/indian-express-malayalam/media/media_files/2025/03/02/py9fLjsJaIfjz5W4RHOG.jpg)
കേരള ക്രിക്കറ്റ് ടീം Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
കന്നി രഞ്ജി ട്രോഫി കിരീടം എന്ന സ്വപ്ന നേട്ടത്തിന് മുൻപിൽ കാലിടറിയാണ് കേരളം നാഗ്പൂരിൽ വീണത്. കിരീടവുമായി എത്തുന്ന കേരള ടീമിനൊപ്പം ആഘോഷിക്കാനിരുന്ന മലയാളികൾക്ക് അങ്ങനെയൊരു നിമിഷത്തിനായി ഇനിയും കാത്തിരിക്കണം. രഞ്ജി ട്രോഫി കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുള്ള മുംബൈയെ വീഴ്ത്തിയാണ് വിദർഭ ഫൈനലിലേക്ക് എത്തിയത്. കേരളം വിട്ടുകൊടുക്കാതെ പൊരുതിയതിന്റെ ബലത്തിലും. സീസണിൽ ഒരു മത്സരത്തിൽ പോലും തോൽക്കാത്തതിന്റെ നിശ്ചയദാർഡ്യത്തിന്റെ ബലത്തിൽ.. വിദർഭയ്ക്ക് എതിരേയും കേരളം പൊരുതാതെ നിന്നില്ല. എന്നാൽ എവിടെയെല്ലാമാണ് കേരളത്തിന് പിഴച്ചത്? ടോസ് നേടി കേരളം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു എങ്കിൽ മത്സര ഫലത്തിൽ മാറ്റം ഉണ്ടാവുമായിരുന്നോ?
ബോളിങ് തിരഞ്ഞെടുത്ത് പിച്ചിലെ ഈർപ്പത്തെ പേടിച്ചോ?
ടോസ് നേടി കേരളം ബോളിങ് തിരഞ്ഞെടുത്തതിന് പിന്നാലെ വിദർഭ ക്യാപ്റ്റൻ അക്ഷയ് വഡ്കർ ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്ന സ്പിന്നർ പാർഥ് രേഖഡെയ്കക്ക് നേരെ തിരിഞ്ഞു. പാഡ് അണിഞ്ഞ് ക്രീസിലേക്ക് ഇറങ്ങാൻ വിദർഭ ക്യാപ്റ്റന്റെ നിർദേശം. ബോളിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തന്ത്രത്തിനുള്ള മറുതന്ത്രമായിരുന്നു അത്.
രണ്ട് പന്തുകൾ മാത്രമാണ് പാർഥിന് ക്രീസിൽ നിൽക്കാനായത്. നിധീഷിന്റെ ലേറ്റ് സ്വിങ്ങിങ് ബോൾ പാർഥിനെ വിക്കറ്റിന് മുൻപിൽ കുടുക്കി. വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും കേരളം ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് വിദർഭയുടെ തന്ത്രങ്ങൾ വളരുന്നത് അവിടെ മുതൽ കാണാൻ തുടങ്ങി.
പിന്നാലെ ദർശൻ നൽകൻഡേ ക്രീസിലേക്ക്. എട്ടാമത് ബാറ്റ് ചെയ്യുന്ന താരത്തെ വിദർഭ നേരത്തെ ഇറക്കി. തുടക്കത്തിൽ കേരള ബോളർമാർക്ക് കണ്ടെത്താനാവുന്ന ബോളിങ് ചലനത്തിൽ ലോവർ ഓർഡർ ബാറ്റർമാരെ ബലികൊടുത്ത് വിദർഭ തന്ത്രം വ്യക്തമാക്കി. ലോവർ ഓർഡർ ബാറ്റർമാരെ ആദ്യം ഇറക്കി ന്യൂബോളിലെ തിളക്കം കളയുന്നതോടെ പിന്നെ വരുന്ന ടോപ് ഓർഡർ ബാറ്റർമാർക്ക് അത് ഗുണം ചെയ്യും എന്ന വിദർഭയുടെ കണക്കുകൂട്ടൽ തെറ്റിയില്ല.
