ്ട് റൺസ്.
235 പന്തിൽ നിന്ന് പത്ത് ഫോറോടെയാണ് സച്ചിൻ ബേബി 98 റൺസ് എടുത്തത്. എന്നാൽ കൂറ്റൻ ഷോട്ട് പറത്തി സെഞ്ചുറിയിലേക്ക് എത്താൻ ഉറച്ച് സച്ചിനിൽ നിന്ന് വന്ന സ്ലോഗ് സ്വീപ്പ് ഷോട്ട് കേരളത്തിന് വലിയ തിരിച്ചടിയായി. സർവാതെയ്ക്ക് ഒപ്പം 63 റൺസിന്റെ കൂട്ടുകെട്ടും സൽമാൻ നിസാറിനൊപ്പം 49 റൺസിന്റെ കൂട്ടുകെട്ടും മുഹമ്മദ് അസ്ഹറിനൊപ്പം 59 റൺസിന്റെ കൂട്ടുകെട്ടും സക്സേനയ്ക്ക് ഒപ്പം 46 റൺസിന്റെ കൂട്ടുകെട്ടുമാണ് സച്ചിൻ ബേബി കണ്ടെത്തി. എന്നാൽ സച്ചിൻ ബേബി പുറത്തായതിന് ശേഷം 18 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും കേരളം ഓൾഔട്ടായി.
Read More
- Ranji Trophy Final: തല ഉയർത്തി കേരളത്തിന് മടങ്ങാം; വിദർഭയ്ക്ക് രഞ്ജി ട്രോഫി
- Kerala Blasters: പടിക്കൽ കലമുടച്ചു; ജംഷഡ്പൂരിനോട് സമനില; ബ്ലാസ്റ്റേഴ്സ് പുറത്ത്
- Champions Trophy: തകർത്തടിച്ച് ഡുസനും ക്ലാസനും ; ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക
- Champions Trophy: ഇന്ത്യക്കെതിരായ സെമി; ഓസീസും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.