/indian-express-malayalam/media/media_files/2025/02/19/rW7mOuBeE4nunsbsw23p.jpg)
അഹ്മദ് ഇമ്രാൻ, സക്സേന Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാൻ ഇറങ്ങിയ കേരളത്തിന് മുൻപിൽ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായത്. ആ കാത്തിരിപ്പ് അവസാനിപ്പിക്കുക. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തുക. ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഉറച്ച് ഇറങ്ങിയ കേരളത്തിനൊപ്പം ടോസ് ഭാഗ്യവും നിന്നു. 187 ഓവറാണ് കേരളം ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്തത്. രഞ്ജി ട്രോഫി സീസണിൽ കേരളം ഏറ്റവും കൂടുതൽ ഓവർ കളിച്ച ഇന്നിങ്സ്. ഇന്നിങ്സ് നീട്ടിവലിച്ച് 457 എന്ന കൂറ്റൻ സ്കോർ ഗുജറാത്തിന് മുൻപിലേക്ക് വയ്ക്കുമ്പോൾ കേരളത്തിന് വ്യക്തമായ കണക്കു കൂട്ടലുകളുണ്ട്.
മൂന്നാം ദിനം അഹമ്മദാബാദിൽ ചായക്ക് പിരിയുമ്പോൾ 44 ഓവറിൽ ഒരു ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. ബാറ്റിങ്ങിൽ തങ്ങളെ അത്ര പെട്ടെന്ന് തളയ്ക്കാൻ സാധിക്കില്ലെന്ന് കേരളത്തിന് സൂചന നൽകിയാണ് ഗുജറാത്തിന്റെ ഓപ്പണിങ് സഖ്യം ബാറ്റ് വീശിയത്. അവരുടെ ഓപ്പണിങ് സഖ്യം പൊളിഞ്ഞത് 131 റൺസിൽ നിൽക്കുമ്പോൾ. 37ാമത്തെ ഓവറിൽ.
ഗുജറാത്തിന്റെ രണ്ട് ഓപ്പണർമാരും അർധ ശതകം കണ്ടെത്തി. 118 പന്തിൽ നിന്ന് 73 റൺസ് എടുത്ത് നിന്ന ആര്യ ദേശായിയെ പുറത്താക്കി ബേസിലാണ് ഓപ്പണിങ് സഖ്യത്തെ പൊളിച്ചത്. 11 ഫോറും ഒരു സിക്സും അടിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു ആര്യാ ദേശായിയുടെ ഇന്നിങ്സ്. മൂന്നാം ദിനം അവസാന സെഷനിലേക്ക് കളി എത്തുമ്പോൾ 9 വിക്കറ്റ് കയ്യിലിരിക്കെ 311 റൺസ് ആണ് ഗുജറാത്തിന് മറികടക്കേണ്ടത്.
ഇന്നിങ്സ് വലിച്ചുനിട്ടിയതിന് പിന്നിൽ
നാലും അഞ്ചും ദിനം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന് ബാറ്റിങ് എളുപ്പമാവില്ല എന്നത് മുൻപിൽ കണ്ട് തന്നെയാണ് കേരളം ഒന്നാം ഇന്നിങ്സ് പരമാവധി വലിച്ചു നീട്ടിയത്. അവസാന അഞ്ച് ദിനങ്ങളിൽ സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം പിച്ചിൽ നിന്ന് ലഭിക്കും എന്നാണ് കണക്കു കൂട്ടുൽ. പരിചയസമ്പത്തുള്ള ബേസിൽ തമ്പിയെ ഉൾപ്പെടെ പുറത്തിറക്കി രണ്ട് ഫാസ്റ്റ് ബോളർമാരെ മാത്രം പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിൽ നിന്നും കേരളം മുൻപിൽ കണ്ട തന്ത്രം വ്യക്തം.
സക്സേന, ആദിത്യാ സർവാതെ എന്നിവർക്ക് പുറമെ ഇടംകയ്യൻ സ്പിന്നർ അക്ഷയ് ചന്ദ്രനിലേക്കും മൂന്നാം ദിനം സച്ചിൻ ബേബി പന്ത് നൽകി. അപ്പോഴും രഞ്ജി ട്രോഫിയിലെ തങ്ങളുടെ അരങ്ങേറ്റക്കാരനും സ്പിന്നറുമായ അഹ്മദ് ഇമ്രാന്റെ കൈകളിലേക്ക് പന്ത് നൽകുന്നത് സച്ചിൻ ബേബി നീട്ടിവെച്ചു. കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു അഹ്മദ് ഇമ്രാൻ. കേരള ക്രിക്കറ്റ് ലീഗിൽ എമർജിങ് പ്ലേയറായും തിരഞ്ഞെടുക്കപ്പെട്ട താരം.
ഇമ്രാൻ തുറുപ്പുചീട്ടാവുമോ
ഇന്ത്യൻ അണ്ടർ 19 താരമായ അഹ്മദ് ഇമ്രാനും അടുത്ത രണ്ട് ദിനങ്ങളിൽ മത്സരത്തിന്റെ കളി തിരിക്കാനുള്ള ശേഷിയുണ്ട്. കൂച്ച് ബെഹാർ ട്രോഫിയിൽ മധ്യപ്രദേശിന് എതിരെ അഞ്ച് വിക്കറ്റ് പിഴുത പ്രകടനം നായകനായിരുന്ന അഹ്മദ് ഇമ്രാനിൽ നിന്ന് വന്നിരുന്നു.
കേരളത്തിന്റെ 457 എന്ന സ്കോർ മറികടന്നാൽ ഗുജറാത്ത് ഫൈനലിൽ എത്തും. ഗുജറാത്തിന്റെ ബാറ്റിങ് നിരയ്ക്ക് അതിനുള്ള പ്രാപ്തിയുണ്ടെന്ന വിലയിരുത്തലുകളുമാണ് ശക്തം. എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിൽ സ്പിന്നർമാരെ തുണയ്ക്കുന്ന നിലയിലേക്ക് പിച്ചിൽ മാറ്റം ഉണ്ടായാൽ, ലെഗ്ബ്രേക്ക് ഗൂഗ്ലിയുമായി സക്സേന ഉൾപ്പെടെയുള്ള കേരളത്തിന്റെ സ്പിന്നർമാർക്ക് അത് മുതലെടുക്കാൻ സാധിച്ചാൽ ചരിത്രം കേരളം തിരുത്തി കുറിക്കും.
Read More
- രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ; മുഹമ്മദ് അസറുദ്ദീന് 177
- Champions Trophy: ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും
- WPL: ഫോറടിച്ച് സജനയുടെ ഫിനിഷ്; മുംബൈയുടെ ഹീറോയായി നാറ്റ് ബ്രന്റ്
- Champions Trophy: ഫേവറിറ്റുകളാണ് ഇന്ത്യ; പക്ഷെ സ്വയം കുഴി കുഴിച്ച് വിണേക്കാം; കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.