24-3ൽ നിന്ന് 258-4ലേക്ക് എത്താൻ ഈ തന്ത്രത്തിലൂടെ വിദർഭയ്ക്ക് സാധിച്ചു. ഇതിലൂടെ ടോസിലൂടെ ലഭിച്ച ആനുകൂല്യം കേരളത്തിന് മുതലെടുക്കാനായില്ല. വിക്കറ്റ് വീഴ്ത്താനാവാത്ത ഓരോ പന്തും സ്കോർ ചെയ്യപ്പെട്ട ഓരോ റൺസും ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനത്തെ വേട്ടയാടിക്കൊണ്ടിരുന്നു.
ഫൈനൽ നടന്ന നാഗ്പൂർ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീമിന് കൂറ്റൻ ടോട്ടൽ കണ്ടെത്താൻ കഴിയുകയും ഫോർത്ത് ഇന്നിങ്സിൽ എതിരാളിയെ ഓൾഔട്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നുമാണ് മുൻ മത്സര ഫലങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുക്കാനുള്ള തീരുമാനം കേരള ടീമിനുള്ളിലെ ഭയമാണ് ഒരു അർഥത്തിൽ പ്രകടമാക്കിയത്. പിച്ചിലെ ഈർപ്പം മുതലെടുക്കുക, ഒന്നാം ഇന്നിങ്സിൽ വിദർഭയുടെ സ്കോർ മുൻപിലെത്തുന്നതോടെ ലീഡ് എടുക്കേണ്ടത് എത്ര റൺസ് എന്നതിൽ വ്യക്തത വരും എന്നീ രണ്ട് ഘടകങ്ങളാണ് ടോസ് നേടി കേരളത്തെ ബോളിങ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
സച്ചിൻ ബേബിയുടെ സ്ലോഗ് സ്വീപ്പ്
വിദർഭയുടെ 379 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കേരളത്തിന് ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായപ്പോൾ ബാറ്റിങ് ഓർഡറിൽ കേരളവും പരീക്ഷണം നടത്തി. സർവാതെയു അഹ്മദ് ഇമ്രാനും നേരത്തെ ഇറങ്ങി. അത ഒരു പരിധി വരെ കേരളത്തിന് ഗുണം ചെയ്യുകയും ചെയ്തു. പിന്നാലെ സച്ചിൻ ബേബിയുടെ ഇന്നിങ്സ് ആണ് ഒന്നാം ഇന്നിങ്സ് ലീഡ് എടുക്കാനാവും എന്ന പ്രതീക്ഷ കേരളത്തിന് നൽകിയത്.
എന്നാൽ 98 റൺസിൽ നിൽക്കെ സച്ചിനിൽ നിന്ന് വന്ന ആ സ്ലോഗ് സ്വീപ്പിലൂടെ കേരളം കളി കൈവിട്ടു. സച്ചിൻ പുറത്താവുമ്പോൾ 56 റൺസ് കൂടിയാണ് ലീഡ് മറികടക്കാൻ കേരളത്തിന് വേണ്ടിയിരുന്നത്. എന്നാൽ സച്ചിൻ മടങ്ങിയതിന് പിന്നാലെ 18 റൺസിന് ഇടയിൽ കേരളത്തിന്റെ നാല് വിക്കറ്റുകൾ വീണു. 235 പന്തുകൾ നേരിട്ട് നിന്ന സച്ചിനിൽ നിന്ന് വന്ന ആ ഒരു ഷോട്ട് ഇല്ലായിരുന്നെങ്കിൽ മത്സര ഫലം തന്നെ ചിലപ്പോൾ മറ്റൊന്നായാനെ.
