/indian-express-malayalam/media/media_files/2025/01/16/uxx17E5VolHVJIknE5ts.jpg)
സഞ്ജു സാംസൺ, ഗംഭീർ : (ഫയൽ ഫോട്ടോ)
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ മലയാളി താരം സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മുൻ താരം കെ ശ്രീകാന്ത്. തന്റെ ഈഗോയാണ് സഞ്ജുവിന്റെ കളിയിൽ കാണുന്നത് എന്നാണ് ശ്രീകാന്ത് കുറ്റപ്പെടുത്തിയത്.
"സഞ്ജു സാംസണിന് അവസരം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് തോന്നുന്നത്. അഞ്ചാം വട്ടവും ഒരേ രീതിയിൽ പുറത്തായിരിക്കുന്നു. ഒരേ തരത്തിലെ ഷോട്ട് ആണ് കളിച്ചത്. തന്റെ ഈഗോ കാണിക്കാനാണ് സഞ്ജു ശ്രമിച്ചത്. ഇല്ല, ഞാൻ ഈ ഷോട്ട് കളിക്കും എന്ന് പറയാൻ സഞ്ജു ശ്രമിച്ചത് പോലെയാണ്. ഈഗോയാണോ ഇവിടെ സഞ്ജുവിന്റെ പ്രശ്നം അതോ ബാറ്റിങ്ങിൽ പ്രയാസപ്പെടുന്നതാണോ? എനിക്ക് ഉറപ്പില്ല," ഇന്ത്യയുടെ 1983ലെ ലോകകപ്പ് ടീമിൽ അംഗമായ കെ ശ്രീകാന്ത് പറഞ്ഞു.
സഞ്ജു മോശം ഫോമിൽ നിൽക്കുന്ന സാഹചര്യത്തിൽ യശസ്വി ജയ്സ്വാളിനെ ട്വന്റി20യിലെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും ശ്രീകാന്ത് നിർദേശിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് 51 റൺസ് മാത്രമാണ് സഞ്ജുവിന് കണ്ടെത്താനായത്.
തുടരെ ഒരേ വിധത്തിൽ ഔട്ടായി വരുമ്പോൾ ബാറ്ററുടെ മനസിൽ ആശയക്കുഴപ്പം രൂപപ്പെടും എന്ന് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിനും പറയുന്നു. ബോളർ നന്നായി പന്തെറിഞ്ഞിട്ടാണോ അതോ എന്റെ പിഴവാണോ എന്ന ചോദ്യം ബാറ്ററുടെ മനസിൽ ഉയരും. എനിക്ക് അതിന് അനുസരിച്ച് അഡാപ്റ്റ് ചെയ്യാൻ സാധിക്കുമോ എന്നിങ്ങനെയുള്ള പല ചോദ്യങ്ങളും ഉയരും. അതോടെ കാര്യങ്ങൾ ദുഷ്കരമാവും എന്നും അശ്വിൻ പറഞ്ഞു.
മോശം ഫോമിന് പിന്നാലെ പരുക്കും സഞ്ജുവിന് തിരിച്ചടിയായെത്തി. വാങ്കഡെ ട്വന്റി20ക്ക് ഇടയിൽ ബാറ്റ് ചെയ്യവെ ആർച്ചറുടെ പന്തിൽ സഞ്ജുവിന്റെ വിരലിനാണ് പരുക്കേറ്റത്. വിരലിന് പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായതോടെ സഞ്ജുവിന് ആറ് ആഴ്ചയോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.
സഞ്ജുവിന്റെ പരുക്ക് കേരള ക്രിക്കറ്റ് ടീമിനും തിരിച്ചടിയാണ്. രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മുവിന് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. എന്നാൽ പരുക്കിനെ തുടർന്ന് സഞ്ജുവിന് ഈ മത്സരം നഷ്ടമാവും. ഐപിഎല്ലിന്റെ തുടക്കമാവുമ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത് സഞ്ജുവിന് മടങ്ങിയെത്താനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.