/indian-express-malayalam/media/media_files/2025/02/20/2XBo3slI2ToPfAWypRSg.jpg)
കേരള ക്രിക്കറ്റ് ടീം Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)
രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി ഫൈനൽ എന്ന സ്വപ്ന നേട്ടത്തിന് അരികെ കേരളം. നാലാം ദിനം ചായക്ക് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാൻ ഗുജറാത്തിന് ഇനി വേണ്ടത് 74 റൺസ് കൂടി.
മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ് ഗുജറാത്ത് കളി അവസാനിപ്പിച്ചത്. എന്നാൽ നാലാം ദിനം ആദ്യ സെഷനിൽ തന്നെ ഗുജറാത്തിന്റെ നാല് വിക്കറ്റുകൾ പിഴുത് കേരളം കളിയിലേക്ക് തിരികെ വന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റിന് 325 എന്ന നിലയിലായി ഗുജറാത്ത്. ഉച്ചഭക്ഷണത്തിന് ശേഷം ഗുജറാത്തിന്റെ രണ്ട് വിക്കറ്റ് കൂടി വീഴ്ത്താൻ കേരളത്തിന് സാധിച്ചു.
നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് 33 റൺസ് എടുത്ത മനൻ ഹിഗ്രജിയയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സക്സേനയാണ് ഗുജറാത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. മനൻ ഹിഗ്രജിയെ വിക്കറ്റിന് പിന്നിൽ കുടുക്കിയതിന് ശേഷം സെഞ്ചുറി അടിച്ച് നിന്നിരുന്ന പാഞ്ചലിനെ ബൌൾഡാക്കി സക്സേനയുടെ ഗോൾഡൻ സ്ട്രൈക്ക്.
ഗുജറാത്ത് സ്കോർ 300ലേക്ക് എത്തുന്നതിന് മുൻപ് 26 റൺസ് എടുത്ത് നിന്ന ഉർവിൽ പട്ടേലും മടങ്ങി. ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങി കളിക്കാൻ ശ്രമിച്ച ഉർവിലിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റംപ് ചെയ്ത് പുറത്താക്കി. സക്സേനയ്ക്ക് പിന്തുണയുമായി നിധീഷും വിക്കറ്റ് വീഴ്ത്തി എത്തി. 26 റൺസ് എടുത്ത് നിൽക്കെ ഹെമാങ് പട്ടേലിനെ നിധീഷ് ഷോൺ ജോർജിന്റെ കൈകളിലെത്തിച്ചു.
ബിഷ്ണോയ്ക്ക് നെറ്റിയിൽ പരുക്ക്
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായാണ് ഹെമാങ് ഗുജറാത്തിന്റെ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിക്ക് നെറ്റിയിൽ പരുക്കേറ്റിരുന്നു. ഇതോടെയാണ് ബിഷ്ണോയിക്ക് പകരം ഹെമാങ്ങിനെ ഗുജറാത്ത് പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നത്.
മൂന്നാം ദിനം കേരളത്തിന്റെ കൂറ്റൻ സ്കോറിന് മുൻപിൽ തകർത്തടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. അവരുടെ ഓപ്പണിങ് സഖ്യം 131 റൺസ് കണ്ടെത്തി. 36ാം ഓവറിലാണ് ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് സാധിച്ചത്. എന്നാൽ സ്പിന്നർമാർക്ക് മുൻതൂക്കം ലഭിക്കും എന്ന് കരുതപ്പെട്ടിരുന്നെങ്കിലും കേരള ബോളർമാർക്ക് വേണ്ട ടേൺ കണ്ടെത്താനായില്ല. ഇതോടെ ഗുജറാത്ത് മികച്ച സ്കോർ ഉയർത്തി കളിച്ചു.
രണ്ടാം വിക്കറ്റിലും ഗുജറാത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട്
രണ്ടാം വിക്കറ്റിലും ഗുജറാത്ത് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. 73 റൺസ് എടുത്ത് നിന്ന ആര്യാ ദേശായിയെ മടക്കി എൻ ബേസിലാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് നൽകിയത്. ഗുജറാത്ത് സ്കോർ 238 റൺസിൽ എത്തിയപ്പോഴാണ് അവരുടെ രണ്ടാം വിക്കറ്റ് വീണത്. മനൻ ഹിൻഗ്രജിയ മടങ്ങിയതിന് ശേഷം ഗുജറാത്തിന്റെ മധ്യനിര ബാറ്റർമാരെ കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ കേരളം അനുവദിച്ചില്ല.
കേരള ബോളർമാരിൽ ജലജ് സക്സേന ഇതുവരെ നാല് വിക്കറ്റ് പിഴുതി. 51 ഓവർ സക്സേന എറിഞ്ഞപ്പോൾ അതിൽ 10 ഓവർ മെയ്ഡനായിരുന്നു. നിധീഷും എൻ ബേസിലും സർവാതെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബേസിൽ തമ്പിക്ക് പകരം കേരള ടീമിലേക്ക് എത്തിയ പത്തൊൻപതുകാരൻ അഹ്മദ് ഇമ്രാൻ ഒരോവർ മാത്രമാണ് എറിഞ്ഞത്. ഇമ്രാൻ പരുക്കിന്റെ പിടിയിലാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
Read More
- india Vs Bangladesh: ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ന്? എവിടെ കാണാം?
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
- Pakistan Vs New Zealand: 2,237 ദിവസത്തിന് ശേഷം അത് സംഭവിച്ചു; വില്യംസണിന്റെ വിക്കറ്റിന്റെ വില!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.