നാലാം ദിനത്തിലെ മികച്ച തുടക്കം മുതലെടുക്കാനായില്ല
രണ്ടാം ഇന്നിങ്സിൽ വിദർഭയെ 7-2ലേക്ക് വീഴ്ത്താൻ കേരളത്തിനായി. രണ്ട് വശത്തേക്കും സീം മൂവ്മെന്റ് കണ്ടെത്താൻ നിധീഷിനായി. വേരിയേഷനുകളിലൂടെ സക്സേനയും മികവ് കാണിച്ചു. ഡാനിഷിനും കരുൺ നായർക്കും രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ കൂടുതൽ ശ്രദ്ധയോടെ കേരള ബോളർമാരെ നേരിടേണ്ടി വന്നു. എന്നാൽ പോകപോകെ കേരളത്തിന്റെ പ്രതീക്ഷകൾ അകന്നു.
ഡിആർഎസിലൂടെ ഡാനിഷിന്റെ രക്ഷപെടൽ. പിന്നാലെ വ്യക്തമായ തന്ത്രം മെനയുന്നതിലെ പാളിച്ചയും ഫീൽഡിങ്ങിലെ പോരായ്മകളും കേരളത്തിന് തിരിച്ചടിയായിക്കൊണ്ടിരുന്നു. 31ൽ നിൽക്കെ കരുൺ നായർക്ക് ജീവൻ കിട്ടിയത് നാലാം ദിനം കേരളത്തെ വേട്ടയാടി. ആ പിഴവ് അക്ഷയ് ചന്ദ്രനും മറക്കാനാവില്ല.
സമ്മർദം ചെലുത്താനാവാത്ത ഫീൽഡ് സെറ്റ്
കരുണിനും ഡാനിഷിനും നാലാം ദിനം എളുപ്പത്തിൽ സ്ട്രൈക്ക് കൈമാറി കളിക്കാനായി. കാരണം സമ്മർദം ചെലുത്തുന്ന ഫീൽഡ് സെറ്റ് ആയിരുന്നില്ല കേരളത്തിന്റേത്. ഓഫ് സ്റ്റംപിന് പുറത്തായി ജലജ് എറിയുമ്പോൾ പോലും സ്ലിപ്പിൽ ഫീൽഡറെ നിർത്തിയിരുന്നില്ല. എഡ്ജ് ചെയ്ത് ഏതാനും പന്തുകൾ പോയതിന് ശേഷമാണ് ഫസ്റ്റ് സ്ലിപ്പിലേക്ക് ഫീൽഡറെ നിർത്തിയത്.
കാച്ചിങ് പൊസിഷനിൽ ഫീൽഡറെ നിർത്തുന്നതിനേക്കാൾ റൺസ് സേവ് ചെയ്യുന്ന വിധത്തിലെ ഫീൽഡ് സെറ്റിലേക്കാണ് കേരളം ശ്രദ്ധ കൊടുത്തത്. ക്ഷമ കൈവിട്ട് തുടങ്ങിയതോടെ ബൗളിങ് ചെയ്ഞ്ചുകളിൽ പോലും കേരളത്തിന് വ്യക്തമായ പ്ലാൻ ഇല്ലാതായി. ജലജിന് ലൈനും ലെങ്തും കണ്ടെത്താനാവാതെ വന്നതോടെ കരുണിനും ഡാനിഷിനും കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
Read More
- Ranji Trophy Final: തല ഉയർത്തി കേരളത്തിന് മടങ്ങാം; വിദർഭയ്ക്ക് രഞ്ജി ട്രോഫി
- Kerala Blasters: പടിക്കൽ കലമുടച്ചു; ജംഷഡ്പൂരിനോട് സമനില; ബ്ലാസ്റ്റേഴ്സ് പുറത്ത്
- Champions Trophy: തകർത്തടിച്ച് ഡുസനും ക്ലാസനും ; ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക
- Champions Trophy: ഇന്ത്യക്കെതിരായ സെമി; ഓസീസും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.